ഠിച്ച് പഠിച്ച് സ്വപ്‌നം കണ്ട് എവിടെ വരെയെത്താമെന്ന് ചോദിച്ചാല്‍ ബഹിരാകാശംവരെയെന്ന് ഉത്തരം നല്‍കിക്കൊണ്ടായിരുന്നു 286 ദിവസത്തെ ബഹിരാകാശവാസം കഴിഞ്ഞ് ഭൂമിയില്‍ തിരിച്ചെത്തിയ സുനിത വില്ല്യംസ് ലോകത്തോട് കൈ വീശിയത്. കാസര്‍കോട് കാറഡുക്കക്കാരൻ തമ്പാന്‍ മേലത്ത് പക്ഷേ, കുട്ടിക്കാലം മുതൽ സ്വപ്നം കണ്ടത് ആകാശമല്ല, കടലാണ്. കടലിലൂടെ തോണിയും ബോട്ടുമെല്ലാം പോവുന്നത് കണ്ടാല്‍ കണ്ണിമവെട്ടാതെ പൊട്ടുപോലെ മായുന്നത് നോക്കി നിന്ന് തമ്പാൻ തിരയേയും വെള്ളത്തേയും കീഴ്‌പ്പെടുത്തുന്നത് സ്വപ്‌നം കണ്ടു. പഠിച്ച് പഠിച്ച്  കാസര്‍കോട്ടെ സാധാരണ സര്‍ക്കാര്‍ കോളേജില്‍ നിന്നും ആ സ്വപ്‌നം കാറഡുക്കയും കേരളവും മാത്രമല്ല, അന്റാര്‍ട്ടിക്കയുടെ അങ്ങേയറ്റത്ത് ദക്ഷിണ ധ്രുവവും കീഴടക്കി മുന്നേറി.

To advertise here,

ഇന്ന് ഗോവയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ച് (എന്‍.സി.പി.ഒ.ആര്‍) ഡയറക്ടറായി ജോലി ചെയ്യുകയാണ് ഡോ.തമ്പാന്‍ മേലത്ത്. എന്‍.സി.പി.ഒ.ആര്‍ സ്ഥാപിച്ചതിന്റെ 25-ാം  വാര്‍ഷികം ഈ വര്‍ഷം ആഘോഷിക്കുമ്പോള്‍ കാറഡുക്കയില്‍ നിന്ന് ദക്ഷിണധ്രുവംവരെയുള്ള തന്റെ യാത്രയെ കുറിച്ചും അന്റാര്‍ട്ടിക്കയിലേയും ദക്ഷിണധ്രുവത്തിലേയുമെല്ലാം കാലാവസ്ഥാമാറ്റം ലോകത്താകമാനമുണ്ടാക്കുന്ന തിരിച്ചടിയേയും കുറിച്ച് മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുകയാണ് അദ്ദേഹം.

placeholder
തമ്പാന്‍ മേലത്ത് ദക്ഷിണ ധ്രുവത്തില്‍ സംഘാംഗങ്ങളോടൊപ്പം

കാറഡുക്ക ടു അന്റാര്‍ട്ടിക്ക; എങ്ങനെയായിരുന്നു ആ യാത്ര.

കാസര്‍ക്കോട്ടെ ഒരു കര്‍ഷക കുടുംബത്തിലായിരുന്നു ജനനം. അച്ഛന്‍ അടുക്കത്ത് കുഞ്ഞിരാമന്‍ നായര്‍, അമ്മ മേലത്ത് അമ്മാളുവമ്മ. ആറ് മക്കളില്‍ ഇളയവന്‍. അതുകൊണ്ടു തന്നെ സ്വതന്ത്രമായിരുന്നു തീരുമാനമെല്ലാം. പഠിച്ച് എന്തെങ്കിലും ജോലി വാങ്ങിക്കണമെന്നല്ലാതെ അതിലപ്പുറമൊന്നും വീട്ടുകാരും പറഞ്ഞില്ല. അങ്ങനെ പറഞ്ഞുതരാനും അവര്‍ക്കറിയില്ലായിരുന്നുവെന്ന് പറയാം. പക്ഷേ, ആ മലയോര ഗ്രാമത്തില്‍ നിന്ന് പുറംലോകം   സ്വപ്‌നം കണ്ടു. സ്‌കൂളില്‍ നന്നായി പഠിക്കുമായിരുന്നു. അങ്ങനെയാണ് പ്രീഡിഗ്രി പഠനത്തിനുശേഷം കാസര്‍കോട് സര്‍ക്കാര്‍ കോളേജില്‍ ബി.എസ്.സി ഫിസിക്‌സ് പഠിക്കാനെത്തുന്നത്.

ചില അധ്യാപകര്‍ക്ക് ചില കുട്ടികളോട് പ്രത്യേക താല്‍പര്യമുണ്ടാവുമല്ലോ. എന്നോട്  അങ്ങനെ താത്പര്യമുള്ള ഒരാളായിരുന്നു ഇംഗ്ലീഷ് പ്രൊഫസറായിരുന്ന കണ്ണന്‍മാസ്റ്റര്‍. അദ്ദേഹമാണ് ഞാൻ  ജിയോളജി ചെയ്യണമെന്ന് പറഞ്ഞത്. അങ്ങനെ ജിയോളജിയെടുക്കുകയും ചെയ്തു. കേരളത്തില്‍ തന്നെ ജിയോളജി പഠിപ്പിക്കുന്ന ഏറ്റവും നല്ല കോളേജുകളിലൊന്നായിരുന്നു കാസര്‍കോട് ഗവ.കോളേജ്. ബിരുദം കഴിയുമ്പോഴേക്കും കടലും തിരയുമൊക്കെ എന്നെ ഭ്രമിപ്പിച്ച് കഴിഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട് എന്തൊക്കെയോ ചെയ്യാനാവുമെന്ന തിരിച്ചറിവും ഉണ്ടായി. അങ്ങനെയാണ് കുസാറ്റില്‍ എം.എസ്.സി മറൈന്‍ സയന്‍സിന് ചേര്‍ന്നത്. ഒന്നാം റാങ്കോടെ പാസ്സാവുകയും ചെയ്തു. അവിടെയുള്ള അധ്യാപകരാണ് ഇനി കേരളത്തില്‍ നില്‍ക്കരുതെന്ന് ഉപദേശിച്ചത്. അങ്ങനെ ഗവേഷണത്തിനായി ഗോവയിലേക്ക് പോയി. ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയില്‍ നിന്നായിരുന്നു പി.എച്ച്.ഡി. തുടര്‍ന്ന് ജര്‍മനിയില്‍ കുറച്ചുകാലം പാര്‍ട് ടൈം ജോലി ചെയ്തു. അതായിരുന്നു ആദ്യ വിദേശയാത്ര. 

placeholder
തമ്പാന്‍ മേലത്ത് അന്റാര്‍ട്ടിക്കയില്‍

മഞ്ഞുപാളികള്‍ കുഴിച്ചെടുക്കുന്ന പഠനത്തിലേക്ക്.

നാട്ടില്‍ പഠിച്ച കോളേജില്‍ പി.എസ്.സി വഴി കിട്ടിയ ലക്ചറര്‍ ജോലി ഉപേക്ഷിച്ചതായിരുന്നു  ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനം. പിന്നീട് ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെന്റര്‍ ഫോര്‍ അന്റാര്‍ട്ടിക് ആന്‍ഡ് ഓഷ്യന്‍ റിസര്‍ച്ചിൽ (ഇപ്പോള്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസേര്‍ച്ച്) ശാസ്ത്രജ്ഞനായി ജോലിയില്‍ ചേര്‍ന്നു. സ്ഥാപനത്തിലെ ശാസ്ത്രജ്ഞന്‍മാരുടെ ആദ്യ റിക്രൂട്ട്‌മെന്റില്‍ ജോലികിട്ടയവരില്‍ ഒരാളായിരുന്നു ഞാന്‍. മഞ്ഞുപാളികള്‍ ഖനനം ചെയ്തുകൊണ്ടുവന്ന് ഗവേഷണം നടത്താനുള്ള ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണശാലയാണത്. അവിടെ നിന്നാണ് 2006 ല്‍ ആദ്യമായി അന്റാര്‍ട്ടിക്കയില്‍ ഗവേഷണത്തിനായി പോയത്. പിന്നീട് 2010 നവംബര്‍ 13 ന് ആദ്യമായി ദക്ഷിണ ധ്രുവത്തിലേക്കും പോയി. ധ്രുവപ്രദേശത്തെ മഞ്ഞ് ഖനനം ചെയ്ത് അതിന്റെ രൂപവും കാലാവസ്ഥയുമായെല്ലാമുള്ള ബന്ധം പഠിക്കുകയായിരുന്നു ലക്ഷ്യം. അക്കാലംവരെ ഇന്ത്യയില്‍ നിന്ന് ആരും അതുവരെ അവിടേക്ക് പോയിട്ടുണ്ടായിരുന്നില്ല.

ഇന്ത്യയേക്കാള്‍ ഏകദേശം നാലര മടങ്ങോളം വലുപ്പമുള്ള ഒരു വന്‍കരയാണ് അന്റാര്‍ട്ടിക്ക. ആ വന്‍കരയുടെ 90 ഡിഗ്രി തെക്കാണ് ദക്ഷിണ ധ്രുവം. 2010 ല്‍ ആണ് ആദ്യമായി ഞങ്ങളുടെ സംഘം അവിടേക്ക്  പരീക്ഷണത്തിനായി എത്തുന്നത്. എട്ടുപേരായിരുന്നു അന്നുണ്ടായിരുന്നത്. ആ ഗ്രൂപ്പിലെ ഏറ്റവും പ്രായംകുറഞ്ഞയാള്‍ ഞാനായിരുന്നു. അങ്ങനെ 2300 കിലോമീറ്റര്‍ യാത്ര ചെയ്ത്  നവംബര്‍ 17 ന് ദക്ഷിണധ്രുവത്തിലെത്തി. അങ്ങോട്ടുമിങ്ങോട്ടുമായി 4600 ല്‍ അധികം കിലോമീറ്റര്‍ യാത്ര. ഇന്ന് അന്റാര്‍ട്ടിക്കയില്‍ മൈത്രി, ഭാരതി എന്നീ രണ്ട് പര്യവേക്ഷണ കേന്ദ്രങ്ങൾ ഇന്ത്യയ്ക്കുണ്ട്.

placeholder
ഗോവയിലെ എന്‍.സി.പി.ഒ.ആര്‍ കെട്ടിടം

പകലും രാത്രിയും മനസ്സിലാവാത്ത കാലം.

ഒരു വേനല്‍ക്കാലത്താണ് ആദ്യമായി ഞങ്ങളവിടെ എത്തുന്നത്. നവംബര്‍- ഡിസംബർ മാസമൊക്കെയാവുമ്പോള്‍ 24 മണിക്കൂറും സൂര്യപ്രകാശമാണ്. പകലെന്നോ രാത്രിയെന്നോ മനസ്സിലാവില്ല. എവിടെ നോക്കിയാലും നല്ല വെളുത്ത് പഞ്ഞിപോലെ. കണ്ണ് തുറക്കാനാവാത്ത വെളുപ്പ് നിറമായിരിക്കും. കണ്ണടയില്ലാതെ പുറത്തിറങ്ങാനാവില്ല. അത്രമാത്രം തീക്ഷ്ണമായ വെളിച്ചമാണ്. ജോലി തുടങ്ങിയപ്പോള്‍ അതൊക്കെ മാറി. ക്യാമ്പിലും ടെന്റുകളിലും താമസിച്ചു. അപ്പോഴും നമുക്ക് വളരെ അടിസ്ഥാനപരമായ സൗകര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജീവിതത്തോടുള്ള നമ്മുടെ കാഴ്ചപ്പാടേ മാറും. ടെന്റുകളിലായിരുന്നു ആദ്യകാലം കഴിഞ്ഞത്. ടെന്റെന്ന് പറയുമ്പോള്‍ മൊബൈല്‍ വാനിന്റെ ഒരു പഴയ രൂപം. അതിലൊരു കിടക്കയുണ്ടാവും. ഭക്ഷണമുണ്ടാക്കലൊക്കെ അതില്‍ തന്നെ. ചില സമയങ്ങളില്‍ നമുക്ക് പുറത്തിറങ്ങാന്‍ പറ്റില്ല. തുടര്‍ച്ചയായ കാറ്റും മഴയുമുണ്ടാവും. ദിവസങ്ങളോളം അതില്‍ തന്നെ കഴിഞ്ഞുകൂടേണ്ടി വരും. വായനയാണ് അന്ന് സമയം പോക്കാനുള്ള വഴിയായി സ്വീകരിച്ചിരുന്നത്.

ദക്ഷിണ ധ്രുവത്തിലേക്ക് പോകുന്തോറും തണുപ്പിന്റെ കാഠിന്യം കൂടും. മൈനസ് 20 ഡിഗ്രി വരെയുള്ള തണുപ്പിനെയൊക്കെ നമുക്ക് പ്രതിരോധിക്കാനാവും. എന്നാല്‍, 30 ന് മുകളിലൊക്കെയാണെങ്കില്‍ കൈകാര്യം ചെയ്യൽ ബുദ്ധിമുട്ടാണ്. വസ്ത്രത്തിന്റെ  ഉള്ളിലൂടെയൊക്കെ തണുപ്പ് ഇരച്ചുകയറും. പല തട്ടുകളിലായിട്ടാണ് വസ്ത്രമൊക്കെ ധരിക്കുക. ഏറ്റവും കുറഞ്ഞത് നാല് ലെയറുകളായുള്ള  വസ്ത്രമൊക്കെ ഇടേണ്ടി വരും. മൈനസ് 50 അക്കെ അനുഭവിച്ചിട്ടുണ്ട്. അത് നല്ല ബുദ്ധിമുട്ട് തന്നെയായിരുന്നു. നവംബര്‍ ഡിസംബറിലാണ് ദക്ഷിണ ധ്രുവത്തില്‍ ചൂടുകാലം. നവംബര്‍ മുതല്‍ ജനുവരി ഫെബ്രുവരി വരെയാണ് അവിടെ പര്യവേക്ഷണം. തണുപ്പുകാലത്ത് മൊത്തം ഇരുട്ടാകും.

placeholder
തമ്പാന്‍ മേലത്ത് ദക്ഷിണ ധ്രുവത്തിൽ

 അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകലും കാലാവസ്ഥാ വ്യതിയാനവുമൊക്കെയാണ് ഇപ്പോള്‍ പ്രധാന ചര്‍ച്ച. ഇതെങ്ങനെയാണ് ലോകത്തെ ബാധിക്കുന്നത്.

പണ്ട് ഞങ്ങള്‍ പര്യവേക്ഷണത്തിന് തുടക്കം കുറിക്കുമ്പോഴും കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചൊക്കെ കേട്ടുതുടങ്ങിയിരുന്നു. പക്ഷേ, ആരും അതിനെ അത്ര ഗൗരവമായി കണക്കാക്കിയിരുന്നില്ല. അന്റാര്‍ട്ടിക്കയിലെ മഞ്ഞുരകല്‍ ലോകത്താകമാനമുള്ള കടല്‍നിരപ്പില്‍ വലിയ വ്യത്യാസമുണ്ടാക്കും. അതുപോലെ ആര്‍ട്ടിക്കിലെ മഞ്ഞെന്നത് ശരിക്കുള്ള മഞ്ഞല്ല. അത് കടല്‍ജലം ഉറച്ചുള്ള മഞ്ഞാണ്. അത് ഉരുകിക്കഴിയുമ്പോള്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. അതുകൊണ്ടാണ് പലപ്പോഴും അതിവൃഷ്ടിയടക്കമുണ്ടാവുന്നത്. അത് സംബന്ധിച്ച ചില തെളിവുകളൊക്കെ ലഭിച്ചിട്ടുണ്ട്. അവിടത്തെ വ്യത്യാസം കൊണ്ട് നമ്മുടെ കാലാവസ്ഥാമാറ്റം, കടല്‍നിരപ്പ് മാറാം, നമ്മുടെ ഭക്ഷ്യലഭ്യതയെ ബാധിക്കും. ഭക്ഷ്യക്ഷാമമുണ്ടാകും.

കഴിഞ്ഞൊരു പത്ത് വര്‍ഷമായിട്ട് കേരളം പോലുള്ള ഒരു സംസ്ഥാനം അനുഭവിക്കുന്ന കാര്യം മാത്രമെടുത്താല്‍ മതി. ഓരോ വര്‍ഷവും നമ്മുടെ കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നു. പല തരത്തിലുള്ള പ്രളയം അനഭവിച്ചു. ഇനിയുമുണ്ടാവാമെന്ന ആശങ്കയുമുണ്ട്. ഇതൊന്നും ഇവിടെ മാത്രം ഒതുങ്ങന്നതല്ല. നമ്മള്‍ പറയുന്ന ധ്രുവങ്ങളും മഞ്ഞുരുകലും അത് അവിടെയുണ്ടാകുന്ന വ്യതിയാനവുമൊക്കെയായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ധ്രുവങ്ങളെ കുറിച്ച് കൂടുതല്‍ പഠിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇപ്പോള്‍ ലോകത്താകമാനം വലിയ ചര്‍ച്ചയുണ്ട്. നമ്മുടേത് പോലെയുള്ള രാജ്യങ്ങള്‍ എപ്പോഴേ അത് ചെയ്യേണ്ടതായിരുന്നു. 

കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന രാജ്യങ്ങളിലൊന്ന് എന്നതുകൊണ്ടു തന്നെ ധ്രുവങ്ങളെ പഠിക്കാനള്ള ഏറ്റവും നല്ല സമയം ഇപ്പോഴാണ്. പ്രത്യേകിച്ച് മലയാളിയെ സംബന്ധിച്ചിടത്തോളം കാലാവസ്ഥയും കാലാവസ്ഥാവ്യതിയാനവുമെല്ലാം അവന്റെ ദിനചര്യയുടെ ഭാഗം കൂടിയാണ്. കാരണം അതിനെ അടിസ്ഥാനമാക്കിയാണ് നമ്മുടെ കൃഷിയടക്കം നടന്നുപോന്നിരുന്നത്.

ശരാശാരി രണ്ടര കിലോമീറ്ററാണ് അന്റാര്‍ട്ടിക്കയില്‍ ഐസിന്റെ കട്ടി. നാലര കിലോമീറ്ററോളം താഴ്ചയില്‍ ഐസ് കട്ടിയായിട്ടുള്ള സ്ഥലങ്ങളുണ്ട്. അന്റാര്‍ട്ടിക്ക മൊത്തം ഉരുകുകയാണെങ്കില്‍ അറുപത് മീറ്ററോളം കടല്‍നിരപ്പ് ഉയര്‍ത്താനള്ള ശക്തി ആ വെള്ളത്തിനുണ്ടാവും. അത്രമാത്രം അതിനകത്ത് വെള്ളമുണ്ട്. ഇത് അടുത്തകാലത്തൊന്നും ഉരുകിത്തീരുമെന്ന് പറയുന്നില്ലെങ്കിലും പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കിയിലെ പല ഭാഗത്തും ചൂട്​കൂടി മഞ്ഞ് ഉരുകിത്തുടങ്ങിയിട്ടുണ്ട്. അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകിത്തുടങ്ങിയാല്‍ കടല്‍നിരപ്പ് ഉയരുക മാത്രമല്ല മൊത്തം ജീവജാലങ്ങളേയും വലിയ രീതിയില്‍ ബാധിക്കും. 

placeholder
അന്റാര്‍ട്ടികയില്‍ വാഹനങ്ങള്‍

മാവ് പൂക്കുന്നതിന് പോലും ബന്ധമുണ്ട്.

നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന് കാരണം അറബിക്കടലിലെ അന്തരീക്ഷ വ്യതിയാനം മാത്രമല്ല. ധ്രുവപ്രദേശങ്ങളിലെ കാലാവസ്ഥാ വ്യതിയാനം കൊണ്ടുകൂടിയാണ്. അതിവൃഷ്ടി, പ്രളയം, എന്തിന് മനുഷ്യ-മൃഗ സംഘര്‍ഷം പോലും കാലാവസ്ഥാ വ്യതിയാനം കൊണ്ടാണ് എന്ന് പറയുന്നത് ശരിയായ കാര്യമാണ്. നമുക്ക് ചുറ്റും നോക്കിയാല്‍ മതി, നമ്മുടെ മാവ് പൂക്കുന്നതിനെ പോലും കാലാവസ്ഥാ വ്യതിയാനം ബാധിച്ചത് കാണാം. മാവ് പൂക്കുന്നതിനൊക്കെ കാലാവസ്ഥയ്ക്ക് കൃത്യമായ പങ്കുണ്ട്. തണുപ്പുകാലത്ത് കിട്ടേണ്ട തണുപ്പൊന്നും നമുക്ക് കിട്ടിയിട്ടില്ല. ഇടയ്ക്ക് മാത്രം അതി കഠിനമായ തണുപ്പ്, എന്നാല്‍ ചിലയിടങ്ങളില്‍ അനുഭവപ്പെടുന്നേയില്ല. ചുരുക്കിപ്പറഞ്ഞാല്‍ അന്റാര്‍ട്ടിക്കയിലെ കാലാവസ്ഥാ വ്യതിയാനം ഇവിടെയുള്ള മാവ് പുക്കുന്നതിനെയടക്കം ബാധിക്കുന്നുവെന്ന് വേണമെങ്കില്‍ നമുക്ക് പറയാം.

പല പക്ഷികളും ജീവജാലങ്ങളുമില്ലാതായി. കള്ളക്കടല്‍ പോലുള്ള പ്രതിഭാസങ്ങള്‍, ഉഷ്ണതാപം, പലപേരിലുള്ള ചുഴലിക്കാറ്റുകള്‍ ഇവയെല്ലാം നമ്മള്‍ കേട്ടുതുടങ്ങിയിട്ട് അധികകാലമായിട്ടില്ല. പക്ഷേ, കാലാവസ്ഥാ വ്യതിയാനമെന്ന് പറയുമ്പോള്‍ നമ്മളതിനെ ഇപ്പോഴും ഗൗരവമായി കണുന്നില്ല എന്നത് സത്യമാണ്.

കടല്‍നിരപ്പ് ഉയരുന്നത് കൊണ്ടാണ് കേരളത്തിന്റെ പല ഭാഗത്തും തീരശോഷണം പോലും വലിയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തീരങ്ങള്‍ ഇല്ലാതാവുന്നതോടെ കടല്‍ കൂടുതല്‍ അടുത്തേക്ക് കയറിവരുന്ന അവസ്ഥയുണ്ടാവും. കേരളതീരം കഴിഞ്ഞ 46 വര്‍ഷത്തിനിടെ മുന്‍ തീരമേഖലയില്‍നിന്ന് 60.49 ശതമാനം ശോഷിച്ചതായാണ് കണക്ക്. ഇത് വരും ഭാവിയില്‍ വലിയ തിരിച്ചടിയാണുണ്ടാക്കുക. 

വെറുതെ നമ്മളൊന്ന് ഗൂഗിളില്‍ കാലാവസ്ഥാ വ്യതിയാനമെന്ന് സെര്‍ച്ച് ചെയ്താല്‍തന്നെ അത് മനുഷ്യന്റേയും മറ്റ് ജീവജാലങ്ങളുടേയും മുഴുവന്‍ ജീവിതത്തേയും ബാധിക്കുന്ന ഒന്നാണെന്ന് മനസ്സിലാക്കാന്‍ കഴിയും. മഴ കിട്ടേണ്ട സമയത്ത് കിട്ടാതെ എപ്പോഴെങ്കിലും കിട്ടിയിട്ട് കാര്യമില്ല. ഉപയോഗ്യശൂന്യമായി കടലിലേക്കൊഴുകിപ്പോവാനെ അത് ഉപകരിക്കൂ. 

ആഗോളതാപനം തന്നെയാണ് അന്റാര്‍ട്ടിക്കയില്‍ ചൂടുകൂടുന്നതിന്റെ പ്രധാന കാരണമായി പറയാനുള്ളത്. ഇത് ഹരിതഗൃഹ വാതകങ്ങളുടെ അനിയന്ത്രിതമായ പുറന്തള്ളല്‍ കൊണ്ടാണ്. ഏപ്രില്‍ 2025 ലെ കണക്കുമാത്രം നോക്കിയാല്‍ മതി ഏകദേശം 420 പി.പി.എം ന് മുകളിലാണ് ഇന്ന് അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവെന്ന് കാണാം. അതുകാരണം ചൂട് വലിയ രീതിയില്‍ കൂടിയിട്ടുണ്ട്. ആര്‍ട്ടിക്കിലൊക്കെ സാധാരണ അനുഭവിക്കുന്നതിനേക്കാല്‍ നാല് മടങ്ങ് അധികമാണ് ചൂട്. നമുക്ക് ഒരു ഡിഗ്രിയൊക്കെയേ പണ്ടുള്ളതിനേക്കാള്‍ ഒരുപക്ഷേ, ചൂട് കൂടിയതായി അനുഭവപ്പെടുകയുള്ളൂ. എന്നാല്‍, ആര്‍ട്ടിക്കിന്റേയൊന്നും അവസ്ഥ അങ്ങനെയെല്ല. മൈനസ് പത്ത് ഡിഗ്രി എന്നുള്ളത് പ്ലസ് പത്ത് എന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. ഇത് മഞ്ഞുരുകലിന് പ്രധാന കാരണമാവുകയും ചെയ്യുന്നുണ്ട്.