രു നീലത്തിമിംഗിലത്തേക്കാള്‍ വലിപ്പമുള്ള പവിഴപ്പുറ്റോ?.  കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെട്ടുപോകാമെങ്കിലും ലോകത്തിന് മുന്നില്‍ അങ്ങനെയൊരു വലിയ രഹസ്യത്തെ പുറത്തെത്തിച്ചിരിക്കുകയാണ് നാഷണല്‍ ജിയോഗ്രഫിക് വീഡിയോഗ്രാഫറായ മനു സാന്‍ ഫെലിക്‌സും മകന്‍ ഇനിഗോ സാന്‍ ഫെലിക്‌സും. 

To advertise here,

തെക്കു പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ സോളമന്‍ ദ്വീപുകള്‍ക്കുസമീപത്തെ കപ്പല്‍ച്ചേതത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോയപ്പോഴാണ് 300 വര്‍ഷം പഴക്കമുള്ള ഈ അത്ഭുതത്തെ കണ്ടെത്തിയത്. അങ്ങനെ സോളമന്‍ ദ്വീപുകള്‍ ഒളിപ്പിച്ച വമ്പന്‍ രഹസ്യം പുറത്താവുകയും ചെയ്തു. ലോകത്തില്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ പവിഴപ്പുറ്റാണത്രേ ഈ ഭീമാകാരനെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്യുന്നു.

placeholder
സോളമന്‍ ദ്വീപിന് സമീപത്തെ കണ്ടെത്തിയ പവിഴപ്പുറ്റ് | Photo: MANU SAN FELIX \ AFP

34 മീറ്റര്‍ വീതിയും 32 മീറ്റര്‍ നീളവും 5.5 മീറ്റര്‍ ഉയരവുമുള്ള ഭീമന്‍ പവിഴപ്പുറ്റിന് ഒരു നീലത്തിമിംഗിലത്തേക്കാള്‍ വലിപ്പമുണ്ട്‌. മാത്രമല്ല, ഈ ഭീമാകാരനെ ബഹിരാകാശത്തുനിന്നുവരെ കാണാനാകുമെന്നാണ് ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ച ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. 1000 കോടി പോളിപ്പുകള്‍ ചേര്‍ന്നാണ് ഈ പവിഴപ്പുറ്റിന് ജന്മംനല്‍കിയിരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം പസഫിക്കിനെ എങ്ങനെ ബാധിച്ചിരിക്കുന്നുവെന്ന് കണ്ടെത്താന്‍ കൂടിയായിരുന്നു നാഷണല്‍ ജ്യോഗ്രഫിക് സംഘത്തിന്റെ യാത്ര. യാത്രയ്ക്കിടെ മാപ്പില്‍ കപ്പല്‍ച്ചേതം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അവിടേക്ക് ഡൈവ് ചെയ്യുകയായിരുന്നുവെന്നും തുടര്‍ന്നാണ് അസാധാരണമായി എന്തോ ഒന്ന് ശ്രദ്ധയില്‍പ്പെട്ടതെന്നും മനു സാന്‍ ഫെലിക്‌സ് വ്യക്തമാക്കുന്നു. തുടര്‍ന്ന് സഹഡൈവറും മകനുമായ ഇനിഗോ സാന്‍ ഫെലിക്‌സിനെ വിവരമറിയിക്കുകയായിരുന്നു.  കടലിന്റെ അടിത്തട്ടില്‍ ഒരു ദേവാലയം പോലെയായിരുന്നു ഈ പവിഴപ്പുറ്റുകളെന്നും ഫെലിക്‌സ് പറയുന്നുണ്ട്.

placeholder
സോളമന്‍ ദ്വീപിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് | Photo: MANU SAN FELIX \ AFP

നൂറുകണക്കിന് വര്‍ഷം നിലനിന്നതിന് ഈ പവിഴപ്പുറ്റുകളോട് വലിയ ആദരവ് തോന്നിയെന്ന് ഫെലിക്‌സ് പറഞ്ഞു. നെപ്പോളിയന്‍ ജീവിച്ചിരുന്ന കാലത്തോ മറ്റോ ഉണ്ടായതാവാം ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാ വ്യതിയാനമുണ്ടാക്കുന്ന തിരിച്ചടിമൂലം ലോകത്തിലെ പവിഴപ്പുറ്റുകൾ നാശത്തിന്റെ വക്കിലാണ്. കടലിലെ ആവാസ വ്യവസ്ഥ  സംരക്ഷിക്കുന്നതിന് വലിയ പങ്കുവഹിക്കുന്ന പവിഴപ്പുറ്റുകളെ നാശത്തില്‍ നിന്നും തിരിച്ചുകൊണ്ടുവരാന്‍ ലോകത്തെമ്പാടും വലിയ ശ്രമങ്ങളും നടക്കുന്നുണ്ട്. ഇപ്പോള്‍ കണ്ടെത്തിയ പവിഴപ്പുറ്റുകള്‍ പൂര്‍ണആരോഗ്യമുള്ളവയാണ്. ഇവയെ സംരക്ഷിക്കാനുള്ള നടപടികള്‍ കൊക്കൊള്ളണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.