
പതിനൊന്നായിരം പേര്‍ മാത്രം താമസിക്കുന്ന ഒരു ദ്വീപ് രാജ്യത്തെ മൂന്നിലൊന്നിലേറെ ജനങ്ങള്‍ മറ്റൊരു രാജ്യത്തെ വിസയ്ക്ക് അപേക്ഷിക്കുന്നു! തെക്കന്‍ ശാന്തസമുദ്രത്തിലെ കുഞ്ഞന്‍ ദ്വീപ് രാഷ്ട്രമായ ടുവാലുവിലാണ് അസാധാരണ സാഹചര്യം. കടല്‍നിരപ്പ് ഉയരുംതോറും മുങ്ങിക്കൊണ്ടിരിക്കുന്ന ടുവാലുവില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ ശ്രമം നടത്തുകയാണ് നാട്ടുകാര്‍. ഓസ്‌ട്രേലിയയാണ് ലക്ഷ്യസ്ഥാനം. 2023-ല്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 'കാലാവസ്ഥാവിസ'യാണ് പിടിവള്ളി. ടുവാലുവും ഓസ്‌ട്രേലിയയും ഒപ്പിട്ട കാലാവസ്ഥാ-സുരക്ഷാ ഉടമ്പടിപ്രകാരമാണ് വിസ നല്‍കല്‍. വിസയില്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്നില്ലെങ്കിലും 'കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ഭീഷണി'യോടുള്ള പ്രതികരണമായിട്ടാണ് വിസാ പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
കടല്‍നിരപ്പ് ഉയരുംതോറും മുങ്ങിക്കൊണ്ടിരിക്കുന്ന ടുവാലു എന്ന പസഫിക് ദ്വീപ് രാജ്യം ജലക്ഷാമം, ആവാസവ്യവസ്ഥയുടെ നാശം, വര്‍ദ്ധിച്ചുവരുന്ന തീവ്ര കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തരഫലങ്ങള്‍പ്പെടെ വലിയ ഭീഷണികളെയും നേരിടുകയാണ്. ആഗോളതാപനം മൂലം സമുദ്രനിരപ്പ് ഉയരുന്നതിന്റേയും തീരശോഷണത്തിന്റേയും ഭീഷണി ഏറ്റവുമധികം നേരിടുന്ന രാജ്യം. ഈ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ വ്യാപകമായി രാജ്യം ഉപേക്ഷിച്ച് മറ്റ് സുരക്ഷിത രാജ്യങ്ങളിലേക്ക് മാറുന്നത്. ഈ മാസം ഓസ്‌ട്രേലിയ വിസാ നറുക്കെടുപ്പ് ആരംഭിച്ചതോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം 1124 പേര്‍ രജിസ്റ്റര്‍ചെയ്തു. കുടുംബാംഗങ്ങളും ചേരുമ്പോള്‍ അപേക്ഷകരുടെ എണ്ണം 4052 ആകും. ജൂലായ് 18 വരെ അപേക്ഷ സ്വീകരിക്കും. വര്‍ഷം 280 വിസയാണ് ഓസ്‌ട്രേലിയ അനുവദിക്കുക. ഈ സ്ഥിതി തുടര്‍ന്നാല്‍ പത്ത് വര്‍ഷത്തിനുള്ളില്‍ 40 ശതമാനം ടുവാലുക്കാരും രാജ്യം വിടുമെന്നാണ് പ്രവചനങ്ങള്‍.
ദക്ഷിണ പസഫിക്കിലെ കുഞ്ഞന്‍ രാജ്യം
തെക്കന്‍ ശാന്തസമുദ്രത്തില്‍ ഓസ്ട്രേലിയയ്ക്കും ഹവായ്ക്കും ഇടയിലാണ് ഒമ്പത് കുഞ്ഞന്‍ ദ്വീപുകളുടെ കൂട്ടമായ ടുവാലു സ്ഥിതി ചെയ്യുന്നത്. വലുപ്പത്തിന്റെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും ചെറിയ നാലാമത്തെ രാജ്യമാണ് ടുവാലു. വെറും 26 ചതുരശ്രകിലോമീറ്റര്‍ മാത്രമാണ് വിസ്തീര്‍ണം. സമുദ്രനിരപ്പില്‍നിന്ന് ശരാശരി രണ്ടുമീറ്റര്‍മാത്രമാണ് ഉയരം. സമുദ്രനിരപ്പില്‍ നിന്ന് 4.5 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള സ്ഥലങ്ങള്‍ ടുവാലുവിലില്ല. 11,500 മാത്രമാണ് രാജ്യത്തെ ജനസംഖ്യ, അതില്‍ പകുതിയോളം പേരും തലസ്ഥാനമായ ഫ്യൂനാഫുട്ടിയിലാണ് താമസിക്കുന്നത്. വത്തിക്കാന്‍ സിറ്റിക്ക് പിന്നില്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണിത്. ഇംഗ്ലീഷും ടുവാലുവനുമാണ് പ്രധാന ഭാഷകള്‍. 14-ാം നൂറ്റാണ്ടിലാണ് സമോവക്കാരും മറ്റ് പോളിനേഷ്യന്‍ ദ്വീപുകളില്‍ നിന്നുള്ള കുടിയേറ്റക്കാരും ദ്വീപുകളിലേക്ക് എത്തുന്നത്. പതിനാറാം നൂറ്റാണ്ടില്‍ സ്പാനിഷ് പര്യവേഷകര്‍ ടുവാലുവിലെത്തി. 1819-ല്‍ ബ്രിട്ടീഷ് എംപി എഡ്വേര്‍ഡ് എല്ലിസിന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ ഫ്യൂനാഫുട്ട ദ്വീപിലെത്തി. ക്യാപ്റ്റന്‍ ദ്വീപിന് എല്ലിസ് എന്ന് പേരിട്ടു.
1850-ന് ശേഷം ദ്വീപിന്റെ ജനസംഖ്യ വലിയ തോതില്‍ കുറഞ്ഞു. ഫിജിയിലെയും ക്വീന്‍സ്ലാൻഡിലെയും തോട്ടങ്ങളില്‍ നിര്‍ബന്ധിത ജോലിക്കായി ദ്വീപുവാസികളെ തട്ടിക്കൊണ്ടുപോയതും യൂറോപ്യന്മാരില്‍നിന്ന് പകര്‍ന്ന രോഗങ്ങളുമാണ് ദ്വീപിലെ ജനസംഖ്യ വലിയ തോതില്‍ കുറച്ചത്. ഇതിന് പുറമേ 1863-ല്‍ പെറുവിയന്‍ അടിമക്കച്ചവടക്കാര്‍ ദ്വീപുവാസികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. 1877 ല്‍ ബ്രിട്ടന്‍ ഫിജി ആസ്ഥാനമായി വെസ്റ്റേണ്‍ പസഫിക് ഹൈക്കമ്മീഷന്‍ സ്ഥാപിച്ചതോടെ എല്ലിസ് ദ്വീപുകളും മറ്റ് ദ്വീപുകളും അതിന്റെ അധികാരപരിധിയില്‍ വന്നു. 1892-ല്‍ എല്ലിസ് ദ്വീപുകളുടെയും ഗില്‍ബെര്‍ട്ട് ദ്വീപുകളുടെയും മേല്‍ ബ്രിട്ടന്‍ ഒരു സംയുക്ത സംരക്ഷണ കേന്ദ്രം പ്രഖ്യാപിച്ചു. 1916-ല്‍ ഗില്‍ബെര്‍ട്ട് ആന്‍ഡ് എല്ലിസ് ദ്വീപുകളുടെ കോളനി രൂപീകരിച്ചു. 1975-ല്‍ എല്ലിസ് ദ്വീപുകള്‍ പ്രത്യേക ബ്രിട്ടീഷ് ആശ്രിത പ്രദേശമായി. ടുവാലു എന്ന കൊളോണിയല്‍ പൂര്‍വനാമം സ്വീകരിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം 1978-ല്‍ ടുവാലു ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം നേടി. ബ്രിട്ടീഷ് രാജാവാണ് രാഷ്ട്രത്തലവന്‍. ഭരണഘടനാപരമായ രാജവാഴ്ചയാണ് രാജ്യത്ത്.

രണ്ടാംലോകമഹായുദ്ധ കാലത്ത് 1943-ല്‍ അമേരിക്ക നിര്‍മ്മിച്ച ഒരു വിമാനത്താവളം മാത്രമാണ് ഈ രാജ്യത്തുള്ളത്. ഫിജി എയര്‍വേയ്സ് വിമാനങ്ങള്‍ മാത്രമാണ് ഇങ്ങോട്ട് സര്‍വീസ് നടത്താറുള്ളത്. തലസ്ഥാനമായ ഫുണാഫട്ടി എന്ന ദ്വീപിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വസിക്കുന്നത്. ടുവാലുവിലെ ജീവിതം ലളിതമാണെങ്കിലും പലപ്പോഴും കഠിനവുമാണ്. ദ്വീപില്‍ അരുവികളോ നദികളോ ഇല്ല. അതിനാല്‍ തന്നെ മഴവെള്ള ശേഖരണം അത്യാവശ്യമാണ്. മഴയില്ലാത്തപ്പോള്‍ ശുദ്ധീകരിക്കുന്ന വെള്ളത്തേയും ആശ്രയിക്കും. ദ്വീപില്‍ മണ്ണിന്റെ അളവും കൃഷിയും താരതമ്യേനെ കുറവാണ്. മിക്ക ദ്വീപുകളിലും തെങ്ങാണ് പ്രധാന വിള. കൊപ്രയാണ് പ്രധാന കയറ്റുമതി. മണ്ണിന്റെ ലവണാംശം വര്‍ദ്ധിക്കുന്നത് പരമ്പരാഗത കൃഷിക്കും ഭീഷണിയാണ്. കൃഷി നടക്കുന്നുണ്ടെങ്കിലും ഉപ്പുവെള്ളം കയറിയും ഉപ്പുകാറ്റടിച്ചും വലിയ തോതില്‍ പച്ചക്കറി-പഴം കൃഷിയും നശിച്ചുപോകുന്നത് പതിവാണ്. അതിനാല്‍ രാജ്യം ഭക്ഷണത്തിനായി ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്നു. പഴങ്ങളും പച്ചക്കറികളും കപ്പയുമെല്ലാം വലിയ വില കൊടുത്ത് ഇറക്കുമതി ചെയ്യുകയാണിവിടെ.
മത്സ്യബന്ധനവും ടൂറിസവുമാണ് മറ്റ് പ്രധാന വരുമാനമാര്‍ഗങ്ങള്‍. എന്നാല്‍, മത്സ്യസമ്പത്തിന്റെ നിലനില്‍പ്പും ഭീഷണിയിലാണ്. പവിഴപ്പുറ്റുകളെ ബാധിക്കുന്ന കോറല്‍ ബ്ലീച്ചിങ് പ്രക്രിയയാണ് മീനുകളെ ബാധിക്കുന്നത്. ഇത്തരം പവിഴപ്പുറ്റുകള്‍ പുറന്തള്ളുന്ന ആല്‍ഗകളെ ഭക്ഷിക്കുന്നതിലൂടെ മീനുകള്‍ വിഷമയമാവുകയും അത് മത്സ്യങ്ങളുടെ പ്രജനനത്തേയും നിലനില്‍പിനേയും ബാധിക്കുന്നു. ഈ മത്സ്യത്തെ ഭക്ഷിച്ചാല്‍ മനുഷ്യനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാമെന്നാണ് കണ്ടെത്തല്‍. കാലാവസ്ഥാമാറ്റമാണ് കോറല്‍ ബ്ലീച്ചിങ്ങിലേക്ക് നയിക്കുന്നത്. .ടിവി എന്ന ഡൊമെയ്ന്‍ നെയിം ആണ് ഈ രാജ്യത്തിന്റെ മറ്റൊരു പ്രധാന വരുമാന സ്രോതസ്സ്. രാജ്യത്തിന്റെ ബജറ്റിലേക്ക് ദശലക്ഷങ്ങളാണ് ടുവാലുവിന്റെ ഇന്റര്‍നെറ്റ് കണ്‍ട്രി കോഡ് ആയ ഈ ഡൊമെയിന്‍ നെയിം സംഭാവന ചെയ്യുന്നത്. വിദേശസഹായത്തെ ആശ്രയിച്ചാണ് ടുവാലുവിലെ പ്രവര്‍ത്തനങ്ങള്‍. ഐക്യരാഷ്ട്രസഭയും അയല്‍രാജ്യങ്ങളുമാണ് സാമ്പത്തികസഹായം നല്‍കുന്നതിലെ പ്രധാനികള്‍.

മുങ്ങിത്താഴുന്ന രാജ്യം
ആഗോളതാപനത്താല്‍ സമുദ്രനിരപ്പ് ഉയരുന്നതിന്റേയും തീരശോഷണത്തിന്റേയും ഭീഷണി ഏറ്റവുമധികം നേരിടുന്ന ദ്വീപ് രാഷ്ട്രങ്ങളില്‍ ഒന്നുകൂടിയാണ് ടുവാലു. 1980-കള്‍ മുതല്‍ തന്നെ ടുവാലുവില്‍ സമുദ്രനിരപ്പ് ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആഗോളതാപനം മൂലം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കടലില്‍ അപ്രത്യക്ഷമാകാന്‍ സാധ്യതയുള്ള ദ്വീപസമൂഹങ്ങളിലൊന്നായി 1989-ല്‍ ടുവാലുവിനെ ഐക്യരാഷ്ട്രസഭ പട്ടികപ്പെടുത്തി. നാള്‍ക്കുനാള്‍ ഉയരുന്ന സമുദ്രനിരപ്പ് ദ്വീപ് നിവാസികളുടെ ഉറക്കം കെടുത്തി. ശക്തിയേറിയ കാറ്റില്‍ ദ്വീപിന്റെ എല്ലാഭാഗത്തുനിന്നും കടല്‍വെള്ളം കരയിലേക്ക് എത്തും. ഇപ്പോള്‍ത്തന്നെ വേലിയേറ്റസമയത്ത് തലസ്ഥാനമായ ഫുണാഫുട്ടിയുടെ 40 ശതമാനവും വെള്ളത്തിലാകും. ഒമ്പത് കുഞ്ഞന്‍ ദ്വീപുകളില്‍ രണ്ടെണ്ണം ഏതാണ്ട് വെള്ളത്തിനിടയിലായിക്കഴിഞ്ഞു. 60 ശതമാനം ടുവാലുക്കാരും കഴിയുന്ന ഫുനാഫുട്ടി ദ്വീപിന്റെ പകുതിയോളം 2050-ഓടെ കടലെടുക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രവചനം. ഈ നൂറ്റാണ്ടവസാനിക്കുമ്പോഴേക്കും രാജ്യം പൂര്‍ണമായും കടലിനടിയിലാകുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ സമ്പൂര്‍ണനാശം അതിനുമുന്‍പേ എത്തുമെന്നാണ് ജനങ്ങള്‍ പേടിക്കുന്നത്. 2050 ആകുമ്പോഴേക്കും രാജ്യത്തിന്റെ പകുതിയിലധികവും വെള്ളത്തിനടിയിലാകുമെന്നാണ് ടുവാലുവിന്റെ പ്രധാനമന്ത്രി ഫെലെറ്റി ടിയോ അഭിപ്രായപ്പെട്ടത്. 2100 ആകുമ്പോഴേക്കും രാജ്യത്തിന്റെ 90 ശതമാനവും വെള്ളത്തിനടിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനംമൂലം 'അങ്ങേയറ്റം ദുര്‍ബല' പ്രദേശം എന്ന വിഭാഗത്തിലാണ് ഐക്യരാഷ്ട്രസഭ വികസന പരിപാടി ടുവാലുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കടലേറ്റം രൂക്ഷമായതോടെയാണ് പരിഹാരമാര്‍ഗങ്ങള്‍ ടുവാലു ഭരണകൂടം ആലോചിച്ചത്. സ്വന്തം സ്ഥലം വിട്ട് മറ്റൊരിടത്തേക്ക് ചേക്കേറാന്‍ തുടക്കത്തില്‍ ടുവാലുവിലെ ജനങ്ങള്‍ തയ്യാറായില്ല. ഏറ്റവും അവസാനത്തെ വഴി മാത്രമാണ് ദ്വീപ് ഒഴിപ്പിക്കലെന്നാണ് ടുവാലു നേതൃത്വവും പ്രഖ്യാപിച്ചത്. ഇതോടെ ഡ്രെഡ്ജിങ് നടത്തി ദ്വീപില്‍ പത്ത് മീറ്ററോളം മണ്ണ് ഉയര്‍ത്താന്‍ പദ്ധതിയിട്ടിരുന്നു. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ 'ഹൈ ഡെന്‍സിറ്റി ഹൗസിങ്' നിര്‍മിക്കാനും പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ വലിയ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൂര്‍ത്തിയാക്കാനുള്ള സാമ്പത്തിക സ്ഥിതി രാജ്യത്തിനില്ല എന്നത് വെല്ലുവിളിയായിരുന്നു. കടലേറ്റം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ ചരിത്രവും സംസ്‌കാരവും ഡിജിറ്റലായി സൂക്ഷിക്കാനും ടുവാലു ഒരുങ്ങിയിരുന്നു. ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റിലെ ത്രിമാന സാങ്കല്പിക ലോകമായ മെറ്റവേഴ്സില്‍ രാജ്യത്തിന്റെ പകര്‍പ്പുണ്ടാക്കാനായിരുന്നു പദ്ധതി. ഇതിനിടെ സമുദ്രനിരപ്പ് ഉയരുന്നതിനാല്‍ ഭീഷണി നേരിടുന്ന ദ്വീപുവാസികളെ പുനരധിവസിപ്പിക്കാന്‍ ന്യൂസിലന്‍ഡ് വാഗ്ദാനം ചെയ്തിരുന്നു. പ്രത്യേകിച്ച് ഒരു കാലാവസ്ഥാ വിസയല്ലെങ്കിലും ടുവാലു ഉള്‍പ്പെടെ നാല് പസഫിക് ദ്വീപ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സ്ഥിര താമസത്തിനുള്ള അവസരം ന്യൂസീലന്‍ഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. പിന്നാലെയാണ് ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയയുമായി ടുവാലു കരാറിലെത്തുന്നത്.

ഓസ്ട്രേലിയയുടെ വക കാലാവസ്ഥാ വിസ
ഓസ്ട്രേലിയയും ടുവാലുവും തമ്മില്‍ 2023-ല്‍ ഒപ്പുവെച്ച ഉഭയകക്ഷി ഉടമ്പടിയുടെ ഭാഗമായാണ് പ്രത്യേക വിസ പദ്ധതി പ്രഖ്യാപിച്ചത്. ഉടമ്പടി ടുവാലുവിനെ സൈനികമായും സമുദ്രനിരപ്പ് ഉയരുന്നതില്‍ നിന്നും സംരക്ഷണം നല്‍കുന്നു. ഇത് പ്രകാരം ടുവാലുവില്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്തിയതുവഴി പൗരത്വം നേടിയവരല്ലാത്തവരും ന്യൂസീലന്‍ഡ് പൗരന്മാരല്ലാത്തവരുമായ 18 വയസ്സിന് മുകളിലുള്ള എല്ലാ ടുവാലു പൗരന്മാര്‍ക്കും സ്ഥിരതാമസത്തിന് അവസരം ലഭിക്കും. പസഫിക്കിലെ മറ്റ് രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്കുള്ള പസഫിക് എന്‍ഗേജ്‌മെന്റ് വിസ പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി ടുവാലുക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ ഒരു ജോലി ഓഫര്‍ ആവശ്യമില്ല. 'കാലാവസ്ഥാ വിസ'യില്‍ ഓസ്‌ട്രേലിയയില്‍ ചെല്ലുന്ന ടുവാലുക്കാര്‍ക്ക് താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനും കഴിയും. ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്ക് കിട്ടുന്ന അതേ ആരോഗ്യ-വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭിക്കും. എന്നാല്‍, പ്രതിവര്‍ഷം 280 ടുവാലുക്കാര്‍ക്ക് മാത്രമേ വിസ അനുവദിക്കൂ. ഇത് ലഭിക്കുന്നതിന് അപേക്ഷകര്‍ ആദ്യം ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അത് ജൂണ്‍ 15 ന് ആരംഭിച്ച് ജൂലായ് 18-ന് അവസാനിക്കും. തുടര്‍ന്ന് തിരഞ്ഞെടുപ്പ് ജൂലായ് 25-ന് ആരംഭിച്ച് 2026 ജനുവരിയില്‍ അവസാനിക്കും.
പസഫിക് രാജ്യങ്ങളിലേയും ടിമോര്‍ ലെസ്റ്റെ (മുന്‍ ഈസ്റ്റ് ടിമോര്‍) എന്നിവിടങ്ങളിലെ പൗരന്മാര്‍ക്കായി ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയ സ്ഥിര താമസ വിസയാണ് പസഫിക് എന്‍ഗേജ്‌മെന്റ് വിസ. ഓസ്ട്രേലിയയും മേഖലയും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് വിസാ സമ്പ്രദായം കൊണ്ടുവന്നത്. പസഫിക് രാജ്യങ്ങളിലേയും ടിമോറിലേയും പൗരന്മാര്‍ക്കും പങ്കാളികള്‍ക്കും കുട്ടികളും ഉള്‍പ്പെടെ 3,000 വിസകള്‍ വരെ പ്രതിവര്‍ഷം ലഭ്യമാകും. സ്ഥിരതാമസക്കാര്‍ എന്ന നിലയില്‍, വിസ ഉടമകള്‍ക്ക് ഓസ്ട്രേലിയയുടെ സാര്‍വത്രിക ആരോഗ്യ സംരക്ഷണ സംവിധാനമായ മെഡികെയര്‍, പബ്ലിക് സ്‌കൂളുകള്‍, ചൈല്‍ഡ് കെയര്‍ സബ്സിഡികള്‍, കുടുംബ നികുതി ആനുകൂല്യങ്ങള്‍ എന്നിവ ലഭിക്കും. 2024-ല്‍ ഇത് പ്രകാരം ടുവാലു പൗരന്മാര്‍ക്ക് 100 വിസകള്‍ അനുവദിച്ചിരുന്നു. പാപ്പുവ ന്യൂ ഗിനിയ പൗരന്മാര്‍ക്ക് 1,515 വിസകളും ഫിജി, ടിമോര്‍-ലെസ്റ്റെ, ടോംഗ പൗരന്മാര്‍ക്ക് 300 വീതവും സോളമന്‍ ദ്വീപുകള്‍, നൗറു, വാനുവാട്ടു എന്നിവയ്ക്ക് 150 വീതവും മൈക്രോനീഷ്യയ്ക്ക് 24 ഉം പലാവു പൗരന്മാര്‍ക്ക് 11 വീതവും അനുവദിച്ചു.
എന്നാല്‍ മാനുഷിക പരിഗണനയ്ക്കപ്പുറം ഓസ്‌ട്രേലിയയ്ക്ക് ഇക്കാര്യത്തില്‍ വിശാല താല്പര്യങ്ങളുണ്ടെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. പതിറ്റാണ്ടുകളായി ഓസ്‌ട്രേലിയയും ടുവാലുവും തമ്മില്‍ ശക്തമായ ബന്ധമാണുള്ളത്. ദക്ഷിണ പസഫിക്കിന്റെ 900,000 ചതുരശ്ര കിലോമീറ്റര്‍ അവകാശപ്പെടുന്ന ടുവാലുവിനെ, ചൈനയുമായുള്ള പ്രാദേശിക സ്വാധീനത്തിനായുള്ള പോരാട്ടത്തില്‍ നിര്‍ണായക പങ്കാളിയായി ഓസ്‌ട്രേലിയ കാണുന്നു. ടുവാലുവിന്റെ സംസ്ഥാന പദവിയും പരമാധികാരവും തുടരുമെന്നാണ് ഉടമ്പടില്‍ പറയുന്നത്. പ്രതിവര്‍ഷം 280 വിസകള്‍ നല്‍കിയാല്‍ ടുവാലുവിലെ ജനസംഖ്യയുടെ ഏകദേശം 40 ശതമാനം പേരും അടുത്ത 10 വര്‍ഷത്തിനുള്ളില്‍ രാജ്യം വിടുമെന്നാണ് പ്രവചിക്കപ്പെടുന്നത്. അതിനാല്‍ തന്നെ ചില വിദഗ്ധര്‍ ഒരു 'ബ്രെയിന്‍ ഡ്രെയിന്‍' സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. വലിയ ശതമാനം ആളുകള്‍ രാജ്യംവിട്ടാല്‍ തൊഴിലാളിക്ഷാമവും വികസന സ്തംഭനവും നേരിടേണ്ടിവരും. പക്ഷേ, ഇനിയും ദ്വീപ് കടലെടുക്കുകയും വ്യാപകമായ കുടിയേറ്റം തുടരുകയും ചെയ്താല്‍ അവിടെ ജനജീവിതം അസാധ്യാമായേക്കും. ഭാവിയില്‍ ആര്‍ക്കും അവിടെ താമസിക്കാന്‍ കഴിയില്ലെന്ന നിലയുണ്ടായാല്‍ തന്ത്രപ്രധാന സ്ഥാനത്ത് സൈനിക സംവിധാനങ്ങള്‍ ഒരുക്കുക വഴി മേഖലയില്‍ നിര്‍ണായക സ്വാധീനം ഉറപ്പുവരുത്താനും ഓസ്‌ട്രേലിയയ്ക്കും സഖ്യകക്ഷികള്‍ക്കും സാധിക്കും.
Content Highlights: Australias climate visam a fifeline for tuvaluans facing rising sea levels?
Published: 03 Jul 2025, 09:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented