വന്യജീവി സംരക്ഷണം മുന്‍നിര്‍ത്തി ഗ്ലോബല്‍ ഹ്യൂമന്‍ സൊസൈറ്റി നല്‍കുന്ന ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരത്തിന് അര്‍ഹനായി അനന്ത് അംബാനി. വന്യജീവി സംരക്ഷണരംഗത്ത് അനന്ത് അംബാനി സ്ഥാപിച്ച 'വന്‍താര' എന്ന സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

To advertise here,

വന്യജീവി സംരക്ഷണ രംഗത്ത് ഭാരതം മുന്നോട്ടുവെക്കുന്ന പുതിയ മാതൃകയ്ക്കുള്ള ആഗോള അംഗീകാരം കൂടിയാണ് പുരസ്‌കാരം. ഏഷ്യയില്‍ നിന്നും ഈ പുരസ്‌കാരം നേടുന്ന ആദ്യ വ്യക്തിയാണ് അനന്ത്. ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ പുരസ്‌കാരം നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി കൂടി അദ്ദേഹം ഇതിലൂടെ സ്വന്തമാക്കി.

മൃഗക്ഷേമ, സംരക്ഷണ രംഗത്തെ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ട അംഗീകാരങ്ങളിലൊന്നാണ് ഗ്ലോബല്‍ ഹ്യൂമാനിറ്റേറിയന്‍ പുരസകാരം. മൃഗങ്ങളുടേയും മനുഷ്യരുടേയും ക്ഷേമത്തിനായി ആഗോളതലത്തില്‍ പരിവര്‍ത്തനാത്മകമായ സ്വാധീനം സൃഷ്ടിച്ച വ്യക്തികള്‍ക്കാണ് ഈ പുരസ്‌കാരം നല്‍കുന്നത്. 1877-ല്‍ സ്ഥാപിതമായ അമേരിക്കന്‍ ഹ്യൂമന്‍ സൊസൈറ്റിയുടെ അന്താരാഷ്ട്ര വിഭാഗമായ ഗ്ലോബല്‍ ഹ്യൂമന്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പുരസ്‌കാരം നല്‍കുന്നത്. മൃഗക്ഷേമ രംഗത്തെ ഏറ്റവും പഴക്കമേറിയതും ആധികാരികവുമായ സ്ഥാപനങ്ങളിലൊന്നു കൂടിയാണ് ഇവര്‍.

ഹോളിവുഡ് ഇതിഹാസങ്ങളായ ഷേര്‍ളി മക്ലെയ്ന്‍, ജോണ്‍ വെയ്ന്‍, ബെറ്റി വൈറ്റ് എന്നിവരും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ജോണ്‍ എഫ്. കെന്നഡി, ബില്‍ ക്ലിന്റണ്‍ എന്നിവരും ഈ പുരസ്‌കാരം നേരത്തെ ലഭിച്ച വ്യക്തികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ലോകമെമ്പാടുമുള്ള പ്രമുഖരുടെ ഇടയിലേക്കാണ് അനന്ത് അംബാനിയും തിരഞ്ഞെടുക്കപ്പെട്ടത് വന്‍താരയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച ലോകോത്തര അംഗീകാരമാണ് ഈ പുരസ്‌കാരം.

മൃഗക്ഷേമ രംഗത്ത് ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ച വന്‍താരയെ 'രോഗശാന്തിയുടെ ഒരു സങ്കേതം' എന്നാണ് ഗ്ലോബല്‍ ഹ്യൂമന്‍ സൊസൈറ്റി വിശേഷിപ്പിക്കുന്നത്. മൃഗങ്ങള്‍ക്ക് അന്തസ്സും രോഗശാന്തിയും പ്രത്യാശയും നല്‍കാനുള്ള വന്‍താരയുടെ അര്‍പ്പണബോധത്തിന് ഇതിനേക്കാള്‍ വലിയൊരു അമരക്കാരനില്ലെന്നും, അനന്ത് അംബാനിയുടെ നേതൃത്വം ലോകത്തിന് അനുകമ്പയുടെ ഒരു പുതിയ മാതൃകയാണ് നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വന്‍താരയുടെ സമീപനം തികച്ചും വ്യത്യസ്തമാണ്. വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുക, വനത്തില്‍ വംശനാശം സംഭവിച്ച ജീവികളെപ്പോലും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്ന ശാസ്ത്രീയ പരിപാടികള്‍ മുന്നോട്ട് കൊണ്ടുപോകുക എന്നിവയാണ് ഇവരുടെ പ്രധാന ലക്ഷ്യങ്ങള്‍.

'ലോകത്ത് എവിടെയും വന്യജീവി ക്ഷേമത്തിനായുള്ള ഏറ്റവും അസാധാരണമായ പ്രതിബദ്ധതകളിലൊന്നാണ് വന്‍താര പ്രതിനിധീകരിക്കുന്നത്. ഇതൊരു രക്ഷാകേന്ദ്രം എന്നതിലുപരി, രോഗശാന്തിയുടെ ഒരു സങ്കേതമാണ്. വന്‍താരയ്ക്ക് പിന്നിലെ ലക്ഷ്യവും, വ്യാപ്തിയും, ഹൃദയവും ആധുനിക മൃഗക്ഷേമം എങ്ങനെയായിരിക്കണം എന്നതിന് ഒരു പുതിയ മാനദണ്ഡം സ്ഥാപിച്ചിരിക്കുന്നു' ഗ്ലോബല്‍ ഹ്യൂമന്‍ സൊസൈറ്റിയുടെ പ്രസിഡന്റും സി.ഇ.ഒ.യുമായ ഡോ. റോബിന്‍ ഗാന്‍സെര്‍ട്ടിന്‍ പറഞ്ഞു.

'സര്‍വ്വ ഭൂത ഹിതം' (എല്ലാ ജീവജാലങ്ങളുടെയും ക്ഷേമം) എന്ന തത്വവും 'സേവ' (നിസ്വാര്‍ത്ഥ സേവനം) എന്ന പുരാതന ഭാരതീയ തത്വചിന്തയില്‍ അധിഷ്ഠിതമാണ് വന്‍താരയുടെ അടിസ്ഥാനം.

പുരാതന ഇന്ത്യന്‍ മൂല്യങ്ങളെ ആധുനിക സംരക്ഷണ ശ്രമങ്ങളുമായി എങ്ങനെ ശക്തമായി ബന്ധിപ്പിക്കാമെന്ന് അനന്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു' മൃഗങ്ങള്‍ നമ്മളെ സമചിത്തതയും, വിനയവും, വിശ്വാസവും പഠിപ്പിക്കുന്നു. വന്‍താരയിലൂടെ, സേവന മനോഭാവത്താല്‍ നയിക്കപ്പെട്ട് ഓരോ ജീവനും അന്തസ്സും, പരിചരണവും, പ്രത്യാശയും നല്‍കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം, അനന്ത് അംബാനി പറഞ്ഞു.