തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു. ഗുജറാത്തിലെ ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ (വൻതാര) നിന്ന് ഒരു ജോഡി സീബ്രകളെ തിരുവനന്തപുരം മൃഗശാലയിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി മ്യൂസിയം മൃഗശാല വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് അറിയിച്ചു.

To advertise here,

ഒൻപത് വർഷത്തിന് ശേഷമാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്ര എത്തുന്നത്. 2002 ഏപ്രിലിൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽനിന്ന് എത്തിച്ച സീത എന്ന സീബ്ര 2017-ൽ പ്രായാധിക്യംമൂലം ചത്തതോടെയാണ് തിരുവനന്തപുരം മൃഗശാലയിൽ സീബ്രകളുടെ സാന്നിധ്യം ഇല്ലാതായത്. ഗുജറാത്തിലെ വൻതാരയിൽനിന്നുള്ള മൂന്നും അഞ്ചും വയസ്സുള്ള സീബ്രകളെയാണ് എത്തിക്കുന്നത്. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ ഇവയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു.

പ്രത്യേകം തയ്യാറാക്കിയ അനിമൽ ആംബുലൻസിൽ റോഡുമാർഗമാണ് സീബ്രകളെ തിരുവനന്തപുരത്ത് എത്തിക്കുന്നത്. ഏകദേശം മൂന്ന് ദിവസം നീളുന്ന യാത്രയിൽ വെറ്ററിനറി സർജന്റെ നേതൃത്വത്തിലുള്ള സംഘം ഇവയെ അനുഗമിക്കും. സീബ്രകളെ കൊണ്ടുവരുന്നതിന് പകരമായി തിരുവനന്തപുരം മൃഗശാലയിൽനിന്ന് ഒരു ആൺ സിംഹവാലൻ കുരങ്ങനെയും ഒരു രാജവെമ്പാലയെയും വൻതാരയിലേക്ക് നൽകും.

വർഷങ്ങൾക്കുശേഷം സീബ്രകളെ വീണ്ടും മൃഗശാലയിലെത്തിക്കാൻ കഴിയുന്നത് ഏറെ സന്തോഷകരമാണെന്നും ഓണത്തോടനുബന്ധിച്ച് സീബ്രകളുടെ സാന്നിധ്യം സന്ദർശകർക്ക് പ്രത്യേക വിരുന്നാകുമെന്നും മൃഗശാല ഡയറക്ടർ മഞ്ജുളാദേവി പറഞ്ഞു. മൃഗശാല സൂപ്രണ്ട് ടി. വി. അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടക്കുന്നത്. ഓണാവധിയിൽ തന്നെ സീബ്രകളെ സന്ദർശകർക്ക് കാണാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

മൃഗങ്ങളെ സംരക്ഷിക്കുക, പരിചരിക്കുക, പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റിലയൻസ് ഫൗണ്ടേഷൻ (അനന്ത് അംബാനി) നേതൃത്വത്തിൽ സ്ഥാപിച്ച വന്യജീവി പുനരധിവാസ കേന്ദ്രമാണ് വൻതാര. ഗുജറാത്തിലെ ജാംനഗറിലെ റിലയൻസ് റിഫൈനറി സമുച്ചയത്തിനുള്ളിൽ 3,000 ഏക്കറിലധികം സ്ഥലത്താണ് ഇത് വ്യാപിച്ചുകിടക്കുന്നത്. അത്യാധുനിക മൃഗാശുപത്രികൾ, എം.ആർ.ഐ, സി.ടി സ്‌കാൻ സൗകര്യങ്ങൾ, പ്രത്യേക ആഹാരക്രമം, റേഡിയോളജി വിഭാഗം എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് ഇവിടെ മൃഗങ്ങളെ പരിചരിക്കുന്നത്.