
ആമസോണ്‍ മഴക്കാടുകളിലെ വനനശീകരണ തോതില്‍ കഴിഞ്ഞ വർഷം കുറവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ബ്രസീല്‍ പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. 2022-ലെ അപേക്ഷിച്ച് 2023-ല്‍ വനനശീകരണ തോത് 50 ശതമാനത്തോളം കുറഞ്ഞുവെന്ന് മാത്രമല്ല, അഞ്ചുവര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വനനശീകരണ തോതിനും ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകളിലൊന്ന് കൂടിയായ ആമസോൺ സാക്ഷിയായി.
സ്‌പേസ് റിസര്‍ച്ച് ഏജന്‍സിയായ ഐഎന്‍പിഇ ഉപഗ്രഹ ദൃശ്യങ്ങളിലൂടെ ശേഖരിച്ച വിവരങ്ങള്‍ പ്രകാരം 2023-ല്‍ വെറും 5,153 സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന പ്രദേശമാണ് നാശം നേരിട്ടത്, മുന്‍വര്‍ഷത്തെ (2022) അപേക്ഷിച്ച് 49.9 % കുറവ്. 2022-ല്‍ 10,278 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശം നാശം നേരിട്ടു.
എവിടെയും യാതൊരുതരത്തിലും നാശം സംഭവിക്കാത്ത തരത്തിലുള്ള പൂജ്യം വനനശീകരണ തോതിലേക്കുളള (zero deforestation) ആദ്യപടിയായി ഇത് വിലയിരുത്തപ്പെടുന്നുവെന്ന് ബ്രസീല്‍ പരിസ്ഥിതികാര്യ മന്ത്രാലയം സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു.
മുന്‍ പ്രസിഡന്റ് ജയ്ര്‍ ബോല്‍സോണാരോയുടെ നേതൃത്വത്തിലുള്ള ഭരണകൂടം വന്‍തോതില്‍ വനം നശിപ്പിച്ചിരുന്നു. ബ്രസീലിന്റെ പുതിയ പ്രസിഡന്റായി ലുല ഡ സില്‍വ അധികാരമേറ്റപ്പോള്‍ 2030-ഓടെ അനധികൃതമായി വനം നശിപ്പിക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു.
2022-ല്‍ ആഗോള കാലാവസ്ഥാ ഉച്ചകോടിയായ കോപ്-27 വേദിയില്‍ ആമസോണ്‍ മഴക്കാടുകളെ പുനരുജ്ജീവിപ്പിക്കുമെന്നും വനം നശിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ലുല ഡ സില്‍വ ഉറപ്പുനല്‍കിയിരുന്നു.
ആഗോളതലത്തിലുള്ള കാലാവസ്ഥാ പ്രതിസന്ധിക്കായുള്ള പോരാട്ടത്തില്‍ ആമസോണ്‍ മഴക്കാടുകള്‍ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആമസോണ്‍ മഴക്കാടുകളുടെ 60 ശതമാനവും ബ്രസീലിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിയുടെ ശ്വാസകോശമെന്നും ആമസോണ്‍ മഴക്കാടുകള്‍ അറിയപ്പെടുന്നു.
Content Highlights: amazon rainforest deforestation to five year low in 2023
Published: 15 Jan 2024, 10:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented