ആമസോണ്‍ മഴക്കാടുകളിലെ മരങ്ങളുടെ ശരാശരി വലിപ്പത്തില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നതായി പഠനം. ലോകമെമ്പാടുമുള്ള 60 സര്‍വകലാശാലകളിലെ നൂറോളം ഗവേഷകരടങ്ങുന്ന വിദഗ്ധസംഘമാണ് നിര്‍ണായകമായ കണ്ടെത്തലിന് പിന്നില്‍.

To advertise here,

അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് സാന്നിധ്യമാണ് മരങ്ങളുടെ വളര്‍ച്ചയ്ക്കുപിന്നിലെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കാര്‍ബണ്‍ ഫെര്‍ട്ടിലൈസേഷന്‍ ഇഫക്ട് എന്ന പേരിലാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. അന്തരീക്ഷത്തിലെ ഉയര്‍ന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് സാന്നിധ്യം പ്രകാശസംശ്ലേഷണ തോത് കൂട്ടുന്നതാണ് ഈ പ്രക്രിയ. ചില മരങ്ങളില്‍ ഇത് വളര്‍ച്ചയുടെ വേഗം കൂട്ടുന്നു.

വിവിധ ഡേറ്റകള്‍ ശേഖരിച്ചുനടത്തിയ പഠനത്തില്‍ ഓരോ ദശാബ്ദത്തിലും മരങ്ങളുടെ വ്യാസത്തില്‍ 3.3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മരങ്ങളുടെ വളമായി കാര്‍ബണ്‍ ഡയോക്‌സൈഡ് മാറുകയാണെന്ന് ദുറം സര്‍വകലാശാലയിലെ ഗവേഷകനായ പീറ്റര്‍ ന്യൂ സയന്റിസ്റ്റിനോട് പറഞ്ഞു. ആമസോണിലെ വനനശീകരണം മൂലം ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുക്കളേക്കുറിച്ച് ഉൾക്കാഴ്ചകൾ നൽകുന്നതാണ് പഠനമെന്ന് വിദഗ്ധര്‍ പറയുന്നു.

427 സസ്തനികള്‍, 1300 പക്ഷികള്‍, 378 ഉരഗങ്ങള്‍, 400 ഉഭയജീവികള്‍, രണ്ടായിരത്തിനും മൂവായിരത്തിനുമിടയ്ക്ക് ശുദ്ധജല മത്സ്യങ്ങള്‍ എന്നിവയുടെ പ്രധാന ആവാസവ്യവസ്ഥയാണ് ആമസോണ്‍ മഴക്കാടുകളെന്ന് വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട് (ഡബ്ല്യുഡബ്ല്യുഎഫ്) റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഭൂമിയുടെ ശ്വാസകോശമെന്നാണ് ആമസോണ്‍ മഴക്കാടുകള്‍ അറിയപ്പെടുന്നത്.