ബ്രസീലിയ: ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടി (സിഒപി-30) നടക്കുന്ന വേദിയിലേക്കുള്ള ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി ആമസോണ്‍ മഴക്കാടുകളിലെ ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ച് ബ്രസീൽ. നടപടിക്കെതിരേ പരിസ്ഥിതി പ്രവർത്തകരിൽനിന്നും പ്രദേശവാസികളിൽനിന്നും വലിയ വിമർശനമാണ് ഉയരുന്നത്. ഇക്കൊല്ലം നവംബര്‍ മാസത്തില്‍ വടക്കന്‍ ബ്രസീലിലെ ബേലെമിലാണ് യു.എന്നിന്റെ സിഒപി-30 നടക്കുക. ഇവിടേക്കുള്ള ഏകദേശം 13 കിലോമീറ്റര്‍ നീളമുള്ള നാലുവരിപ്പാതയുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്.

To advertise here,

ഉച്ചകോടിയുടെ ഭാഗമായി ബേലം നഗരത്തിലേക്കും പുറത്തേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഹൈവേ നിര്‍മാണമെന്നാണ് അധികൃതരുടെ വിശദീകരണം. വിവിധരാജ്യങ്ങളില്‍നിന്നുള്ള പ്രമുഖ നേതാക്കളടക്കം അന്‍പതിനായിരത്തോളം പ്രതിനിധികള്‍ സിഒപി 30-ല്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഇവരുടെ യാത്ര സൗകര്യപ്രദമാക്കുന്നതിന് വേണ്ടിയാണ് ഹൈവേ നിര്‍മാണം. എണ്ണൂറോളം സ്പീഷിസുകളില്‍പ്പെട്ട സസ്യങ്ങള്‍ ഉള്‍പ്പെട്ട സംരക്ഷിത മേഖലയിലൂടെയാണ് ഹൈവേയുടെ ഒരു ഭാഗം കടന്നുപോകുന്നതെന്നാണ് വിവരം. 

കാലാവസ്ഥാ സംരക്ഷണത്തിനുവേണ്ടി സംഘടിപ്പിക്കുന്ന ഉച്ചകോടിക്കുവേണ്ടി ആമസോണ്‍ മഴക്കാടുകള്‍ നശിപ്പിക്കുന്നത് ബ്രസീലിന്റെ കാപട്യമാണ് വെളിപ്പെടുത്തുന്നതെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകർ ഉയർത്തുന്നത്. അതേസമയം, പുതിയ റോഡ് തങ്ങളുടെ ഉപജീവനമാര്‍ഗത്തെ ബാധിക്കുന്നതായി പ്രദേശവാസികളും ആരോപണം ഉന്നയിക്കുന്നു. കാട്ടിൽനിന്നുള്ള പഴവും മറ്റും ശേഖരിച്ചു വില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം മരങ്ങള്‍ വെട്ടിനീക്കിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

കാലാവസ്ഥാ ഉച്ചകോടി മുന്‍നിര്‍ത്തി ബേലം നഗരത്തില്‍ നടപ്പാക്കുന്ന മുപ്പത് പദ്ധതികളില്‍ ഒന്നാണ് ഹൈവേ നിര്‍മാണം. അതിഥികള്‍ക്കു താമസിക്കുന്നതിന് വേണ്ടിയുള്ള പുതിയ ഹോട്ടലുകളുടെ നിര്‍മാണം, വിമാനത്താവള വികസനം, ക്രൂയിസ് കപ്പലുകളെക്കൂടി ഉള്‍ക്കൊള്ളിക്കുംവിധത്തില്‍ നഗരത്തിലെ തുറമുഖം വികസിപ്പിക്കല്‍ തുടങ്ങിയവയാണ് മറ്റു പദ്ധതികള്‍.

അതേസമയം, റോഡ് നിര്‍മാണത്തെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തി. ഹൈവേയുടെ വശങ്ങളില്‍ സൈക്കിള്‍ ലെയ്‌നുകള്‍ ഉണ്ടായിരിക്കുമെന്നും മൃഗങ്ങള്‍ക്ക് സുരക്ഷിതമായി റോഡ്മുറിച്ചു കടക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കുമെന്നും അധികൃതര്‍ അവകാശപ്പെടുന്നു.