
മൂന്നര വര്‍ഷത്തിനു മുമ്പ് ഫ്‌ളോറിഡയിലെ വീട്ടില്‍ നിന്ന് കാണാതായ ആമയെ കണ്ടെത്തി. വീട്ടില്‍ നിന്നും അഞ്ച് മൈല്‍ അകലെയാണ് ആമയെ കണ്ടെത്തിയത്. പുട്‌നം കൗണ്ടി ഡെപ്യൂട്ടിസാണ് ആമയുടെ സാന്നിധ്യം മേഖലയില്‍ സ്ഥിരീകരിക്കുന്നത്. ഏപ്രില്‍ 2020-നാണ് ആമയെ വീട്ടില്‍ നിന്നും കാണാതാവുന്നത്. ഹൈവേ മുറിച്ച് കടക്കുകയായിരുന്ന വംശനാശ ഭീഷണി നേരിടുന്ന ആഫ്രിക്കന്‍ ആമ (African spurred tortoise/Geochelone sulcata) അധികൃതരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു.
സഹാറ മരുഭൂമിയില്‍ പ്രധാനമായും കാണപ്പെടുന്ന ആഫ്രിക്കന്‍ ആമ ഉദ്യോഗസ്ഥരുമായി വളരെ പെട്ടെന്ന് തന്നെ ഇണങ്ങി. "ആരോ വളര്‍ത്തുന്ന ആമയാണിതെന്ന് ഞങ്ങള്‍ക്ക് മനസിലായിരുന്നു, കാരണം അവന് തലയില്‍ തലോടുന്നത് വളരെ ഇഷ്ടമായിരുന്നു", ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

ആമയുടെ ഉടമയെ തേടി അധികൃതര്‍ പോസ്റ്റിട്ടു. ആരും അവകാശം ഉന്നയിച്ച് എത്തിയില്ലെങ്കിൽ ഫ്‌ളോറിഡാസ് വൈല്‍ഡെസ്റ്റ് ആനിമല്‍ റെസ്‌ക്യുവിന് കൈമാറുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ച പോസ്റ്റ് ഒടുവില്‍ ഉടമയുടെ കൂട്ടുകാരന്റെ ശ്രദ്ധയില്‍പ്പെട്ടു. പുറംതോടുകളിലെ പാടുകളിലൂടെ ആമ തന്റേതെന്ന് ഉടമ തിരിച്ചറിയുകയായിരുന്നു.
"അത്ഭുതപൂര്‍വമായ കഥ, ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്ന് നമ്മെ പഠിപ്പിക്കുന്നു", ഫ്‌ളോറിഡാസ് വൈല്‍ഡെസ്റ്റ് ആനിമല്‍ റെസ്‌ക്യു ഫെയ്‌സ്ബുക്കില്‍ സംഭവത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഒരു വിദഗ്ധനായ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അഭിനന്ദനമറിയിച്ച് നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്.
അതിവിദഗ്ധമായി രക്ഷപ്പെടാനുള്ള കഴിവാണ് ഈ ആമകള്‍ക്ക് എക്‌സ്‌കേപ്പ് ആര്‍ട്ടിസ്റ്റ് എന്ന പേര് സമ്മാനിച്ചത്. വേലിക്കെട്ട് വരെയുള്ള സംരക്ഷിത പ്രദേശങ്ങളിലോ നിന്നോ ഇവര്‍ക്ക് വേഗത്തില്‍ രക്ഷപ്പെടാന്‍ സാധിക്കുമെന്നാണ് വന്യജീവി വിദഗ്ധര്‍ പറയുന്നത്.
ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ആമ വിഭാഗങ്ങളിലൊന്നാണ് ആഫ്രിക്കന്‍ സള്‍കേറ്റ (വലിപ്പത്തില്‍ മൂന്നാം സ്ഥാനം). വലിപ്പം മൂലം ഇവയെ വളര്‍ത്താന്‍ വീടിന് പുറത്ത് സ്ഥലം കണ്ടെത്തുന്നതാണ് ഉചിതമെന്ന് വിദഗ്ധര്‍ പറയുന്നു. 80 വര്‍ഷത്തോളം ആയുസ്സ് ഇവയ്ക്ക് ഉള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 36 കിലോ മുതല്‍ 68 കിലോഗ്രാം വരെയാണ് ശരാശരി ഭാരം.
Content Highlights: African Sulcata tortoise found after 3 years since missing in Florida
Published: 26 Oct 2023, 12:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented