ന്യൂഡല്‍ഹി: പത്തുവര്‍ഷത്തിനിടെ വികസന പദ്ധതികള്‍ക്കായി രാജ്യത്ത് ഏറ്റെടുത്തത് 1,75,000 ഹെക്ടര്‍ (1750 ചതുരശ്ര കി.മീ.) വനഭൂമി. വനം-പരിസ്ഥിതി മന്ത്രാലയം സമര്‍പ്പിച്ച കണക്ക് പ്രകാരം 2019 ഏപ്രില്‍ ഒന്നിനും 2024 മാര്‍ച്ച് 31-നുമിടയില്‍ 8731 വന്‍കിട പദ്ധതികള്‍ക്കായി 95,724.99 ഹെക്ടര്‍ വനഭൂമിയാണ് വിട്ടുനല്‍കിയത്.

To advertise here,

ഭൂമിയുടെ അളവ് ഹെക്ടറില്‍ പരിശോധിക്കുമ്പോള്‍ ആകെ വനം - 7,13,789 ചതുരശ്രകിലോമീറ്റര്‍ ആണ്. അതായത് ഭൗമവിസ്തൃതിയുടെ 21.71 ശതമാനം. 2019-'24 കാലയളവില്‍, അഞ്ചുവര്‍ഷത്തിനിടെ ഏറ്റെടുത്ത വനഭൂമിയുടെ അളവ് സംസ്ഥാന അടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍: മധ്യപ്രദേശ് - 22,614.74, ഒഡിഷ - 13,621.95, അരുണാചല്‍പ്രദേശ് - 8744.78, കേരളം - 156.15.

വനസംരക്ഷണ നിയമം തുണച്ചു

1980-ല്‍ വനസംരക്ഷണ നിയമം വരുന്നതുവരെ രാജ്യത്തിന് വനേതര ആവശ്യങ്ങള്‍ക്കായി നഷ്ടമായത് 0.42 കോടി ഹെക്ടര്‍ വനമാണ്. നിയമനത്തിന് ശേഷം 40 വര്‍ഷത്തിനിടയില്‍ നഷ്ടപ്പെട്ട വനം 0.15 കോടി ഹെക്ടറായി കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് പാസാക്കിയ പുതിയ വനസംരക്ഷണ ഭേദഗതി നിയമം അനുവദിക്കുന്ന ഇളവുകളിലൂടെ 1.97 കോടി ഹെക്ടര്‍ (1.97 ലക്ഷം ചതുരശ്ര കി.മീ.) തരംതിരിക്കാത്ത വനഭൂമിക്ക് നിയമ പരിരക്ഷ നഷ്ടമാകും.

സ്വാഭാവിക വനം വികസനത്തിനായി വഴിമാറുമ്പോള്‍ ഗുരുതര പാരിസ്ഥിതിക ഭീഷണി സൃഷ്ടിക്കപ്പെടുന്നു. ജൈവവൈവിധ്യം, ജലക്രമീകരണം, കാര്‍ബണ്‍ ബഹിര്‍ഗമനം തുടങ്ങിയവയില്‍ നിര്‍ണായകമാണ് സ്വാഭാവികവനം. വനഭൂമി ഏറ്റെടുത്തതിന് പകരമായി വനവത്കരണം നടത്താനും സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടുണ്ട്. 1.75 ലക്ഷം ഹെക്ടര്‍ വനഭൂമിക്കുപകരം വനവത്കരണത്തിനായി 21,76,200 ഹെക്ടര്‍ വനേതരഭൂമി വിട്ടുകൊടുത്തു. ഇത് തരംതിരിക്കാത്ത വനഭൂമിയാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കേരളത്തില്‍ 156.15 ഹെക്ടര്‍ വനഭൂമി ഏറ്റെടുത്തതിനുപകരം വിട്ടുകൊടുത്തത് 295.48 ഹെക്ടറാണ്. വനവത്കരണത്തിനായി വര്‍ഷാവര്‍ഷം കേരളം വിട്ടുനല്‍കിയത്: 2020-'21 - 34.51, 2021-'22 - 78.71, 2022-'23 - 65, 2023-'24 - 117.26.

വനവത്കരണത്തിന് കേന്ദ്രം വര്‍ഷാവര്‍ഷം ചെലവഴിച്ച തുക പരിശോധിക്കാം: 2019-'20 - 3389.1 കോടി, 2020-'21 - 4909.87 കോടി, 2021-'22 - 5896.31 കോടി, 2022-'23 - 6149.85 കോടി, 2023-'24 - 5205.12 കോടി.