ന്യൂഡൽഹി: പുതിയ വനസംരക്ഷണ ഭേദഗതി നിയമത്തെ (വൻ സംരക്ഷൺ ഏവം സംവർധൻ അധിനിയം) മറയാക്കി രാജ്യത്ത് വൻതോതിൽ വനഭൂമി നികത്തിയുള്ള ഖനനാനുമതി വൻകിട ഖനനമാഫിയകൾ സ്വന്തമാക്കുന്നു. പുറമേ, 1996-നു മുമ്പുള്ള എല്ലാ കൈയേറ്റങ്ങളും ക്രമപ്പെടുത്താനുള്ള അനുമതി ഉപയോഗിച്ചും രാജ്യവ്യാപകമായി വനഭൂമി നികത്തപ്പെടുന്നതായാണ് വിവരം. ഹരിയാണയിൽ ആരവല്ലി വനനിരകൾ നികത്തി സ്വകാര്യസർവകലാശാലയ്ക്ക് അനുമതി നൽകിയത് ഇത്തരത്തിലാണ്. വനസംരക്ഷണ നിയമം ലംഘിച്ച് ആരവല്ലി കുന്ന് കൈയേറി നിർമിച്ച കാമ്പസിനെ നിയമവിരുദ്ധമായി നേരത്തേ കോടതിയടക്കം കണക്കാക്കിയതാണ്. അതാണ് പുതിയ നിയമം വന്നതോടെ ക്രമപ്പെടുത്തി നൽകിയത്.

To advertise here,

പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഉപദേശകസമിതിയുടെ ഡിസംബർ 18-ലെ യോഗത്തിലായിരുന്നു തീരുമാനം. ഈ യോഗത്തിൽമാത്രം ഒഡിഷ, ഝാർഖണ്ഡ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലായി 790 ഹെക്ടർ വനഭൂമിയിൽ ഖനനാനുമതി നൽകിയതായി യോഗത്തിന്റെ മിനുട്‌സ് രേഖ വ്യക്തമാക്കുന്നു. നിയമത്തിലെ വ്യവസ്ഥയിലുള്ള അവ്യക്തതയാണ് വനഭൂമി നികത്തലിന് പഴുതൊരുക്കുന്നതെന്നാണ് പരിസ്ഥിതിവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. കേരളമടക്കം വിവിധ സംസ്ഥാനങ്ങൾ കൂട്ടത്തോടെ വനഭൂമി നികത്തലിനുള്ള പഴുതുകൾ തേടുന്നതായി സൂചനയുണ്ട്. 1996-നു മുമ്പുള്ള കൈയേറ്റഭൂമിയുടെ പട്ടിക തയ്യാറാക്കിനൽകാൻ കേരള റവന്യുവകുപ്പ് ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലെ കളക്ടർമാരോട് നിർദേശിച്ചു.

വനഭൂമി നികത്തി ഖനനം പാടില്ലെന്ന് നിയമത്തിൽ പറയുന്നുണ്ടെങ്കിലും ഖനനാനുമതിക്കുള്ള മറ്റ് ചില വ്യവസ്ഥകൾ ഇതിന് വിരുദ്ധമായതാണ് ഖനനമാഫിയക്ക് അനുകൂലമായിരിക്കുന്നതെന്ന് വിദഗ്‌ധർ പറയുന്നു. ഖനനസാധ്യത സംബന്ധിച്ച് സർവേ നടത്താൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഖനന പാട്ടം അനുവദിക്കും. പാട്ടക്കരാർ ലഭിച്ചുകഴിഞ്ഞാൽ രണ്ട് വർഷത്തിനകം മൈനിങ്‌ പ്ലാൻ തയ്യാറാക്കി സമർപ്പിക്കണം. അത് അംഗീകരിക്കപ്പെട്ടാൽ ലെവി അടച്ചും മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയും ഖനനം നടത്താം. ഖനനാനുമതി ലഭിച്ചുകഴിഞ്ഞാൽ അത് നടത്താൻ വനഭൂമി നികത്താതെ പറ്റില്ലെന്നിരിക്കെ, വനഭൂമി നികത്തിയുള്ള ഖനനം പാടില്ലെന്ന വ്യവസ്ഥ എഴുതിച്ചേർത്തതെന്തിനാണെന്നാണ് വിദഗ്‌ധരുടെ ചോദ്യം.

നിയമത്തിനെതിരായ ഹർജി സുപ്രീംകോടതിയിൽ

വൻ സംരക്ഷൺ ഏവം സംവർധൻ അധിനിയത്തിലെ പ്രതികൂലവ്യവസ്ഥകൾ വനനശീകരണത്തിന് ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി മുൻ ഐ.എ.എസ്, ഐ.എഫ്.എസ്. ഉദ്യോഗസ്ഥരടക്കം 11 മുതിർന്ന റിട്ട. ഉദ്യോഗസ്ഥർ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേരളത്തിലെ മുൻ പി.സി.സി.എഫ്. കൂടിയായ പ്രകൃതി ശ്രീവാസ്തവയും ഹർജിക്കാരിലുണ്ട്.