
വൈദ്യുതോത്പാദന മാര്‍ഗങ്ങളില്‍ ഏറ്റവും പരിസ്ഥിതി സൗഹൃദവും പാരിസ്ഥിതികാഘാതാം കുറഞ്ഞതുമെന്ന നിലയില്‍ ആശ്രയിക്കുന്നതാണ് സൗരോര്‍ജ പദ്ധതികളെ. കേരളസർക്കാരിന്റെ പുരപ്പുറ സൗരോര്‍ജ പദ്ധതിയുടെ ഭാഗമായി 1.70 ലക്ഷം വീടുകളിലാണ് സോളാര്‍ പാനലുകള്‍ ഇതിനോടകം സ്ഥാപിച്ചത്. 541 മെഗാവാട്ട് വൈദ്യുതിയാണ് ഇതില്‍ നിന്ന് ഗ്രിഡ്ഡിലേക്ക് അധികമായി ചേര്‍ക്കപ്പെട്ടത്. വ്യത്യസ്തതരം പദ്ധതികളില്‍ നിന്നായി 893 മെഗാവാട്ട് വൈദ്യുതിയും അധികമായി ചേര്‍ക്കപ്പെട്ടു. ഈ ഘട്ടത്തില്‍ മറ്റു ഊര്‍ജ പദ്ധതികള്‍ക്ക് ബദലാവാന്‍ എത്രത്തോളം സൗരോര്‍ജ പദ്ധതികള്‍ക്കാവും. ജലവൈദ്യുതിയേക്കാള്‍ പരിസ്ഥിതി സൗഹാര്‍ദമോ, സോളാര്‍ പദ്ധതി... തുടങ്ങിയ, നമ്മള്‍ ചിന്തിക്കേണ്ട ചില വിഷയങ്ങളിലേക്ക് ചര്‍ച്ച ക്ഷണിക്കുകയാണ് കെ.എസ്ഇ.ബി റിട്ട. എക്‌സിക്യൂട്ടീവ് എന്‍ജിനീയറും ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അഖിലേന്ത്യ സെക്രട്ടറി കൂടിയായ എം.ജി സുരേഷ് കുമാര്‍. അഭിമുഖം വായിക്കാം..
സര്‍ക്കാറിന്റെ ഊര്‍ജ പദ്ധതികള്‍ പൊതുവെ ഭൂമി ഏറ്റെടുത്തല്ലേ സാധാരണ നടപ്പിലാക്കാറുള്ളത്. സിയാലാണെങ്കിലും ഭൂമിയിലാണല്ലോ സോളാര്‍ പ്ലാന്റുകള്‍ സഥാപിച്ചത്. പകരം വീടുകളുടെ മേല്‍ക്കൂര എന്ന ആശയത്തിലേക്കെത്തിയതെങ്ങനെയാണ്...
Also Read
ലോകത്തെല്ലായിടത്തും റൂഫ്‌ടോപ് പദ്ധതി ധാരാളമായി നടക്കുന്നുണ്ട്. പക്ഷേ, അതില്‍ നിന്നെല്ലാം വ്യത്യസ്തമായി യൂട്ടിലിറ്റി താത്പര്യമെടുത്ത് ചെയ്തു എന്നതാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ സ്വകാര്യ വ്യക്തികള്‍ അവരുടെ താത്പര്യത്തില്‍ സ്വന്തമായി പണംമുടക്കി സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നുണ്ട്. എന്നാല്‍, അതില്‍ നിന്നു മാറി കേരളത്തില്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് തന്നെ ഇത്തരമൊരു പദ്ധതിക്ക് നേതൃത്വം കൊടുത്തു നടപ്പാക്കി എന്നതാണ് കേരളത്തിന്റെ പ്രത്യേകത. അല്ലാതെ റൂഫ് ടോപ് എന്നത് കേരളത്തിന്റേതായ കണ്ടുപിടിത്തമല്ല.
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിനകത്ത് സൗരോർജ്ജ പദ്ദതിക്കനുയോജ്യമായ ഒഴിഞ്ഞ വലിയ സ്ഥലങ്ങള്‍ കുറവാണ് ഭൂമിയുടെ മൂല്യവും കൂടുതലാണ്. കാസര്‍ക്കോട് ജില്ലയിലും കണ്ണൂരിന്‍രെ കിഴക്കും വടക്കും സോളാര്‍ പാനലിനനുയോജ്യമായ കുറച്ച് സ്ഥലങ്ങളുണ്ടെങ്കിലും വലിയതോതിലുള്ള ഭൂമി ഏറ്റെടുത്ത സോളാര്‍ പാനലുകള്‍ വെക്കാന്‍ പറ്റിയ സ്ഥങ്ങള്‍ കേരളത്തില്‍ വളരെ കൂടുതലില്ല. റൂഫ് ടോപില്‍ പാനല്‍ വെച്ച് വൈദ്യുതി ഉത്പാദിപ്പിക്കുമ്പോള്‍ അതിന്റെ ഉപഭോഗം അവിടെ തന്നെ നടക്കും പകരം സെൻട്രലൈസ്ഡ് ചെയ്ത ഒരു സ്ഥലത്ത് മാത്രം 100- 500 മെഗവാട്ട് ഉത്പാദിപ്പിച്ചാല്‍ അതവിടെ ഉപയോഗിക്കിക്കാനാവില്ല. പകരം ട്രാന്‍സ്മിറ്റ് ചെയ്ത് മറ്റൊരു പ്രദേശത്ത് ഉപയോഗിക്കേണ്ടി വരും. അത് വലിയ ചിലവേറിയതാണ്. അതേസമയം ഓരോരരുത്തരുടെയും വീടിനു മുകളില്‍ ചെറിയ പ്ലാന്റുകള്‍ സ്ഥാപിച്ചാല്‍ വൈദ്യുതി അവിടെ തന്നെ ഉപയോഗിക്കപ്പെടും. അങ്ങനെ ഉപയോഗിക്കപ്പെടുമ്പോള്‍ ലൈനില്‍ കൂടെയെല്ലാം കടന്നു പോകുന്നതിന്റെ ഭാഗമായുള്ള വൈദ്യുതി നഷ്ടം കുറയും. ഈ രണ്ട് കാരണങ്ങള്‍ കൊണ്ടാണ് കേരളത്തില്‍ റൂഫ് ടോപ് പദ്ധതിക്ക് പ്രാധാന്യം നല്‍കിയത്. മറ്റ് പല നാടുകളിലും ആളുകള്‍ സ്വന്തമായി റൂഫ് ടോപ് സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഇടപെലില്‍ നടത്തുന്ന യൂട്ടിലിറ്റി ബേസ്ഡ് ആയുള്ള പദ്ധതിയല്ല അതൊന്നും തന്നെ. എന്നാല്‍ ഊര്‍ജ്ജ കേരള മിഷന്റെ ഭാഗമായി കേരള സര്‍ക്കാര്‍ 2017ല്‍ യൂട്ടിലിറ്റി മുന്‍കൈയ്യില്‍ സൗര പദ്ദതിയുണ്ടാക്കി എന്നതാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്.
ഒരുപാടു വീട്ടുടമകള്‍ പദ്ധതിക്കായി അപേക്ഷ നല്‍കി റജിസ്റ്റര്‍ ചെയ്തിരുന്നു. പകുതിയാളുകളുടെടേത് പോലും പരിഗണിച്ചില്ല. വെയിലില്ലാത്തതാണോ കാരണം. സോളാര്‍ പാനലിന് നേരിട്ടുള്ള സൂര്യവെയിൽ നിര്‍ബന്ധമല്ലെന്നല്ലേ...
സൗര പദ്ധതി ആവിഷ്‌കരിച്ച സമയത്ത് രണ്ടര ലക്ഷത്തോളം വീടുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ മരങ്ങള്‍ ധാരാളമുള്ള പ്രദേശങ്ങളില്‍ നിഴലുണ്ടാവുന്നതിനാല്‍ അവിടെ പാനല്‍ വെക്കുന്നത് ഗുണം ചെയ്യില്ല. വെളിച്ചം നേരിട്ട് പതിക്കുന്നതല്ലാത്ത സ്ഥലങ്ങളില്‍ വെക്കുന്നത് ഉത്പാദന ശേഷി കുറയ്ക്കും. അപേക്ഷിച്ച രണ്ടരലക്ഷത്തിൻരെ പരിശോധന നടത്തിയതില്‍ ഏതാണ്ട് 48000 വീടുകളാണ് 2017ൽ തിരഞ്ഞെടുത്തത്. ഇതില്‍ 38000-40000 വീടുകളില്‍ സോളാര്‍ സ്ഥാപിച്ചു. വീണ്ടും റജിസ്‌ട്രേഷന്‍ വന്നു. അങ്ങനെ എടുത്താല്‍ കേരളത്തില്‍ മൊത്തത്തില്‍ 1.70 ലക്ഷം വീടുകളില്‍ റൂഫ് ടോപ് സോളാര്‍ പാനല്‍ വെച്ചിട്ടുണ്ട്. ഇതെല്ലാം കൂടി 500ലധികം മെഗാവാട്ടിനടുത്ത് ഉത്പാദിപ്പിക്കുന്നുണ്ടാവാണം.
ഇനി വെയിലിലേക്ക് വരുമ്പോൾ, വെയിലല്ല വെളിച്ചമാണ് സൗരോർജ പാനലിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനാവശ്യം. ചൂട് കൂടിയാല്‍ വൈദ്യുതി ഉത്പാദനം കുറയും. ഇന്ത്യയില്‍ ചൂട് കൂടുതലാണ്. അതിനാൽ തന്നെ ഇന്ത്യയേക്കാൾ സ്‌പെയിനിലാണ് സോളാർ പാനൽ വഴിയുള്ള ഊർജോത്പാദനം കൂടുതലായും നടക്കുക.
ഇങ്ങനെ ഉത്പാദിപ്പിക്കുന്ന 500 മെഗാവാട്ടിന് സാമ്പത്തിക മെച്ചം മാത്രമല്ല പാരിസ്ഥിതിക പ്രാധാന്യം കൂടിയുണ്ടാകുമല്ലോ. പ്രത്യേകിച്ച് പരിസ്ഥിതിയെ അധികം പരിക്കേല്‍പിക്കാത്ത ഊര്‍ജോത്പാദന മാര്‍ഗമെന്ന നിലയില്‍. ഈ ഉത്പാദിപ്പിച്ച 500 മെഗാവാട്ടിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെ കുറിച്ച പറയാമോ
ഏറ്റവും പാരിസ്ഥിതിക ആഘാതം കുറഞ്ഞ ഊര്‍ജോത്പാദന രീതിയാണ് സോളാര്‍ എന്ന ധാരണ വേണ്ട. കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് നോക്കിയാണല്ലോ ഒരു പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം നാം അളക്കേണ്ടത്. അങ്ങനെ കാര്‍ബണ്‍ ഫൂട്ട്പ്രിന്റ് കണക്കാക്കുമ്പോള്‍ ജലവൈദ്യുതിയാണ് ഏറ്റവും പാരിസ്ഥിതിക ആഘാതം കുറവുള്ളത്. എന്നാല്‍ കേരളീയരുടെ പൊതുവേയുള്ള ധാരണ ജലവൈദ്യുത പദ്ധതി എന്തോ മോശപ്പെട്ട കാര്യമാണെന്നതാണ്. ആഗോളതലത്തില്‍ ജലവൈദ്യുത പദ്ധതിക്ക് നല്‍കുന്ന പ്രാധാന്യം നാം മനസ്സിലാക്കാതെ പോവുന്നു. ഇക്കഴിഞ്ഞ നാളുകളില്‍ ദുബായില്‍ വെച്ച് നടന്ന കോപ് സമ്മിറ്റില്‍ റിന്യൂവബിള്‍ എനര്‍ജിയില്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ട ഊര്‍ജ സ്രോതസ്സായി കാണുന്നത് ജലവൈദ്യുത പദ്ധതിയാണ്. അല്ലാതെ സോളാറല്ല. സോളാര്‍ വൈദ്യുതിയെ താപനിലയത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുമായി താരതമ്യം ചെയ്യുമ്പോള്‍ പരിസ്ഥിതി സൗഹൃദമാണെന്ന് പറയാം. കല്‍ക്കരി കത്തിച്ചുണ്ടാക്കുന്ന വൈദ്യുതി ഏറ്റവും പരിസ്ഥിതി വിരുദ്ധമായ ആഗോളതാപനത്തിന് തന്നെ ആക്കം കൂട്ടുന്ന ഊര്‍ജോത്പാദന രീതിയാണ്. പക്ഷേ, ജലവൈദ്യുതിയേക്കാള്‍ പരിസ്ഥിതി സൗഹാര്‍ദമാണോ സോളാര്‍ എന്ന് ചോദിച്ചാല്‍ പൂര്‍ണമായും അല്ല എന്ന് പറയേണ്ടി വരും.
ജലവൈദ്യുത പദ്ധതി വരുമ്പോൾ ഒരു നദിയുടെ സ്വാഭാവികമായ നീരൊഴുക്കിന് തടയിടുന്നു, അത് ജീവികളുടെ സ്വാഭാവികമായ ആവാസവ്യവസ്ഥയെ ബാധിക്കുന്നു. സോളാറാണെങ്കില്‍ ഇത്തരം പാരിസ്ഥിതിക ഭീഷണികളൊന്നും ഉയര്‍ത്തുന്നുമില്ല. എന്നിട്ടും ജലവൈദ്യുതിയേക്കാള്‍ സോളാറിന് കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് കൂടുന്നതെങ്ങനെയെന്ന് വിശദമാക്കാമോ
ജലവൈദ്യുതി പദ്ധതികള്‍ക്കായി പരിസ്ഥിതിയില്‍ ഇടപെടല്‍ നടത്തണം എന്നതില്‍ സംശയമൊന്നുമില്ല. സ്വാഭാവിക നീരൊഴിക്കില്‍ മാറ്റം വരുത്തുകയും വേണം. എന്നാല്‍ അത്തരത്തിലുള്ള നിരവധി ഇടപെടലുകളുടെ ഭാഗമായാണ് മനുഷ്യസമൂഹം ഈ നിലയില്‍ എത്തിയത്. സോളാര്‍ പാനല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരുപാട് പാരിസ്ഥിതിക ആഘാതങ്ങള്‍ ഉണ്ടാവുന്നുണ്ട്. സോളാര്‍ പാനലുകളിലെ പ്രധാന ഘടകമായ സിലിക്കണ്‍ വേര്‍തിരിച്ചെടുക്കുന്നത് ക്വാര്‍ട്ട്‌സൈറ്റ്, മൈക്ക, തുടങ്ങി വിവിധ പദാര്‍ത്ഥങ്ങളില്‍ നിന്നാണ്. മണല്‍, ചരല്‍, കളിമണ്ണ്, ഗ്രാനൈറ്റ് തുടങ്ങിയവയിലെല്ലാം സിലിക്കണ്‍ ഉണ്ട്. എന്നാല്‍ പാനല്‍ നിര്‍മ്മാണത്തിന് ഉതകുന്ന നിലയിലുള്ള സിലിക്കണ്‍ വേര്‍തിരിച്ചെടുക്കാന്‍ വലിയ തോതിലുള്ള ഖനനപ്രവര്‍ത്തനങ്ങള്‍ വേണ്ടി വരും. ആയിരം ടണ്ണോളം മണല്‍ അരിച്ചെടുത്താലാണ് ഒന്നോ രണ്ടോ വാട്ട് പാനലിനുള്ള ശുദ്ധിയുള്ള സിലിക്കണ്‍ കിട്ടുക. മാത്രവുമല്ല ഇവയുടെയെല്ലാം നിര്‍മ്മാണത്തിന് വലിയ തോതില്‍ ഊര്‍ജ്ജവും ചെലവഴിക്കേണ്ടി വരുന്നുണ്ട്. സാധാരണ സോളാര്‍ പാനലിന്റെ ഉപയോഗ കാലാവധി 25 വര്‍ഷത്തോളമാണ്. അതിന് ശേഷം ഇത് സംസ്‌കരിക്കുന്നതും പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ആകെ ലൈഫ് ടൈമില്‍ ഉണ്ടാകുന്ന പരിസ്ഥിതി ഇടപെടലുകളുടെ ആകെത്തുക കണ്ടെത്തിയാണ് ഒരു യൂണിറ്റ് വൈദ്യുതി ഉണ്ടാക്കാനുള്ള കാര്‍ബണ്‍ പാദമുദ്ര(കാർബൺ ഫൂട്ട്പ്രിന്റ്) കാണുന്നത്. അതാണ് ശരാശരി 48 ഗ്രാം എന്ന് കണ്ടിട്ടുള്ളത്. ഇതേ നിലയില്‍ ജലവൈദ്യുതി നിലയത്തിന് വേണ്ടി നടത്തുന്ന പരിസ്ഥിതി ഇടപെടലുകളൊക്കെ കണക്കിലെടുത്ത് ശരാശരി പാദമുദ്ര കാണുമ്പോള്‍ അത് 4 ഗ്രാമേ വരുന്നുള്ളൂ.അതേസമയം ഒരു കാര്യം നാം ഊന്നി പറയേണ്ടതുണ്ട്. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന നിലയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സോളാര്‍ നിലയങ്ങള്‍ ഏറെ പരിസ്ഥിതി സൗഹൃദമാണ്.
താപനിലയവുമായി തട്ടിച്ചു നോക്കുമ്പോൾ മെച്ചപ്പെട്ട പരിസ്ഥിതി സൗഹാർദ ഊർജോത്പാദന പദ്ധതികളാണല്ലോ കാറ്റാടിയും സൗരോർജവും. ഇവ രണ്ടിലും ഏതാണ് കാര്യക്ഷമം. കാറ്റ് എല്ലായിടത്തുമില്ലല്ലോ. അങ്ങനെ നോക്കുമ്പോൾ സൗരോർജമല്ലേ മെച്ചപ്പെട്ടത്.
സോളാറിന് ജഡത്വം വളരെ കുറവാണ്. ഉദാഹരണത്തിന് സോളാര്‍ പാനലിന്റെ മുകളില്‍ കൂടി മേഘം കടന്നുപോയാല്‍ ഉത്പാദനം പെട്ടെന്ന് കുറയും. മേഘം പോയ്ക്കഴിഞ്ഞാല്‍ കൂടുകയും ചെയ്യും . ഉത്പാദനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ വളരെ പെട്ടെന്ന് സംഭവിക്കുന്ന ഒന്നാണ് സോളാര്‍. ഇങ്ങനെ ഉത്പാദനം പെട്ടെന്ന് കുറയുമ്പോള്‍ ഇത് കണക്ട് ചെയ്ത ഗ്രിഡ്ഡില്‍ വ്യതിയാനം പ്രതിഫലിക്കും. ഉത്പാദനം പെട്ടെന്ന് കുറയുമ്പോള്‍ പെട്ടെന്ന് വോല്‍ട്ടേജ് കുറയും കൂടിയാല്‍ പെട്ടെന്ന് വോൾട്ടേജ് കൂടും. ടോട്ടല്‍ ഗ്രിഡ്ഡിലും പവറിലും ഈ ഏറ്റക്കുറച്ചിലുകള്‍ പ്രകടമാകും. ഇത് ഗ്രിഡ്ഡിന്റെ സുരക്ഷയെയും ഇലക്ട്രിക് ഉപകരണങ്ങളെയുമെല്ലാം ബാധിക്കും. സ്ഥിര സ്വഭാവമില്ലാത്ത വൈദ്യുതി എന്നാണിതിനെ പറയുക. അതിനാലാണ് സര്‍ക്കാര്‍ വീടുകളില്‍ സൗരോര്‍ജേതര വൈദ്യുതി നല്‍കിക്കൊണ്ട് തന്നെ സോളാര്‍ പാനല്‍ ഉപയോഗിച്ചുള്ള ഊര്‍ജോത്പാദനം പ്രോത്സാഹിപ്പിക്കുന്നത്. ഗ്രിഡ്ഡില്‍ നിലവിൽ 200- 250 മെഗാവാട്ടെങ്കിലും വൈദ്യുതി ഉണ്ടെങ്കില്‍ മാത്രമേ സോളാറിനെ അതിനകത്തേക്ക് കണക്ട് ചെയ്യാന്‍ പറ്റൂ. നിലവില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച വീടുകളിലെ വൈദ്യുതി ഗ്രിഡ്ഡുമായി ബന്ധിപ്പിച്ചതുകൊണ്ടും ഗ്രിഡ്ഡില്‍ നിലവില്‍ 250 മെഗാവാട്ട് വൈദ്യുതിയുള്ളതു കൊണ്ടും സോളാര്‍ വൈദ്യുതിയുടെ ഏറ്റക്കുറച്ചിലുകള്‍ ഗാര്‍ഹികോപകരണങ്ങളെയോ ഗ്രിഡ്ഡിനെയോ ബാധിക്കില്ല. ഈ രീതിയിലാണ് സര്‍ക്കാര്‍ ഈ പദ്ധതി വിഭാവനം ചെയ്തത്. സ്ഥിര സ്വഭാവമില്ലാത്ത വൈദ്യുതി എന്നാണ് സോളാര്‍ വൈദ്യുതിയെ പറയുക. ഇതിന്റെ ഉത്പാദനം ഒരിക്കലും നമ്മുടെ നിയന്ത്രണത്തിലാവില്ല. പക്ഷി വന്ന് പാനലിലിരുന്നാല്‍ പോലും ഉത്പാദനത്തില്‍ വ്യതിയാനമുണ്ടാവും. അതിനാൽ തന്നെ ലോകവ്യാപകമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽ 14 ശതമാനം മാത്രമേ സോളാർ കപ്പാസിറ്റി ഉള്ളൂ. എപ്പോഴും ഒരുപോലെ സോളാറിന് ഉത്പാദനക്ഷമമാവാൻ പറ്റാത്തതുകൊണ്ടു തന്നെ ലോകവ്യാപകമായി സൗരോർജം വഴിയുള്ള ഉത്പാദനം അഞ്ച് ശതമാനം മാത്രമാണ്.
ഗ്രിഡ്ഡിനുള്ള വൈദ്യുതി, ലഭ്യമായിട്ടുള്ള സ്ഥിര വൈദ്യുതി എന്നിവ കണക്കാക്കി മാത്രമേ നമുക്ക് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കാനാവൂ. ചിലരുടെ ധാരണയെന്താണെന്ന് വെച്ചാല്‍ കേരളത്തിനാവശ്യമായ മുഴുവന്‍ വൈദ്യുതിയും സോളാറില്‍ നിന്ന് ഉണ്ടാക്കാം എന്നാണ്. അങ്ങനെ ഉണ്ടാക്കാന്‍ കഴിയുന്നതല്ല സോളാര്‍. കൃത്യമായ വോള്‍ട്ടേജില്‍ വൈദ്യുതി നല്‍കണമെങ്കില്‍ സ്ഥിര സ്വഭാവമുള്ള വൈദ്യുതി ഉണ്ടാവണം. കാറ്റാടി വഴി ഉത്പാദിപ്പിക്കുന്നതും സ്ഥിര വൈദ്യുതിയല്ല. പക്ഷേ, കറങ്ങുന്ന സാധനമാണല്ലോ കാറ്റാടിയില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. കാറ്റ് കൂടിയാലും കുറഞ്ഞാലും കറക്കം പെട്ടെന്ന് നില്‍ക്കില്ല. ക്രമേണ കൂടുകയും കുറയുകയുമാണ് ചെയ്യുന്നത്. കാരണം സോളാറിനേക്കാല്‍ ജഡത്വമുണ്ടതിന്. അതിനാല്‍ കാറ്റാടി വൈദ്യുതി ഗ്രിഡ്ഡില്‍ ഉണ്ടാക്കുന്ന ഏറ്റക്കുറച്ചിലുകളുടെ അളവും കുറവായിരിക്കും. കാറ്റാടിക്ക് കുറച്ചു കൂടി സിസ്റ്റം സ്‌റ്റേബിളായിയി നിർത്താൻ സാധിക്കും. സോളാറിനതു കഴിയില്ല
ലോകത്തെല്ലായിടത്തും സോളാറിനൊപ്പം മറ്റേതെങ്കിലും വൈദ്യുതോര്‍ജം ഉപയോഗിക്കുന്ന ഇതേ സ്ട്രാറ്റജി തന്നെയാണോ പിന്തുടരുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യം ജര്‍മനിയാണ്. അവരുടെ ആകെ വൈദ്യുതി ആവശ്യത്തിന്റെ 23 ശതമാനം മാത്രമേ സോളാറില്‍ നിന്ന് ഉത്പാദിപ്പിക്കുന്നുള്ളൂ. ആകെ വേണ്ട വൈദ്യുതി സോളാറില്‍ നിന്നുണ്ടാക്കിയെടുക്കാം എന്നത് പ്രായോഗികമല്ല. ലഭ്യമാകുന്ന വൈദ്യുതി സോളാറില്‍ നിന്നുണ്ടാക്കുക മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി ജലവൈദ്യുതിയോ താപവൈദ്യുതിയോ ഉപയോഗിക്കുക എന്ന സ്ട്രാറ്റജിയാണ് ലോകത്തെല്ലായിടത്തും നടക്കുന്നത്. പ്രത്യേകിച്ച് യൂറോപ്പില്‍ വീടുകളുടെ റൂഫ് ടോപ് ഉപയോഗിച്ചു. ഇത് പോലെതന്നെയാണ് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
പുരപ്പുറ സൗരോർജ പദ്ധതിയുടെ വൈദ്യുതി ഉത്പാദനരീതിയും പ്രക്രിയയും വിശദീകരിക്കാമോ.
വൈദ്യുതി ബോര്‍ഡിന്‍റെ സൈറ്റില്‍ സോളാര്‍ പാനല്‍ വെക്കണമെന്ന് അപേക്ഷിച്ചു കഴിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ വന്ന് വീടിന്റെ മേല്‍ക്കൂര വന്ന് പരിശോധിക്കും. അനുയോജ്യമായ സ്ഥലമാണെങ്കില്‍ മൂന്നു നാല് കമ്പനികളെ ടെന്‍ഡർ വിളിച്ച് ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരിലാരെയെങ്കിലും ഏല്‍പിച്ച് അവര്‍ വന്ന് സോളാര്‍ പാനല്‍ സ്ഥാപിച്ച് നെറ്റ്വർക്കുമായി ഇന്റഗ്രേറ്റ് ചെയ്ത് കൊടുക്കുകയാണ് ചെയ്യുന്നത്. സോളാര്‍ വഴി ഉത്പാദിപ്പിച്ച് വീട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന വൈദ്യുതിയും ഗ്രിഡ്ഡില്‍ നിന്ന് വീട്ടിലേക്കൊഴുകുന്ന സോളാറേതര വൈദ്യുതിയും അളക്കാനുള്ള മീറ്ററും ഘടിപ്പിക്കും. കണക്ട് ചെയ്യല്‍ കെഎസ്ഇബിയാണ് ചെയ്യുന്നത് സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന പ്രക്രിയ അതിനു ചുമതലപ്പെടുത്തിയ കമ്പനികളും ചെയ്യുന്നു. പിന്നീട് പ്രതിമാസ രീതിയില്‍ എത്ര ഉത്പാദിപ്പിക്കുന്നു, ഉപയോഗിക്കുന്നു എന്ന് നോക്കിയാണ് ബില്‍. ആകെ ഗ്രിഡ്ഡില്‍ നിന്ന് ഉപയോഗിച്ച വൈദ്യുതിയാണ് കൂടുതലെങ്കില്‍ അതില്‍ നിന്ന്, സോളാറില്‍ നിന്ന് ഉത്പാദിപ്പിച്ച വൈദ്യുതി കിഴിച്ചാണ് ബില്‍ ഇടുന്നത്. ഗ്രിഡ്ഡില്‍ നിന്ന ഉപയോഗിച്ചതിനേക്കാള്‍ കൂടുതല്‍ ഉത്പാദിപ്പിച്ചിട്ടുണ്ടെങ്കില്‍ കാശ് വീട്ടുടമയ്ക്ക് അക്കൗണ്ടിലേക്ക് തരും. ഉപഭോഗം കുറഞ്ഞ് ഉത്പാദനം കൂടുമ്പോള്‍ ഉടമയ്ക്ക് വാര്‍ഷികമായാണ് വരുമാനം നല്‍കുക. മിക്കവാറും സെപ്റ്റംബറിലോ ഒക്ടോബറിലാവും അത്.
ഒരു കിലോവാട്ട് പാനലുകൊണ്ട് ശരാശരി നാല് യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാനാവുക. ഒരാള്‍ ഒരുമാസം 180 യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കുന്നതെന്ന് വെക്കുക. ആറ് യൂണിറ്റ് പ്രതിദിനം വേണ്ടിവരും. അപ്പോള്‍ ഒന്നര കിലോവാട്ടിന്റെ പാനല്‍ വെച്ചാല്‍ അവര്‍ക്ക് ആവശ്യമുള്ള വൈദ്യുതി ഉത്പാദിപ്പിക്കാനാവും. ഉപയോഗത്തിന് അനുസരിച്ചാവും പാനല്‍ വെക്കുക. ഒരു കിലോവാട്ട് പാനലിന് കെഎസ്ഇബി ടെന്‍ഡര്‍ വിളിച്ച കാശ് 60,000 രൂപയാണ്. അതില്‍ 40 ശതമാനം സബ്‌സിഡി കിട്ടും. 36000 രൂപയേ ഉടമയ്ക്ക് ചെലവാകൂ. പ്രതിമാസം 300 യൂണിറ്റ് ഉപയോഗിക്കുന്നയാള്‍ക്ക് ഒരു ദിവസം എട്ട് യൂണിറ്റ് വെച്ച് ഉണ്ടാക്കണമെങ്കല്‍ രണ്ട് കിലോവാട്ട് പാനല്‍ വേണ്ടിവരും. രണ്ട് പാനലിന് 70,000 രൂപ ചെലവാക്കിയാലും നാല് വര്‍ഷം കൊണ്ട് ചെലവാക്കിയ കാശ് കിട്ടും. 25 വര്‍ഷം പാനല്‍ നിലനില്‍ക്കും. ഒരു കൊല്ലം കൊണ്ടു തന്നെ 11000 രൂപ ലാഭം കിട്ടും.
സാമ്പത്തിക മെച്ചത്തിനപ്പുറം സോളാറില്‍ നിന്നുള്ള വൈദ്യുതി ഉപയോഗം വരുമ്പോള്‍ ഗ്രിഡ്ഡിലെ ലോഡ് കുറയുകയും അത് ഊര്‍ജ ലാഭത്തിലേക്കെത്തിക്കുകയും ചെയ്യില്ലേ. പാരിസ്ഥിതികമായും അത് ഗുണമുള്ള കാര്യമല്ലേ.
ഈ വാദത്തില്‍ ഒരു പ്രശ്നമുണ്ട്. ലോഡ് കൂടുന്നത് വൈകുന്നേരം 6 മണിമുതല്‍ 10 മണി വരെയുള്ള സമയത്താണ്. പകല്‍ സോളാര്‍ വഴി ഇത്ര വൈദ്യുതി ഉത്പാദിപ്പിച്ചു തന്ന സ്ഥിതിക്ക് രാത്രി അതിനു പകരമായുള്ള വൈദ്യുതി എടുക്കാമല്ലോ എന്ന മനോഭാവമായിരിക്കും വീട്ടുകാര്‍ക്ക്. എന്നാല്‍, പകല്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പകല്‍ ഉപയോഗിക്കുന്നതും രാത്രി ഉപയോഗിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. ദേശീയ മാര്‍ക്കറ്റില്‍ വൈദ്യുതിയുടെ വില വൈകുന്നേരം ഒരു യൂണിറ്റിന് 10 മുതല്‍ 18 രൂപവരെ വരും. ഈ 18 രൂപയുടെ വൈദ്യുതി വാങ്ങിയാണ് ഇയാള്‍ക്ക് നല്‍കുന്നത്. പകല്‍ സമയങ്ങളില്‍ ദേശീയ മാര്‍ക്കറ്റില്‍ രണ്ട് രൂപയ്ക്കും മൂന്ന് രൂപയ്ക്കും വൈദ്യുതി കിട്ടാനുണ്ട്. മൂന്ന് രൂപ വിലയുള്ള സമയങ്ങളില്‍ ഇയാള്‍ വൈദ്യുതി ഉത്പാദിപ്പിച്ച് തരുന്നു എന്നിട്ട് മാര്‍ക്കറ്റില്‍ 18 രൂപ വിലയുള്ള സമയത്ത് ആ തുകയ്ക്കുള്ള വൈദ്യുതി എടുക്കുകയും ചെയ്യുന്നു. പകല്‍ സമയം ധാരാളം ഉത്പാദിപ്പിച്ച് തരികയും വൈകുന്നേരം ഗ്രിഡ്ഡില്‍ നിന്ന് വേണ്ടുവോളം തോന്നിയ പോലെ ഉപയോഗിക്കുകയും ചെയ്യാം എന്ന രീതിയിലാണ് ആളുകള്‍ ഇതിനെ കാണുന്നതെങ്കില്‍ നഷ്ടമാവും. പകരം പകല്‍ സമയത്തെ ഉപഭോഗം സോളാറിലാക്കുകയും വൈകുന്നേരങ്ങളിലെ ഉപഭോഗം പരമാവധി കുറയ്ക്കുകയും ചെയ്യുന്ന നിലയില്‍ ആളുകള്‍ ഇതിനെ കണ്ടാല്‍ ഇത് വലിയ ഉപകാരപ്രദമാവും.
ലോകത്ത് സോളാറിന്‍റെ ബില്ലിങ് നമ്മള്‍ നേരത്തെ പറഞ്ഞപോലെയല്ല ചെയ്യുന്നത്. ഉപഭോക്താവ് വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ആ സമയത്ത് മാര്‍ക്കറ്റിലെന്താണോ റേറ്റ് ആ റേറ്റില്‍ ബില്‍ ചെയ്യും. അവർ ഉത്ദിപ്പിക്കുന്ന സമയത്ത് എന്താണോ റേറ്റ് ആ തുക ഉടമയുടെ അടുത്ത് നിന്ന് വാങ്ങും. എത്ര തന്നു, തിരിച്ചു കൊടുത്തു എന്ന് നോക്കി ബാക്കി വരുന്നത് ബില്‍ ചെയ്യുന്ന രീതിയില്ല യൂറോപ്യന്‍ രാജ്യങ്ങളില്‍. ആ നിലയ്ക്ക് നോക്കുമ്പോള്‍ ഇവിടുത്തെ പദ്ധതി കുറച്ചുകൂടി ജനക്ഷേമപരമാണ്. പക്ഷേ, ആളുകള്‍ ഉത്തരവാദിത്വബോധത്തോടെ ഉപയോഗിച്ചാലേ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഗുണം അതുകൊണ്ടുണ്ടാവൂ.
എന്തുകൊണ്ടാണ് ദേശീയ തലത്തില്‍ രാത്രിയും വൈകുന്നേരവും വെവ്വേറെ തുകയീടാക്കാനുള്ള കാരണം. നമ്മൾ ഉപയോഗിക്കുന്നതിന്റെ എത്ര ശതമാനമാണ് കേന്ദ്രത്തില്‍ നിന്ന് വാങ്ങുന്നത് എത്രയാണ് നമ്മൾ ഉത്പാദിപ്പിക്കുന്നത്.
28 ശതമനം മാത്രമാണ് കേരളത്തില്‍ ഉത്പാദിപ്പിപ്പിക്കുന്നത്. ബാക്കി 72 ശതമാനവും വാങ്ങുന്നതാണ്. ഇതില്‍ തന്നെ കരാര്‍ വെച്ചു കിട്ടുന്ന വൈദ്യുതി കൂടിയുണ്ട്. ജനറേറ്റിങ് സ്റ്റേഷനുമായി കരാര്‍ വെക്കുന്നു. ആ കരാര്‍ റൗണ്ട് ദി ക്ലോക്കാണ്. യൂണിറ്റിനനുസരിച്ചാണ് വില. ഇതു കൂടാതെ ഷോര്‍ട്ട് ടേം മാര്‍ക്കറ്റില്‍ നിന്നും വൈദ്യുതി വാങ്ങുന്നു. ഇന്നത്തെ ആവശ്യത്തിന് ഇന്നലെ വാങ്ങുന്നു. അത്തരം മാര്‍ക്കറ്റിലെ വില 96 സ്ലോട്ടുകളിലായിട്ടാണ് വാങ്ങുന്നത്. രാത്രി 12 മുതല്‍ 12. 15 വരെ 12.15 മുതല്‍ 12.30 വരെ എന്നിങ്ങനെ ഓരോ 15 മിനിറ്റ് ബ്ലോക്കിലാണ് വൈദ്യുതിയുടെ വില തീരുമാനിക്കുന്നത്. 12 മുതല്‍ 12.30 വരെ രണ്ട് രൂപ നിശ്ചയിച്ചാണ് വാങ്ങുന്നത്. ഡിമാന്റിനനുസരിച്ചാണ് വാങ്ങുക. ആളുകള്‍ക്ക് ആവശ്യം കൂടുതലുള്ളപ്പോള്‍ വൈദ്യുതി വാങ്ങുന്നു. ആവശ്യം കുറവുള്ളപ്പോള്‍ വില കുറയുന്നു അതാണ് മാര്‍ക്കറ്റിന്റെ സ്വഭാവം. ഈ രണ്ട് ലാഭനഷ്ടത്തിനിടയിലെ ശരാശരി വെച്ചാണ് ഉപഭോക്താവിന്റെ കയ്യില്‍ നിന്ന തുക ഈടാക്കുന്നത്.
നെടുമ്പാശ്ശരി വിമാനത്താവളം പൂര്‍ണമായും സോളാറിലാണ് പ്രവർത്തിക്കുന്നതാണെന്നാണല്ലോ പൊതുവെ പറയുന്നത്. പകൽ സമയങ്ങളിൽ ഉത്പാദിപ്പിച്ച് രാത്രി ഗ്രിഡ്ഡില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിക്കുന്ന രീതിയാണോ അവർക്കും. അല്ലെങ്കിൽ രാവിലെ സോളാറില്‍ ഉത്പാദിപ്പിക്കുന്നത് വൈകുന്നേരം ഉപയോഗിക്കാനുള്ള സ്‌റ്റോറേജ് സംവിധാനം അവര്‍ക്കുണ്ടോ.
അവര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത് പകലാണ്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി അപ്പപ്പോൾ തന്നെ ഉപയോഗിക്കാനേ പറ്റൂ. സ്റ്റോറേജ് സംവിധാനം അവര്‍ക്കില്ല. അതിനാൽ വൈദ്യുതോര്‍ജത്തിന്റെ കാര്യത്തില്‍ അവര്‍ പൂര്‍ണമായും സ്വയംപര്യാപ്തരെന്ന് പറയാനാവില്ല. ജനങ്ങളുടെ തുകയും അതിലുണ്ട്. അറ്റ് ദി ബര്‍ഡന്‍ കോസ്റ്റ് ഓഫ് പബ്ലിക്കാണ് ഈ നേട്ടം. വൈദ്യുതി നെറ്റ്വർക്കിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ഉത്പാദനവും ഉപഭോഗവും ഒരേ സമയമായിരിക്കും നടക്കുക. ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സമയത്ത് തന്നെ ഉപയോഗിക്കുക എന്നതാണ് രീതി. പക്ഷേ, പകല്‍ സമയങ്ങളിലെ അവരുടെ ഉപയോഗം മുഴുവനും സോളാറില്‍ നിന്നായതുകൊണ്ടു തന്നെ അത് പാരിസ്ഥിതികമായും സാമ്പത്തികമായും വൈദ്യുതി ഉപഭോഗത്തിന്റെ കാര്യത്തിലായാലും വളരെ മാതൃകാപരമായ പ്രവൃത്തി തന്നെയാണ്.

സോളാറിനേക്കാള്‍ പരിസ്ഥിതി സൗഹാര്‍ദം ജലവൈദ്യുത പദ്ധതിയാണെന്ന് നേരത്തെ പറഞ്ഞല്ലോ. വലിയ പദ്ധതികള്‍ ഒരു പ്രദേശത്തിന്റെ ആവാസവ്യവസ്ഥയെയാകെ മാറ്റിമറിക്കുമെന്നാണല്ലോ പരിസ്ഥിതി പഠനങ്ങൾ പറയുന്നത്. അതിനാലാണല്ലോ നമ്മള്‍ അതിരപ്പിള്ളി ഉപേക്ഷിച്ചതും. വന്‍കിട പദ്ധതികളിലേക്ക് പോവാതെ ചെറുകിട ജലവൈദ്യുത പദ്ധതികൾ നടപ്പാക്കി ഇത് പരിഹരിച്ചു കൂടെ. വന്‍കിട പദ്ധതി എന്ന ശാഠ്യം എന്തു കൊണ്ടാണ്.
ചെറുകിട ജലവൈദ്യുത പദ്ധതികളില്‍ നിന്ന് മഴക്കാലത്ത് മാത്രമേ വൈദ്യുതി കിട്ടൂ. ദേശീയ മാര്‍ക്കറ്റില്‍ വൈദ്യുതിക്ക് ഏറ്റവും കുറവ് മൂല്യമുള്ള സമയമാണ് മഴക്കാലം. നമുക്ക് ഏറ്റവും കൂടുതല്‍ വൈദ്യുതി ആവശ്യം വരുന്നത് ഫെബ്രുവരി, മാര്‍ച്ച് ഏപ്രില്‍ വേനല്‍ക്കാലത്താണ്. ആ സമയം ഒരു തുള്ളി വൈദ്യുതി ചെറുകിട ജലവൈദ്യുത പദ്ധതി വഴി ലഭിക്കില്ല. ചൈനയിൽ ചെറുകിട ജലവൈദ്യുത പദ്ധതികളും വൻകിട ജലവൈദ്യുത പദ്ധതികളുമുണ്ട്. പ്രാദേശികമായ ഉത്പാദനത്തിൽ മാത്രമാണ് അവർ ചെറുകിട ജല വൈദ്യുത പദ്ധതികളെ ആശ്രയിക്കുന്നത്. ഹിമാലയത്തിന് സമീപമുള്ള ചൈനീസ് പ്രവിശ്യകളിൽ വേനല്‍കാലത്തും അവർക്ക് മഞ്ഞുരുകിയുള്ള വെള്ളം ലഭിക്കും. അതിനാല്‍ വേനൽകാലത്തും അവരുടെ ചെറുകിട പദ്ധതികള്‍ പ്രവർത്തനക്ഷമമാണ്. എന്നിട്ടും ചെറുകിട ജലവൈദ്യുത പദ്ധതികൾക്ക് നിയന്ത്രണങ്ങളോടു കൂടി അനുമതി കൊടുത്താൽ മതിയെന്ന തീരുമാനത്തിലാണ് ചൈനയിപ്പോൾ. ഉത്പാദനക്ഷമത പരിഗണിച്ചാണിത്.

കേരളത്തിന്റെ വൈദ്യുത പ്രശ്‌നത്തിന് ആതിരപ്പിള്ളി പദ്ധതിയായിരുന്നു പരിഹാരം എന്ന കാഴ്ച്ചപ്പാടാണോ താങ്കള്‍ക്ക്.
അങ്ങിനെയില്ല. അതിരപ്പിള്ളി ഒരു ഉദാഹരണമാണ്. പരിസ്ഥിതി സൗഹൃദ പദ്ധതിയായി വിഭാവനം ചെയ്ത വലിയ സ്റ്റോറേജ് ഇല്ലാത്ത ഒരു പദ്ധതിയാണത്. യഥാർഥത്തില്‍ അതും ഒരു റണ്‍ ഓഫ് ദി റിവര്‍ പദ്ധതിയാണ്. എന്നാല്‍ ഷോളയാര്‍, പെരിങ്ങല്‍ക്കൂത്ത് പദ്ധതികളുടെ തുടര്‍ച്ചയാണത്. അതിനാല്‍ തന്നെ ഈ പദ്ധതികളില്‍ നിന്ന് വേനല്‍ക്കാലത്ത് വൈദ്യുതി ഉത്പാദനം നടന്ന് വരുന്ന വെള്ളം വീണ്ടും ഉപയോഗപ്പെടുത്തി വൈദ്യുതി ഉണ്ടാക്കാന്‍ കഴിയുന്നു എന്നതാണ് അതിന്റെ ഗുണം. ഈ ഉത്പാദനം വേനല്‍കാലത്ത് കിട്ടും. നേരത്തെ ചൂണ്ടിക്കാണിച്ചപോലെ ഷോളയാറില്‍ നിന്നും പെരിങ്ങല്‍ക്കുത്തില്‍ നിന്നും വേനല്‍കാലത്ത് ഉത്പാദിപ്പിച്ച് പുറത്തു വരുന്ന വെള്ളമാണ് അതിരപ്പള്ളി വെള്ളച്ചാട്ടം. അല്ലാതെ ഒരു തുള്ളിവെള്ളം ആ പുഴയില്‍ വേറെ എവിടെ നിന്നും വരുന്നില്ലല്ലോ. അതിരപ്പിള്ളിയില്‍ വേനല്‍കാലത്ത് രാത്രി ഒരു മണിക്ക് ചെന്നാല്‍ വെള്ളച്ചാട്ടം ഉണ്ടാവില്ല. കാരണം 10-11മണിയോടു കൂടി പെരിങ്ങല്‍ക്കൂത്തിലെ വെള്ളച്ചാട്ട ഉത്പാദനം നിര്‍ത്തും. അതു കഴിഞ്ഞാല്‍ വെള്ളച്ചാട്ടമുണ്ടാവില്ല. കെഎസ്ഇബി റണ്‍ ചെയ്യുന്ന കൃത്രിമ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളിയില്‍ വേനല്‍ക്കാലത്ത് നിങ്ങള്‍ കാണുന്നത്. പെരിങ്ങല്‍ക്കൂത്തില്‍ രണ്ട് ദിവസം ഉത്പാദനം നിര്‍ത്തിയാൽ ഈ അതിരപ്പിള്ളി വെള്ളച്ചാട്ടമുണ്ടാവില്ല. അങ്ങനെയുള്ള വെള്ളച്ചാട്ടത്തെ പ്രകൃതി ദത്തവും അനാഘ്രാത കുസുമവും ആക്കിയിരിക്കുകയാണ് നമ്മളൊക്കെ. ആ പദ്ധതി വെള്ളച്ചാട്ടത്തെ ഒരുവിധത്തിലും ബാധിക്കാത്ത തരത്തിലായിരുന്നു. ഓരോ സെക്ടറിലും എന്താണ് സംഭവിക്കുന്നതെന്ന് നമ്മള്‍ പ്രത്യക്ഷത്തില്‍ കാണുന്നപോലെയല്ല. നമ്മുടെ മുന്നില്‍ വളരെ നല്ല മനുഷ്യരായി പ്രത്യക്ഷപ്പെടുന്നവര്‍ നല്ലതാവണമെന്നില്ല അവര്‍ ഹൈലി പോളിഷ്ഡ് ആയിരിക്കും. പകരം പരുഷരായവര്‍ തിരിച്ചുള്ള സ്വഭാവമുള്ളവരുമായിരിക്കും. പദ്ധതികളെ കുറിച്ചുള്ള ധാരണകളിലും ഇത്തരത്തില്‍ ആഴത്തില്‍ മനസ്സിലാക്കിയാല്‍ പല മാറ്റങ്ങളും ഉണ്ടാകും. ആതിരപ്പള്ളി പദ്ധതിയെ വിമര്‍ശിക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ കൂടി മനസ്സിലാക്കിയാല്‍ നന്ന്.

സോളാര്‍ മാത്രം വെക്കുന്നത് പ്രായോഗികമല്ല എന്ന് നേരത്തെ പറഞ്ഞല്ലോ. അങ്ങനെയൊരു ചിന്തയില്‍ നിന്നാണോ സോളാറും കാറ്റാടിയും സംയോജിപ്പിച്ച് സോളാര്‍ വിന്റ് മൈക്രോ ഗ്രിഡ് പദ്ധതി സൈലന്റ് വാലിയിലെ താഴത്തുകുടിയില്‍ നടപ്പിലാക്കിയത്.
സോളാര്‍ ഇല്ലാത്ത സമയത്ത് കാറ്റാടി കിട്ടും. പക്ഷേ, അവിടെ ബാറ്ററി സ്‌റ്റോറേജ് ഉണ്ട്. അതു കൂടി വെച്ചാണ് അവര്‍ക്ക് വൈദ്യുതി നല്‍കുന്നത്. റൂഫ് ടോപ് പദ്ധതി പോലെ ഇലക്ട്രിസിറ്റി ലൈനിലേക്ക് അത് കണക്ട് ചെയ്യുന്നില്ല. ഇവിടെ സോളാര്‍ ഓരോ വീട്ടിലുമല്ല വെക്കുന്നത്. പകരം ഒരു വലിയ സ്ഥലത്ത് ഉത്പാദിപ്പിച്ച് ബാറ്ററിയില്‍ സ്‌റ്റോര്‍ ചെയ്ത് വീടുകളിലേക്ക് നല്‍കുന്ന രീതിയാണിവിടെ. പക്ഷേ, സൈലന്റ് വാലിയിലെ ഒരു യൂണിറ്റ് വൈദ്യുതിക്ക് എത്ര വില വരുമെന്നും അതെത്ര രൂപയ്ക്കാണ് നല്‍കുന്നതെന്നും നിങ്ങള്‍ ചോദിക്കേണ്ട ചോദ്യമാണ്. ഒരു കിലോവാട്ട് വൈദ്യുതി സ്റ്റോർ ചെയ്യുന്ന ബാറ്ററിയുടെ വില 70,000 രൂപയാണ്. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ മാറ്റുകയും വേണം. 36000 രൂപയാണ് സോളാര്‍ പാനലിന്റെ വില. ആയുസ്സ് 25 വര്‍ഷം. 1500 യൂണിറ്റ് വൈദ്യുതി ഒരു കൊല്ലം ഉണ്ടാക്കാൻ ഇത്ര കാശ് ചെലവാക്കുന്നത് സാമ്പത്തികമായി ചിന്തിക്കുമ്പോള്‍ ലാഭകരമല്ല. പാനലും ബാറ്ററിയും വെച്ച് മൂന്ന് കോടി രൂപ ചുരുങ്ങിയത് ചെലവായി. ഇത്രയും ആളുകള്‍ക്ക് താഴെ താഴ്വാരത്ത് ഭൂമിയേറ്റെടുത്ത് വീടെടുത്താല്‍ ഇത്ര ചെലവാവില്ല. പക്ഷേ, നിലവിലെ സാമൂഹികാന്തരീക്ഷത്തില്‍ ജനക്ഷേമപരമായ അവരുടെ താത്പര്യം കൂടി പരിഗണിച്ചുള്ള ചില തീരുമാനങ്ങളെടുക്കുന്നു എന്ന് മാത്രം.
ദേശസ്‌നേഹപരമായും പാരിസ്ഥിതിക സൗഹൃദമായും വൈദ്യുതി ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് വായനക്കാര്‍ക്ക് വേണ്ടി പറയാമോ..
സോളാര്‍ അടക്കമുള്ള ഉത്പാദനം കൂടുന്ന, വൈദ്യുതി ഡിമാന്റ് കുറഞ്ഞു നില്‍ക്കുന്ന സമയമാണ് പകല്‍ എന്നതിനാല്‍ ഏതൊക്കെ ഉപയോഗങ്ങള്‍ പകല്‍ സമയങ്ങളിലേക്ക് മാറ്റാന്‍ പറ്റുമോ അതൊക്കെ പകലിലേക്ക് മാറ്റണം. അത് പരമാവധി സോളാര്‍ വഴി ഉപയോഗിക്കണം. മോട്ടോര്‍ ഉപയോഗം വാഷിങ്മെഷീനുപയോഗം ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗം എന്നതൊക്കെ പകല്‍ സമയത്തേക്ക് മാറ്റാം. എസിയുള്ള വീടുകള്‍ പകല്‍ സമയം തന്നെ എസിയിട്ട് മുറി തണുപ്പിച്ച് വെക്കുക. പകല്‍ സമയത്ത് ചെയ്യാന്‍ പറ്റുന്നതെല്ലാം വൈകുന്നേരത്തിനു മുമ്പ് ചെയ്ത് വൈകുന്നേരങ്ങളില്‍ ഉപയോഗം കുറയ്ക്കുക. സോളാര്‍ ഉപയോഗിക്കുന്നവര്‍ മാത്രമല്ല, എല്ലാവരും ചെയ്യേണ്ട കാര്യങ്ങളാണ് ഇതൊക്കെ .
സോളാര്‍ ഉത്പാദനം വര്‍ദ്ധിക്കുക തന്നെ വേണം. പകല്‍ സമയത്തെ ഉപഭോഗം പരമാവധി സോളാറില്‍ നിന്നാകണം. എന്നാല്‍ സോളാറിനെ വേറൊരു തലത്തില്‍ കാവ്യാത്മകമാക്കിയും ഫാന്റസിയാക്കിയും കാണുന്നത് അപകടമാണ്. പ്രത്യേകിച്ച് മൊത്തം ഉപഭോഗം സോളാറിലൂടെ നടക്കും എന്നത് നടക്കാത്ത ആശയമാണ്. രാവിലെ 9.30/10 മണി മുതല്‍ വൈകുന്നേരം നാലു മണിവരെ മാത്രം കിട്ടുന്നതാണ് സോളാര്‍ വൈദ്യുതി എന്നത് മറന്നുപോകരുത്. ഇനി സ്റ്റോര്‍ ചെയ്ത് രാത്രി ഉപയോഗിക്കാമെന്ന വിചാരിച്ചാല്‍ തന്നെ ബാറ്ററി ഉള്‍പ്പെടെയുള്ള ചിലവ് ഭീമമാണ്. അത് പലപ്പോഴും സാമ്പത്തികമായി നല്ലൊരു തീരുമാനമല്ല. ഗ്രിഡ് സ്‌കെയിലിലെ ബാറ്ററി സ്റ്റോറേജ് ചിലപ്പോള്‍ വേണ്ടി വരും. എന്നാല്‍ വീടുകളില്‍ ബാറ്ററി സ്റ്റോറേജ് സാമ്പത്തികമായി ഗുണകരമായ നിക്ഷേപമാണെന്ന് പറയാനാകില്ല.
ഭാവിയില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം വലിയ തോതില്‍ കുറയും. കുറയണം. എന്നാല്‍ സോളാര്‍, വിന്റ് തുടങ്ങിയ അസ്ഥിര ഊര്‍ജ സ്രോതസ്സുകളോടൊപ്പം സ്ഥിരതയുള്ള സ്രോതസ്സുകളും വേണ്ടി വരും. ജലവൈദ്യുതി ഒരു പ്രധാനപ്പെട്ട ഓപ്ഷനാണ്. പക്ഷേ അത്‌കൊണ്ടുമാത്രം കാര്യങ്ങള്‍ നടക്കില്ല. ഈ അര്‍ത്ഥത്തില്‍ കാണുമ്പോള്‍ സാദ്ധ്യതയുള്ള മറ്റൊരു പ്രധാന ഓപ്ഷനാണ് ആണവ വൈദ്യുതി. ന്യൂക്ലിയര്‍ പരിസ്ഥിതിസൗഹൃദമാണെന്നും അതിലേക്ക് മാറണമെന്നുമുള്ള ചിന്ത ലോകമെമ്പാടും വരുന്നുണ്ട്. അവസാനത്തെ ദുബായ് കോപ് ഉച്ചകോടിയിലും ഇത്തരം ആലോചനകളുണ്ടായിട്ടുണ്ട്. ഇനി മറ്റൊരു കാര്യം, ന്യൂക്ലിയാര്‍ എന്നത് യുറേനിയം മാത്രമല്ല. ഫ്യൂഷന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാല്‍ റേഡിയേഷന്റെ ഭീഷണിയും ഇല്ലാതാകും. ഇത്തരം നിലയങ്ങളില്‍ ഹൈഡ്രജനാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. പക്ഷെ നമുക്ക് ആണവനിലയമെന്നത് ചെര്‍ണോബില്‍ മാത്രമാണ്. ചെര്‍ണോബിലിനെപ്പറ്റി വരുന്ന ഭീകരമായ വിവരണങ്ങളാണ്. എന്നാല്‍ വസ്തുനിഷ്ഠമായി ഇത്തരം കാര്യങ്ങളെ കാണാന്‍ നമുക്ക് ക്‌ഴിയുന്നില്ല. ആണവനിലയങ്ങളില്‍ അപകടം ഉണ്ടാകാം. എന്നാല്‍ അതിലെ സുരക്ഷാക്രമീകരണങ്ങളിലും അതനുസരിച്ചുള്ള മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അത് നമ്മള്‍ കാണുന്നില്ല.
അപ്പോള്‍ പറഞ്ഞു വരുന്നത് ആണവ നിലയങ്ങളിലേക്ക് പോകണമെന്നാണോ?...
ചിന്തകളില്‍ ഒരു മാറ്റം അനിവാര്യമാണ്. ആണവ അപകടങ്ങളെ കുറിച്ചുള്ള പെരുപ്പിച്ച വിവരണങ്ങളാണ് നമ്മളെ ഭയചകിതമാക്കുന്നത്. യഥാര്‍ത്ഥത്തില്‍ ആണവനിലയങ്ങള്‍ക്ക് കാര്‍ബണ്‍ ഡൈ ഒക്‌സേഡ് പുറന്തള്ളല്‍ അടക്കമുള്ള പാരസ്ഥിതിക പ്രശ്നങ്ങളില്ല. വായു മലിനീകരണമോ ജലമലിനീകരണമോ ഉണ്ടാക്കുന്നില്ല. റേഡിയഷന്‍ പൂര്‍ണമായും ഷീല്‍ഡഡാണ്. നാട്ടിലെ ബാക്ക് ഗ്രൗണ്ട് റേഡിയേഷനേക്കാള്‍ എത്രയോ താഴെയാണ് കൂടം കുളത്തെ അണുവികിരണം. ആണവ അപകടങ്ങളുടെ ലിസ്റ്റെടുത്താല്‍ തന്നെ മറ്റുള്ളവയുമായി താരതമ്യേന എണ്ണം കുറവാണ്. ലോകത്തിലെ കല്‍ക്കരി നിലയങ്ങളിലെ തീപിടിത്തവും ഈയടുത്ത് സിക്കിമിലുണ്ടായ ഡാമപകടം തുടങ്ങി നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന പലതരം അപകടങ്ങള്‍ വൈദ്യുതി മേഖലയില്‍ സാധാരണമാണ്. എന്നാല്‍ അത്തരത്തില്‍ ആണവ അപകടങ്ങള്‍ ഉണ്ടാകുന്നില്ല. ആണവനിലയങ്ങളിലേത് ക്ലീന്‍ എനര്‍ജിയാണ്. പക്ഷെ റിന്യൂവബിള്‍ എനര്‍ജിയല്ല. യുറേനിയം ഉപയോഗിക്കുമ്പോള്‍ തീര്‍ന്ന പോകുന്നതുകൊണ്ടാണത്. പക്ഷെ ഉണ്ടായ അപകടങ്ങളുടെ തീവ്രത പരിഗണിക്കുമ്പോഴാണ് ഇത് എതിര്‍ക്കപ്പെടുന്നത്.
കേരളത്തില്‍ നല്ലതോതില്‍ ലഭ്യമായ ഒരു ലോഹമാണ് തോറിയം. തോറിയം ഇന്ധനമായുപയോഗിക്കുന്ന ആണവ സാങ്കേതികവിദ്യ, ഫാസ്റ്റ് ബ്രീഡര്‍ സാങ്കേതിക വിദ്യ, കേരളത്തിന് വലിയൊരു സാദ്ധ്യത തുറന്നു വെക്കുന്നുണ്ട്. ഭാവി ഊര്‍ജ്ജ സ്രോതസ്സ് എന്ന നിലയില്‍ ഇതിനെ നോക്കിക്കാണാനും ആ രംഗത്ത് ഗവേഷണങ്ങള്‍ കേന്ദ്രീകരിക്കാനും ശ്രദ്ധയുണ്ടാകേണ്ടതുണ്ട്.
Content Highlights: hydro projects environmental friendly, Solar,KG suresh kumar,roof top solar,wind,nuclear,interview
Published: 06 Jan 2024, 10:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented