
വാര്‍ത്തകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും മാത്രം കണ്ടുപരിചയമുള്ള കടലിലെ അത്ഭുതമാണ് മനുഷ്യരെ സംബന്ധിച്ച് തിമിംഗിലങ്ങള്‍. പലപ്പോഴും ഇവയെ മത്സ്യമായി തെറ്റിദ്ധരിച്ച് മനസ്സിലേറ്റുന്നവരുണ്ടെങ്കിലും കുഞ്ഞുങ്ങളെ പാലൂട്ടുന്ന കടൽ സസ്തനിയാണ് തിമിംഗിലങ്ങള്‍. മറ്റ് ജീവികളെപ്പോലെ മൃഗശാലയിലും മറ്റും പോയി മനുഷ്യനെളുപ്പം കണ്ണെത്തിപ്പിടിക്കാൻ കഴിയുന്നവയല്ല ഇവ. തീരത്തടിയുമ്പോഴാണ് പലപ്പോഴും തിമിംഗിലങ്ങളുടെ രൂപം മനുഷ്യർ അടുത്തറിയുന്നത്. രണ്ട് മാസം മുമ്പാണ് ഓസ്‌ട്രേലിയയില്‍ നൂറുകണക്കിന് തിമിംഗിലങ്ങള്‍ കരയ്ക്കടിഞ്ഞതും അതില്‍ 50 എണ്ണം ചത്തതും. ശ്രീലങ്കയില്‍ 14 എണ്ണമാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ കരയ്ക്കടിഞ്ഞത്. പ്രതിവര്‍ഷം ലോകത്തെമ്പാടുമായി രണ്ടായിരത്തോളം കടല്‍സസ്തനികള്‍ ഇത്തരത്തില്‍ കരയ്ക്കടിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവയില്‍ ഭൂരിഭാഗത്തിനും അതിജീവന സാധ്യതയും കുറവാണ്. തിമിംഗിലങ്ങളിലെ തന്നെ ഏറ്റവും ഭീമനായ നീലത്തിമിംഗിലം കഴിഞ്ഞയാഴ്ചയാണ് കോഴിക്കോട്ടു കരയ്ക്കടിഞ്ഞത്. കേരള തീരങ്ങളിൽ അടുത്തകാലത്തായി തിമിംഗിലങ്ങള്‍ കരയ്ക്കടിയുന്ന വാര്‍ത്തകള്‍ അത്ര അസാധാരണ കാര്യമല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു.
കൂട്ടമായിട്ടല്ലെങ്കിലും മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലും കടല്‍സസ്തനികളുടെ കരയ്ക്കടിയല്‍ നിരക്ക് കൂടിയിട്ടുണ്ട്. പ്രതിവര്‍ഷം 11 എണ്ണം കരയ്ക്കടിഞ്ഞിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 27 എണ്ണമായി കൂടിയിട്ടുണ്ടെന്ന് പറയുന്നു കേരള സര്‍വ്വകലാശാല അക്വാട്ടിക് ബയോളജി വിഭാഗം മേധാവി ഡോ. ബിജുകുമാര്‍.
നാല് തരം തിമിംഗിലങ്ങളാണ് കേരള തീരത്തിനടുത്തുള്ള കടലിൽ പൊതുവെ കാണുന്നത്. കില്ലര്‍ വെയില്‍, സ്‌പേം വെയില്‍, നീലത്തിമിംഗിലം, ബ്രൂഡെസ്(braide's) വെയ്ൽ എന്നിവയാണവ. ഏറ്റവും കൂടുതല്‍ തവണ കരയ്ക്കടിഞ്ഞതാവട്ടെ ബ്രൂഡെസ് വെയ്ൽന്റെ ജഡവും. കടല്‍സസ്തനികള്‍ ചാകുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. പ്രായാധിക്യം മൂലവും രോഗം വന്നും ചാവുന്നവ ഉണ്ട്. എന്നാല്‍, കേരളത്തിലെ കടല്‍സസ്തനികളുടെ കരയ്ക്കടിയല്‍ മണ്‍സൂണ്‍ കാലത്ത് കൂടുതലായി കാണുന്നുവെന്നാണ് ഡോ. ബിജുകുമാര്‍ പറയുന്നത്. മഴക്കാലത്ത് കടല്‍ പ്രക്ഷുഭ്തമാവുമ്പോള്‍ ഇവ ദിശയറിയാന്‍ കഴിയാതെ കുഴങ്ങുകയും കപ്പലിന്റെ പ്രൊപ്പല്ലറില്‍ തട്ടി ചത്തുപോവുകയും ചെയ്യുന്ന സംഭവങ്ങളേറെയുണ്ടെന്ന് പറയുന്നു അദ്ദേഹം. കപ്പല്‍ തട്ടിയുള്ള നാല് കരയ്ക്കടിയലുകള്‍ കേരള തീരത്ത് ഈ മണ്‍സൂണ്‍ കാലത്ത് മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നത് ഈ വാദത്തിനുള്ള ദൃഷ്ടാന്തമാണ്. "മഴക്കാലത്ത് കടല്‍ പ്രക്ഷുഭ്തമാവുമ്പാള്‍ തിമിംഗിലങ്ങള്‍ക്ക് എക്കോലൊക്കേഷന്‍ ചെയ്യാന്‍ കഴിയാതെ വരും. അങ്ങനെ കപ്പലിന്റെ പ്രൊപ്പല്ലറില്‍ ചെന്നിടിക്കും. ഇത്തരത്തില്‍ അടുത്ത ദിവസം വര്‍ക്കലയില്‍ അടിഞ്ഞതിന് ബ്ലേഡ് വെച്ച് വെട്ടിയ പോലെയുള്ള മുറിപ്പാടുണ്ട്." ബിജുകുമാര്‍ മാതൃഭൂമിയോട് പറഞ്ഞു

ജീനുള്ളതിന് മാത്രമല്ല ചത്തതിനു മുണ്ട് ചില ധർമ്മങ്ങൾ
കടലിനെ പോഷകസമ്പുഷ്ടമാക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്ന ജീവികളാണ് തിമിംഗിലങ്ങള്‍. അതിനാല്‍ തന്നെ ഇവയുടെ കരയ്ക്കടിയലിലെ വര്‍ധനവിനെ കടലിന്റെ ആരോഗ്യം ക്ഷയിപ്പിക്കുന്ന ഗൗരവതരമായ പ്രശ്‌നമായി കൂടി നാം കാണേണ്ടതുണ്ട്. വലിയ ഭാരമുള്ള തിമിംഗിലങ്ങള്‍ ഓരോ തവണയും പൊങ്ങുകയും താഴുകയും ചെയ്യുമ്പോൾ അത്രയധികം പോഷകങ്ങളാണ് കടലില്‍ കലരുന്നത്. ഇത്തരം പോഷകങ്ങള്‍ കടലിന്നടിയില്‍നിന്നു മുകളിലേക്കും മുകളില്‍നിന്ന് താഴേക്കെത്തിക്കുന്നതിലും തിമിംഗിലങ്ങളുടെ പങ്ക് വലുതാണ്. ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല, ചത്ത് കഴിഞ്ഞാലും സമുദ്ര ആവാസവ്യവസ്ഥയ്ക്ക് ഇവ നല്‍കുന്ന സഹായം ചില്ലറയല്ല. തിമിംഗിലങ്ങളുടെ ശവശരീരത്തെ ആശ്രയിച്ചു ജീവിക്കുന്ന അസംഖ്യം ജീവിവര്‍ഗ്ഗങ്ങള്‍ ചേര്‍ന്ന് ഒരു വലിയ എക്കോ സിസ്റ്റവും രൂപപ്പെടും.
"തിമിംഗിലകള്‍ ചത്തു കടലില്‍ താഴുമ്പോള്‍ സംജാതമാവുന്ന ജൈവവൈവിധ്യത്തെ വെയില്‍ ഫാള്‍ എന്നാണ് പറയുന്നത്. (മൂവായിരം അടി താഴ്ചയില്‍ കടലിലെ അടിത്തട്ടില്‍ തിമിംഗില ജഡം എത്തുമ്പോള്‍ രൂപപ്പെടുന്ന എക്കോ സിസ്റ്റമാണത്. വര്‍ഷങ്ങളോളമാണ് അടിത്തട്ടിലെ ജീവികള്‍ക്ക് ഈ ജഡം പോഷകങ്ങളെത്തിക്കുന്നത്) . തിമിംഗിലങ്ങള്‍ വലുപ്പമേറിയ ഭാരമുള്ള ജീവികളാണ്. 50 ടണ്‍ ഭാരമുള്ള ജഡം അടിത്തട്ടിലെത്തുമ്പോള്‍ പോഷകങ്ങളുടെ ചാക്രികത ആണ് അവിടെ നടക്കുന്നത്. അത്തരത്തില്‍ കടലിലെ ജീവികള്‍ക്കും സൂക്ഷ്മജീവികള്‍ക്കും ഉപകാരപ്പെടേണ്ട പോഷകങ്ങളാണ് ജഡം കരയില്‍ കുഴിച്ചിടപ്പെടുന്നതിലൂടെ കടലിനു നഷ്ടമാവുന്നത്. ' കുഫോസ് ഓഷ്യന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫാക്കല്‍റ്റി ഡീന്‍ സുരേഷ്‌കുമാര്‍ പറയുന്നു.

രണ്ട് തരം കരയ്ക്കടിയലുകളാണുള്ളത്. കൂട്ടമായ കരയ്ക്കടിയലും ഒറ്റപ്പെട്ട കരയ്ക്കടിയലും. ഏതെങ്കിലും ഒരു തിമിംഗിലം അസുഖമോ അപകടമോ വന്ന് കരയ്ക്കടിയുമ്പോള്‍ അവയുടെ ശബ്ദസന്ദേശം കേട്ട് പിന്നാലെ കൂട്ടമായി വന്നടിയുന്ന സംഭവങ്ങളുമുണ്ടാവാറുണ്ട്. എന്നാല്‍, കേരളത്തില്‍ അടുത്ത കാലത്തുണ്ടായതെല്ലാം ഒറ്റപ്പെട്ട കരയ്ക്കടിയലുകളാണ്.
കെണിയാവുന്ന കടൽതീരങ്ങൾ
തീരദേശ മേഖലയുടെ കിടപ്പ് ചിലപ്പോള്‍ കടല്‍സസ്തനികള്‍ക്ക് കെണിയായി മാറാറുണ്ട്. കൂട്ടമായ കരയ്ക്കടിയല്‍ സംഭവിക്കുന്ന ന്യൂസിലന്‍ഡിലെ ഫെയര്‍വെല്‍ സ്പിറ്റ്, യു.എസ്സിലെ കേപ് കോഡുമെല്ലാം ഇത്തരം കൂട്ടമായ കരയ്ക്കടിയലിന് അനുകൂലമായ ഭൂഘടനയുള്ള പ്രദേശങ്ങളാണ്. എക്കോലൊക്കേഷന്‍ ചെയ്യാനുള്ള തിമിംഗിലങ്ങളുടെ ശേഷി ആഴക്കടലിലാണ് ഫലപ്രദമായി അവയ്ക്ക് വിനിയോഗിക്കാന്‍ കഴിയുന്നത്. എന്നാല്‍, ഫെയര്‍വെല്‍ സ്പിറ്റും കേപ് കോഡുമെല്ലാം ആഴമില്ലാത്ത പ്രദേശങ്ങളാവുന്നതു കൊണ്ടാണ് ഇവിടം ഇവയുടെ സ്ഥിരം കെണിനിലമാകുന്നത്.

മനുഷ്യരുടെ ഇടപെടല്‍
ലോകത്തെ ഏതൊരു ജീവജാലത്തിന്റെയും വംശനാശത്തിനോ കൂട്ടക്കൊലയ്‌ക്കോ പ്രത്യക്ഷമായോ പരോക്ഷമായോ ഏതെങ്കിലും തരത്തിലുള്ള മനുഷ്യ ഇടപെലിന്റെ ആഘാതമുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പൊതുവെ പറയുന്ന കാര്യങ്ങളാണ്. തിമിംഗിലങ്ങള്‍ കരയ്ക്കടിയുന്ന വിഷയത്തിലും ഇത്തരം മനുഷ്യഇടപെടലുകളുടെ സ്വാധീനത്തിനുള്ള കുറെയേറെ ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. വേട്ടയാടല്‍, മലിനീകരണം, കപ്പലിടി, വലയില്‍ കുടുങ്ങല്‍ എന്നിവയില്‍ പ്രത്യക്ഷമായും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കടല്‍ പ്രക്ഷുബ്ദമാവല്‍ എന്നിവയിലെല്ലാം പരോക്ഷമായുമുള്ള മനുഷ്യ ഇടപെടലുകളുണ്ട്. കടലിലെ എണ്ണ ചോര്‍ച്ചയും ഇവയുടെ ആരോഗ്യത്തെ ബാധിക്കാറുണ്ട്..
പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കൂടുന്നത് ഭക്ഷണത്തിലൂടെ വയറ്റിലെത്തുകയും ദഹനപ്രശ്നമുണ്ടാക്കി ചത്തു വീഴുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനവും ന്യൂന മര്‍ദ്ദംമൂലമുള്ള കടല്‍ പ്രക്ഷുബ്ദമാവലുമൊക്കെ തിമിംഗിലങ്ങളുടെ ശബ്ദം അടിസ്ഥാനപ്പെടുത്തിയുള്ള എക്കോ ലൊക്കേഷനെ ബാധിക്കുകയും അവയുടെ ദിശ തെറ്റിയുള്ള സഞ്ചാരത്തിനു കാരണമാവുകയും ചെയ്യുന്നുണ്ട്. കോഴിക്കോട്ട് അടിഞ്ഞത് നീലത്തിമിംഗിലമാണ് . നമ്മുടെ കടലില്‍ അത്ര സാധാരണമായി കാണുന്ന ജീവിയല്ല നീലത്തിമിംഗിലം. ക്രില്ലുകളെയാണ് ഇവ ആഹാരമാക്കുന്നത്. വലിയ കൂട്ടമാണെങ്കില്‍ മാത്രമേ അവയ്ക്ക് തിന്നാന്‍ പറ്റൂ. അങ്ങനെയുള്ള വലിയ ക്രില്‍ കൂട്ടങ്ങള്‍ നമ്മുടെ കടലിലില്ല അതിനാല്‍ തന്നെ അവ വഴിതെറ്റി വരുന്നതാവണം എന്നാണ് കുഫോസ് ഓഷ്യന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫാക്കല്‍റ്റി ഡീന്‍ സുരേഷ്‌കുമാര്‍ പറയുന്നത്.
ശബ്ദമലിനീകരണം കേൾവിശക്തിക്ക് പരിക്കേൽപിക്കുമ്പോൽ
ശബ്ദസിഗന്‌ലുകള്‍ ഉപയോഗിച്ചുള്ള ആശയ വിനിമയവും ദിശാനിര്‍ണ്ണയവും തിമിംഗിലങ്ങളുടെയും ഡോള്‍ഫിനുകളുടെയും ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ്. എന്നാല്‍, ശ്രവണപരമായ ഈ മികവ് പ്രകൃതിയിലെ മനുഷ്യ ഇടപെടലുകള്‍ കൂടിയ കാലത്ത് ഇവയ്ക്ക് വലിയ ബലഹീനതയായും വന്നു ഭവിക്കുന്നുണ്ട്. ശബ്ദതരംഗങ്ങള്‍ വായുവിനേക്കാള്‍ വേഗത്തിലാണ് ജലത്തിനടിയില്‍ സഞ്ചരിക്കുന്നത്. അതിനാല്‍ തന്നെ മുങ്ങിക്കപ്പലുകളും ജലഗതാഗതവും മൂലമുള്ള ശബ്ദമലിനീകരണം ഇവയുടെ കേൾവിശക്തിക്ക് വലിയ പരിക്കാണേല്‍പിക്കുന്നത്. സോണാര്‍ സിഗ്നലുകളും വെള്ളത്തിനടിയിലെ ശബ്ദമലിനീകരണവും കടല്‍സസ്തനികളുടെ പ്രത്യേകിച്ച് ഡോള്‍ഫിനുകളുടെയും തിമിംഗിലങ്ങളുടെയും കരയ്ക്കടിയുന്നതിന് കാരണമാവുന്നുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ലോ ഫ്രീക്കന്‍സ്വി സോണാര്‍ തരംഗങ്ങള്‍ തിമിംഗിലങ്ങളില്‍ ഹെമ്മറേജിങ് ഉണ്ടാക്കുമെന്നുള്ള പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ലോ സോണാര്‍ വാഹനങ്ങളാണ് നാവികസേന ഉപയോഗിക്കാറുള്ളത്.
ഇവയ്ക്ക് താങ്ങാനാവാത്ത ശബ്ദത്തില്‍നിന്ന് രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ വഴിതെറ്റി ആഴക്കടലില്‍നിന്ന് മാറി കരയ്ക്കടിയുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. കടലിലെ ഊഷ്മാവ് നോക്കിയാണ് ഇവ ദേശാടനം ചെയ്യുന്നത്. എന്നാല്‍, കടല്‍ ഗതാഗതം കൂടുന്നത് ശബ്ദമലിനീകരണത്തിനിടയാക്കും . അപ്പോള്‍ കപ്പലുകളുടെ സാന്നിധ്യം തിമിംഗിലങ്ങൾക്ക് എളുപ്പം തിരിച്ചറിയാന്‍ പറ്റില്ല. ശബ്ദമലിനീകരണം ഇവയുടെ എക്കോ ലൊക്കേഷനെയാണ് ബാധിക്കാറ്. അങ്ങിനെ ആഴക്കടലില്‍നിന്ന് വഴിതെറ്റി വരുന്നവ കപ്പലുകളുടെ പ്രൊപ്പല്ലറില്‍ ഇടിച്ച് പരിക്കേറ്റും ഭക്ഷണം കിട്ടാതെയും കരയ്ക്കടിയുന്ന സംഭവങ്ങളും കൂടുതലാണ്. സബ് മറൈനുകളുടെ സാന്നിധ്യം ഡോൾഫിനുകൾക്ക് ദോഷം ചെയ്യുന്നതായുള്ള പഠനങ്ങളുണ്ട്. ഈ തിരിച്ചറിവിൽനിന്നാണ് ഇവയുടെ സ്ഥലം മാര്‍ക്ക് ചെയ്ത് ആ വഴി ഒഴിവാക്കിയുള്ള സഞ്ചാരം പലപ്പോഴും കപ്പലുകള്‍ സ്വീകരിക്കുന്നത്.
ശബ്ദമലിനീകരണം മൂലം ഇവയനുഭവിക്കുന്ന മറ്റൊരു വലിയ പ്രശ്‌നമാണ് ചെവിയുടെ മര്‍ദ്ദത്തിലുണ്ടാവുന്ന അസന്തുലിതാവസ്ഥ. ഓരോ തവണ സമുദ്രോപരിതലത്തില്‍ വന്ന് ശ്വസിച്ച് താഴോട്ട് മുങ്ങുമ്പോഴും ശബ്ദമലിനീകരണം മൂലം ഇവയുടെ ചെവിയുടെ മര്‍ദ്ദം നിയന്ത്രിക്കാന്‍ കഴിയാതെ വരികയും തന്‍മൂലം ഭക്ഷണം കഴിക്കാനാവാതെ പോഷകാഹാരക്കുറവ് മൂലം ചത്ത് കരയ്ക്കടിയുകയും ചെയ്യുന്നു. ഇത്തരത്തില്‍ ശബ്ദമലിനീകരണം ലോകത്തെ ഏറ്റവും അധികം ബാധിക്കുന്ന ജീവിവര്‍ഗ്ഗങ്ങളിലൊന്നാണ് തിമിംഗിലങ്ങളും ഡോള്‍ഫിനുകളും.

കരയ്ക്കടിയുമ്പോള്‍ ജീവനുണ്ടെങ്കിലും എന്തു കൊണ്ട് ചാവുന്നു?
കടലിലാണ് ജീവിക്കുന്നതെങ്കിലും കരയിലെ സസ്തനികളെപ്പോലെ സമുദ്രോപരിതലത്തില്‍ വന്നാണ് തിമിംഗിലങ്ങള്‍ ശ്വസിക്കുന്നത്. മറ്റ് ജീവികളില്‍നിന്ന് വ്യത്യസ്തമായി ശ്വസിക്കാനുള്ള ഇവയുടെ അവയവം മുതുകിലാണെന്ന് മാത്രം. മുതുകിലെ ഈ സ്ഥാനമാണ് സമുദ്രോപരിതലത്തിലെത്തിയുള്ള ഇവയുടെ ശ്വസനം എളുപ്പമാക്കുന്നത്. ബ്ലോ ഹോള്‍ എന്നാണ് ഇതിന് പറയുന്നത്. സമുദ്രോപരിതലത്തില്‍ വന്ന് മുതുകിലൂടെ വെള്ളം ചീറ്റുന്ന തിമിംഗില ദൃശ്യങ്ങള്‍ കണ്ടവരാണ് നാമെല്ലാവരും. ഇത് ഇവയുടെ ശ്വാസോച്ഛ്വാസമാണ് കാണിക്കുന്നത്. ശ്വസനശേഷം ഈ ശ്വസനദ്വാരം കട്ടിയുള്ള ചര്‍മ്മം കൊണ്ട് മൂടുന്നതിനാല്‍ വെള്ളത്തിനടിയില്‍ വെച്ച് മൂക്കില്‍ വെള്ളം കയറി ചാവുന്ന പ്രശ്‌നം ഉദിക്കുന്നില്ല. തിമിംഗിലങ്ങള്‍ കൂട്ടമായി കരയ്ക്കടിയുമ്പോള്‍ മത്സ്യങ്ങളെപ്പോലെ ശ്വാസം കിട്ടാതെയല്ല ചാവുന്നത്. കൂട്ടമായി കരയ്ക്കടിയുന്ന പലതിനും ജീവനുണ്ടെങ്കിലും വെള്ളത്തിന്റെ അഭാവത്തില്‍ സ്വന്തം ശരീരഭാരം താങ്ങാനാവാതെ വരികയും ആന്തരികാവയങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും തൻമൂലം മരണം സംഭവിക്കുകയുമാണ്. രക്തചംക്രമണം കുറയുന്നത് ഇഞ്ചിഞ്ചായുള്ള മരണത്തിലേക്ക് നയിക്കുന്നു. വെള്ളത്തിനടിയിലെ ഭാരക്കുറവിലെ അിജീവനം പോലെ വെള്ളത്തില്‍നിന്ന് പുറത്തെടുത്താല്‍ അതിജീവിക്കാനാവില്ല. നൂറുകണക്കിന് ടണ്‍ ഭാരമുള്ള ശരീരമാണിവയുടേത്. തീരത്തടിയുമ്പോൾ ഇവയുടെ തന്നെ ശരീരഭാരം ആന്തരിക അവയവങ്ങളെ ഞെരുക്കും.

തീരത്തടിയുമ്പോൾ മരണനിരക്ക് കൂട്ടുന്ന മറ്റൊരു പ്രശ്നം നിർജ്ജലീകരണമാണ്. വെള്ളത്തിന്റെ അഭാവത്തില്‍ തൊലിക്കടിയിലുള്ള ബ്ലബ്ബര്‍ എന്ന കട്ടിയുള്ള പാളി ഇവയുടെ ശരീരതാപമുയര്‍ത്തുകയും നിര്‍ജ്ജലീകരണം സംഭവിച്ച് ചാവുന്നതിന് കാരണമാവുകയും ചെയ്യുന്നു.(തണുപ്പുള്ള സമുദ്രജലത്തില്‍ ശരീരോഷ്മാവ് കുറയാതെ ഇവയുടെ ശരീരത്തിന്റെ താപം നിയന്ത്രിക്കുന്നതില്‍ ബ്ലബ്ബര്‍ വലിയ പങ്കാണ് വഹിക്കുന്നത്). കരയ്ക്കടിയുന്നത് മൂലം ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം പറ്റിയ ഡോള്‍ഫിനുകളെയോ തിമിംഗിലങ്ങളെയോ അതിനാലാണ് സ്വയമേവ ഉന്തി രക്ഷിക്കാന്‍ ശ്രമിക്കരുതെന്ന് പറയുന്നത്. അത് അവയുടെ പരിക്കുകള്‍ രൂക്ഷമാക്കും. പരിശീലനം നേടിയ ആളുകള്‍ ചെയ്യേണ്ടതാണ് അത്തരം പ്രവൃത്തികള്‍. നിര്‍ഭാഗ്യവശാല്‍ നമുക്കിവിടെ അത്തരം ആളുകളില്ല.
ഇനി കരയ്ക്കടിയുന്നതിനെ പോസിറ്റീവായി കാണാന്‍ ശ്രമിക്കുകയാണെങ്കിൽ ആകെ കിട്ടുന്ന ഗുണം എന്നത് പല രാജ്യങ്ങളിലെയും ശാസ്ത്രജ്ഞര്‍ക്ക് ഇവയെ പഠിക്കാനുള്ള അവസരം ഒരുക്കുന്നു എന്നതാണ്. ആഴക്കടലില്‍ മാത്രം കാണപ്പെടുന്ന ഇവയെ പഠിക്കാനുള്ള അപൂര്‍വ്വാവസരമാണ് പലപ്പോഴും കരയ്ക്കടിയലിലൂടെ ഒരുങ്ങുന്നത്. നിര്‍ഭാഗ്യവശാല്‍ മറ്റ് രാജ്യങ്ങളിലുള്ളതുപോലെ നമ്മുടെ നാട്ടില്‍ അതിനും ആളില്ലെന്ന് പറയേണ്ടി വരും. തിമിംഗിലങ്ങള്‍ കരയ്ക്കടിയുന്നത് കൂടുമ്പോഴും നിരന്തരമായ നിരീക്ഷണ സംവിധാനങ്ങള്‍ വിദേശത്തുള്ളതു പോലെ ഇല്ല എന്നതു വലിയ പോരായ്മയാണ്.
Reference:
https://www.nationalgeographic.com/animals/article/why-do-whales-beach-themselves?loggedin=true&rnd=1696850353426
https://www.whalefacts.org/why-cant-whales-survive-on-land/#:~:text=After%20only%20a%20few%20minutes,get%20dehydrated%2C%20and%20dry%20out.
https://uk.whales.org/our-4-goals/create-healthy-seas/why-do-whales-and-dolphins-strand/
https://www.whalefacts.org/
Content Highlights: Whales stranding,Kerala coast, environment, sea mammals death, dolphin death
Published: 11 Oct 2023, 01:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented