
പേരാൽ, ഗുൽമോഹർ, ബദാം, പുളി, റംബൂട്ടാൻ, സപ്പോട്ട അങ്ങനെ നീളുന്നു ഒരു എട്ടു വയസ്സുകാരി നട്ടു പരിപാലിക്കുന്ന വൃക്ഷത്തൈകളുടെ പട്ടിക. കഴിഞ്ഞ ഒരു വർഷക്കാലമായി കുടുംബത്തിന്റെ പിന്തുണയോടെ മൂന്നാം ക്ലാസുകാരി ദേവിക ദീപക് പൊതുസ്ഥലങ്ങളിൽ നട്ടു പരിപാലിക്കുന്നത് 476 വൃക്ഷത്തൈകൾ ആണ്. അസാധാരണമായ പാരിസ്ഥിതിക അവബോധവും സാമൂഹിക ഉത്തരവാദിത്വവും പിന്തുടരുന്ന ഈ കുട്ടി പരിസ്ഥിതി സംരക്ഷക കോഴിക്കോടിന്റെ പച്ച മനുഷ്യൻ പ്രൊഫ. ടി ശോഭീന്ദ്രൻ മാസ്റ്ററുടെ ശിഷ്യകൂടിയാണ്. പ്രകൃതിയുടെ പച്ചപ്പുതപ്പ് തുടച്ചുമാറ്റപ്പെടുന്ന ഈ കാലത്ത്, ആ പരവതാനി സംരക്ഷിക്കാൻ പോരാളിയാവുകയാണ് ദേവിക. ദേവികയുടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് അഭിനന്ദനവും പ്രോത്സാഹനവുമായി നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. ഇത്തവണത്തെ കണ്ടലമ്മച്ചി പരിസ്ഥിതി പുരസ്കാരവും ദേവികയ്ക്കാണ് ലഭിച്ചിട്ടുള്ളത്.
വേങ്ങേരി ദേവികനിലയത്തിൽ ദീപക്, സിൻസി ദമ്പതികളുടെ മൂത്ത മകളാണ് ദേവിക. ഒഴിവുദിവസങ്ങൾ ഈ കൊച്ചു മിടുക്കിക്ക് യാത്രകളുടേതാണ്. ഈ യാത്രയിൽ അവൾ കൈയിൽ കരുതുന്നത് തന്റെ കുഞ്ഞു തൂമ്പയും വൃക്ഷത്തൈകളും ട്രീഗാർഡും വെള്ളവും വളവുമൊക്കെയാണ്. കൂടെ തണലായി അച്ഛനും അമ്മയും അനിയൻ ഒന്നര വയസ്സുകാരൻ നിലനും ഉണ്ടാവും. സന്തോഷത്തോടെ ആത്മസംതൃപ്തിയോടെ ഓരോ തൈകളും നടുന്നു. നട്ടതുകൊണ്ട് മാത്രം ഉത്തരവാദിത്വം കഴിയുന്നില്ലെന്ന് അവൾക്കറിയാം. മുടങ്ങാതെ അവയെ കൃത്യമായി പരിപാലിച്ചുവരുന്നു. പൊതുവിടങ്ങളിൽ നാളെ തണലായി പടർന്നുപന്തലിക്കുന്ന വൃക്ഷങ്ങളാണ് ഈ കൊച്ചു മിടുക്കിയുടെ സ്വപ്നം.
എന്തിനു മരങ്ങൾ നടന്നു എന്നതിന് ദേവികയ്ക്ക് കൃത്യമായ അറിവുണ്ട്. പാഠപുസ്തകത്തിന് പുറത്ത് പ്രകൃതിയിൽ നിന്നും കണ്ടും കേട്ടും തൊട്ടുമറിയേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ടെന്ന് അച്ഛൻ ദീപക്കിനും അമ്മ സിൻസിക്കും നന്നായി അറിയാം. ഇരുവരും ചെറുപ്പം മുതലേ അങ്ങനെയാണ് മക്കളെ വളർത്തിയതും. നട്ടു പരിപാലിക്കുന്ന വൃക്ഷത്തൈകളുടെ എണ്ണം ആയിരമായി ഉയർത്തണം എന്നതാണ് ഈ കൊച്ചു മിടുക്കിയുടെ ആഗ്രഹം. എന്നാൽ 1000 വൃക്ഷത്തൈകൾക്ക് ശേഷവും തന്റെ യാത്ര തുടരുമെന്നും ഈ മിടുക്കി പറയുന്നു.
ചെറുപ്പം മുതലേ പ്രകൃതിയോടും മരങ്ങളോടും മകൾക്കുള്ള താല്പര്യം മാതാപിതാക്കൾ തിരിച്ചറിഞ്ഞിരുന്നു. സ്കൂളിൽ പ്രോജക്ടുകളും മറ്റു പ്രവൃത്തികളും വരുമ്പോൾ ഇലകളും പ്രകൃതിയോട് ചേർന്നുള്ള വിഷയങ്ങളുമാണ് മകൾ തിരഞ്ഞെടുത്തത്. സ്കൂളിൽ കുട്ടികൾക്ക് വിതരണം ചെയ്യാനായി കൊണ്ടുവന്ന വൃക്ഷത്തൈകളിൽ ബാക്കിവന്ന 16 തൈകളും ദേവിക ഏറ്റുവാങ്ങി. വീട്ടിലും റോഡ് വശങ്ങളിൽ നടാൻ തീരുമാനിച്ചപ്പോൾ പ്രോത്സാഹനം നൽകി വീട്ടുകാരും ഒപ്പംകൂടി. രണ്ടര വയസുകാരൻ നിലനും ഇപ്പോൾ മരങ്ങൾ നടുന്നതിനും പരിപാലിക്കുന്നതിനും ദേവികയ്ക്ക് ഒപ്പമുണ്ട്.

ശോഭീന്ദ്രൻ മാസ്റ്ററെന്ന പ്രചോദനം
മണ്ണിനും മരങ്ങൾക്കും പ്രകൃതിക്കും വേണ്ടി ജീവിതം മാറ്റിവെച്ച കോഴിക്കോടിന്റെ പച്ച മനുഷ്യൻ പ്രൊഫ. ടി ശോഭീന്ദ്രൻ മാസ്റ്ററും, മാസ്റ്ററുടെ ജീവിതവും ദേവികയെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ നേരിൽ കാണുകയും മാർഗനിർദേശങ്ങൾ നേടുകയും ഒപ്പം വൃക്ഷത്തൈകൾ നടാൻ സാധിച്ചതുമൊക്കെ വലിയ ഭാഗ്യമായിട്ടാണ് ദേവിക കാണുന്നത്. ആദ്യമായി പൊതുവിടങ്ങളിൽ മരത്തൈകൾ നടാൻ തീരുമാനിച്ചപ്പോൾ അതിന് തുടക്കം കുറിച്ചതും അദ്ദേഹം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഏറെ വിഷമത്തോടെയാണ് ദേവിക ഓർക്കുന്നത്. വീട്ടിലേക്ക് വരാമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും എന്നാൽ അതിനുമുന്നേ അദ്ദേഹം വിട്ടുപോയതും ദേവികയെ വേദനിപ്പിക്കുന്നുണ്ട്.
വീട്ടിൽ ജൈവരീതിയിൽ പച്ചക്കറികളും നട്ടു പരിപാലിക്കുന്നു. മാതാപിതാക്കൾക്കൊപ്പം ഇതിനുമുന്നിൽ തന്നെ കൊച്ചു ദേവികയുമുണ്ട്. വേങ്ങേരി നിറവ് ബാബുവും ദേവികയുടെ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകിവരുന്നു. വീട്ടിൽതന്നെ ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റുകയും കരികിലകളിൽ നിന്ന് കംബോസ്റ്റ് ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് പച്ചക്കറികൾക്ക് വളമായി പ്രയോഗിക്കുന്നതും.
കോഴിക്കോടും കടന്ന് മരത്തൈകളുമായി യാത്ര
സർക്കാർ സ്ഥാപനങ്ങൾ, റോഡ് വശങ്ങൾ, പോലീസ് സ്റ്റേഷനുകൾ, സ്കൂളുകൾ ക്ഷേത്രങ്ങൾ അങ്ങനെ വിവിധ ഇടങ്ങളിൽ ദേവിക മരത്തൈകൾ നട്ടുപരിപാലിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ദേവിക നട്ട മരത്തൈകളുണ്ട്, തൈകൾ നടുക മാത്രമല്ല, പരിപാലിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നുമുണ്ട് ഈ കൊച്ചുമിടുക്കി. സ്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലും കൃത്യമായ ഇടവേളകളിൽ വിളിച്ച് താൻ നട്ട വൃക്ഷത്തൈകൾക്ക് വളവും വെള്ളവും കൊടുക്കുന്നുണ്ടോയെന്നും വളർച്ച എങ്ങനെയെന്നുമൊക്കെ ദേവിക അന്വേഷിക്കാറുണ്ട്. സാധിക്കുമ്പോൾ വൃക്ഷത്തൈകളുടെ വളർച്ച നേരിട്ടെത്തിയും വിലയിരുത്തുന്നു. കോഴിക്കോട് ജില്ലയിൽ മാത്രമല്ല വയനാട്, കണ്ണൂർ ജില്ലകളിലും ദേവിക നട്ട് പരിപാലിക്കുന്ന വൃക്ഷത്തൈകളുണ്ട്.
ഹരിത ഭവനം
കോഴിക്കോട് ജില്ലാ വിദ്യഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഹരിത ഭവനം പദ്ധതിയുടെ ഭാഗമായും ദേവിക പ്രവർത്തിക്കുന്നുണ്ട്. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തമാണെന്ന ബോധ്യത്തോടെ വീട്ടിൽ മൂന്ന് പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. ഒന്നിൽ പ്ലാസ്റ്റിക്കും രണ്ടാമത്തെ പെട്ടിയിൽ ചെരുപ്പ്, ബാഗ്, തെർമോക്കോൾ മുതലായവയും അടുത്തതിൽ ചില്ലും കഴുകി വൃത്തിയാക്കി സൂക്ഷിക്കുകയും നിശ്ചിത കാലയളവിൽ ഇത് ഹരിതകർമ്മസേനയ്ക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. മാലിന്യ സംസ്കരണം കൃത്യമായ നടപ്പാക്കുന്നതിന് എല്ലാവരും ഹരിത ഭവനം പദ്ധതിയുടെ ഭാഗമാകണമെന്നാണ് ദേവിക പറയുന്നത്.

പ്രചോദനമായി നിരവധി പുരസ്കാരങ്ങൾ
ദേവികയുടെ പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകി നിരവധി പുരസ്കാരങ്ങളും തേടിയെത്തി. 2023-24 വർഷത്തെ 'അക്ഷയശ്രീ' സംസ്ഥാനത്തെ ഏറ്റവും മികച്ച കുട്ടി കർഷക അവാർഡ്, 2024 ലെ BMS അമൃതാദേവി പുരസ്കാരം, ഹരിത പ്രതിഭ പുരസ്കാരം, 2024 ലെ "ജൻ അഭിയാൻ" മെറിറ്റ് അവാർഡ്, ശുചിത്വത്തിൻ്റെ കുഞ്ഞു ഹീറോസ്, കണ്ടലമ്മച്ചി പുരസ്കാരം എന്നിവയും ഈ കൊച്ചുമിടുക്കിക്ക് ലഭിച്ചു.
പ്രകൃതിയിൽ വൃക്ഷങ്ങളുടെ ആവശ്യകത മറന്നുപോകുന്ന പുതുതലമുറയ്ക്ക് മാതൃകയാണ് ദേവിക. ഭൂപ്രകൃതിയെ മനോഹരമാക്കാൻ മാത്രമല്ല പരിസ്ഥിതിക്ക് ഒരു വലിയ സംഭാവന കൂടി നൽകുകയാണ് ഈ കൊച്ചു മിടുക്കി. ഈ കുട്ടി പരിസ്ഥിതി സംരക്ഷകയുടെ അർപ്പണബോധവും സ്ഥിരോത്സാഹവും സമപ്രായക്കാർക്കും മുതിർന്നവർക്കും ഒരുപോലെ പ്രചോദനം നൽകുന്നു.
Content Highlights: Young Girl Plants 476 Trees, young environmentalist devika
Published: 14 Oct 2024, 11:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented