ഒരു ഫാക്ടറി പ്രവർത്തിക്കുമ്പോൾ അന്തരീക്ഷത്തിലേക്ക് എത്രമാത്രം കാർബൺ ഡൈഓക്സൈഡും മറ്റ് ഹരിതഗൃഹ വാതകങ്ങളും പുറന്തള്ളുന്നുവെന്ന് കൃത്യമായി കണക്കാക്കാൻ സാധിക്കുമോ? പ്രകൃതിയെ സംരക്ഷിക്കാനെന്ന പേരിൽ ലോകരാഷ്ട്രങ്ങളും വൻകിട കമ്പനികളും മുന്നോട്ടുവെക്കുന്ന 'നെറ്റ്-സീറോ' അഥവാ പൂജ്യം കാർബൺ പുറന്തള്ളൽ എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ, അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന ഓരോ ടൺ കാർബൺ ഡൈഓക്സൈഡും മറ്റ് ഹരിതഗൃഹ വാതകങ്ങളും കൃത്യമായി അളക്കാൻ സാധിക്കണം എന്നതാണ് വെല്ലുവിളി. എന്നാൽ, ഇന്ന് ഈ 'കാർബൺ കണക്കെടുപ്പ്' (Carbon Accounting) വെറുമൊരു പരിസ്ഥിതി സംരക്ഷണ വിഷയം മാത്രമല്ല, മറിച്ച് ആഗോള വ്യാപാരത്തിന്റെ ഗതി നിർണയിക്കുന്ന സാമ്പത്തിക സൂചിക കൂടിയാണെന്നതാണ് യാഥാർഥ്യം. എന്നാൽ, ഒരു ടൺ കാർബൺ എങ്ങനെ അളക്കണമെന്നതിനെച്ചൊല്ലി ലോകരാജ്യങ്ങൾ തമ്മിൽ വലിയ തർക്കങ്ങളാണ് നിലനിൽക്കുന്നത്. ഈ തർക്കങ്ങളും കണക്കുകളിലെ തിരിമറികളും ഒടുവിൽ ചെന്നെത്തുന്നത് വ്യവസായശാലകളുടെയും കയറ്റുമതിക്കാരുടെയും വാതിൽപ്പടിയിലാണ്.

To advertise here,

നിലവിൽ കാർബൺ പുറന്തള്ളൽ തിട്ടപ്പെടുത്തുന്നതിനായി ഗ്രീൻഹൗസ് ഗ്യാസ് പ്രോട്ടോക്കോൾ, ഐഎസ്ഒ മാനദണ്ഡങ്ങൾ, ഐക്യരാഷ്ട്ര സഭയുടെയും യൂറോപ്യൻ യൂണിയന്റെയും നിയമങ്ങൾ എന്നിങ്ങനെ നിരവധി വ്യവസ്ഥകൾ നിലവിലുണ്ട്. എങ്കിലും, ഓരോ ഏജൻസിയും വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്ത കണക്കെടുപ്പ് രീതികളാണ് പിന്തുടരുന്നത്. ഇതിന്റെ ഫലമായി, ഒരേ ഉൽപാദന രീതി പിന്തുടരുന്ന രണ്ട് കമ്പനികൾ നൽകുന്ന കാർബൺ കണക്കുകൾ തീർത്തും വ്യത്യസ്തമായിരിക്കാം.

ഇതിനുപുറമെ, കാർബൺ പുറന്തള്ളുന്ന ഫാക്ടറികൾ അതിന് സമാന്തരമായി മരങ്ങൾ വെച്ചുപിടിപ്പിച്ചാൽ മതിയെന്ന പുതിയ നിയമവും പഴുതുകൾ ഉണ്ടാക്കി. തങ്ങളുടെ ഫാക്ടറികളിലെ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് പകരം, മരങ്ങൾ വെച്ചുപിടിപ്പിക്കുന്ന വനവത്കരണ പദ്ധതികളിൽ പണം മുടക്കി കാർബൺ ക്രെഡിറ്റുകൾ വാങ്ങുന്ന രീതി വൻ തിരിമറികൾക്കാണ് വഴിവെച്ചത്. പ്രമുഖ ഏജൻസികൾ സാക്ഷ്യപ്പെടുത്തിയ മഴക്കാട് സംരക്ഷണ ക്രെഡിറ്റുകളിൽ 90 ശതമാനത്തിലധികവും അന്തരീക്ഷത്തിലെ കാർബൺ കുറയ്ക്കാൻ സഹായിച്ചിട്ടില്ലെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.

2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന യൂറോപ്യൻ യൂണിയന്റെ 'കാർബൺ ബോർഡർ അഡ്ജസ്റ്റ്‌മെന്റ് മെക്കാനിസം' (സിബിഎഎം) ഈ കണക്കെടുപ്പുകളെ ഇന്ത്യൻ കയറ്റുമതിക്കാരുടെ സാമ്പത്തിക ബാധ്യതയാക്കി മാറ്റി. ഈ വ്യവസ്ഥയനുസരിച്ച്, യൂറോപ്പിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലുമിനിയം, സിമന്റ്, വളം തുടങ്ങിയ ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന കാർബണിന്റെ അളവ് വെളിപ്പെടുത്തേണ്ടതുണ്ട്. ഇതനുസരിച്ച് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ പ്രത്യേക സാക്ഷ്യപത്രങ്ങൾ വാങ്ങി സമർപ്പിക്കണം. അതിനാൽ കാർബൺ പുറന്തള്ളൽ താരതമ്യേന കുറഞ്ഞ കയറ്റുമതിക്കാരിൽനിന്ന് വാങ്ങാൻ രാജ്യങ്ങൾ നിർബന്ധിതരാകും. ഇതിന്റെ സാമ്പത്തികഭാരം കരാർ വ്യവസ്ഥകളിലൂടെയും വിലനിർണയത്തിലൂടെയും കയറ്റുമതിക്കാരിലേക്കും എത്തുന്നു.

യൂറോപ്യൻ വിപണിയിൽ ഒരു ടൺ കാർബണിന് ഏകദേശം 75 യൂറോയോളമാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഉരുക്ക് നിർമാണം ഭൂരിഭാഗവും കൽക്കരി ഉപയോഗിച്ചുള്ള ബ്ലാസ്റ്റ് ഫർണസുകൾ വഴിയായതിനാലും അലുമിനിയം നിർമാണത്തിൽ കൽക്കരി താപനിലയങ്ങളിലെ വൈദ്യുതിയെ ആശ്രയിക്കുന്നതിനാലും (ഒരു ടൺ അലുമിനിയത്തിന് 15 മുതൽ 18 ടൺവരെ കാർബൺ പുറന്തള്ളപ്പെടുന്നു) ഉൽപന്നങ്ങളിലെ കാർബൺ സാന്നിധ്യം വളരെ കൂടുതലാണ്. ഗ്ലോബൽ ട്രേഡ് റിസർച്ചിന്റെ റിപ്പോർട്ട് അനുസരിച്ച്, യൂറോപ്യൻ വാങ്ങുന്നവർക്ക് ഈ നികുതി ഭാരം താങ്ങാനായി ഇന്ത്യൻ കയറ്റുമതിക്കാർ തങ്ങളുടെ ഉൽപന്ന വിലയിൽ 15 ശതമാനം മുതൽ 22 ശതമാനംവരെ കുറവ് വരുത്താൻ നിർബന്ധിതരാകുന്നു.

ഇതിനുപുറമേ, കമ്പനികളുടെ പൊതുവായ റിപ്പോർട്ടുകൾക്ക് പകരം ഓരോ നിർമാണ യൂണിറ്റിന്റെയും കൃത്യമായ ഡാറ്റ നൽകിയില്ലെങ്കിൽ യൂറോപ്യൻ അധികൃതർ 30 ശതമാനം മുതൽ 80 ശതമാനംവരെ ഉയർന്ന 'ഡിഫോൾട്ട്' കാർബൺ നികുതി ചുമത്തും. ഇത് ആവശ്യമായ ഡാറ്റ ശേഖരിക്കാൻ പ്രയാസപ്പെടുന്ന ചെറുകിട-ഇടത്തരം വ്യവസായങ്ങളെ വിപണിയിൽനിന്ന് പിന്നോട്ടുവലിക്കാൻ കാരണമാകും. ഈ ഭീഷണി നേരിടാൻ ഇന്ത്യ തദ്ദേശീയമായി 'കാർബൺ ക്രെഡിറ്റ് ട്രേഡിങ് സ്കീം' (സിസിടിഎസ്) നടപ്പാക്കിവരുന്നുണ്ട്.

നാട്ടിൽ നൽകുന്ന കാർബൺ തുക വിദേശത്തെ നികുതിയിൽനിന്ന് കുറയ്ക്കാൻ വ്യവസ്ഥയുണ്ടെങ്കിലും, ഉൽപാദന ശേഷിയെ (Emissions-intensity) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയുടെ പദ്ധതി യൂറോപ്യൻ യൂണിയൻ അംഗീകരിക്കുമോ എന്നതിൽ ചർച്ചകൾ തുടരുകയാണ്. എന്നാൽ, ഇന്ത്യയ്ക്ക് വലിയൊരു ആശ്വാസമായി ബ്രിട്ടൻ തങ്ങളുടെ സിബിഎഎം വ്യവസ്ഥയിൽ ഇന്ത്യയുടെ സിസിടിഎസ് പദ്ധതിയെ ഔദ്യോഗികമായി അംഗീകരിച്ചു. ഇതുവഴി യുകെയിലേക്ക് കയറ്റി അയയ്ക്കുന്ന ഉൽപന്നങ്ങൾക്ക് ഇന്ത്യയിൽ നൽകിയ കാർബൺ തുകയുടെ കിഴിവ് ലഭിക്കുകയും ഇരട്ട നികുതി (Double Carbon Pricing) ഒഴിവാകുകയും ചെയ്തു.

യൂറോപ്യൻ യൂണിയന്റെ ഈ പുതിയ നയങ്ങൾ വികസ്വര രാജ്യങ്ങൾക്ക് അധിക ഭാരമാണെങ്കിലും, കേവലം രാഷ്ട്രീയ എതിർപ്പുകൾ കൊണ്ടുമാത്രം നമ്മുടെ കയറ്റുമതിയെ സംരക്ഷിക്കാനാവില്ലെന്ന യാഥാർഥ്യം ഉൾക്കൊണ്ട് മുന്നോട്ടുനീങ്ങേണ്ടതുണ്ട്. ഉൽപന്നങ്ങളുടെ ഗുണമേന്മയേക്കാൾ അതിൽ അടങ്ങിയിരിക്കുന്ന കാർബണിന്റെ അളവ് വിപണിയിലെ വിജയം നിർണയിക്കുന്ന ഈ കാലഘട്ടത്തിൽ, അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെടുന്ന കൃത്യമായ കാർബൺ ഓഡിറ്റിങ് സംവിധാനം സ്വന്തമായി കെട്ടിപ്പടുക്കേണ്ടത് ഇന്ത്യയുടെ വ്യാവസായിക ഭാവിക്കും കയറ്റുമതി സുരക്ഷിതത്വത്തിനും അനിവാര്യമാണ്.