ഡീസൽ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനും ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിനും പുതിയ നിർദേശം പുറത്തിറക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഐസോബ്യൂട്ടനോൾ കലർത്തിയ ഡീസൽ നിർബന്ധമാക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സെക്രട്ടറി വി. ഉമാശങ്കർ അറിയിച്ചത്. ഈ വർഷം അവസാനത്തോടെ ഇത് നടപ്പാക്കിയേക്കുമെന്നാണ് അദ്ദേഹം നൽകുന്ന സൂചന.

To advertise here,

ട്രക്ക്-ട്രെയിലറുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വേറെയും നിർദേശങ്ങൾ സർക്കാർ പരിശോധിച്ച് വരികയാണെന്നും ഉമാശങ്കർ അറിയിച്ചു. ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്തുന്നത് സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നാണ് സിഐഐ ഉച്ചകോടിയിൽ അദ്ദേഹം അറിയിച്ചത്.

രാജ്യത്തെ മുൻനിര പെട്രോളിയം വിതരണ കമ്പനിയായ ഭാരത് പെട്രോളിയം ഇതിനകംതന്നെ ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്തുന്നതിനുള്ള ഗവേഷങ്ങൾ നടത്തിവരികയാണ്. ഇതിന്റെ ഫലങ്ങൾ അനുകൂലമാണെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് പെട്രോളിനെക്കാൾ ഇരട്ടിയാണ് ഡീസൽ ഉപയോഗം. അതുകൊണ്ട് തന്നെ ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്തുന്നത് ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ പങ്കുവഹിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഡീസലിന് പകരം നൂറ് ശതമാനം വരെ ഐസോബ്യൂട്ടനോളിൽ പ്രവർത്തിക്കാൻ കഴിയുന്ന ഫ്‌ളെക്‌സ് ഫ്യുവൽ എൻജിനുകളുടെ സാധ്യതയെ കുറിച്ച് പഠിക്കാൻ ഗതാഗത മന്ത്രാലായം ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയെ (എആർഎഐ) ചുമതലപ്പെടുത്തിയിട്ടുണ്ട്. ഐസോബ്യൂട്ടനോൾ കലർത്തിയ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന എൻജിനുകളുടെ പ്രവർത്തനവും എആർഎഐ പരിശോധിച്ച് വരികയാണ്.

ഐസോബ്യൂട്ടനോൾ എന്നത് ഒരു ജൈവ ഇന്ധനമാണ്. എഥനോളിൽ നിന്നാണ് ഐസോബ്യൂട്ടനോൾ വികസിപ്പിക്കുന്നത്. എഥനോളിനെക്കാൾ ഉയർന്ന ഊർജസാന്ദ്രതയാണ് ഐസോബ്യൂട്ടനോളിനുള്ളത്. ഇതിനുപുറമെ, തുരുമ്പെടുക്കാനുള്ള സാധ്യതയും കുറവാണ്. അതുകൊണ്ടുതന്നെ ഡീസലുമായി കലർത്തുന്നതിന് ഏറ്റവും യോജിച്ച ജൈവ ഇന്ധനമായാണ് ഐസോബ്യൂട്ടനോൾ കണക്കാക്കപ്പെടുന്നത്.

ഐസോബ്യൂട്ടനോൾ കലർത്തിയ ഡീസൽ ഉപയോഗിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് എൻജിന്റേയോ എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിന്റെയോ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നില്ലെന്നും പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്.

Source