പ്രകൃതി എന്നത് വർണാഭമായ ഒരു വലിയ ക്യാൻവാസാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനവും മലിനീകരണവും ഈ ക്യാൻവാസിലെ നിറങ്ങളെ സാവധാനം മായ്ച്ചുകൊണ്ടിരിക്കുകയാണെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇരുപത് വർഷങ്ങൾക്ക് മുമ്പ് നാം കണ്ട പ്രകൃതിയിൽനിന്ന് ഇന്നത്തെ കാഴ്ചകൾക്ക് നിറം കുറഞ്ഞിട്ടുണ്ടെന്നാണ് ശാസ്ത്രലോകത്തിൻ്റെ കണ്ടെത്തൽ. ആവാസവ്യവസ്ഥ മലിനമാക്കപ്പെടുകയും ചൂടുപിടിക്കുകയും ചെയ്യുമ്പോൾ, പ്രാണികളുടെയും പക്ഷികളുടെയും ശരീരത്തിലെ നിറങ്ങളിൽ മാറ്റം വരുന്നതാണ് ഇതിനുകാരണം.
ജീവജാലങ്ങളുടെ നിറം കേവലം ഭംഗിക്ക് വേണ്ടിയുള്ളതല്ല. ഇരപിടിയന്മാരിൽ നിന്ന് രക്ഷപ്പെടാനും ഇണയെ ആകർഷിക്കാനും ശരീരത്തിലെ താപം ക്രമീകരിക്കാനും നിറം അത്യാവശ്യമാണ്. കഴിഞ്ഞ 20 വർഷത്തിനിടെ ലോകത്തിലെ സമുദ്രങ്ങളിൽ പകുതിയിലധികവും പച്ചനിറമായി മാറുകയും വനങ്ങൾ അകാലത്തിൽ തവിട്ടുനിറമാകുകയും ചെയ്തതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ബയോഡൈവേഴ്സിറ്റി ആൻഡ് കൺസർവേഷൻ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ആമസോൺ വനങ്ങളിലെ വർധിച്ചുവരുന്ന വനനശീകരണം ചിത്രശലഭങ്ങളുടെ നിറങ്ങൾ നഷ്ടപ്പെടാൻ കാരണമാകുന്നു. മനുഷ്യ ഇടപെടലുകൾ വർധിച്ച ഇടങ്ങളിൽ ചിത്രശലഭങ്ങളുടെ ചിറകുകളിലെ നിറവൈവിധ്യം കുറവാണെന്നും അവിടെയുള്ള ചിത്രശലഭങ്ങൾ പശ്ചാത്തലവുമായി ലയിച്ചുചേരാൻ (camouflage) എളുപ്പമുള്ള, മങ്ങിയ നിറങ്ങളിലേക്ക് മാറുന്നുവെന്നും ഈ ഗവേഷകർ കണ്ടെത്തി.
മോനാഷ് സർവകലാശാലയിലെ ഓർണിത്തോളജിസ്റ്റ് കാസ്‌പർ ഡെൽഹിയുടെ നിരീക്ഷണമനുസരിച്ച്, ആഗോളതാപനം കാരണം ജീവികളുടെ മെലാനിൻ പിഗ്മെന്റുകളുടെ അളവ് കുറയുന്നതാണ് ഈ നിറംമാറ്റത്തിന്റെ പ്രധാന കാരണം. വ്യവസായവിപ്ലവ കാലത്ത് ഇംഗ്ലണ്ടിലെ പെപ്പേർഡ് മോത്തുകൾക്ക് സംഭവിച്ച നിറംമാറ്റത്തിന് സമാനമായ സാഹചര്യമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മൃഗങ്ങളിൽ ഇരുണ്ട തവിട്ട്/കറുപ്പ് നിറങ്ങൾ നൽകുന്ന 'യുമെലാനിൻ' (eumelanin), മഞ്ഞ/ചുവപ്പ് നിറങ്ങൾ നൽകുന്ന 'ഫിയോമെലാനിൻ' (pheomelanin) എന്നിവ കുറയുന്നതോടെ അവ നിറംമങ്ങി വെളുത്ത നിറത്തിലേക്ക് മാറുന്നു.
കാലാവസ്ഥാ വ്യതിയാനവും നഗരവത്കരണവും മലിനീകരണവും പ്രകൃതിയെ മാറ്റിമറിക്കുന്നു. ചൈനയിലെ 547 പക്ഷി വർഗങ്ങളിൽ 2024-ൽ നടത്തിയ പഠനമനുസരിച്ച്, നഗരപ്രദേശങ്ങളിലെ പക്ഷികൾ ഗ്രാമപ്രദേശങ്ങളിലെ പക്ഷികളേക്കാൾ മങ്ങിയതും ഇരുണ്ടതുമായ നിറമുള്ളവരാണെന്ന് കണ്ടെത്തിയിരുന്നു. ലെഡ് പോലുള്ള ലോഹങ്ങൾ മെലാനിനുമായി ചേരുന്നതാണ് ഇതിന് കാരണമായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. സസ്യങ്ങളിലും ഈ മാറ്റം പ്രകടമാണ്.
ജീവശാസ്ത്ര ഗവേഷണങ്ങൾ പ്രസിദ്ധീകരിക്കുന്ന പൊതു ജേണലായ കറൻ്റ് ബയോളജിയുടെ റിപ്പോർട്ട് അനുസരിച്ച്, പൂക്കൾ സൂര്യപ്രകാശത്തിൽനിന്നുള്ള ആഘാതം കുറയ്ക്കാൻ അവയുടെ അൾട്രാവയലറ്റ് പിഗ്മെന്റുകളിൽ മാറ്റം വരുത്തുന്നു. ഇത് പരാഗണത്തിന് എത്തുന്ന പ്രാണികളെ ആശയക്കുഴപ്പത്തിലാക്കുകയും പ്രത്യുൽപ്പാദനത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ സമുദ്രങ്ങളിലെ പവിഴപ്പുറ്റുകളും ഈ ഭീഷണിയിലാണ്. 2025-ൽ ഒമാനിലെ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ മാന്നാർ ഉൾക്കടൽ, ലക്ഷദ്വീപ്, ആൻഡമാൻ എന്നിവിടങ്ങളിൽ പവിഴപ്പുറ്റുകൾ വെളുക്കുന്ന (coral bleaching) പ്രതിഭാസം അതിരൂക്ഷമാണ്. പവിഴപ്പുറ്റുകൾ അവയ്ക്കൊപ്പമുള്ള പായലുകളെ പുറന്തള്ളുന്നതിനാലാണ് അവ വെളുക്കുന്നതെന്നും ഇത് സമുദ്ര ജൈവവൈവിധ്യത്തെ തകർക്കുമെന്നും ഗവേഷകർ കണ്ടെത്തി. കൂടാതെ, അമിതമായി പായലുകൾ വളരുന്നത് (algal blooms) സമുദ്രജലത്തെ കൂടുതൽ പച്ചനിറത്തിലാക്കുകയും കടലിലെ ഓക്സിജൻ്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
തീരദേശ വികസനം നിയന്ത്രിക്കുന്നതിലൂടെയും ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലൂടെയും ഈ വർണനാശം തടയാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ശാസ്ത്രീയമായ നിരീക്ഷണങ്ങളിലൂടെയും സൂക്ഷ്മ ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിലൂടെയും പ്രാണികളുടെയും മറ്റ് ജീവികളുടെയും നിറംമാറ്റം ഒരു പരിധിവരെ തടയാനാകും. ലോകത്തിന്റെ യഥാർഥ വർണങ്ങൾ വീണ്ടെടുക്കാൻ വൈകിയിട്ടില്ലെന്നും ഇന്നത്തെ നമ്മുടെ ഓരോ പ്രവൃത്തിയും ഇതിൽ പങ്കുവഹിക്കുമെന്നും ഈ പഠനങ്ങൾ ഓർമിപ്പിക്കുന്നു.
Content Highlights: Discover how climate change and pollution are causing wildlife to lose their vibrant colors, impacting survival and attraction.
Published: 12 Feb 2026, 03:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented