ചില മനുഷ്യരുണ്ട്. സാമാന്യ മനുഷ്യർ ഭ്രാന്തെന്നോ കിറുക്കെന്നോ പറയുന്ന കാര്യങ്ങൾ അസാധാരണമായ ഉള്ളുറപ്പോടെ പിന്തുടരുന്നവർ. അവനവനു വേണ്ടിയല്ലാതെ ദേഹം വിയർക്കുന്നവരെ ഭ്രാന്തരെന്ന് വിളിച്ചു ശീലിച്ച ആൾക്കൂട്ടം നല്ലൊരു നാളെ സ്വപ്നം കാണുന്ന നിസ്വാർഥരായ ഇത്തരം മനുഷ്യരെ അവഗണിച്ചും അവഹേളിച്ചും തളർത്താൻ ശ്രമിക്കുമ്പോഴും സ്വയം ഏറ്റെടുത്ത ദൗത്യവുമായി വിശ്രമമില്ലാതെ പ്രവർത്തിക്കുന്നവർ. കിതച്ചുപോയാലും വീണുപോയാലും മറ്റൊരാൾ ഏറ്റെടുക്കില്ലെന്ന് ഉറപ്പില്ലെന്ന കർമനിയോഗങ്ങളെ പരാതികളില്ലാതെ ഏറ്റെടുത്തവർ.
ധർമടം ഒഴയിൽഭാഗം സുരേന്ദ്രനെ (59) തലശ്ശേരിയിലും പരിസരത്തുമുള്ളവർ വിളിക്കുന്നത് കണ്ടൽ സുരേന്ദ്രൻ എന്നാണ്. കൊല്ലം വള്ളിക്കാവ് സ്വദേശി വി. രവീന്ദ്രൻ പ്രീ ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞ് ധർമടത്ത് ഇളയച്ഛന്റെ വീട്ടിലേക്ക് വരുന്നത് വീട്ടുകാരുടെ നിർബന്ധം മൂലമായിരുന്നു. രാഷ്ട്രീയം കളിച്ചു നടന്ന കൗമാരക്കാരനെ നന്നാക്കിയെടുക്കാനുള്ള വീട്ടുകാരുടെ ഒരു ശ്രമമായിരുന്നു അത്. എവിടെയും എളുപ്പത്തിൽ അലിഞ്ഞു ചേരാനുള്ള സഹജമായ ഒരു വാസനയുള്ളതിനാൽ വള്ളിക്കാവുകാരൻ അതിവേഗം ഉത്തര മലബാറിന്റെ ജീവിതവും രാഷ്ട്രീയവുമായി ഇഴുകിച്ചേർന്നു.
'കലാ, കായിക രംഗത്തായിരുന്നു ആദ്യം താൽപര്യം. സന്നദ്ധപ്രവർത്തനങ്ങളിലും ഏർപ്പെടുമായിരുന്നു. എങ്ങനെയെന്നറിയില്ല, 1990 ഒക്കെയായപ്പോഴേക്ക് പ്രകൃതിയും പരിസ്ഥിതിയും ഒക്കെ ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കൂടുതലായി ഇടപെട്ടു തുടങ്ങി,'' സുരേന്ദ്രൻ പറയുന്നു. കണ്ടൽ സംരക്ഷണവുമായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് 1996 മുതലാണ്. ''അന്ന് പൊക്കുടേട്ടനോടൊപ്പം (കല്ലേൻ പൊക്കുടൻ) പ്രവർത്തിക്കാൻ ഒക്കെ കഴിഞ്ഞിട്ടുണ്ട്.''

എരഞ്ഞോളിപ്പുഴയുടെയും കൊടുവള്ളിപ്പുഴയുടെയും സമീപത്തുകൂടെ സഞ്ചരിച്ചവർക്ക് പുഴയിൽ നിന്ന് വാരിയെടുത്ത മാലിന്യങ്ങൾ ചാക്കുകളിലാക്കി പുഴയോരത്തു തന്നെയായി വഴിയരികിൽ നിരത്തി വച്ചിരിക്കുന്നതു കാണാം. കുപ്പികൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ, അറവുമാലിന്യങ്ങൾ.... ഇതെല്ലാം വേർതിരിച്ച് ചാക്കുകളിലാക്കി കെട്ടിവയ്ക്കുന്നത് ഒരേയൊരാളാണ്. ആരും ഏൽപ്പിച്ചിട്ടൊന്നുമല്ല. പുഴയിലെ മാലിന്യങ്ങൾ എടുത്തുമാറ്റി കണ്ടൽക്കാടുകളെ സംരക്ഷിക്കുക എന്ന വിശുദ്ധദൗത്യം സ്വയം ഏറ്റെടുത്തതിന്റെ ഭാഗമായാണ് സുരേന്ദ്രൻ ഈ ശുചീകരണ പ്രവർത്തനം നടത്തുന്നത്.
മുഷിഞ്ഞ മുണ്ടും ഷർട്ടും കൈകളിൽ ഗ്ലൗസും കട്ടിയുള്ള കാലുറയും ധരിച്ച് മാസ്‌കുമൊക്കെയിട്ട് സുരേന്ദ്രൻ രാവിലെ തന്നെ പണിക്കിറങ്ങുന്നു. ''ഒരു വെറും ചായയും കുടിച്ചിട്ടാണ് പണിക്കിറങ്ങുന്നത്. മാലിന്യങ്ങൾ നീന്തിയെടുക്കുമ്പോൾ ഛർദിക്കാതിരിക്കുന്നതിനാണ് രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത്. രാവിലെ ഒൻപതു മണിയോടെയാരംഭിക്കുന്ന ശുചീകരണം ചിലപ്പോൾ ഉച്ചയ്ക്ക് രണ്ടു മണിയോടെയൊക്കെയാവും അവസാനിക്കുമ്പോൾ''-സുരേന്ദ്രൻ പറയുന്നു.
വികസനമുദ്രാവാക്യത്തിന് ശക്തിയേറിയപ്പോൾ കേരളത്തിലെ കണ്ടലുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഇതു സംബന്ധിച്ച് വനംവകുപ്പിന്റെ കയ്യിലുള്ള കണക്കുകൾ ഞെട്ടിക്കുന്നതാണ്. നാൽപ്പതു വർഷം മുൻപ് 700 ചതുരശ്ര കി.മീറ്ററോളം പ്രദേശത്ത് വളർന്നിരുന്ന കണ്ടൽ ഇപ്പോൾ വെറും 17 കി. മീറ്ററിലേക്ക് ചുരുങ്ങിയിരിക്കുന്നു. കടലോരത്തും കായലോരത്തും നദികളോട് ചേർന്നും അഴിമുഖങ്ങളിലും ഒക്കെയാണ് സാധാരണമായി കണ്ടലുകൾ കണ്ടുവരുന്നത്. കേരളത്തിലെ കണ്ടലുകളിൽ ഭൂരിഭാഗവും സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഭൂമിയിലാണ് വളരുന്നത്.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 2010ൽ പുറത്തിറക്കിയ പഠനസർവേയിൽ കേരളത്തിന്റെ കണ്ടൽ വിസ്തൃതി 25.2 ചതുരശ്ര കി. മീ. ആണെന്നു പറയുന്നു. ''സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള കണ്ടലുകൾ വിവേചനമില്ലാതെ വെട്ടിനശിപ്പിക്കുന്നതു തടയാൻ നിയമമുണ്ടെങ്കിലും അതിനെ മറികടക്കാനുള്ള വിദ്യകൾ അവരുടെ കൈവശമുണ്ട്. നിയമങ്ങൾ കൂടുതൽ കർക്കശമായില്ലെങ്കിലും ഇനി അവശേഷിക്കുന്ന കണ്ടലുകളും അധികം വൈകാതെ അപ്രത്യക്ഷമാകും''-സുരേന്ദ്രൻ പറയുന്നു. കേരളത്തിലെ ആകെ കണ്ടലുകളുടെ 40% കണ്ണൂർ ജില്ലയിലാണ്. കണ്ടൽക്കാട് സംരക്ഷണം എന്ന വിഷയത്തിന്റെ പ്രാധാന്യം കേരള സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ വിജയിച്ച ആദ്യത്തെയാൾ കല്ലേൻ പൊക്കുടൻ എന്ന പരിസ്ഥിതി പ്രവർത്തകൻ ആയിരുന്നു. ''കണ്ടൽ സംരക്ഷണവുമായുള്ള എന്റെ പ്രവർത്തനങ്ങളുടെ ആദ്യനാളുകളിൽ പൊക്കുടേട്ടനോടൊപ്പം (കല്ലേൻ പൊക്കുടൻ) പ്രവർത്തിട്ടുണ്ട്.''
വെറും പ്രീ ഡിഗ്രി വിദ്യാഭ്യാസം മാത്രം കൈമുതലായുള്ള ഒരു ഓട്ടോറിക്ഷ തൊഴിലാളി (ഉപജീവനത്തിനായി ഒരു ഓട്ടോറിക്ഷ ഓടിക്കുന്നുണ്ട് സുരേന്ദ്രൻ) കണ്ടൽക്കാടുകളെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും പുഴയെക്കുറിച്ചുമെല്ലാം സംസാരിക്കുന്നത് ഒരു ഗവേഷകനു മാത്രം കഴിയുന്ന ഉൾക്കാഴ്ചയോടെയാണ്. കണ്ടലുകളുടെ ഇന വൈവിധ്യങ്ങളെക്കുറിച്ചും ഓരോ കാലത്തിലും കണ്ടലുകൾ സന്ദർശിക്കാൻ എത്തുന്ന ദേശാടനപ്പക്ഷികളെക്കുറിച്ചും കണ്ടലുകൾക്കും ചുറ്റുമായും അല്ലാതെയും കാണപ്പെടുന്ന ജലജീവികളെക്കുറിച്ചും നദീതീരത്തു കാണപ്പെടുന്ന മറ്റു സസ്യജാലങ്ങളെക്കുറിച്ചും എല്ലാം സുരേന്ദ്രൻ വാചാലനാവും. ''പുഴ കാണുന്നതിനായും കണ്ടലിനെക്കുറിച്ച് പഠിക്കുന്നതിനും ഒക്കെയായി ധാരാളം വിദ്യാർഥികളും ഗവേഷകരും ഒക്കെ വരും. അവരുമായൊക്കെ ഇടപഴകുന്നതിലൂടെ കിട്ടുന്ന അറിവുകളാണ് ഇതെല്ലാം. പരിസ്ഥിതി വിഷയവുമായി ബന്ധപ്പെട്ടുള്ള ഒരുപാട് സമിതികളിൽ അംഗമായി ഇരുന്നിട്ടുണ്ട്. ഇത്തരം സംഘടനകളുടെ ഭാഗമായപ്പോൾ കിട്ടിയ അറിവുകളും എന്നെ ഈ മേഖലയിൽ സഹായിച്ചിട്ടുണ്ട്''- സുരേന്ദ്രൻ പറയുന്നു.
2022 ജനുവരിയിലാണ് എരഞ്ഞോളിപ്പുഴയിലെ മാലിന്യം നീക്കൽ യജ്ഞം സുരേന്ദ്രൻ ആരംഭിക്കുന്നത്. ''അതിരാവിലെ നാലു മണിക്കെഴുന്നേറ്റാൽ മാത്രമേ എല്ലാം കൃത്യമായി നടക്കൂ. കുടുംബം പോറ്റാനുള്ള പണം സമ്പാദിക്കുകയും വേണമല്ലോ.'' നാലു മണിയോടെ ധർമ്മടത്തു നിന്നും തലശ്ശേരിയിലെത്തുന്ന സുരേന്ദ്രൻ സഹകരണ ആശുപത്രിയുടെ പരിസരത്തുള്ള മൂന്നു ഹോട്ടലുകളിലെയും ഒരു ഹോസ്റ്റലിലെയും അത്യാവശ്യ ജോലികൾ തീർത്തിട്ടാണ് കണ്ടൽ സംരക്ഷണത്തിനും പുഴ ശുചീകരണത്തിനുമായി ഇറങ്ങുന്നത്. ''പൊതുവിൽ നമ്മുടെ സമൂഹം പുഴയെ കാണുന്നത് മാലിന്യം കൊണ്ടുവന്നു തള്ളാനുള്ള ഒരു സ്ഥലം എന്ന നിലയിലാണ്. തലശ്ശേരിയിലും പരിസരത്തുമായി ഇരുപതോളം ബാറുകളുണ്ട്. മദ്യം വാങ്ങിക്കുടിക്കുന്നവർ കുപ്പി വലിച്ചെറിയുന്നത് പുഴയിലേക്കാണ്. വീട്ടിൽ സൂക്ഷിക്കാൻ പറ്റാത്തതെന്തും ആളുകൾ പുഴയിലേക്കെറിയുന്നുണ്ട്. അതിൽ അഭ്യസ്തവിദ്യരും സംസ്‌കാര സമ്പന്നർ എന്നു വിളിക്കുന്നവരും ഒക്കെയുണ്ട്'-സുരേന്ദ്രൻ പറഞ്ഞു.
''ആശുപത്രികളിൽ നിന്നുള്ള മാലിന്യങ്ങൾ വരെ ഞാൻ പുഴയിൽ നിന്ന് പെറുക്കിയെടുത്തിട്ടുണ്ട്. ഇതൊന്നും കൂടാതെയാണ് കക്കൂസ് മാലിന്യം വണ്ടിയിൽ കൊണ്ടുവന്നു തള്ളുന്നത്. ഇതൊക്കെ തടുക്കണമെന്നുണ്ട്. പക്ഷേ, ചെയ്യുന്നവർ വലിയ മാഫിയകളുടെ ഭാഗമാണ്. സർക്കാർ സംവിധാനങ്ങൾ ഇതൊന്നും കാണുന്നില്ല. കുറെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അതൊന്നും പ്രവർത്തനക്ഷമമല്ല എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്. ചില സമർഥരാകട്ടെ, വണ്ടിയോടിച്ചു വന്ന് ക്യാമറകൾ ഇല്ലാത്ത സ്ഥലം നോക്കി മാലിന്യം പുഴയിൽ തള്ളിയിട്ട് പോകും'-സുരേന്ദ്രൻ പറഞ്ഞു. ''ഹരിത കേരളം മിഷൻ ഒക്കെ വലിയ സഹായം ചെയ്യാറുണ്ട്. കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ എന്റെ പ്രവർത്തനം കണ്ടിട്ട് എനിക്ക് ജോലി ചെയ്യാനുള്ള കയ്യുറകളും കാലുറകളും ഒക്കെ തരാനുള്ള ഏർപ്പാടുകൾ ചെയ്തു. തലശ്ശേരി നഗരസഭയിൽ നിന്നുള്ള ശുചീകരണ വിഭാഗം ഞാൻ കരയിൽ കൂട്ടിവച്ചിരിക്കുന്ന മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കാറുണ്ട്'-സുരേന്ദ്രൻ പറഞ്ഞു. എങ്കിൽപോലും, പലപ്പോഴും സുരേന്ദ്രന്റെ പോരാട്ടം ഒരു ഒറ്റയാൾ വിപ്ലവം മാത്രമായി ചുരുങ്ങുകയാണ്.
ചിലപ്പോൾ ആളുകൾ പരിഹസിക്കും. മറ്റു ചിലപ്പോൾ ആക്ഷേപിക്കും. ചിലർ അതിഭയങ്കരമായി ചീത്ത വിളിക്കാറുമുണ്ട്. ''ഞാൻ നഗരസഭയിലെ ശുചീകരണത്തൊഴിലാളിയാണെന്നു കരുതി എന്നോട് ദേഷ്യപ്പെട്ടിട്ടുണ്ട് ആളുകൾ. ഇതെന്താ ഇവിടെ നിന്ന് മാത്രം പെറുക്കുന്നത്. കുറച്ചു മാറി റോഡരികിൽ മാലിന്യമുണ്ടല്ലോ, അതു പോയി പെറുക്കിക്കൂടേ... എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ചിലപ്പോൾ വല്ലാതെ വിഷമം തോന്നും''-സുരേന്ദ്രൻ പറഞ്ഞു.

2022ൽ തുടങ്ങിയ ശുചീകരണയജ്ഞം ഇപ്പോൾ മൂന്നര വർഷം പിന്നിട്ടു. പുഴയോരത്ത് രണ്ടര കി. മീറ്ററോളം ദൂരത്തിൽ ശുചിയാക്കിക്കഴിഞ്ഞു. ''ആറു കി. മീറ്റർ ആണ് ലക്ഷ്യം. മാലിന്യങ്ങൾ നീക്കം ചെയ്താൽ കണ്ടലുകൾ സമൃദ്ധമായി വളരാൻ തുടങ്ങും. അതു നമ്മുടെ പരിസ്ഥിതിയെ ശക്തിപ്പെടുത്തും. വരും തലമുറയ്ക്കു വേണ്ടി നമ്മൾ ഇത്രയെങ്കിലും ചെയ്യണ്ടേ?''-സുരേന്ദ്രൻ ചോദിക്കുന്നു.
കണ്ടൽ സംരക്ഷണത്തിനും പുഴ ശുചീകരണത്തിനുമായി ആരിൽ നിന്നും ഒരു പൈസ പോലും ഇതുവരെ വാങ്ങിച്ചിട്ടില്ലെന്നു സുരേന്ദ്രൻ പറഞ്ഞു. ''ആരോഗ്യം അനുവദിക്കുന്ന അത്രയും നാൾ കണ്ടൽ സംരക്ഷണത്തിനും പുഴ ശുചീകരണത്തിനുമായി പ്രവർത്തിക്കാനാണ് തീരുമാനം. എനിക്കു കഴിയാതെ വന്നാൽ മറ്റാരെങ്കിലും ഇതേറ്റെടുക്കുമോ എന്ന ചിന്തയൊന്നും ഇതുവരെ മനസിനെ അലട്ടിയിട്ടില്ല. ഞാനല്ല, പ്രകൃതിയാണ് വലുത്. അതിന്റെ സംരക്ഷണത്തിനായി ആരെങ്കിലുമൊക്കെ എപ്പോഴും ഉണ്ടാവും. എനിക്ക് നമ്മുടെ നാട്ടിലെ വലിയ ആളുകളോട് ഒന്നേ പറയാനുള്ളൂ. ദയവു ചെയ്ത് നാം ജീവിക്കുന്ന ചുറ്റുപാടുകളെയും നമ്മുടെ പ്രകൃതിയെയും നശിപ്പിക്കുന്ന വിധത്തിൽ പെരുമാറരുത്. നമുക്ക് ശേഷവും ഈ ലോകം നില നിൽക്കണം. ഈ പ്രകൃതിയും നില നിൽക്കണം.' ഭാര്യ ജമീല ആദ്യമൊക്കെ വീട് മറന്നുകൊണ്ടുള്ള സാമൂഹിക പ്രവർത്തനങ്ങളിൽ പരാതി പറയുമായിരുന്നു. ''പറഞ്ഞിട്ട് കാര്യമില്ലെന്നു തോന്നിയിട്ടാവണം, ഇപ്പോൾ ഒന്നും പറയാറില്ല. മാത്രമല്ല, എന്റെ ഈ പ്രവർത്തനങ്ങൾക്കാവശ്യമായ പിന്തുണയും നൽകുന്നുണ്ട്. ' ഏകമകൻ സുജീർ ഡൽഹിയിൽ എൻജിനീയറാണ്. നാട്യങ്ങളും നാടകീയതകളുമില്ലാതെ ഒരു മനുഷ്യൻ നമുക്കിടയിലൂടെ നടക്കുകയാണ്. അവശേഷിക്കുന്ന പച്ചത്തുരുത്തുകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ട്. കണ്ടലുകളുടെ കാവൽക്കാരനായി.

Content Highlights: Kandal Surendran, selfless activist who dedicated his life for the conservation of mangrove forests
Published: 26 Jul 2025, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented