ഓസോൺ സംരക്ഷണത്തിൽനിന്ന് കാലാവസ്ഥാ പ്രതിരോധത്തിലേക്ക് മനുഷ്യരാശി നടത്തിയ യാത്ര, ആഗോള കൂട്ടായ്മയുടെയും പരിസ്ഥിതി നയതന്ത്രത്തിന്റെയും ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന വിജയഗാഥകളിൽ ഒന്നാണ്. അന്തരീക്ഷസംരക്ഷണത്തിനും ആഗോളതാപനത്തെ ചെറുക്കുന്നതിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ പ്രാധാന്യമാണ് 'തണുത്ത ഭൂമിക്കായി ആഗോള പ്രവർത്തനം' (Global Action for a Cooler Planet) എന്ന 2026-ലെ ലോക ഓസോൺദിന പ്രമേയം വ്യക്തമാക്കുന്നത്.

To advertise here,

സൂര്യനിൽനിന്നുള്ള അപകടകരമായ അൾട്രാവയലറ്റ് (UV) വികിരണങ്ങളിൽ നിന്ന് ഭൂമിയിലെ സർവജീവജാലങ്ങളെയും കാത്തുസൂക്ഷിക്കുന്ന പ്രകൃതിയുടെ അത്ഭുതകരമായ അദൃശ്യകവചമാണ് ഓസോൺ പാളി. കോടിക്കണക്കിനു വർഷങ്ങളുടെ സ്വാഭാവികപരിണാമ പ്രക്രിയയിലൂടെ ഭൂമിയിൽ ജീവന്റെ വികാസത്തിനും നിലനിൽപ്പിനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടത് ഈ സംരക്ഷണപാളിയുടെ സാന്നിധ്യംകൊണ്ടാണ്. എന്നാൽ, ഇരുപതാംനൂറ്റാണ്ടിൽ കൈവരിച്ച അനിയന്ത്രിതമായ വ്യാവസായിക മുന്നേറ്റങ്ങളും പ്രകൃതിവിഭവങ്ങളുടെ അശാസ്ത്രീയമായ ചൂഷണവും ഈ പ്രകൃതിദത്ത കവചത്തിന് കടുത്ത ഭീഷണിയുയർത്തി. വ്യാവസായിക ആവശ്യങ്ങൾക്കായി വ്യാപകമായി നിർമിക്കപ്പെട്ട ക്ടോറോഫ്‌ളൂറോകാർബണുകൾ (CFCs), ഹാലോണുകൾ തുടങ്ങിയ കൃത്രിമ രാസവസ്തുക്കൾ അന്തരീക്ഷത്തിലേക്ക് വൻതോതിൽ പുറന്തള്ളപ്പെടുകയും അവ ഉയർന്ന അന്തരീക്ഷപാളികളിലെത്തി ഓസോൺ തന്മാത്രകളെ വിഘടിപ്പിക്കാൻ തുടങ്ങുകയും ചെയ്തു.

ഒരുകാലത്ത് പരിഹരിക്കാനാകാത്ത ആഗോള പരിസ്ഥിതി പ്രതിസന്ധിയായി വ്യാഖ്യാനിക്കപ്പെട്ട ഈ പ്രശ്‌നത്തിന്, ലോകരാജ്യങ്ങൾ അതിരുകൾ മറന്ന് ഒന്നിച്ചപ്പോൾ കൃത്യമായ പരിഹാരം കണ്ടെത്താൻ സാധിച്ചു. ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പുകളെ ഗൗരവമായി കാണുകയും രാഷ്ട്രീയ ഇച്ഛാശക്തിയോടെ നയതന്ത്ര തീരുമാനങ്ങൾ കൈക്കൊള്ളുകയും വ്യവസായ മേഖലയിൽ ആവശ്യമായ സാങ്കേതികമാറ്റങ്ങൾ വരുത്തുകയും ചെയ്തപ്പോൾ പ്രകൃതിയെ വീണ്ടെടുക്കാൻ മനുഷ്യന് സാധിക്കുമെന്ന് ലോകം തെളിയിച്ചു. 1987-ൽ നിലവിൽ വന്ന മോൺട്രിയൽ പ്രോട്ടോക്കോൾ അന്താരാഷ്ട്ര പരിസ്ഥിതികരാറുകളുടെ ചരിത്രത്തിൽ ഏറ്റവും വിജയകരമായ ഒന്നായി അംഗീകരിക്കപ്പെടാനുള്ള കാരണവും ഇതാണ്. 2026-ലെ ഈ ഓസോൺ ദിനത്തിൽ നാം ഉൾക്കൊള്ളേണ്ട പ്രധാന പാഠം, ശാസ്ത്രീയ അടിത്തറയോടെ മനുഷ്യരാശി ഒരുമിച്ചുപ്രവർത്തിച്ചാൽ പ്രകൃതിനേരിടുന്ന സങ്കീർണമായ പ്രശ്‌നങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്താനാകും എന്നതുതന്നെയാണ്.

ഭൂമിയുടെ സ്ട്രാറ്റോസ്പിയർ (Stratosphere) എന്ന അന്തരീക്ഷപാളിയിലാണ് ഓസോൺ വാതകത്തിന്റെ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത്. ഉപരിതലത്തിൽ നിന്ന് ഏകദേശം 15 മുതൽ 35 കിലോമീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ മേഖല, മൂന്ന് ഓക്‌സിജൻ ആറ്റങ്ങൾ ചേർന്നുണ്ടാകുന്ന ഓസോൺ (O3) തന്മാത്രകളാൽ രൂപംകൊള്ളുന്നു. സൂര്യനിൽനിന്ന് ഭൂമിയിലേക്കെത്തുന്ന വികിരണങ്ങളിൽ അപകടകാരികളായ അൾട്രാവയലറ്റ് B(UV-B), അൾട്രാവയലറ്റ്-C(UV-C) കിരണങ്ങളെ വലിയ അളവിൽ ആഗിരണം ചെയ്ത് തടഞ്ഞുനിർത്തുകയാണ് ഇതിന്റെ പ്രധാന ദൗത്യം. ജീവജാലങ്ങളുടെ കോശങ്ങളിലെ ജനിതകഘടനയായ ഡി.എൻ.എ.യെ (DNA) തകരാറിലാക്കാൻ ശേഷിയുള്ള പ്രകാശ തരംഗങ്ങളാണ് അൾട്രാവയലറ്റ് വികിരണങ്ങൾ. അതിനാൽത്തന്നെ, സ്ട്രാറ്റോസ്ഫിയറിലെ ഓസോൺ കവചം ഇല്ലായിരുന്നുവെങ്കിൽ ഭൂമിയിലെ ജൈവവൈവിധ്യം ഇന്നുകാണുന്ന തരത്തിൽ നിലനിൽക്കുമായിരുന്നില്ല.

മനുഷ്യാരോഗ്യത്തിനുപുറമേ, പരിസ്ഥിതി സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുന്നതിലും ഓസോൺ പാളി നിർണായകപങ്ക് വഹിക്കുന്നുണ്ട്. കാർഷികമേഖലയിലും ഭക്ഷ്യസുരക്ഷയിലും യു.വി. വികിരണങ്ങളുടെ വർധന പ്രകടമായ ആഘാതങ്ങൾ സൃഷ്ടിക്കുന്നു. നെല്ല്, ഗോതമ്പ്, സോയാബീൻ തുടങ്ങിയ പ്രാഥമിക ഭക്ഷ്യവിളകളുടെ കോശങ്ങളെ വികിരണങ്ങൾ നശിപ്പിക്കുകയും സസ്യങ്ങളിലെ പ്രകാശസംശ്ലേഷണ പ്രക്രിയയുടെ വേഗം കുറയ്ക്കുകയും ചെയ്യുന്നു. ഇത് കാർഷികവിളവെടുപ്പിൽ വൻ ഇടിവുവരുത്തുകയും ആഗോളതലത്തിൽ ഭക്ഷ്യക്ഷാമത്തിന് വഴിതെളിക്കുകയും ചെയ്യും. സസ്യങ്ങളുടെ ആന്തരികഘടനയിലുണ്ടാകുന്ന ഈ മാറ്റങ്ങൾ പ്രകൃതിയിലെ കാർബൺ ആഗിരണശേഷിയെക്കൂടി ബാധിക്കുന്നുണ്ട്.

സമുദ്ര ആവാസവ്യവസ്ഥയിൽ ഓസോൺ നാശം അങ്ങേയറ്റം ഭീഷണിയുയർത്തുന്നു. സമുദ്ര ഉപരിതലത്തിൽ വസിക്കുന്നതും സമുദ്ര ഭക്ഷ്യശൃംഖലയുടെ അടിസ്ഥാന ഘടകവുമായ ഫൈറ്റോപ്ലാങ്ക്ടണുകൾ (Phytoplankton) അൾട്രാവയലറ്റ് കിരണങ്ങളോട് അത്യന്തം സംവേദനക്ഷമതയുള്ളവയാണ്. യു.വി. വികിരണം വർധിക്കുമ്പോൾ ഈ സൂക്ഷ്മസസ്യങ്ങളുടെ ഉത്പാദനക്ഷമത കുറയുകയും അത് അതിനെ ആശ്രയിച്ചു ജീവിക്കുന്ന ചെറുമീനുകളെയും വലിയ സമുദ്രജീവികളെയും ക്രമേണ നശിപ്പിക്കുകയും ചെയ്യുന്നു.

വ്യാവസായിക മുന്നേറ്റവും സാങ്കേതിക വികാസവും മനുഷ്യജീവിതത്തിന് സുഖസൗകര്യങ്ങൾ നൽകി. എങ്കിലും അതിന്റെ മറുവശത്ത് പ്രകൃതിക്ക് ഭീമമായ വില നൽകേണ്ടിയുംവന്നു. കൃത്രിമ രാസസംയുക്തങ്ങൾ അന്തരീക്ഷത്തിന്റെ താഴ്ന്ന പാളികളിൽ വിഘടിക്കാതെ ദീർഘകാലം നിലനിൽക്കുകയും ക്രമേണ സ്ട്രാറ്റോസ്ഫിയറിലേക്ക് ഉയർന്നുവരുകയും ചെയ്യുന്നു. അവിടെയെത്തുമ്പോൾ സൂര്യനിൽനിന്നുള്ള തീവ്രമായ അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യത്തിൽ ഇവ വിഘടിച്ച് സ്വതന്ത്രക്ലോറിൻ, ബ്രോമിൻ ആറ്റങ്ങളെ പുറന്തള്ളുന്നു. അത്യന്തം രാസപ്രവർത്തന ശേഷിയുള്ള ഈ ക്ലോറിൻ ആറ്റങ്ങൾ ഓസോൺ (O3) തന്മാത്രകളുമായി പ്രതിപ്രവർത്തനത്തിലേർപ്പെടുകയും അവയെ സാധാരണ ഓക്‌സിജൻ (O2) തന്മാത്രകളാക്കി മാറ്റുകയും ചെയ്യുന്നു. പ്രകിയയുടെ ഒടുവിൽ ക്ലോറിൻ ആറ്റം മാറ്റമില്ലാതെ ശേഷിക്കുന്നതിനാൽ, ഒരൊറ്റ ക്ലോറിൻ ആറ്റത്തിന് ലക്ഷക്കണക്കിന് ഓസോൺ തന്മാത്രകളെ തുടർച്ചയായി നശിപ്പിക്കാൻ കഴിയും.

അന്താരാഷ്ട്ര ശാസ്ത്രസമൂഹത്തിന്റെ ഏറ്റവും പുതിയ വിലയിരുത്തലുകൾ പ്രകാരം, സ്ട്രാറ്റോസ്ഫിയറിലെ ഓസോൺ പാളി ക്രമേണ സ്വയം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. നിലവിലെ ആഗോളനയങ്ങൾ തുടരുകയാണെങ്കിൽ, 2040-ഓടെ ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും 2066-ഓടെ അന്റാർട്ടിക്കയിലും ഓസോൺ സാന്ദ്രത 1980-നുമുമ്പുണ്ടായിരുന്ന സ്വാഭാവികനിലയിലേക്ക് തിരിച്ചെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, ഓസോൺ സംരക്ഷണത്തിൽനിന്ന് പുതിയൊരു ഭീഷണി ഉയർന്നുവന്നു. റഫ്രിജറേറ്റർപോലുള്ള ഉപകരണങ്ങളിൽ ഉപയോഗിച്ചുതുടങ്ങിയ ഹൈഡ്രോഫ്‌ളൂറോകാർബണുകൾ (HFCs) ഓസോൺപാളിയെ നശിപ്പിക്കുന്നില്ലെങ്കിലും അവ അത്യന്തം അപകടകാരികളായ ഹരിതഗൃഹവാതകങ്ങൾ (Greenhouse Gases) ആണെന്ന് ശാസ്ത്രലോകം കണ്ടെത്തി. കാർബൺ ഡൈ ഓക്‌സൈഡിനെക്കാൾ ആയിരക്കണക്കിന് മടങ്ങ് താപത്തെ അന്തരീക്ഷത്തിൽ തടഞ്ഞുനിർത്താൻ HFC വാതകങ്ങൾക്ക് ശേഷിയുണ്ടായിരുന്നു. ഇത് ഓസോൺ പ്രശ്‌നം പരിഹരിച്ചെങ്കിലും ആഗോളതാപനം ശക്തിപ്പെടാൻ ഇടയാക്കുമെന്ന പുതിയ ആശങ്ക സൃഷ്ടിച്ചു.

ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി 2016-ൽ റുവാൺഡയിലെ കിഗാലിയിൽെവച്ച് മോൺട്രിയൽ പ്രോട്ടോക്കോളിൽ ചരിത്രപരമായ ഒരു ഭേദഗതി വരുത്തി. ഇത് 'കിഗാലി ഭേദഗതി' (Kigali Amendment) എന്നറിയപ്പെടുന്നു. ഓസോൺ സംരക്ഷണത്തിനൊപ്പം ആഗോള കാലാവസ്ഥാവ്യതിയാനത്തെയും നേരിടാനുള്ള കരാറിന്റെ വ്യാപ്തി വർധിപ്പിക്കലായിരുന്നു ഇത്. വരും ദശകങ്ങളിൽ HFC വാതകങ്ങളുടെ ഉത്പാദനവും ഉപയോഗവും 80 ശതമാനത്തിലധികം കുറയ്ക്കാൻ കിഗാലി ഭേദഗതി വ്യവസ്ഥചെയ്യുന്നു. ഇത് പൂർണമായി നടപ്പാക്കുകയാണെങ്കിൽ, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള താപനിലയിൽ ഉണ്ടാകാമായിരുന്ന 0.5 ഡിഗ്രിസെൽഷ്യസ് വരെയുള്ള വർധന ഒഴിവാക്കാൻ കഴിയും. 'തണുത്ത ഭൂമിക്കായി ആഗോള പ്രവർത്തനം' എന്ന 2026-ലെ ലോക ഓസോൺദിന സന്ദേശം പ്രസക്തമാകുന്നത് ഈ പശ്ചാത്തലത്തിലാണ്.