കാലവർഷക്കാലമാണെങ്കിലും കേരളത്തിലിപ്പോൾ ഫലത്തിൽ വേനൽക്കാല പ്രതീതിയാണല്ലോ. പരമാവധി 30 - 32 ഡിഗ്രി സെൽഷ്യസിൽ നിൽക്കേണ്ട പകൽ താപനില ഇപ്പോൾ 35 - 36 ഡിഗ്രി വരെയാണ് ഉയരുന്നത്. പകൽ സമയം മാത്രമല്ല, രാത്രിയിലും അസാധാരണമാം വിധം ഉയർന്ന താപനിലയാണ്. കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് സംസ്ഥാനത്ത് വലിയ മഴക്കുറവ് ഉണ്ടാകുന്നത്. കാലവർഷക്കാലത്ത് ഇതിനകം തന്നെ 25 ശതമാനത്തിലധികം മഴക്കുറവാണ് കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതിൽ തന്നെ വയനാട്ടിൽ 52 ശതമാനവും ഇടുക്കിയിൽ 46 ശതമാനവുമാണ് മഴക്കുറവ്.

To advertise here,

ഇത്തവണ വേനൽമഴ കുറവായിരുന്നു എന്നതും, എൽനിനോ ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ തുലാവർഷം വലിയ ചോദ്യചിഹ്നമായി നിൽക്കുന്നു എന്നതും സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. മഴക്കുറവിനേക്കാൾ അതിന്റെ ഫലമായി ഉണ്ടായ വൈദ്യുതി പ്രതിസന്ധിയാണിന്ന് സംസ്ഥാനത്തെ പ്രധാന ചർച്ചാവിഷയം. മഴക്കുറവ് ഒരേസമയം നമ്മുടെ വൈദ്യുതി ലഭ്യതയിൽ ഗണ്യമായ കുറവുവരുത്തുകയും ആവശ്യകത കുതിച്ചുയരാൻ ഇടയാക്കുകയും ചെയ്തിട്ടുണ്ട്. മിക്കയിടങ്ങളിലും ഋതുഭേദങ്ങൾക്കനുസരിച്ച് വൈദ്യുതിയുടെ ആവശ്യകതയിൽ ഗണ്യമായ മാറ്റങ്ങളുണ്ടാകും. എന്നാൽ, അതിനപ്പുറം ഒരേ ഋതുവിൽ തന്നെ വ്യത്യസ്ത ദിവസങ്ങളിൽ താപനിലയിലുണ്ടാകുന്ന മാറ്റങ്ങളും വൈദ്യുതിയുടെ ആവശ്യകതയിൽ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുന്നുണ്ട്. വ്യാവസായിക-കാർഷിക മേഖലകളിൽ ഗണ്യമായ വൈദ്യുതി ഉപയോഗമുള്ള സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, കേരളത്തിൽ വൈദ്യുതി ഉപയോഗത്തിന്റെ സിംഹഭാഗവും ഗാർഹിക-വാണിജ്യ മേഖലകളിലാണ്. അതിനാൽ തന്നെ, കാലാവസ്ഥയ്ക്കനുസരിച്ചുള്ള വൈദ്യുതി ആവശ്യകതയിലെ ഈ വ്യതിയാനം ഇവിടെ കൂടുതൽ പ്രകടമാണ്. ഭാവിയിലെ വൈദ്യുതി ആസൂത്രണത്തിൽ ദൈനംദിന അടിസ്ഥാനത്തിൽ തന്നെ കാലാവസ്ഥയെയും ഉൾച്ചേർക്കേണ്ടിയിരിക്കുന്നു.

ഒരുപക്ഷേ, കളമശ്ശേരിയിലുള്ള വൈദ്യുതി ബോർഡിന്റെ ലോഡ് ഡെസ്പാച്ച് സെന്ററും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ (CUSAT) കാലാവസ്ഥാ വിഭാഗവും തമ്മിലെ കൂട്ടുകെട്ട് ഈ ദിശയിൽ ഏറെ ഗുണം ചെയ്‌തേക്കാം. സംസ്ഥാനത്ത് സമീപകാലത്ത് ഇതിനുമുമ്പ് വലിയ മഴക്കുറവ് അനുഭവപ്പെട്ടത് 2016-ലും 2023-ലുമാണ്. 2016 - 17 കാലയളവിൽ സംസ്ഥാനം വലിയ വരൾച്ച നേരിട്ടിരുന്നു. എന്നാൽ അന്ന് നമുക്ക് ആവശ്യത്തിലധികം വൈദ്യുതി പുറത്തുനിന്ന് ലഭ്യമായിരുന്നതിനാൽ, മഴക്കുറവ് കാര്യമായ വൈദ്യുതിക്ഷാമത്തിലേക്ക് നയിച്ചിരുന്നില്ല. കേരളത്തിന്റെ സമീപകാല വൈദ്യുതി ഉപയോഗം വിശകലനം ചെയ്യുമ്പോൾ അത് 2023-ന് മുമ്പും ശേഷവും എന്ന് വേർതിരിച്ചു കാണേണ്ടിവരും.

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ വൈദ്യുതി ആവശ്യകതയിൽ ഏറ്റവും വലിയ വർദ്ധനവുണ്ടായത് 2023 - 24 ലാണ്. 2022 - 23 ൽ കേരളം ഉപയോഗിച്ചത് 27,740 ദശലക്ഷം യൂണിറ്റ് (MU) വൈദ്യുതിയായിരുന്നുവെങ്കിൽ 2023 - 24 ൽ അത് 30,938 ദശലക്ഷം യൂണിറ്റായി കുതിച്ചുയർന്നു. നേരത്തെ പ്രതിവർഷം ശരാശരി 1,000 ദശലക്ഷം യൂണിറ്റിനടുത്ത് വർദ്ധനവുണ്ടായിരുന്ന സ്ഥാനത്താണ് 2023 - 24 ൽ 3,200 ദശലക്ഷം യൂണിറ്റോളം അധിക വൈദ്യുതി വേണ്ടിവന്നത്.

ആഗോളതലത്തിനൊപ്പം കേരളത്തിലും അന്തരീക്ഷ താപനിലയിലുണ്ടായ വൻ വർധനവാണ് വൈദ്യുതി ഉപയോഗത്തിലെ ഈ കുതിച്ചുചാട്ടത്തിന് കാരണം. ആഗോളതലത്തിൽ ഒരു വർഷത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപവർദ്ധനവ് 2023-ലാണ്. 2021-ലും 2022-ലും 1850-1900 കാലഘട്ടത്തെ അപേക്ഷിച്ച് 1.1 - 1.2 °C അധികമായിരുന്നു താപനിലയെങ്കിൽ, 2023-ൽ ഇത് 1.4 °C-ന് മുകളിലും 2024-ൽ 1.5 °C-ന് മുകളിലുമായി ഉയരുകയായിരുന്നു. 2025-ൽ താപനിലയിൽ നേരിയ കുറവുണ്ടായെങ്കിലും 2023, 2024 വർഷങ്ങൾക്കൊപ്പം ഏറ്റവും ചൂടുകൂടിയ മൂന്ന് വർഷങ്ങളിലൊന്നായി ഇതും കണക്കാക്കപ്പെട്ടു (ശരാശരി താപവർദ്ധനവ് 1.48 °C). നടപ്പുവർഷത്തിലും ചൂട് വീണ്ടും വർദ്ധിക്കുന്ന പ്രവണതയാണ് കാണുന്നത്. 2027 ഏറ്റവും ചൂടുകൂടിയ വർഷമായിരിക്കുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. പ്രതിദിന ഉപയോഗത്തിലും പീക്ക് ഡിമാന്റിലും സമാനമായ കുതിച്ചുചാട്ടമാണ് 2023-ലെയും 2024-ലെയും വേനൽക്കാലത്തുണ്ടായത്. 2023 മാർച്ചിനു മുമ്പ് ഏറ്റവും ഉയർന്ന പ്രതിദിന വൈദ്യുതി ഉപയോഗം 93 ദശലക്ഷം യൂണിറ്റിനടുത്തായിരുന്നത് ആ വേനലിൽ 103 ദശലക്ഷം യൂണിറ്റായും, 2024 മേയ് മാസത്തിൽ 115.9 ദശലക്ഷം യൂണിറ്റായും ഉയർന്നു. ഉയർന്ന പീക്ക് ഡിമാൻഡ് 4,400 മെഗാവാട്ടിൽ (MW) നിന്ന് 2023-ലെ വേനലിൽ 5,024 മെഗാവാട്ടായും 2024-ൽ 5,700 മെഗാവാട്ടിന് മുകളിലായും ഉയർന്നു. 2023 - 24 ൽ ആദ്യമായി 30,000 ദശലക്ഷം യൂണിറ്റ് കടന്ന വാർഷിക വൈദ്യുതി ഉപയോഗം, തൊട്ടടുത്ത രണ്ടു വർഷങ്ങളിലും 31,000 ദശലക്ഷം യൂണിറ്റിന് മുകളിൽ തന്നെ തുടരുകയുണ്ടായി. കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ കാലവർഷക്കാലത്ത് ഓരോ മാസത്തിലും രേഖപ്പെടുത്തിയ പരമാവധി പ്രതിദിന ഉപയോഗവും പീക്ക് ഡിമാന്റും താഴെ നൽകുന്നു:

ഇത്തവണ ഇതിനകം തന്നെ മുൻവർഷത്തേക്കാൾ 10 ശതമാനത്തിനടുത്ത് വർദ്ധനവാണ് കാണിക്കുന്നത്. അടുത്ത വേനൽ ഏറെ കഠിനമായിരിക്കുമെന്ന മുന്നറിയിപ്പുകൾ കൂടി കണക്കിലെടുക്കുമ്പോൾ, നടപ്പുവർഷം വൈദ്യുതിയുടെ ആവശ്യകതയിൽ വീണ്ടും കുതിച്ചുചാട്ടത്തിനുള്ള സാധ്യത തെളിയുന്നു. അതിലുപരി, മനുഷ്യർ പുറന്തള്ളിയ ഹരിതഗൃഹ വാതകങ്ങളുടെ പ്രഭാവം കൊണ്ടുതന്നെ വരുംവർഷങ്ങളിൽ ഭൂമിയുടെ ചൂട് ഇനിയും ഉയരുമെന്നുറപ്പാണ്. മനുഷ്യർ ഇപ്പോഴും റെക്കോർഡ് തോതിൽ തന്നെ കാർബൺ ഡയോക്‌സൈഡും മറ്റ് ഹരിതഗൃഹ വാതകങ്ങളും പുറന്തള്ളിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോൾ, ആഗോള താപവർദ്ധനവ് എത്രത്തോളമെത്തുമെന്ന് പ്രവചിക്കാൻ പോലും സാധിക്കില്ല. അതിന്റെ പ്രഭാവം കേരളത്തിലും തീർച്ചയായും അനുഭവപ്പെടുമല്ലോ. അതിനാൽ നമുക്കിനിയും കൂടുതൽ വൈദ്യുതി ആവശ്യമായി വന്നേക്കാം. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റവും വൈദ്യുതി ആവശ്യകത വർദ്ധിപ്പിക്കുന്ന പ്രധാന ഘടകമാണ്. ഈ പശ്ചാത്തലത്തിൽ കേരളത്തിന്റെ ഭാവി വൈദ്യുതി ആസൂത്രണം ഏറെ പ്രസക്തമാകുന്നു. കാലാവസ്ഥാ പ്രതിസന്ധി വർദ്ധിപ്പിക്കുന്നതിനോ മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനോ ഇടയാക്കാത്ത സുസ്ഥിര സാധ്യതകൾ വേണം നാം ഇനി തേടുവാൻ.

(ഓൾ കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റും എഴുത്തുകാരനുമാണ് ലേഖകൻ)