കടലാമകള്‍ക്കായി ഭൂപടത്തിലില്ലാത്ത ദ്വീപുകള്‍ തേടിയ ഗവേഷകന്‍


By ജോസഫ് ആന്റണി | jamboori@gmail.com

6 min read
Read later
Print
Share

സതീഷ് ഭാസ്‌ക്കർ ഗോവൻ ബീച്ചിൽ, 2013 ലെ ചിത്രം | ഫോട്ടോ : ജോസഫ് ആന്റണി

ജീവികളുടെ ഭൂപടത്തില്‍നിന്ന് ഒരു ജീവിവര്‍ഗം അപ്രത്യക്ഷമാകുന്നത് ചെറുക്കാന്‍ ഭൂപടത്തിലില്ലാത്ത ദ്വീപുകള്‍ തേടി നടന്ന ഗവേഷകന്‍ എന്ന്, കഴിഞ്ഞ ദിവസം (മാര്‍ച്ച് 22, 2023) ബാംഗ്ലൂരില്‍ അന്തരിച്ച സതീഷ് ഭാസ്‌കറെ വിശേഷിപ്പിക്കാം. ഇന്ത്യയില്‍ കടലാമഗവേഷണം രണ്ടു പതിറ്റാണ്ടോളം ഒറ്റയാള്‍ പട്ടാളത്തെപ്പോലെ സ്വന്തം ചുമലിലേറ്റി നടന്നയാളാണ് അദ്ദേഹം. ജനനം കൊണ്ട് ചെറായിക്കാരന്‍ ആണെങ്കിലും, കേരളീയര്‍ ഇനിയും തിരിച്ചറിയാത്ത ആ വ്യക്തിത്വത്തെ പറ്റി 2013 ജൂലായ് 7 ന് മാതൃഭൂമി വാരന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

ക്ഷദ്വീപിലെ ആള്‍പ്പാര്‍പ്പില്ലാത്ത ചെറുദ്വീപായ സുഹേലി വലിയകരയില്‍നിന്ന് മണ്‍സൂണ്‍ കാലത്തെ പ്രക്ഷുബ്ദമായ കടലലിലേക്കാണ്, കുപ്പിയിലടച്ച് ഭദ്രമാക്കിയ ആ കത്ത് സതീഷ് ഭാസ്‌ക്കര്‍ 'പോസ്റ്റു'ചെയ്തത്. ചെന്നൈയില്‍ തന്റെ പ്രിയതമയ്ക്കുള്ളതായിരുന്നു കത്ത്. കേരളതീരത്തോ ഗോവയിലോ അടിയുന്ന ആ 'കുപ്പിക്കത്ത്' ആരെങ്കിലും കണ്ടെടുത്ത് ചെന്നൈയിലേക്ക് അയച്ചുകൊള്ളുമെന്ന് സതീഷ് കരുതി.

കടലിലൂടെ ആ കത്ത് പോയത് പക്ഷേ, ശ്രീലങ്കയ്ക്കാണ്! 1982 ജൂലായ് 3 ന് അയച്ച കത്ത് 24 ദിവസംകൊണ്ട് 800 കിലോമീറ്റര്‍ ഒഴുകി ശ്രീലങ്കയിലെത്തി. അന്തോണി ഡമേഷ്യസ് എന്ന മത്സ്യത്തൊഴിലാളിക്കാണ് അത് കിട്ടിയത്. കത്തിലെ വാചകങ്ങള്‍ ആ മത്സ്യത്തൊഴിലാളിയെ ഏറെ സ്പര്‍ശിച്ചു. തനാരാണെന്നും ആ കത്ത് തനിക്ക് എത്രമാത്രം മതിപ്പുളവാക്കിയെന്നും കാണിച്ച് ഒരു കവറിങ് ലറ്ററും, സ്വന്തം കുടുംബഫോട്ടോയും ചേര്‍ത്താണ് അതയാള്‍ ചെന്നൈയിലേക്ക് അയച്ചത്. 'നിങ്ങള്‍ കുടുംബസമേതം ശ്രീലങ്കയ്ക്ക് ഒരിക്കല്‍ വരണം' എന്ന് സ്‌നേഹപൂര്‍വ്വം ക്ഷണിക്കാനും ആ മത്സ്യത്തൊഴിലാളി മറന്നില്ല.

ആ മണ്‍സൂണ്‍ കാലത്ത് കടലിന് നടുവിലെ ദ്വീപില്‍ ഏകനായി കഴിയുന്ന ഭര്‍ത്താവിന്റെ കത്ത് വായിച്ച് ബൃന്ദയ്ക്ക് കണ്ണീരടക്കാന്‍ കഴിഞ്ഞില്ല. സതീഷ് ഭാസ്‌ക്കര്‍ എന്ന മനുഷ്യന്‍ പെരുമഴയത്ത് ആ വിദൂര ദ്വീപില്‍ ഒറ്റയ്ക്ക് കഴിയുന്നത് എന്തിനെന്ന് മനസിലാക്കിയ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ഹാരി മില്ലര്‍, കടലിലൂടെ ഒഴുകിയെത്തിയ ആ കത്തിന്റെ വിവരം ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ വാര്‍ത്തയാക്കി. വാര്‍ത്തയുടെ തലവാചകം ഇങ്ങനെയായിരുന്നു : 'റോബിന്‍സണ്‍ സതീഷ് ഭാസ്‌ക്കര്‍'! ('റോബിന്‍സണ്‍ ക്രൂസോ' എന്ന നോവല്‍ നാമം ഓര്‍ക്കുക).

മണ്‍സൂണ്‍ കാലത്ത് മുട്ടയിടാനെത്തുന്ന ഗ്രീന്‍ കടലാമകളെക്കുറിച്ച് പഠിക്കാന്‍ അറബിക്കടലിലെ വിജനദ്വീപില്‍ അഞ്ചുമാസം ഒറ്റയ്ക്ക് കഴിയുകയായിരുന്നു സതീഷ് ഭാസ്‌ക്കര്‍. ഭാര്യ ബൃന്ദയെയും മൂന്നുമാസം മാത്രം പ്രായമായ തന്റെ കടിഞ്ഞൂല്‍ പുത്രിയെയും ചെന്നൈയില്‍ വിട്ടിട്ടാണ് ആ ദൗത്യത്തിന് അദ്ദേഹം പുറപ്പെട്ടത്. ജനവാസമുള്ള അടുത്ത പ്രദേശം കവറത്തി ദ്വീപാണ്. സുഹേലിയില്‍ നിന്ന് 52 കിലോമീറ്റര്‍ കടല്‍ താണ്ടിയാലേ അവിടെയെത്തൂ. മണ്‍സൂണിലെ പെരുമഴയത്ത് പ്രക്ഷുബ്ദമായ കടല്‍ താണ്ടി ഒരു ബോട്ടും സുഹേലിക്ക് വരില്ല. അതാണ് ഭാര്യയ്ക്കുള്ള കത്ത് കുപ്പിയിലടച്ച് കടലില്‍ 'പോസ്റ്റു'ചെയ്യാന്‍ സതീഷിനെ പ്രേരിപ്പിച്ച സംഗതി!

ഇന്ത്യയില്‍ കടലാമഗവേഷണത്തിന്റെ ആദ്യകാല ചരിത്രത്തില്‍ ഇത്തരം ഒട്ടേറെ കഥകള്‍ കണ്ടെത്താനാകും. സാഹസികതയുടെയും അപൂര്‍വ്വതയുടെയും പരിവേഷമുള്ളവ. കഥകള്‍ പലതാണെങ്കിലും പക്ഷേ, അതിലെല്ലാം ഒറ്റ നായകനെയേ കാണാനാകൂ. സതീഷ് ഭാസ്‌ക്കര്‍ എന്ന സൗമനായ മനുഷ്യനെ മാത്രം! ഇന്ത്യന്‍ തീരങ്ങളിലും വിദൂരദ്വീപുകളിലും കടലാമകളുടെ വരവും പോക്കും അറിയാന്‍ ആദ്യമായി അലഞ്ഞയാണ് അദ്ദേഹം. ഇന്ത്യയില്‍ കടലാമഗവേഷണം രണ്ടുപതിറ്റാണ്ടോളം ഒറ്റയാള്‍ പട്ടാളത്തെപ്പോലെ സ്വന്തം ചുമലില്‍ പേറിയ മനുഷ്യന്‍. ജനിച്ചത് കേരളത്തിലാണെങ്കിലും ഒരിക്കലും കേരളീയര്‍ തിരിച്ചറിയാത്ത വ്യക്തിത്വം.

'സ്‌കൂള്‍കുട്ടിയുടെ ഭാഗത്തുനിന്ന് നോക്കിയാല്‍, എന്റെ ജീവിതം ഒരു കെട്ടുകഥ പോലെ തോന്നാം'-തെക്കന്‍ ഗോവയില്‍ കാന ബനോളിയിലെ വസതിയിലിരുന്ന് പഴയകാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതിനിടെ സതീഷ് പറഞ്ഞു.

സതീഷ് ഭാസ്‌ക്കര്‍ സീ ക്രെയ്റ്റ് ഇനത്തില്‍പെട്ട
വിഷമില്ലാത്ത കടല്‍പ്പാമ്പുകളെയും കഴുത്തില്‍ ചുറ്റി
- 1995 ല്‍ ആന്‍ഡമാനിലെ
സൗത്ത് റീഫ് ഐലന്‍ഡില്‍ നിന്നുള്ള ദൃശ്യം.
ഫോട്ടോ കടപ്പാട്: സതീഷ് ഭാസ്‌ക്കര്‍

മദ്രാസ്സ് ഐ.ഐ.ടി.യില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് പഠിച്ച സതീഷാണ് ഇന്ത്യയില്‍ കടലാമഗവേഷണത്തിന് അടിത്തറയിട്ടതെന്ന് പറയുമ്പോള്‍, 7500 കിലോമീറ്റര്‍ വരുന്ന ഇന്ത്യന്‍ തീരം മുഴുവന്‍ ഈ മനുഷ്യന്‍ കാല്‍നടയായി പിന്നിട്ടുവെന്ന് അറിയുമ്പോള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ മേഖല ഉള്‍പ്പടെ ഇന്ത്യയിലെ 670 ഓളം ദ്വീപുകളില്‍ കടലാമകള്‍ക്കായി ഇദ്ദേഹം പര്യടനം നടത്തിയ കഥ കേള്‍ക്കുമ്പോള്‍, കൊലയാളി സ്രാവുകള്‍ നിറഞ്ഞ എത്രയോ കടലിടുക്കുകള്‍ അതിനായി നീന്തിക്കടന്നിട്ടുണ്ടെന്ന് മനസിലാക്കുമ്പോള്‍, നദീതടങ്ങളിലും കായലോരങ്ങളിലും ചീങ്കണ്ണികള്‍ ഇദ്ദേഹത്തോട് കാട്ടിയ സൗജന്യത്തെക്കുറിച്ചറിയമ്പോള്‍, ഭൂമുഖത്തെ ഏറ്റവും വിഷമേറിയ മത്സ്യമായ സ്‌റ്റോണ്‍ഫിഷിന്റെയും കൊടിയവിഷമുള്ള പാമ്പുകളുടെയും കാട്ടാനയുടെയും ആക്രമണങ്ങളില്‍നിന്ന് തലമുടിനാരിഴ വ്യത്യാസത്തില്‍ അദ്ദേഹം രക്ഷപ്പെട്ടകാര്യം കേട്ട് അത്ഭുതപ്പെടുമ്പോള്‍-ഉറപ്പാണ്, കെട്ടുകഥകള്‍ പോലും തോല്‍ക്കുന്നതായി തോന്നും!

കടലാമകളെ സംബന്ധിച്ചിടത്തോളം നമ്മുടെ രാജ്യത്ത് ആന്‍ഡമാന്‍ നിക്കോബാര്‍ മേഖല പോലുള്ള ദ്വീപ് ശൃംഖലകളാണ് പ്രധാനമെന്ന് സതീഷ് കണ്ടെത്തി. അതില്‍തന്നെ ആള്‍പ്പാര്‍പ്പില്ലാത്ത ചെറുദ്വീപുകള്‍. 'ഏതാണ്ട് 400 മീറ്റര്‍ നീളവും90 മീറ്റര്‍ മാത്രം വീതിയുമുള്ള അത്തരം ദ്വീപുകള്‍ ഭൂപടത്തില്‍ പോലും കണ്ടെന്ന് വരില്ല'-അദ്ദേഹം പറയുന്നു. ജീവികളുടെ ഭൂപടത്തില്‍നിന്ന് അപ്രത്യക്ഷമാകാതിരിക്കാന്‍ കടലാമകള്‍ക്ക് താങ്ങാകുന്നത് ഭൂപടത്തിലില്ലാത്ത അത്തരം ദ്വീപുകളാണ്. ശുദ്ധജലം പോലും ലഭ്യമല്ലാത്ത ആ വിദൂരദ്വീപുകളിലായിരുന്നു സതീഷിന്റെ പ്രവര്‍ത്തനം ഏറെയും.

1977 ലാണ് സതീഷ് കടലാമകളെക്കുറിച്ചുള്ള പഠനം ആരംഭിക്കുന്നത്. ഗുജറാത്ത് തീരം മുതല്‍ അധികമാരും സന്ദര്‍ശിച്ചിട്ടില്ലാത്ത രാജ്യത്തെ ഏറ്റവും വിദൂര പ്രദേശങ്ങളിലൊന്നായ മെറോ (Meroe) ദ്വീപില്‍ വരെ ആ പര്യവേക്ഷണങ്ങള്‍ നീണ്ടു. ഇന്ത്യയില്‍ മാത്രമല്ല, ന്യൂ ഗിനി പോലെ ഇന്‍ഡൊനീഷ്യയുടെ വിദൂരതീരങ്ങളിലും കടലാമഗവേഷണത്തിന് തുടക്കമിടാന്‍ സതീഷിന് കഴിഞ്ഞു. 1984-1985 കാലത്താണ് ഡബ്ല്യു.ഡബ്ല്യു.എഫ് -ഇന്‍ഡൊനീഷ്യയുടെ ക്ഷണംസ്വീകരിച്ച് ന്യൂ ഗിനിയുടെ പടിഞ്ഞാറേ അറ്റത്തുള്ള വൊഗല്‍കോപ്ഫ് തീരത്ത് അദ്ദേഹം പഠനം നടത്തുന്നത്.

'ഞാന്‍ കടലാമകളെക്കുറിച്ച് പഠിക്കാന്‍ തുടങ്ങിയ കാലത്ത്, ആ ജീവികളുടെ പ്രജനനകേന്ദ്രങ്ങളായ കടലോരങ്ങള്‍ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യം പോലും ആളുകള്‍ക്ക് അറിയുമായിരുന്നില്ല'-സതീഷ് ഓര്‍ക്കുന്നു. 'പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ തന്നെ അതിന്റെ പ്രധാന്യം എനിക്ക് ബോധ്യമായി'.

എവിടെയാണ് കടലാമകള്‍ എത്തുന്നത്, എത്രയെണ്ണം എത്തുന്നു, ഏതൊക്കെ ഇനങ്ങള്‍ എത്തുന്നു, എപ്പോഴാണ് പ്രജനന സീസണ്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായിരുന്നു സതീഷിന്റെ ശ്രമം. 'ഇതില്‍ ചിലതിന്റെ ഉത്തരം എനിക്ക് കണ്ടെത്താനായി. ഞാന്‍ ആകെ ചെയ്തതായി എനിക്ക് തോന്നുന്നത് ഇതുമാത്രമാണ്'. അല്ലാതെയുള്ള ഒരു അവകാശവാദത്തിനും സതീഷ് തയ്യാറല്ല.

ലതര്‍ബാക്ക് കടലാമയുടെ മുട്ടയും കുഞ്ഞും | ഫോട്ടോ: സതീഷ് ഭാസ്‌ക്കര്‍

പാറയില്‍ ഭാസ്‌ക്കരന്റെയും ചെറിയചാണാശ്ശേരി രാമന്‍ പത്മിനിയുടെയും ഏക സന്താനമായി 1946 സപ്തംബര്‍ 11 ന് എറണാകളും ജില്ലയിലെ ചെറായിയിലാണ് സതീഷ് ഭാസ്‌ക്കറിന്റെ ജനനം. ഇരിങ്ങാലക്കുട സ്വദേശിയായിരുന്ന ഭാസ്‌ക്കരന്‍ പട്ടാളത്തില്‍ മേജറായിരുന്നു; പത്മിനി ചെറായി സ്വദേശിയും. കേരളത്തിന് പുറത്ത് വിവിധ സ്ഥലങ്ങളിലായിട്ടായിരുന്നു സതീഷിന്റെ ആദ്യകാല വിദ്യാഭ്യാസം. ഷില്ലോങിലെ സെന്റ് എഡ്മണ്ട് കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പാസായ സതീഷ്, മദ്രാസ്സ് ഐ.ഐ.ടി.യില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങിന് ചേര്‍ന്നു.

ചെന്നൈയില്‍ വെച്ച് കടലിനോട് തോന്നിയ പ്രണയമാണ് ഒരര്‍ഥത്തില്‍ ആ വിദ്യാര്‍ഥിയെ കടലാമഗവേഷണത്തിലേക്ക് എത്തിച്ചത്. 'കടലില്‍ നീന്തുന്നത് (ബോഡി സര്‍ഫിങ്) എനിക്ക് ഹരമായി'-സതീഷ് ഓര്‍ക്കുന്നു. മദ്രാസ്സ് സ്‌നേക്ക് പാര്‍ക്കിന്റെ സ്ഥാപകനും പ്രശസ്ത ഉരഗജീവി വിദഗ്ധനുമായ റോമുലസ് വിറ്റേക്കറുമായി സതീഷ് പരിചയപ്പെടുന്നതും ആ സമയത്താണ്. ആ പരിചയം സതീഷിന്റെ മാത്രമല്ല, ഇന്ത്യയിലെ കടലാമഗവേഷണത്തിന്റെയും ശിരോലിഖിതം മാറ്റിയെഴുതി. ഐ.ഐ.ടി.യ്ക്ക് പകരം സ്‌നേക്ക്പാര്‍ക്കിലായി സതീഷിന്റെ ശ്രദ്ധ, എന്‍ജിനിയറിങ് ഗ്രന്ഥങ്ങള്‍ക്ക് പകരം ബയോളജി പുസ്തകങ്ങളായി വായന!

വിറ്റേക്കര്‍ ആ സമയത്ത് ചീങ്കണ്ണികളെക്കുറിച്ച് പഠിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ച സമയമാണ്. 'കടലാമകളെക്കുറിച്ച് പഠിക്കാനും ഞങ്ങള്‍ ആഗ്രഹിച്ചു. അതിനൊരു മുഴുവന്‍ സമയ പ്രവര്‍ത്തകനെ ഞങ്ങള്‍ക്ക് വേണ്ടിയിരുന്നു''-2010 ല്‍ ഒരു അഭിമുഖത്തില്‍ വിറ്റേക്കര്‍ പറഞ്ഞു. കടലിനെ പ്രണിയിക്കുന്ന സതീഷ് ആയിരുന്നു അതിന് വിറ്റേക്കര്‍ കണ്ടെത്തിയ വ്യക്തി. എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കാതെ കടലാമകളുടെ രഹസ്യങ്ങള്‍ തേടി ആ യുവാവ് പുറപ്പെട്ടു.

മദ്രാസ് സ്‌നേക്ക് പാര്‍ക്കിന്റെ 'ഫീല്‍ഡ് ഓഫീസര്‍' എന്ന നിലയ്ക്കാണ് സതീഷ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഡബ്ല്യു.ഡബ്ല്യു.എഫ്-ഇന്ത്യ അദ്ദേഹത്തെ റിക്രൂട്ട് ചെയ്തു. സ്‌നേക്ക് പാര്‍ക്കിലെ സെക്രട്ടറിയായിരുന്ന ബൃന്ദ ബ്രിഡ്ജിത്തിനെ 1981 ജനുവരിയില്‍ സതീഷ് വിവാഹം കഴിച്ചു. സതീഷ്-ബൃന്ദ ദമ്പതിമാര്‍ക്ക് മൂന്ന് കുട്ടികളുണ്ട് -നൈല, കൈലി, സന്ധ്യ.

ലോകത്താകെയുള്ള എട്ടിനം കടലാമകളില്‍ അഞ്ച് സ്പീഷീസുകള്‍-ഒലിവ് റിഡ്‌ലി, ഗ്രീന്‍, ഹ്വാക്‌സ്ബില്‍, ലോഗര്‍ഹെഡ്, ലെതര്‍ബാക്ക് എന്നിവ-ഇന്ത്യന്‍ തീരങ്ങളില്‍ എത്തുന്നുണ്ട്. ഇവയില്‍ ലോഗര്‍ഹെഡ് ഇന്ത്യയിലൊരിടത്തും മുട്ടയിടുന്നതായി ഇതുവരെ കണ്ടിട്ടില്ല. ബാക്കി നാലിനങ്ങളില്‍ ഒലിവ് റിഡ്‌ലിയാണ് ഏറ്റവും കൂടുതലായി ഇന്ത്യയിലെത്തുന്നത്. ഒറിസ്സാ തീരത്തെ ഗഹീര്‍മാതാ കടലോരമാണ് ലോകത്തേറ്റവുമധികം ഒലിവ് റിഡ്‌ലികള്‍ കൂട്ടത്തോടെ പ്രജനനത്തിനെത്തുന്ന സ്ഥലം.

എന്നാല്‍, 17 വര്‍ഷം നീണ്ട കടലാമഗവേഷണത്തിനിടെ സതീഷ് ഏറ്റവും കുറച്ച് ശ്രദ്ധിച്ചിട്ടുള്ള ഇനം ഒലിവ് റിഡ്‌ലിയാണ്. അതെപ്പറ്റി സതീഷ് പറയുന്നത് ഇങ്ങനെ: 'പതിനായിരക്കണക്കിന് ഒലിവ് റിഡ്‌ലികളെ ടാഗ് ചെയ്ത ഗവേഷകര്‍ ഇന്ത്യയില്‍ തന്നെയുണ്ട്. പക്ഷേ, അവര്‍ ഒരു ഗ്രീന്‍ കടലാമയെയോ ലതര്‍ബാക്കിനെയോ ഹ്വാക്‌സ്ബിലിനെയോ ടാഗ് ചെയ്തിട്ടുണ്ടാകില്ല. കാരണം, അവ പ്രജനനത്തിനെത്തുന്നത് ഇന്ത്യയുടെ വന്‍കരയിലല്ല, വിദൂര ദീപുകളുടെ തീരങ്ങളിലാണ്. അത്തരം സ്ഥലങ്ങളായിരുന്നു എന്റെ പ്രവര്‍ത്തന മേഖല'. ശരിയാണ്, ഇന്ത്യന്‍ തീരത്ത് ഗ്രീന്‍ കടലാമകള്‍ മുട്ടയിടുന്നത് ആദ്യമായി നേരിട്ട് നിരീക്ഷിച്ച വ്യക്തി സതീഷാണ്; ലക്ഷദ്വീപിലെ സുഹേലി വലിയകരയില്‍ വെച്ച് 1982 ല്‍. ലെതര്‍ബാക്ക് കടലാമകള്‍ ആന്‍ഡമാന്‍ നിക്കോബാര്‍ മേഖലയില്‍ മുട്ടയിടാനെത്തുന്ന വിവരം ആദ്യമായി സ്ഥിരീകരിച്ചതും അദ്ദേഹം തന്നെ. റുട്ട്‌ലന്‍ഡ് ദ്വീപിലെ ജഹാജി ബീച്ചില്‍ ലെതര്‍ബാക്ക് പ്രജനനം നടത്തുന്ന വിവരം 1978 ല്‍ സതീഷ് രേഖപ്പെടുത്തി.

1991-1995 കാലത്ത് ആന്‍ഡമാനിലെ ആളില്ലാത്ത ചെറുദ്വീപായ സൗത്ത് റീപ് ഐലന്‍ഡില്‍ തുടര്‍ച്ചയായി മാസങ്ങളോളം താമസിച്ച് ഹ്വാക്‌സ്ബില്‍ കടലാമകളുടെ പ്രജനനരീതികള്‍ പഠിച്ചു. പില്‍ക്കാല ഗവേഷണങ്ങള്‍ക്കുള്ള അടിത്തറയാണ് ഇതിലൂടെ സതീഷ് പണിതുയര്‍ത്തിയത്.

മദ്രാസ്സ് ക്രോക്കഡൈല്‍ ബാങ്കാണ് 1990 കളില്‍ സതീഷിന്റെ ഗവേഷണങ്ങള്‍ക്ക് ഫണ്ട് നല്‍കിയിരുന്നത്. ഫണ്ടിന്റെ കുറവ് വന്നതോടെ 1995 ല്‍ തന്റെ പഠനം നിര്‍ത്താന്‍ അദ്ദേഹം നിര്‍ബന്ധിതനായി. കടലാമ ഗവേഷണത്തില്‍നിന്ന് റിട്ടയര്‍ചെയ്ത സതീഷ് ആ വര്‍ഷംതന്നെ കുടുംബസമേതം ഗോവയിലേക്ക് താമസം മാറ്റി.

പ്രൊഫഷണലായി ബയോളജി പഠിക്കാത്ത വ്യക്തിയാണ് സതീഷ്. ഒരു വിഷയത്തിലും ബിരുദവുമില്ല. ശരിക്കുപറഞ്ഞാല്‍ ഒരു അമേച്വര്‍ ഗവേഷകന്‍. എന്നിട്ടും, 1979 നവംബറില്‍ കടലാമസംരക്ഷണത്തെക്കുറിച്ച് ആദ്യ അന്താരാഷ്ട്ര സമ്മേളനം വാഷിങ്ടണ്‍ ഡി.സി.യില്‍ നടക്കുമ്പോള്‍ ഇന്ത്യയില്‍നിന്ന് അതില്‍ പങ്കെടുത്ത രണ്ടുപേരില്‍ ഒരാള്‍ സതീഷായിരുന്നു. കടലാമഗവേഷണത്തിനുള്ള അംഗീകാരമായി 1984 ല്‍ റോളക്‌സിന്റെ അവാര്‍ഡും ഫാന്‍സി വാച്ചും സതീഷിന് സമ്മാനിക്കപ്പെട്ടു. ഇന്റര്‍നാഷണല്‍ സീ തര്‍ട്ട്ല്‍ സൊസൈറ്റി (ഐ.എസ്.ടി.എസ്) അതിന്റെ മുപ്പതാംവാര്‍ഷിക സമ്മേളനം 2010 ഏപ്രിലില്‍ ഗോവയില്‍ നടത്തിയപ്പോള്‍, ആ വര്‍ഷത്തെ 'ഐ.എസ്.ടി.എസ്.ചാമ്പ്യന്‍സ് അവര്‍ഡ്' നല്‍കി സതീഷിനെ ആദരിച്ചു.

ഒരു പഠനമേഖലയെ സ്വന്തംചുമലിലേറ്റി മുന്നോട്ട് നയിച്ച വ്യക്തിയാണ് സതീഷ്. 'വംശനാശത്തില്‍നിന്ന് അതിജീവനത്തിലേക്ക് ഒരു ജീവിവര്‍ഗത്തെ കൈപിടിച്ചുയര്‍ത്താന്‍, ഒരു മനുഷ്യന് ആ ജീവിയോടും അതിന്റെ ആവാസ വ്യവസ്ഥയോടുമുള്ള അഭിനിവേശം എങ്ങനെ സഹായിക്കുന്നു എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം, അതാണ് സതീഷിന്റെ ജീവിത'മെന്ന് വിറ്റേക്കര്‍ അഭിപ്രായപ്പെട്ടത് തീര്‍ച്ചയായും അതിശയോക്തിയല്ല.

Content Highlights: Satish Bhasker, Sea turtles, Sea turtle conservation, Joseph Antony, environment

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Hornbill

3 min

മഞ്ഞും മഴയും മാറിമാറി മായാജാലം തീര്‍ക്കുന്ന നെല്ലിയാമ്പതി; ദൃശ്യവിരുന്നായി വേഴാമ്പൽ | Photostory

Jun 7, 2023


Thekkady
Premium

കൊള്ളക്കാരില്‍നിന്ന് വനം സംരക്ഷകരിലേക്ക്; എക്‌സ് വയനകളും വിടിയലും | Environment Day Special

Jun 5, 2023


arikkomban
Premium

6 min

അരിക്കൊമ്പനെ മയക്കൽ ചില്ലറ പരിപാടിയല്ല; ജീവന്മരണ പോരാട്ടമാണ് ഈ മയക്കുവെടി

Apr 29, 2023

Most Commented