സംരക്ഷണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വംശനാശത്തിന്റെ വക്കോളമെത്തിയ പല ജീവജാലങ്ങളും തിരിച്ചുവന്നിട്ടുണ്ട്. അത്തരമൊരുതിരിച്ചുവരവാണ് കടലാമവിഭാഗമായ ഗ്രീന്‍ ടര്‍ട്ടിലുകളുടേതും. ആ നേട്ടത്തിന്‍റെ സന്തോഷത്തിലാണ് ലോകമെമ്പാടുമുളള പരിസ്ഥിതി സ്‌നേഹികള്‍. കഴിഞ്ഞ അഞ്ചുദശാബ്ദങ്ങളായി ലോകമെമ്പാടും തുടരുന്ന സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഗ്രീന്‍ ടര്‍ട്ടിലുകളുടെ മടങ്ങിവരവിന് സഹായകരമായതായി വിലയിരുത്തപ്പെടുന്നു.
1980-കളിലാണ് ഗ്രീന്‍ ടര്‍ട്ടിലുകള്‍ വംശനാശപ്പട്ടികയില്‍ ഉള്‍പ്പെടുന്നത്. സൂപ്പ്, മുട്ട തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഗ്രീന്‍ ടര്‍ട്ടിലുകള്‍ വന്‍തോതില്‍ വേട്ടയാടപ്പെട്ടു. ഇതോടെ ഇവയുടെ എണ്ണം ലോകമെമ്പാടും കുറയാന്‍ തുടങ്ങി. തുടര്‍ന്ന് ഗ്രീന്‍ ടര്‍ട്ടിലുകളുടെ സംരക്ഷണത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ബീച്ചുകളില്‍ പട്രോളിങ്, പെണ്‍ കടലാമകളുടെയും മുട്ടകളുടെയും സംരക്ഷണം, കുഞ്ഞന്‍ കടലാമകളെ കടലിലേക്ക് തിരിച്ചയക്കല്‍, മാംസത്തിനും മുട്ടയ്ക്കുമായി കടലാമകളെ വേട്ടയാടുന്നതിനെതിരേയുള്ള ബോധവത്കരണം, മത്സ്യബന്ധന വലകളില്‍ ഗ്രീന്‍ ടര്‍ട്ടിലുകള്‍ കുടുങ്ങുന്നത് തടയല്‍ അടക്കമുളള പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
അബുദാബിയില്‍ ഐയുസിഎന്‍ (ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍) പുറത്തിറക്കിയ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ ചുവപ്പുപട്ടികയിലാണ് ഗ്രീന്‍ ടര്‍ട്ടില്‍ സംരക്ഷണം വിജയം കണ്ടുവെന്നതിന്റെ സൂചന നല്‍കിയത്. ഇതില്‍ വംശനാശഭീഷണി നേരിടുന്ന സമുദ്രജീവജാലങ്ങളുടെ പട്ടികയില്‍നിന്ന് കുറഞ്ഞ ആശങ്കയുള്ള ജീവജാലങ്ങളുടെ പട്ടികയിലേക്ക് ഗ്രീന്‍ ടര്‍ട്ടിലുകള്‍ മടങ്ങി. എന്നാല്‍, ഓസ്‌ട്രേലിയയിലെ റെയ്ന്‍ ഐലന്‍ഡില്‍ ഗ്രീന്‍ ടര്‍ട്ടിലുകളുടെ കുറവ് മുട്ടകള്‍ മാത്രമാണ് ഇപ്പോഴും വിരിയുന്നത്. ഇത് പ്രാബല്യത്തിലാക്കിയ സംരക്ഷണപ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
മറ്റ് ജീവജാലങ്ങളുടെ സംരക്ഷണത്തിന് ഗ്രീന്‍ ടര്‍ട്ടിലുകളുടെ വിജയഗാഥ മാതൃകയായി സ്വീകരിക്കണമെന്നും വിദഗ്ധര്‍ ഒന്നടങ്കം പറയുന്നു. കടലാമ വിഭാഗങ്ങളിലെ തന്നെ ഭീന്മാരിലൊരാളാണ് ഗ്രീന്‍ ടര്‍ട്ടിലുകള്‍.
ഐയുസിഎന്‍ പുറത്തുവിട്ട ഏറ്റവുമൊടുവിലെ ചുവപ്പുപട്ടികയില്‍ മറ്റ് ചില ജീവജാലങ്ങളുടെ നിലനില്‍പ്പിൽ ആശങ്കയുയരുന്നുണ്ട്. ആര്‍ട്ടിക് സീലുകള്‍ വംശനാശത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് പട്ടികയില്‍ പറയുന്നു. ഹുഡഡ് സീലുകളെ വംശനാശ സാധ്യതാ പട്ടികയില്‍നിന്ന് നീക്കി വംശനാശം നേരിടുന്നവയുടെ പട്ടികയിൽ ഉള്‍പ്പെടുത്തി.
Content Highlights: Green turtles have been moved from Endangered to Least concern according to IUCN latest red list
Published: 12 Oct 2025, 09:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented