ഫ്‌ളോറിഡ: ബീച്ചില്‍ മുട്ടവിരിഞ്ഞുണ്ടായ 23 കടലാമക്കുഞ്ഞുങ്ങളെ വളര്‍ത്തുനായ കൊന്നു. ഫ്‌ളോറിഡയിലാണ് സംഭവം. ബീച്ചസ് സീ ടര്‍ട്ടില്‍ പട്രോള്‍ സംഘം അറ്റ്‌ലാന്റിക് ബീച്ചില്‍ നടത്തിയ സര്‍വേയ്ക്കിടെയിലാണ് കടലാമകളെ ചത്തനിലയില്‍ കണ്ടെത്തിയത്. സിറ്റി ഓഫ് അറ്റ്‌ലാന്റിക് ബീച്ച്, ഫ്‌ളോറിഡ-ഗവണ്‍മെന്റ് ആണ് ഫെയ്‌സ്ബുക്കിലൂടെ ഈ വിവരം പുറത്തുവിട്ടത്. 

To advertise here,

'അറ്റ്‌ലാന്റിക് ബീച്ചില്‍ ഞങ്ങളുടെ ബീച്ചസ് സീ ടര്‍ട്ടില്‍ പട്രോള്‍ സംഘം ചത്തനിലയില്‍ കണ്ടെത്തിയ കടലാമകള്‍ക്ക് പിന്നില്‍ ഒരു വളര്‍ത്തുനായ ആണെന്നാണ് നിഗമനം', ഫെയ്‌സ്ബുക്കില്‍ സിറ്റി ഓഫ് അറ്റ്‌ലാന്റിക് ബീച്ച്, ഫ്‌ളോറിഡ-ഗവണ്‍മെന്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നന്നായി പെരുമാറുന്ന വളര്‍ത്തുനായകള്‍ പോലും കൗതുകം മൂലം കടലാമക്കുഞ്ഞുങ്ങളുടെ അടുത്ത് എത്തിയേക്കാമെന്നും സംഘടന ഫെയ്‌സ്ബുക്കില്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം സാഹചര്യങ്ങളില്‍ വളര്‍ത്തുനായയുടെ പിടി വിടരുതെന്നും മാര്‍ക്ക് ചെയ്യപ്പെട്ട കടലാമകളുടെ കൂടിന് സമീപത്തേക്ക് അവയെ കൊണ്ടുപോകരുതെന്നും കുറിപ്പില്‍ സംഘടന അഭ്യര്‍ത്ഥിച്ചു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദാരുണമായ സംഭവമെന്നാണ് ഒരു ഫെയ്‌സ്ബുക്ക് ഉപയോക്താവ് പ്രതികരിച്ചത്. ഈ പ്രദേശങ്ങളില്‍ വളര്‍ത്തുനായകളുടെ ഉടമകള്‍ കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണമെന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്. ഈ സമയത്ത് വളര്‍ത്തുനായയുടെ ഉടമ എവിടെയായിരുന്നു എന്നും ചോദ്യങ്ങളുയർന്നു.

ഫ്‌ളോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ്‌ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം അഞ്ച് കടലാമ ഇനങ്ങളെ ഫ്‌ളോറിഡയിലെ ബീച്ചുകളില്‍ കാണാം. ലോഗര്‍ഹെഡ്, ഗ്രീന്‍ ടര്‍ട്ടില്‍, ലെതര്‍ബാക്ക്, കെംപ്‌സ് റിഡ്‌ലി, ഹോക്‌സ്ബില്‍ എന്നിവയാണ് അഞ്ചിനങ്ങള്‍. ഈ അഞ്ചും 1973 ഫെഡറല്‍ എന്‍ഡാന്‍ജേഡ് സ്പീഷിസ് ആക്ട് പ്രകാരവും ഫ്‌ളോറിഡയിലെ മറൈന്‍ ടര്‍ട്ടില്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരവും സംരക്ഷിത ഇനങ്ങളാണ്.