
ആലപ്പുഴ: കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച കടലാമസംരക്ഷണകേന്ദ്രം ലഭിക്കുകയാണെങ്കിൽ സംസ്ഥാനത്തിന് രണ്ടുതരത്തിൽ നേട്ടമാകും. ചെമ്മീൻ കയറ്റുമതിയിൽ അമേരിക്ക ഉൾപ്പെടെയുള്ള വികസിതരാജ്യങ്ങൾ കാണിക്കുന്ന വിമുഖത മാറും. ഇത് കേരളത്തിലേക്കു കൂടുതൽ വിദേശനാണ്യമെത്തിക്കും.
2019 മുതൽ കടലാമകളെ സംരക്ഷിക്കുന്നില്ല എന്നതിന്റെ പേരിൽ കേരളത്തിൽ നിന്നുള്ള ചെമ്മീൻ അമേരിക്ക വിലക്കുന്നുണ്ട്. ചെമ്മീൻവലയിൽ കുടുങ്ങി കടലാമകൾക്കു നാശമുണ്ടാകുന്നെന്നായിരുന്നു ആരോപണം. ഇതൊഴിവാക്കാൻ ടെഡ് (ടെർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ്) വല ഉപയോഗിക്കണമെന്നും യു.എസ്. നിഷ്കർഷിച്ചിരുന്നു.
എന്നാൽ, ഇത്തരം വലകളിലൂടെ മത്സ്യങ്ങളും രക്ഷപ്പെടുമെന്ന് വാദിച്ച് മത്സ്യത്തൊഴിലാളികൾ എതിർത്തിരുന്നു. കൊച്ചിയിലെ സെൻട്രൽ മറൈൻ ഇൻസ്റ്റിറ്റ്യൂട്ട് പുതിയതരം ടെഡ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതോടെ വലകളുടെ പ്രശ്നം പരിഹരിക്കാം. ഒപ്പം അബദ്ധത്തിൽ പരിക്കു പറ്റുന്ന കടലാമകളെ സംരക്ഷിക്കാനും കേന്ദ്രത്തിലൂടെ കഴിയും.
സംരക്ഷണകേന്ദ്രം കാണാനും ആമകളെ കാണാനുമായി ടൂറിസ്റ്റുകളെത്തുമെന്നതാണ് രണ്ടാമത്തെ നേട്ടം. രാജ്യത്ത് കടലാമസംരക്ഷണം നന്നായി നടക്കുന്നത് ഒഡിഷയിലാണ്. അവിടെ ഗഹിർമാതാ ഉൾപ്പെടെയുള്ള തീരത്ത് അഞ്ചുലക്ഷത്തോളം ആമകളാണ് സീസണിൽ മുട്ടയിടാനെത്തുന്നത്. ഈ മനോഹരദൃശ്യം കാണാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്ന് വിദേശികളെത്തുന്നത് സംസ്ഥാനത്തിനു വലിയ നേട്ടമാകുന്നു.
കടലാമ സംരക്ഷണത്തിന്റെ പ്രാധാന്യം
ലോകത്ത് ഏഴിനം കടലാമകളെയാണ് കണ്ടെത്തിയത്. ലെതർബാക്ക്, ലേഗർ ഹെഡ്, ഹോക്സ് ബിൽ, ഒലിവ് റിഡ്ജി, ഗ്രീൻ, ഫ്ലാറ്റ് ബാക്ക്, കെംപ്സ് എന്നിവയാണവ. ഇതിൽ ഒലിവ് റിസ്‌ലിയാണ് കേരളതീരത്ത് കൂടുതലായെത്തുന്നത്. ജെല്ലിഫിഷുകളുടെയും കളകളുടെയും വർധനയുണ്ടാകാതെ കടലിൽ പരിസ്ഥിതി സന്തുലനമുണ്ടാക്കാൻ കടലാമ അനിവാര്യമാണ്. കാലാവസ്ഥാവ്യതിയാനം ഉൾപ്പെടെയുള്ളവ പഠിക്കാനും മറ്റു ഗവേഷണങ്ങൾക്കും കടലാമകളെ ഉപയോഗപ്പെടുത്തുന്നുണ്ട്. നിലവിൽ കടലാമകൾ സംരക്ഷണപ്പട്ടികയിലാണ്. ഇതു തിരിച്ചറിഞ്ഞ് മാതൃഭൂമി സീഡ് 'കടലാമയൊരു കളിത്തൊട്ടിൽ' എന്നപേരിൽ വിദ്യാർഥികൾക്ക് ബോധവത്കരണം നടത്തുന്നുണ്ട്.
പ്രയോജനപ്പെടില്ല
കേരളത്തിലെ തീരമേഖലയിൽ കടലാമകളെത്തുന്ന പ്രധാന സ്ഥലങ്ങളിലെല്ലാം തീരഭിത്തി നിർമാണവും മറ്റും നടത്തിയിരിക്കുകയാണ്. കോഴിക്കോട് തിക്കോടി, തൃശ്ശൂർ, ആലപ്പുഴ തോട്ടപ്പള്ളി തീരങ്ങളിലാണ് ഇപ്പോൾ അപൂർവമായെങ്കിലും ആമകൾ എത്തുന്നത് അതുകൊണ്ടുതന്നെ പദ്ധതി കേരളത്തിനു അത്ര ഗുണകരമാകില്ല
-ചാൾസ് ജോർജ്,
(സംസ്ഥാന പ്രസിഡന്റ് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി
Content Highlights: Learn how Kerala`s proposed turtle conservation center can boost shrimp exports by meeting US regulations and attract tourism, vital for marine ecosystem balance.
Published: 02 Feb 2026, 04:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented