അകലെയല്ല വംശനാശം; ആരെത്തും ഈ നീർനായകളുടെ രക്ഷയ്ക്ക്?


സരിൻ എസ് രാജൻ

4 min read
Read later
Print
Share

"ലോകമെമ്പാടും കാണപ്പെടുന്ന നീർനായകൾ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. ഇതും ലോക നീർനായ ദിനം ആചരിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. ഇന്ത്യയിൽ കാണുപ്പെടുന്ന നീർനായ വിഭാ​ഗങ്ങളായ സ്മൂത്ത് കോട്ടഡ് ഓട്ടറും സ്‌മോള്‍ ക്ലോവ്ഡ് ഓട്ടറും വംശനാശ ഭീഷണിക്ക് സാധ്യതയുള്ള (Vulnerable) വിഭാഗക്കാരാണ്."

നീർനായകൾ | Photo: AFP

ന്ന് ലോക നീര്‍നായ ദിനം (World Otter Day). ഇന്ത്യ പോലൊരു രാജ്യത്ത് നീർനായകളുടെ സംരക്ഷണ ലക്ഷ്യത്തോടെ ആചരിക്കുന്ന ഈ ദിനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. രാജ്യത്ത് കാണപ്പെടുന്ന മൂന്നിനം നീർനായകളിൽ രണ്ടെണ്ണം ​വംശനാശത്തിന് സാധ്യതയുള്ള ഇനം കൂടിയാണ്. യൂറേഷ്യന്‍ ഓട്ടര്‍, സ്മൂത്ത് കോട്ടഡ് ഓട്ടര്‍, സ്‌മോള്‍ ക്ലോവ്ഡ് ഓട്ടര്‍ തുടങ്ങിയ ഇനങ്ങളാണ് രാജ്യത്തുള്ളത്. ഇതില്‍ സ്മൂത്ത് കോട്ടഡ് ഓട്ടറുകളും സ്‌മോള്‍ ക്ലോവ്ഡ് ഓട്ടറുകളും വംശനാശത്തിന് സാധ്യതയുള്ള വിഭാഗക്കാരാണ്. ലോകമാകെ നീർനായകൾ വംശനാശ ഭീഷണി നേരിടുന്നുണ്ട്. നൂറ്റാണ്ടുകളായി രോമത്തിന് വേണ്ടി ഇവ വേട്ടയാടപ്പെടുന്നുണ്ട്. വേട്ടയാടൽ ഇവയുടെ എണ്ണത്തിൽ വിള്ളൽ വീഴ്ത്തി കഴിഞ്ഞു. ഇന്ത്യയില്‍ ചില നാടോടി ഗോത്ര​വർ​ഗങ്ങളും മാംസത്തിനായി ഇവയെ വേട്ടയാടുന്നു. ഗില്‍ഹാരാ, ബദിയ, ജോഗിസ് തുടങ്ങിയ ഗോത്രവര്‍ഗക്കാരാണ് ഇത്തരത്തില്‍ മാംസത്തിനായി നീര്‍നായകളെ വേട്ടയാടുന്നത്.

യൂറേഷ്യൻ ഓട്ടർ | Photo: Wiki/By Bernard Landgraf - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=41335

വേട്ടയാടൽ മാത്രമല്ല ഇവ നേരിടുന്ന വെല്ലുവിളികൾ. കരിഞ്ചന്തകളിലും നീര്‍നായകള്‍ക്ക് വന്‍ ഡിമാന്‍ഡാണുള്ളത്. തെക്കൻ ഏഷ്യയിൽ നീർനായകളെ ഉപയോ​ഗിച്ചുള്ള അനധികൃത വിൽപ്പന തകൃതിയായി ഇപ്പോഴും തുടരുകയാണ്. ഇന്ത്യ, ബം​​ഗ്ലാദേശ്, നേപ്പാൾ തുടങ്ങിയിടങ്ങളിൽ നിന്ന് ചെെനയിലേക്കാണ് നീർനായകൾ കയറ്റുമതി ചെയ്യപ്പെടുന്നത്. ലോകമെമ്പാടും ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, മഡഗാസ്‌കര്‍ തുടങ്ങിയിടങ്ങളിലൊഴികെയുള്ള മേഖലകളില്‍ നീര്‍നായകളുടെ സാന്നിധ്യമുണ്ട്.

പകുതി സമയം കരയിലും പകുതി സമയം ജലത്തിലും കഴിയുന്നത് കൊണ്ട് സെമി അക്വാറ്റിക് മാമൽസെന്നും ഇവ അറിയപ്പെടുന്നു. വനപ്രദേശങ്ങളിൽ നാല് മുതൽ പത്ത് വയസ്സ് വരെയാണ് ഇവയുടെ ആയുസ്സ്. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് നീർനായകളുടെ ഇണചേരല്‍ കാലയളവ്. കരയിലാകും ഇണചേരൽ.13 വിഭാഗങ്ങളിലായി ഈ സസ്തനികളെ കാണാന്‍ കഴിയും. നീര്‍നായ് വര്‍ഗത്തിലെ രണ്ടു വിഭാ​ഗങ്ങൾ സമുദ്രങ്ങളിലും ബാക്കിയുള്ളവ ശുദ്ധജലങ്ങളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചുറ്റുപ്പാടുകളോട് ഇണങ്ങിയുള്ള ജീവിതരീതിയാണ് ഇവയുടേത്. ചെറുകാലുകളും ശക്തിയേറിയ കഴുത്തും പ്രത്യേകതകളാണ്. ജലാശയങ്ങളിലൂടെ ദിശമാറ്റം കൈകാര്യം ചെയ്യാന്‍ സഹായകരമാകുന്നത് വാലുകളാണ്. 3 കിലോഗ്രാം മുതലുള്ള ഭാരത്തിൽ ഇവ കാണപ്പെടുന്നു. ജയന്റ് ഓട്ടറുകളുടെ ശരാശരി ഭാരം 26 കിലോഗ്രാമാണെങ്കില്‍ സീ ഓട്ടറുകളുടെ ശരാശരി ഭാരം 45 കിലോഗ്രാമാണ്.

സ്മൂത്ത് കോട്ടഡ് ഒട്ടര്‍ | Photo-Wiki/By Kalyan Varma - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=55482533

ഇന്ത്യയില്‍ കാണപ്പെടുന്ന മൂന്നിനം നീര്‍നായകളില്‍ രണ്ടെണ്ണം വംശനാശ ഭീഷണിക്ക് സാധ്യതയുള്ള ഇനമാണ്

ശുദ്ധജലങ്ങളില്‍ കാണുന്ന ശുദ്ധജല നീർനായകളെ വടക്കെ അമേരിക്ക, തെക്കന്‍ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയിടങ്ങളില്‍ കാണാന്‍ കഴിയും. ഞണ്ട്, തവള, മത്സ്യം തുടങ്ങിയവയാണ് ഇക്കൂട്ടരുടെ പ്രധാന ആഹാരം. അതിനാല്‍ ഇവ സുലഭമായി ലഭിക്കുന്നയിടങ്ങളാകും നീർനായകളുടെ പ്രധാന ആവാസവ്യവസ്ഥ. എളുപ്പത്തില്‍ ലഭിക്കാവുന്നതെന്തും ശുദ്ധജല നീര്‍നായ്കള്‍ ആഹാരമാക്കും. ഇരകളെ പിടികൂടിയ ശേഷം ജലാശയത്തിലോ കരയിലോ ചെന്ന് ഭക്ഷിക്കും. ജലാശയങ്ങളിൽ ആഴം കുറഞ്ഞ പ്രദേശങ്ങളിലാകും ഇവയ്ക്ക് ഇര തേടല്‍ സുഗമമാകുക.

പൊതുവെ നാണക്കാരായ നീർനായകള്‍ പലപ്പോഴും സഞ്ചാരത്തിനായി തിരഞ്ഞെടുക്കുക ഏറ്റവും ദൂരം കുറ‍ഞ്ഞതും വേ​ഗത്തിൽ എത്തിപ്പെടാവുന്നതുമായ പാതകളായിരിക്കും. പാറയിടുക്ക്, ഭൂഗര്‍ഭ കുഴികള്‍, കരയില്‍ ഇടതൂര്‍ന്ന സസ്യങ്ങളുള്ള മേഖല തുടങ്ങിയവയാണ് വിശ്രമത്തിനായി നീർനായകള്‍ തിരഞ്ഞെടുക്കുക. കുഞ്ഞന്‍ നീർനായകള്‍ മറ്റുള്ളവയ്ക്ക് എളുപ്പം ഇരയാകാനുള്ള സാധ്യതയുണ്ട്. പ്രായപൂര്‍ത്തിയായ നീർനായകള്‍ക്ക് മാംസഭുക്കുകളായ ജീവികള്‍ ഭീഷണിയാണ്. ചൂടേറിയ പ്രദേശങ്ങളില്‍ മുതലകളും ചീങ്കണ്ണികളുമാണ് പ്രധാന ഭീഷണി.

ഫോട്ടോ: മാതൃഭൂമി

നീർനായകള്‍ ഏറ്റവുമധികം ചത്തൊടുങ്ങുന്നത് മനുഷ്യരുടെ പ്രവര്‍ത്തനങ്ങള്‍ മൂലമാണ്. വാഹനമിടിച്ചുള്ള മരണം, മീന്‍വലകളില്‍ കുടുങ്ങിയുള്ള മരണം, രോമത്തിനായി കൊന്നൊടുക്കല്‍ എന്നിങ്ങനെ പോകുന്നു.

സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് നീർനായകളുടെ ഇണചേരല്‍ കാലയളവ്

നീർനായകളുടെ രണ്ടു വിഭാഗങ്ങള്‍ സമുദ്ര സസ്തനികളാണ്. സമുദ്ര ആവാസവ്യവസ്ഥയില്‍ അതിജീവനം സാധ്യമാക്കുന്നവരാണിവര്‍. വടക്കെ അമേരിക്കയുടെ പസഫിക് തീരപ്രദേശത്ത് കാണുന്ന സീ ഓട്ടറാണ് (Sea Otter) ഇതില്‍ പ്രധാനി. ഇവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിപ്പം കുറഞ്ഞതും രണ്ടാം വിഭാഗക്കാരായതുമായവയെ (Marine Otter) പെറു, ചിലി തുടങ്ങിയ തീരപ്രദേശങ്ങളില്‍ കാണാന്‍ കഴിയും. ഇര തേടലിന് പൂര്‍ണമായും ഇവര്‍ സമുദ്രങ്ങളെയാണ് ആശ്രയിക്കുക. കരയില്‍ നിന്ന് 100 മീറ്റര്‍ വരെ അകലം മാത്രമേ ഇവര്‍ സമുദ്രങ്ങളില്‍ പാലിക്കാറുള്ളൂ. സമുദ്ര ലോകവുമായി പൂര്‍ണമായും ഇഴുകി ചേര്‍ന്നവരാണ് സീ ഓട്ടറുകള്‍ വലിപ്പമേറിയ കരള്‍ ഇവയ്ക്ക് സമുദ്രത്തിന്റെ ആഴത്തിലേക്ക് ചെന്നെത്താന്‍ സഹായകരമാകുന്നു.

കാനഡ, അമേരിക്ക തുടങ്ങിയിടങ്ങളില്‍ കാണുന്ന നോര്‍ത്ത് അമേരിക്കന്‍ റിവര്‍ ഓട്ടറുകള്‍ക്ക് എട്ടു മിനുട്ടിലധികം സമയം ശ്വാസമെടുത്തു ജലത്തിനടിയിൽ കഴിയാന്‍ സാധിക്കും

സീ ഓട്ടര്‍ | Photo: Wiki/By Marshal Hedin from San Diego - Sea Otter (Enhydra lutris), CC BY-SA 2.0, https://commons.wikimedia.org/w/index.php?curid=66140539

ഉപ്പുജലം കഴിച്ച് ധാരാളം സമയം സമുദ്രങ്ങളില്‍ ചെലവഴിക്കാനുള്ള കഴിവും സീ ഓട്ടറുകള്‍ക്കുണ്ട്. ഒറ്റയ്ക്കായും കൂട്ടത്തോടെയും ഇവരെ കാണാന്‍ കഴിയും. അലാസ്‌കയുടെ തീരപ്രദേശത്ത് 2,000 ഓളം നീര്‍നായ്കളുടെ കൂട്ടത്തെ കണ്ടെത്തിയിട്ടുണ്ട്. ഞണ്ടുകളും ഷെല്‍ഫിഷുകളുമാണ് പ്രധാനമായും ഇവര്‍ ആഹാരമാക്കുക. പിടികൂടിയ ഇരകളെ സമുദ്രത്തില്‍ വെച്ച് തന്നെ ഇവര്‍ ആഹാരമാക്കും. സമുദ്രത്തില്‍ മലര്‍ന്നുകിടന്നാകും ഇവര്‍ ഇത്തരത്തില്‍ ആഹാരം ഭക്ഷിക്കുകയെന്ന പ്രത്യേകത കൂടിയുണ്ട്. നീർനായകളുടെ വലിയ കൂട്ടം ഷെല്‍ഫിഷുകളുടെ എണ്ണം കുറയലിന് പിന്നിലുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. സീ ഓട്ടറുകളില്‍ പെണ്‍ വിഭാഗക്കാര്‍ ഒരു സമയം ഒരു കുഞ്ഞിനാകും ജന്മം നല്‍കുക. ആറ് മുതല്‍ എട്ടുമാസം പ്രായമാകുന്നത് വരെ അമ്മയെ ആശ്രയിച്ചാകും കുഞ്ഞുങ്ങളുടെ ജീവിതം. സ്രാവുകളും കൊലയാളി തിമിംഗലങ്ങളും പലപ്പോഴും സീ ഓട്ടറുകളെ ആഹാരമാക്കാറുണ്ട്.

മറൈന്‍ ഓട്ടറുകളാണ് സമുദ്രത്തില്‍ കാണാന്‍ കഴിയുന്ന മറ്റൊരു നീര്‍നായ വിഭാഗക്കാര്‍. ശുദ്ധജല നീർനായകളായ ഇവ സമുദ്ര ആവാസവ്യവസ്ഥയോട് പൊരുത്തപ്പെട്ടവരാണ്. 3 മുതല്‍ 6 കിലോഗ്രാം വരെ ഭാരമുള്ള ഇത്തിരികുഞ്ഞന്മാരാണിവര്‍. പെറു മുതല്‍ ചിലി വരെയുള്ള പസഫിക് തീരപ്രദേശത്തും അര്‍ജന്റീനയിലെ ടിയറ ഡെല്‍ ഫ്യുവേഗോയുമാണ് ഇവരുടെ പ്രധാന വാസസ്ഥലം. സമുദ്രത്തിലെ 100-150 മീറ്റര്‍ ആഴത്തില്‍ ഇവരെ കാണാന്‍ കഴിയും.

സ്മോൾ ക്ലോവ്ഡ് ഓട്ടര്‍| Photo: Wiki/By SeanMack - Own work. Taken with an Olympus C8080W., CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=612222

നാല് മുതല്‍ പത്ത് വര്‍ഷം വരെ ആയുസ്സ് നീര്‍നായ്കള്‍ക്ക് കണക്കാക്കപ്പെടുന്നുണ്ട്.

ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ ആന്‍ഡ് നാച്വറല്‍ റിസോഴ്‌സസ് (ഐയുസിഎന്‍) പട്ടികപ്രകാരം നീർനായകളുടെ പകുതിയലധികം വിഭാഗങ്ങളും വംശനാശ ഭീഷണി നേരിടുന്നുണ്ട്. ജയന്റ് ഓട്ടര്‍, മറൈന്‍ ഓട്ടര്‍, സതേണ്‍ റിവര്‍ ഓട്ടര്‍, ഹെയ്‌റി നോസ്ഡ് ഓട്ടര്‍, ഷോര്‍ട്ട് ക്ലോവ്ഡ് ഓട്ടര്‍ തുടങ്ങിയ വിഭാഗങ്ങള്‍ വംശനാശ ഭീഷണിക്ക് സാധ്യതയുള്ള നീര്‍നായ വിഭാഗങ്ങളാണ്.

Content Highlights: importance of world otter day and why is it celebrated

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cyrtodactylus chengodumalaensis

2 min

2009-ല്‍ കണ്ടെത്തി, 14 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രബന്ധമായി; ചെങ്കോട്ടുമലയില്‍ പല്ലിയെ കണ്ടെത്തിയ കഥ 

Apr 3, 2023


drought

7 min

'കാലാവസ്ഥാ നരകം' അടുത്തെത്തിയോ, ആര് തടയും കൂട്ടനാശം?

Nov 11, 2022


landslide

2 min

ഹൈറേഞ്ച് ഭൂമിയിലെ വിറയല്‍, ഉടഞ്ഞത് അടിയിലെ കട്ടിപ്പാറ: മുന്നറിയിപ്പിന്റെ കാഹളം അവഗണിച്ചാല്‍....

Nov 22, 2021


Most Commented