ലോകമെമ്പാടുമുള്ള 34.5 കോടിയിലധികം ആളുകൾക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ല എന്നാണ് വേൾഡ് ഫുഡ് പ്രോഗാം കണക്കാക്കുന്നത്. 82.8 കോടി ആളുകളാകട്ടെ ഓരോ രാത്രിയും ഭക്ഷണമില്ലാതെയാണ് തള്ളിനീക്കുന്നത്. ഭക്ഷ്യദൗർലഭ്യം ലോകത്ത് എല്ലായിടത്തുമുണ്ട്. കുറഞ്ഞ വരുമാനമുള്ള 48 രാജ്യങ്ങളിൽ ഇത് അത്യന്തം ഗുരുതരവുമാണ്. ബുർക്കിന ഫാസോ, മാലി, സൊമാലിയ, ദക്ഷിണ സുഡാൻ അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ വലിയ വിഭാഗം ജനങ്ങൾ കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കുന്നവരാണ്. പ്രതിവർഷം 31 ലക്ഷം കുട്ടികൾ ഉൾപ്പെടെ ഏകദേശം 90 ലക്ഷം ആളുകൾ പട്ടിണിമൂലം മരിക്കുന്നതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. പട്ടിണി നേരിടുന്നവരുടെ എണ്ണവും അവർക്ക് സഹായം എത്തിക്കാൻ ആവശ്യമായ ചെലവും തമ്മിൽ പൊരുത്തപ്പെടാൻ സാധ്യതയില്ലാത്ത വേഗതയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നതാണ് ഇക്കാര്യത്തിൽ നേരിടുന്ന വലിയ വെല്ലുവിളി. ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വില വർദ്ധിച്ചതോടെ ഭക്ഷ്യസഹായം വിതരണം ചെയ്യുന്നതിനുള്ള ചെലവ് എക്കാലത്തെയും ഉയർന്ന നിലയിലാണ്.

To advertise here,

അതേസമയം, ലോകത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ ഏകദേശം മൂന്നിലൊന്ന് ഏതെങ്കിലുമൊരു തരത്തിൽ നഷ്ടപ്പെടുകയോ പാഴായിപ്പോകുകയോ ചെയ്യുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. ഭക്ഷണം പാഴാക്കുന്നത് ഭക്ഷ്യക്ഷാമത്തിലേക്ക് നയിക്കുന്നതിന് പുറമേ വലിയ സാമ്പത്തിക നഷ്ടവും നമ്മുടെ ഭൂമിക്കും വലിയ വെല്ലുവിളിയുമാണ്. ഭക്ഷണം പാഴാക്കുന്നത് കേവലം മാനുഷികമോ സാമൂഹികമോ ആയ ഒരു പ്രശ്നം മാത്രമല്ല, അതൊരു കടുത്ത പാരിസ്ഥിതിക പ്രശ്നം കൂടിയാണ്. അത് നമ്മുടെ ചവറ്റുകുട്ടയിൽ മാത്രം അവസാനിക്കുന്ന ഒന്നല്ല. മാലിന്യക്കൂമ്പാരങ്ങളിൽ അവശേഷിക്കുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ വലിയ അളവിൽ മീഥെയ്ൻ ഉത്പാദിപ്പിക്കുന്നു, കാർബൺ ഡൈ ഓക്‌സൈഡിനേക്കാൾ ശക്തമായ ഹരിതഗൃഹ വാതകം. മാലിന്യകൂമ്പാരത്തിൽ നമ്മൾ പാഴാക്കുന്ന ഭക്ഷ്യമാലിന്യമാണ് ആഗോള തലത്തിൽ മീഥെയ്ൻ ഉത്പാദനത്തിന്റെ ഏകദേശം 8 ശതമാനത്തിനും കാരണമെന്ന് മനസിലാക്കുമ്പോഴാണ് ഈ കണക്ക് ഗുരുതരമാകുന്നത്. കൂടാതെ, ഭക്ഷണം വലിച്ചെറിയുമ്പോൾ അത് ഉണ്ടാക്കുന്നതിനായി ചെലവഴിച്ച സമയവും വിഭവങ്ങളും ഊർജ്ജവും നമ്മൾ പാഴാക്കുന്നു.

placeholder
ഇന്‍ഡൊനീഷ്യയിലെ പാപ്പുവ പ്രവിശ്യയിലെ ടിമികയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് തൊഴിലാളികള്‍ ഭക്ഷണം കഴിക്കുന്നു | Photo : Ulet Ifansasti/Getty Images

എത്ര ഭക്ഷണം പാഴാക്കുന്നു, കണക്കുകൾ പറയും

ആഗോളതലത്തിൽ ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ ഏതാണ്ട് മൂന്നിലൊന്നും നഷ്ടപ്പെടുകയോ പാഴാക്കുകയോ ചെയ്യുന്നുവെന്നാണ് വേൾഡ് ഫുഡ് പ്രോഗാമിന്റെ കണക്കുകൾ പറയുന്നത്. പ്രതിവർഷം ഏകദേശം 13 കോടി ടൺ ഭക്ഷ്യവസ്തുക്കളാണ് ഇത്തരത്തിൽ നഷ്ടപ്പെടുത്തുന്നത്. ഏകദേശം 1 ലക്ഷം കോടി യു.എസ്. ഡോളർ വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കളാണ് ഇത്. ഉത്പാദനശേഷം ഉപയോഗിക്കാതെ നഷ്ടപ്പെടുത്തുന്ന ഇവ 200 കോടി ആളുകൾക്ക് ഭക്ഷണം നൽകാൻ പര്യാപ്തമാണെന്നാണ് കണക്കാക്കുന്നത്. ആഗോളതലത്തിൽ നഷ്ടപ്പെടുകയോ പാഴാക്കുന്നതോ ആയ ഭക്ഷണത്തിന്റെ നാലിലൊന്ന് മാത്രം ലാഭിക്കാൻ കഴിഞ്ഞാൽ പോലും ലോകത്തിലെ 80 കോടിയോളം പട്ടിണി അനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷണം നൽകാൻ ഇത് മതിയാകും. ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ 13 ശതമാനവും വിളവെടുപ്പിനും ചില്ലറ വിൽപ്പനയ്ക്കും ഇടയിൽ നഷ്ടപ്പെടുന്നുവെന്നാണ് കണക്കാക്കുന്നത്. ചില്ലറ വിൽപ്പനയിലും ഉപയോഗിക്കുന്ന ഘട്ടത്തിലും ഗണ്യമായ അളവിൽ ഇത് വീണ്ടും പാഴാകുന്നു. ഭക്ഷ്യ ഉത്പാദനത്തിന്റെ 17 ശതമാനമാകട്ടെ വീടുകളിലും ഭക്ഷണ സേവനരംഗത്തും ചിലറ വിൽപന ഘട്ടത്തിലുമാണ് പാഴാക്കപ്പെടുന്നതെന്നാണ് കണക്കാക്കുന്നത്.

വികസ്വര രാജ്യങ്ങളിൽ 40 ശതമാനം നഷ്ടം സംഭവിക്കുന്നത് വിളവെടുപ്പിന് ശേഷമുള്ള, സംസ്‌കരണ തലത്തിലാണ്. എന്നാൽ വ്യാവസായിക മുന്നേറ്റം കൈവരിച്ച രാജ്യങ്ങളിൽ 40 ശതമാനത്തിലധികം ഭക്ഷ്യവസ്തുക്കൾ പാഴായിപ്പോകുന്നത് ചില്ലറ വിൽപ്പനയിലും ഉപഭോക്തൃതലത്തിലുമാണ്. പഴങ്ങളും പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളുമാണ് മറ്റ് ഏതൊരു ഭക്ഷണത്തേക്കാളും കൂടുതൽ പാഴാകുന്നത്. ആഗോളതലത്തിൽ ഓരോ വർഷവും പാഴാക്കി കളയുന്ന ഭക്ഷ്യവസ്തുക്കളിൽ 40 മുതൽ 50 ശതമാനവും പഴങ്ങൾ, പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ എന്നിവയാണ്. പാഴാക്കി കളയുന്ന ഭക്ഷ്യവസ്തുക്കളിൽ ധാന്യങ്ങൾ ഏകദേശം 30 ശതമാനവും എണ്ണക്കുരുക്കൾ 20 ശതമാനവും മീൻ, മാംസം, പാലുൽപ്പന്നങ്ങൾ എന്നിവ 35 ശതമാനവുമാണ്. 2050 ആകുമ്പോഴേക്കും ലോകജനസംഖ്യ 900 കോടിയിലെത്തുമെന്നാണ് കണക്കാക്കുന്നത്. ആ ഘട്ടത്തിലെ ആവശ്യങ്ങൾ നിറവേറ്റാൻ ഭക്ഷ്യോത്പാദനം 70 ശതമാനത്തോളം വർദ്ധിപ്പിക്കേണ്ടിവരും. ഈ സാഹചര്യത്തിൽ ഭക്ഷണം പാഴായിപോകുന്നത് തടടേണ്ടത് അത്യാവശ്യമാണ്. 

placeholder
കംബോഡിയയിലെ മാലിന്യസംഭരണ കേന്ദ്രത്തില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിക്കുന്നവര്‍ | Photo : Omar Havana/Getty Images

ഭക്ഷണം പാഴാക്കുന്നതിൽ ഇന്ത്യയും പിന്നിലല്ല

സമ്പന്ന രാജ്യങ്ങളിലെ ഉപഭോക്താക്കൾ ഓരോ വർഷവും സബ്-സഹാറൻ ആഫ്രിക്കയിലെ മൊത്തം ഭക്ഷ്യ ഉത്പാദനത്തിന്റെ അത്രയും ഭക്ഷണമാണ് പാഴാക്കുന്നത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ്രതിവർഷം 8.8 കോടി ടൺ ഭക്ഷണം പാഴാക്കപ്പെടുന്നതായാണ് കണക്കാക്കുന്നത്. യൂറോപ്പിൽ മാത്രം പാഴാക്കുന്ന ഭക്ഷണം 20 കോടി ആളുകൾക്ക് ഭക്ഷണം നൽകാൻ സാധിക്കുമെന്നാണ് കരുതുന്നത്. ലാറ്റിനമേരിക്കയിൽ പാഴാക്കുകയോ ചെയ്യുന്ന ഭക്ഷണമുണ്ടെങ്കിൽ അത് ഉപയോഗിച്ച് 30 കോടി ആളുകൾക്ക് ഭക്ഷണം നൽകാൻ കഴിയും. കടുത്ത ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന ആഫ്രിക്കയിലും സ്ഥിതി മറിച്ചല്ല. ആഫ്രിക്കയിൽ പാഴാക്കുന്നത് 30 കോടി ആളുകൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നത്ര ഭക്ഷണമാണ്. കാര്യക്ഷമമല്ലാത്ത സംസ്‌കരണവും ഉണക്കലും മോശം സംഭരണവും അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തയുമാണ് ആഫ്രിക്കയിലെ ഭക്ഷ്യനഷ്ടത്തിന്റെ പ്രധാന ഘടകങ്ങളാണ്. കടുത്ത ദാരിദ്രം അനുഭവിക്കുന്ന സബ്-സഹാറൻ ആഫ്രിക്കയിൽ പോലും വിളവെടുപ്പിനു ശേഷമുള്ള ഭക്ഷ്യനഷ്ടം വളരെ വലുതാണ്. 4 ബില്യൺ യുഎസ് ഡോളറിന്റെ ഭക്ഷ്യവസ്തുക്കളാണ് ഇവിടെ പാഴായി പോകുന്നത്. 

ഭക്ഷണം പാഴാക്കുന്ന കാര്യത്തിൽ ഇന്ത്യയും ഒട്ടും പിന്നിലല്ല. യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം (യു.എൻ.ഇ.പി.) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യൻ വീടുകളിൽ പ്രതിവർഷം 68,760,163 ടൺ ഭക്ഷണമാണ് പാഴാക്കുന്നത്. ഒരാൾക്ക് ഏകദേശം 50 കിലോഗ്രാം. ഇന്ത്യയിലും പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും തന്നെയാണ് അധികവും പാഴായി പോകുന്നത്. രാജ്യത്ത് പാഴായി പോകുന്നതിന്റെ 33 ശതമാനവും ധാധ്യങ്ങളാണ്. 24 ശതമാനം പഴങ്ങളും പച്ചക്കറികളും. 2020-ൽ, ഗ്ലോബൽ ഹംഗർ ഇൻഡക്‌സ് പ്രകരാരം 107 രാജ്യങ്ങളിൽ 94-ാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ സ്ഥാനം. അതായത് 13 രാജ്യങ്ങൾ മാത്രമാണ് അവരുടെ ജനസംഖ്യയുടെ ഭക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഇന്ത്യയെക്കാൾ മോശം പ്രകടനം കാഴ്ചവെച്ചത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിൽ വലിയ തോതിൽ ഭക്ഷണം പാഴാക്കുന്നത്. ധാരാളം ആളുകൾ ഇപ്പോഴും ദിവസവും വേണ്ടത്ര ഭക്ഷണം ലഭിക്കാത്ത സാഹചര്യത്തിൽ അത് പാഴാക്കുന്നത് ഗുരുതരമായ ആശങ്കയായി തുടരുകയാണ്. 

placeholder
തായ്ലന്‍ഡിലെ പട്ടായയില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന ആപ്പിളുകള്‍ | Photo : Paula Bronstein/Getty Images

ഭക്ഷണം പാഴാക്കുന്നതിന് കാരണം എന്താണ്?

ഭക്ഷണം നമ്മുടെ പ്ലേറ്റിലേക്ക് എത്തുന്നതിന് മുമ്പുള്ള വിവിധ ഘട്ടങ്ങളെക്കുറിച്ച് ചിന്തിക്കുക. വിളകൾ വളർത്തി വലുതാക്കണം, വിളവെടുക്കണം, സംസ്‌കരിക്കണം, പാക് ചെയ്യണം, വിവിധ സ്ഥലങ്ങളിൽ എത്തിക്കണം, വിപണനം ചെയ്യണം, ഒടുവിൽ വിഭവങ്ങൾ തയ്യാറാക്കണം. ഈ ഘട്ടങ്ങളിൽ പലയിടത്തുവെച്ച് ഭക്ഷ്യവസ്തുക്കൾ പല വിധത്തിൽ പാഴായിപ്പോകാറുണ്ട്. തീൻമേശയിൽ നിന്നോ വീട്ടിൽനിന്നോ സ്ഥിരിമായി ഭക്ഷണം പാഴായിപ്പോകുന്നുണ്ട്. എന്നാൽ ഭക്ഷണം നമ്മുടെ മുന്നിൽ എത്തുന്നതിന് വളരെ മുമ്പുതന്നെ വലിയ അളവിൽ പാഴാകുന്നുണ്ട്. ഉത്പാദനഘട്ടത്തിലുള്ള നഷ്ടം വലുതാണ്. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യത്തിന്റെ അപര്യാപ്തത, ശരിയായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ഭക്ഷണം കൈകാര്യം ചെയ്യുന്നതിലെ മോശം രീതികൾ എന്നിവയ്ക്ക് പുറമേ പ്രകൃതിക്ഷോഭങ്ങൾ കാരണവും ഉത്പാദന ഘട്ടത്തിൽ ഭക്ഷ്യനഷ്ടം സംഭവിക്കുന്നു.

ഇത് പുറമേ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനിടയിലും ചീത്തയാകാം. കടകളിൽ വിൽപനയ്ക്ക് എത്തുക്കുന്ന ഘട്ടത്തിലും ഇത് സംഭവിക്കുന്നുണ്ട്. കടകൾ പ്പോഴും അവർക്ക് വിൽക്കാൻ കഴിയാത്ത് ഭക്ഷ്യവസ്തുക്കൾ വലിച്ചെറിയുന്നു. ഭക്ഷണം കേടാകുന്നതിന് പുറമേ, ഭക്ഷ്യയോഗ്യമായവ ഉപഭോക്താക്കൾ മനഃപൂർവ്വം ഉപേക്ഷിക്കുന്നതും വെല്ലുവിളിയാണ്. ചില സമയങ്ങളിൽ, അമിതമായ ഉത്പാദനം കാരണം ഭക്ഷണം പാഴാക്കാനും സാധ്യതയുണ്ട്. ഭക്ഷണശാലകൾ, പലചരക്ക് കടകൾ, മറ്റ് സമാന സ്ഥാപനങ്ങൾ എന്നിവ ആവശ്യത്തിലധികം ഓർഡർ ചെയ്യുന്നതും വെല്ലുവിളിയാണ്. ഓരോ തവണയും ഭക്ഷണം പാഴായിപ്പോകുമ്പോൾ, ഓരോ ഘട്ടങ്ങളിലും നമ്മൾ വിനിയോഗിച്ച എല്ലാ വിഭവങ്ങളും പാഴാകുന്നു. യുഎൻ എൻവയോൺമെന്റ് പ്രോഗ്രാമിന്റെ ഭക്ഷ്യമാലിന്യ സൂചിക റിപ്പോർട്ട് 2021 അനുസരിച്ച്, ആഗോള ഭക്ഷ്യ ഉത്പാദനത്തിന്റെ 17% പാഴാക്കപ്പെടുന്നു, ഇതിൽ 43% വീടുകളിൽ നിന്നും 26% ഭക്ഷണ സേവനത്തിൽ നിന്നും 13% ചില്ലറവിൽപ്പനയിൽ നിന്നും വരുന്നു.

placeholder
സാന്‍ ഫ്രാന്‍സിസ്‌കോയിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ കമ്പോസ്റ്റ് തയ്യാറാക്കാന്‍ ശേഖരിച്ചിരിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍ (ഫയല്‍ ചിത്രം) | Photo : Justin Sullivan/Getty Images

ഭക്ഷ്യ മാലിന്യത്തിന്റെ പാരിസ്ഥിതിക ആഘാതം

സാമൂഹിക പ്രശ്‌നങ്ങൾക്ക് പുറമേ ഭക്ഷണം പാഴാക്കുന്നതിന് വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളുമുണ്ട്. പുറന്തള്ളുന്ന ഭക്ഷണം പലപ്പോഴും മാലിന്യക്കൂമ്പാരങ്ങളിലേക്കാണ് പോകുന്നത്. മാലിന്യക്കൂമ്പാരങ്ങളിൽ അവസാനിക്കുന്ന ഭക്ഷ്യാവശിഷ്ടങ്ങൾ അഴുകുമ്പോൾ, വലിയ അളവിൽ മീഥെയ്ൻ ഉത്പാദിപ്പിക്കുന്നു. കാർബണ് ഡൈ ഓക്‌സൈഡിനേക്കാൾ ശക്തമായ ഹരിതഗൃഹ വാതകമായ മീഥെയ്ൻ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിന് പുറമേ ഉത്പാദനഘട്ടത്തിലും ഗതാഗതത്തിലും ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളപ്പെടുന്നു. ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ വലിയ തോതിൽ കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നു. മീഥെയ്ൻ, കാർബണ് ഡൈ ഓക്‌സൈഡ്, ക്ലോറോ ഫ്‌ലൂറോ കാർബണുകൾ തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ അധിക അളവ് ഇൻഫ്രാറെഡ് വികിരണം ആഗിരണം ചെയ്യുകയും ഭൂമിയുടെ അന്തരീക്ഷത്തെ ചൂടാക്കുകയും ചെയ്യുന്നു. ഇത് ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നു. 

ലോകമെമ്പാടും ഉപയോഗിക്കുന്ന ജലത്തിന്റെ 70 ശതമാനവും കാർഷിക മേഖലയിലാണെന്നിരിക്കെ, ശുദ്ധജലത്തിന്റെയും ഭൂഗർ ഭജലസ്രോതസ്സുകളുടെയും കാര്യമായ പാഴാക്കലിനും ഇത് വഴിവെയ്ക്കുന്നു. ഭക്ഷ്യ ഉത്പാദന പ്രക്രിയയുടെ എല്ലാ ഘട്ടങ്ങളിലും വെള്ളം ഉപയോഗിക്കുന്നുണ്ട്. വിളകൾ നനയ്ക്കുന്നതിനും മൃഗസംരക്ഷണത്തിനുമെല്ലാം വലിയ അളവിൽ വെള്ളം ആവശ്യമാണ്. ഇതിന് പുറമേ, ശുചീകരണത്തിനും സംസ്‌കരണത്തിനും വെള്ളം ഉപയോഗിക്കുന്നു. ഭക്ഷണം പാഴാക്കുമ്പോൾ അത് ഉത്പാദിപ്പിക്കാൻ ഉപയോഗിച്ച വെള്ളവും കൂടിയാണ് പാഴായി പോകുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒരാൾക്ക് പ്രതിദിനം ആവശ്യമായ ഏറ്റവും കുറഞ്ഞ ജലത്തിന്റെ അളവ് ഏകദേശം 15-20 ലിറ്ററാണ്. ഇത്തരത്തിൽ പാഴായിപ്പോകുന്ന വെള്ളത്തിന്റെ ഒരംശം പോലും സംരക്ഷിച്ചാൽ, അത് ലോകമെമ്പാടുമുള്ള ആളുകൾക്ക് ശുദ്ധജലം നൽകാൻ മതിയാകുമെന്നാണ് കണക്കാക്കുന്നത്. ഇതിന് പുറമേ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദിപ്പിക്കതിനുള്ള മുന്നൊരുക്കങ്ങളും പരിസ്ഥിതിക്ക് വലിയ വെല്ലുവിളിയാണ്. ഒരു ഫാം സൃഷ്ടിക്കാൻ ഭൂമി തയ്യാറാക്കിയെടുക്കുന്നത് ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ജൈവവൈവിധ്യം കുറയ്ക്കുകയും ചെയ്യും.

ഉയർന്ന വരുമാനമുള്ള രാജ്യങ്ങളും പ്രദേശങ്ങളിലും ഉപഭോഗ തലത്തിലാണ് കൂടുതൽ ഭക്ഷ്യവസ്തുക്കൾ പാഴാക്കി കളയുന്നത്. എന്നാൽ ശരിയായ വിളവെടുപ്പ് സാങ്കേതികത വിദ്യകളുടേയും അടിസ്ഥാന സൗകര്യങ്ങളുടെയും അഭാവം മൂലം വികസ്വര രാജ്യങ്ങൾ ഈ ഘട്ടത്തിൽ ഭക്ഷണം നഷ്ടപ്പെടുകയോ പാഴാക്കുകയോ ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഇതിനൊപ്പം തുടർന്നും അവിടങ്ങളിൽ ഭക്ഷണം പാഴാക്കുന്നു. ഇതോടെ അതിന്റെ പാരിസ്ഥിതിക ആഘാതം വർദ്ധിക്കും. സംസ്‌കരിക്കുന്നതിനും ഗതാഗതത്തിനും സംഭരിക്കുന്നതിനും പാചകം ചെയ്യുന്നതിനും ചെലവഴിക്കുന്ന ഈർജ്ജവും പ്രകൃതി വിഭവങ്ങളും നാം കണക്കിലെടുക്കേണ്ടതുണ്ട്. നാം ഭക്ഷണം വലിച്ചെറിയുന്നത് നിർത്തിയാൽ, ഭക്ഷ്യ സംവിധാനം ഉത്പാദിപ്പിക്കുന്ന ഹരിതഗൃഹ വാതക പുറംതള്ളൽ 11 ശതമാനം തടയാൻ കഴിയുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. 

placeholder
യു.എസിലെ കാലിഫോര്‍ണിയയിലെ ജെപ്സണ്‍ പ്രേരി ഓര്‍ഗാനിക്സ് കമ്പോസ്റ്റ് കേന്ദ്രം (ഫയല്‍ ചിത്രം) | Photo: Justin Sullivan/Getty Images

പാരിസ്ഥിതിക ആഘാതം കുറയ്ക്കാൻ എന്ത് ചെയ്യാം? 

ഭക്ഷണം പാഴാക്കുന്നത് തടയാൻ, വിളവെടുപ്പ് മുതലുള്ള പ്രക്രിയയുടെ ഓരോ ഘട്ടത്തിലും മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. കർഷകർ, ഭക്ഷണ സംസ്‌കരണശാലകൾ മുതൽ വിൽപനശാലകളും, വ്യക്തിഗത ഉപഭോക്താക്കൾ വരെ ഈ മാറ്റം കൊണ്ടുവരണം. ആദ്യഘട്ടമെന്ന നിലയിൽ ഉത്പാദനം സന്തുലിതമാക്കുന്നതിന് മുൻഗണന നൽകണം. വയലിൽ ഭക്ഷ്യസാധനങ്ങളുടെ നാശം തടയാനായാൽ പ്രകൃതിവിഭവങ്ങളുടെ ഉപയോഗം കുറയ്ക്കാനാകും. ഇതിനൊപ്പം മെച്ചപ്പെട്ട വിളവെടുപ്പ്, സംഭരണം, സംസ്‌കരണം, വിതരണം എന്നിവയ്ക്ക് മുൻതൂക്കം നൽകണം. ഇക്കാര്യത്തിൽ ഉത്പാദകർക്കും വിതരണക്കാർക്കും ചെയ്യാൻ കഴിയുന്ന നിരവധി കാര്യങ്ങളുണ്ട്. ഉത്പാദനത്തിലും സംഭരണത്തിലും സാങ്കേതികവിദ്യകളുടെ സഹായം തേടാം. വിളവെടുപ്പിനുശേഷം ശരിയായ രീതിയിൽ സംഭരിച്ചില്ലെങ്കിൽ ഭക്ഷണം ചീത്തയാകാം. ചില സ്ഥലങ്ങളിൽ, ശീതീകരണം എല്ലായ്‌പ്പോഴും പ്രായോഗികമല്ല, പ്രത്യേകിച്ചും  പല വികസ്വര രാജ്യങ്ങളിലും ഈ പ്രദേശങ്ങളിൽ ഇതിനുള്ള ബദലുകൾ കണ്ടെത്തണം.വൻകിട റെസ്റ്റോറന്റുകൾ, സൂപ്പർമാർക്കറ്റുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, വ്യക്തിഗത ഉപഭോക്താക്കൾ എന്നിവർക്ക് മാലിന്യം എവിടെയാണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുകയും അവ പരിഹരിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നതിലൂടെ ഇത് കുറക്കാൻ സാധിക്കും. 

മാലിന്യ നിർമാർജനമാണ് മറ്റൊരു പരിഹാരം. ഭക്ഷണം പുനരുപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ അത് കമ്പോസ്റ്റക്കി മറ്റാവുന്നതാണ്. ഹോം കമ്പോസ്റ്റിംഗ് രീതികൾ വ്യാപകമാക്കുന്നതിലൂടെ വീടുകളിൽ പാഴായിപ്പോകുന്ന ഭക്ഷണം മാലിന്യക്കൂമ്പാരത്തിൽ എത്താതിരിക്കാൻ സഹായിക്കും.  ചീഞ്ഞഴുകുന്ന മാലിന്യങ്ങളെ വിലയേറിയ വളമാക്കി മാറ്റാൻ ഇത് സഹായിക്കും. അതുവഴി കാർഷിക വിളകൾക്ക് ആവശ്യമായ ജൈവവളം ലഭിക്കാനും ഇത് ഇടയാക്കും. ജൈവ മാലിന്യത്തിൽ നിന്ന് ബയോഗ്യാസ്, ഇലക്ട്രിസിറ്റി അടക്കമുള്ള സാധ്യതകളും പരിഗണിക്കാവുന്നതാണ്. ഇത്തരത്തിൽ വലിയ മാതൃകകൾ നമുക്ക് മുന്നിലുണ്ട്. അതുവഴി നഗരങ്ങൾ അവരുടെ സുസ്ഥിര ലക്ഷ്യങ്ങൾ കൈവരിക്കാനും സാധിക്കും. മറ്റൊന്ന് ഭക്ഷണ പദാർത്ഥങ്ങളുടെ പുനരുപയോഗമാണ്.  ഭക്ഷണം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെങ്കിൽ, അത് കന്നുകാലികൾക്ക് തീറ്റ നൽകാനും വാണിജ്യ തീറ്റ ഉത്പാദിപ്പിക്കുന്നതിന് ഉപയോഗിക്കാം. 2050-ഓടെ വർദ്ധിച്ചുവരുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഭക്ഷ്യോത്പാദനം പകുതിയിലധികം വർദ്ധിപ്പിക്കേണ്ടിവരുമെന്നാണ് യു.എൻ. പറയുന്നത്. എന്നൽ, ഭക്ഷണം പാഴാക്കുന്നത് കുറച്ചാൽ ഇത് ഏറെക്കുറേ പരിഹരിക്കാൻ സാധിക്കും.