രാജ്യം ഹരിതാഭമായ ഒരു ഭാവി സ്വപ്നം കാണുമ്പോൾ അതിന് വെല്ലുവിളിയാകുന്ന ഭീഷണികളെയും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അത്തരത്തിലൊന്നാണ് 'ഗ്രീൻവാഷിങ്' (Greenwashing). കേൾക്കുമ്പോൾ പരിസ്ഥിതിസൗഹൃദമായ ഒരു പ്രവണതയാണെന്ന് തോന്നാമെങ്കിലും ഇതിന് പച്ചപ്പുമായി യാതൊരു ബന്ധവുമില്ല. യഥാർഥത്തിൽ പരിസ്ഥിതിക്കുവേണ്ടി കാര്യമായ മാറ്റങ്ങൾ വരുത്താതെ തങ്ങളുടെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ പ്രകൃതിക്ക് ഗുണകരമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അവകാശവാദമുന്നയിച്ച് ഉപഭോക്താക്കളെ ആകർഷിക്കുന്ന തന്ത്രമാണ് ഗ്രീൻവാഷിങ്.

To advertise here,

പരിസ്ഥിതി സംരക്ഷണമെന്നത് ഇന്നൊരു ആഗോള മുദ്രാവാക്യമായി മാറിയിരിക്കുകയാണ്. എന്നാൽ ഈ ബോധവൽക്കരണത്തെ വിപണന തന്ത്രമാക്കിമാറ്റി ലാഭം കൊയ്യാൻ ശ്രമിക്കുന്ന കമ്പനികളുടെ രീതിയാണ് 'ഗ്രീൻവാഷിങ്'. കേവലം ഒരു മാർക്കറ്റിങ് തന്ത്രം എന്നതിലുപരി, ഇന്ത്യയുടെയും ലോകത്തിന്റെയും കാലാവസ്ഥാ പോരാട്ടങ്ങളെ തകിടം മറിക്കുന്ന വലിയൊരു വഞ്ചനയാണിത്. 

കാലാവസ്ഥാ ലക്ഷ്യങ്ങളെ ദുർബലപ്പെടുത്തുമ്പോഴാണ് ഗ്രീൻവാഷിങ് പരിസ്ഥിതിക്ക് ഭീഷണിയാകുന്നത്. കമ്പനികൾ തങ്ങളുടെ സുസ്ഥിരതയെക്കുറിച്ച് പെരുപ്പിച്ചു കാട്ടുമ്പോൾ മലിനീകരണം കുറയ്ക്കുന്നതിനോ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് നിയന്ത്രിക്കുന്നതിനോ വേണ്ടിയുള്ള യഥാർഥ പ്രവർത്തനങ്ങൾ അവിടെ നടക്കുന്നില്ല. ഇത് ഇന്ത്യയുടെ ശുദ്ധമായ ഊർജത്തിലേക്കും പരിസ്ഥിതി നീതിയിലേക്കുമുള്ള (Environmental Justice) യാത്രയെ മന്ദഗതിയിലാക്കുന്നു. പാരീസ് ഉടമ്പടിയുടെ പ്രധാന ഉദ്ദേശങ്ങളിലൊന്നായ ആഗോള താപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുകയെന്ന ലക്ഷ്യം ഫലം കാണണമെങ്കിൽ ഉത്പാദന മേഖലയിൽ വലിയ മാറ്റങ്ങൾ ആവശ്യമാണ്. എന്നാൽ ഗ്രീൻവാഷിങ് വഴി മലിനീകരണം നടത്തുന്ന കമ്പനികൾക്ക് സുരക്ഷിതമായി തുടരാൻ കഴിയുന്നത് ഭൂമിക്ക് വലിയ ഭീഷണിയാണ്.

ഗ്രീൻവാഷിങ് രാജ്യത്തിന്റെ നിക്ഷേപങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ഇന്ന് പല നിക്ഷേപകരും തങ്ങളുടെ പണം ഇഎസ്ജി (ESG) ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന കമ്പനികളിലാണ് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നത്. പരമ്പരാഗത സാമ്പത്തിക അളവുകൾക്കപ്പുറം കാലാവസ്ഥാ ആഘാതം (Environmental), കമ്മ്യൂണിറ്റി ബന്ധങ്ങൾ (Social), നേതൃത്വ ഘടന (Governance) തുടങ്ങിയ മേഖലകളെ ഉൾക്കൊള്ളുന്ന ഒരു കമ്പനിയുടെ സുസ്ഥിരത, ധാർമ്മിക ആഘാതം, ദീർഘകാല പ്രതിരോധശേഷി എന്നിവ വിലയിരുത്തുന്നതിന് നിക്ഷേപകരും സ്ഥാപനങ്ങളും ഉപയോഗിക്കുന്ന ഒരു ചട്ടക്കൂടാണിത്. എന്നാൽ കമ്പനികൾ നൽകുന്ന വ്യാജ വിവരങ്ങൾ നിക്ഷേപകരെ തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കുന്നു. ഇത് യഥാർഥത്തിൽ പരിസ്ഥിതിക്ക് വേണ്ടി പ്രവർത്തിക്കുന്ന കമ്പനികൾക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായം ഇല്ലാതാക്കുകയും ചെയ്യുന്നു. ഒരു വശത്ത് പുനരുപയോഗ ഊർജത്തെ പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് കൽക്കരി ഖനനം വ്യാപിപ്പിക്കുകയും ചെയ്യുന്ന വൻകിട കമ്പനികൾ ഗ്രീൻവാഷിങ്ങിന്റെ ഒരു ക്ലാസിക് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഗ്രീൻവാഷിങ്ങിന്റെ മറ്റൊരു അപകടം അത് ഉപഭോക്താക്കളിൽ സൃഷ്ടിക്കുന്ന അവിശ്വാസമാണ്. 'ഇക്കോ ഫ്രണ്ട്‌ലി', 'നാച്ചുറൽ' തുടങ്ങിയ പദങ്ങൾ തെളിവുകളില്ലാതെ ഉപയോഗിക്കുന്നത് പതിവായതോടെ, സത്യസന്ധമായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ബ്രാൻഡുകളെപ്പോലും ആളുകൾ സംശയത്തോടെ നോക്കിത്തുടങ്ങി. ഉദാഹരണത്തിന്, പൂർണമായും പ്രകൃതിദത്തമെന്ന് അവകാശപ്പെട്ട സോപ്പുകളിൽ സിന്തറ്റിക് ചേരുവകൾ കണ്ടെത്തിയതിനെത്തുടർന്ന് ഗോദ്‌റെജ് കൺസ്യൂമർ പ്രൊഡക്ട്‌സിന് തങ്ങളുടെ പരസ്യങ്ങൾ പിൻവലിക്കേണ്ടി വന്നു. പ്ലാസ്റ്റിക് മലിനീകരണത്തിൽ രാജ്യത്തെ മുൻനിരക്കാരായി നിൽക്കുമ്പോഴും വലിയ റീസൈക്ലിങ് കാമ്പയിനുകൾ നടത്തി ശ്രദ്ധ തിരിക്കാൻ ശ്രമിച്ച കൊക്കകോള ഇന്ത്യ കമ്പനിയും വിമർശിക്കപ്പെട്ടു. ഒരു വശത്ത് പുനരുപയോഗ ഊർജത്തെ (Renewable Energy) പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് കൽക്കരി ഖനനം വ്യാപിപ്പിക്കുകയും ചെയ്യുന്ന വൻകിട കമ്പനികളും ഗ്രീൻവാഷിങ്ങിന്റെ ഉദാഹരണങ്ങളാണ്.

വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് 2024-ൽ കേന്ദ്രസർക്കാർ കർശനമായ മാർഗനിർദേശങ്ങൾ (CCPA Guidelines) പുറത്തിറക്കിയിട്ടുണ്ട്. ഇനി മുതൽ കമ്പനികൾ തങ്ങളുടെ പരിസ്ഥിതി അവകാശവാദങ്ങൾക്ക് ശാസ്ത്രീയമായ തെളിവുകളോ തേർഡ് പാർട്ടി സർട്ടിഫിക്കേഷനോ നൽകേണ്ടതുണ്ട്. കൃത്യമായ വിവരങ്ങളില്ലാത്ത പരസ്യവാചകങ്ങൾ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. കമ്പനികൾ വെറും ലേബലുകൾക്ക് അപ്പുറം സുതാര്യമായ വിവരങ്ങളും യഥാർഥ പ്രവർത്തനങ്ങളുംവഴി തങ്ങളുടെ പരിസ്ഥിതി പ്രതിബദ്ധത തെളിയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഹരിതാഭമായ ഒരു ഭൂമിയെ പരിരക്ഷിക്കുന്നതിനായി ഇന്നത്തെ ഉപഭോക്തൃ വിപണിയിൽ ഗ്രീൻവാഷിങ്ങിനെക്കുറിച്ചും അതിനെ തിരിച്ചറിയാനുള്ള രീതികളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഉപഭോക്താക്കളിൽ സുസ്ഥിരതാബോധം ഉണർത്താനായി 'ഗ്രീൻ', 'നാച്ചുറൽ', 'സസ്റ്റൈനബിൾ', 'ഇക്കോ ഫ്രണ്ട്‌ലി' തുടങ്ങിയ അവ്യക്തമായ പദങ്ങളും പരസ്യവാചകങ്ങളും കമ്പനികൾ പരസ്യത്തിനായി ഉപയോഗിക്കുന്നു. ഇതിനു പുറമെ മരങ്ങൾ, പശുക്കൾ, നീലാകാശം, ഫാമുകൾ തുടങ്ങിയ പ്രകൃതിദത്തമായ ചിത്രങ്ങളും പച്ച, നീല, തവിട്ട് തുടങ്ങിയ നിറങ്ങളും ഉപയോഗിച്ച് തങ്ങളുടെ ഉൽപ്പന്നങ്ങൾ പരിസ്ഥിതി സൗഹൃദമാണെന്ന വ്യാജമായ ഒരു ചിത്രം കമ്പനികൾ സൃഷ്ടിക്കുന്നു.

സുസ്ഥിരമായത് എന്നാൽ അത്യാവശ്യമായത് മാത്രം ഉപയോഗിക്കുന്നതും പുനരുൽപ്പാദിപ്പിക്കാനാവാത്ത ഊർജ്ജ സ്രോതസ്സുകൾ സംരക്ഷിക്കുന്നതുമാണ്.  പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതുകൊണ്ട് മാത്രം അത് പൂർണമാകില്ല. അതിനാൽ ഉപഭോക്താക്കൾ ഇത്തരം അവകാശവാദങ്ങളെ വിശ്വസനീയമായ മറ്റ് വിവര സ്രോതസ്സുകൾ വഴി സ്ഥിരീകരിക്കേണ്ടതുണ്ട്.

പലപ്പോഴും കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ഉപഭോക്താക്കളിൽ നിന്ന് മറച്ചുവെക്കാറുണ്ട്. ഉൽപ്പന്നം പ്രകൃതിദത്തമായ അസംസ്‌കൃത വസ്തുക്കൾ കൊണ്ട് നിർമ്മിച്ചതാണെന്ന് അവകാശപ്പെടുമ്പോഴും അതിലെ ദോഷകരമായ കൃത്രിമവസ്തുക്കളെ വെളിപ്പെടുത്താതിരിക്കുന്നത് ഗ്രീൻ വാഷിങ്ങിന്റെ ഭാഗമാണ്. ഒരു ഉൽപ്പന്നം യഥാർഥത്തിൽ പരിസ്ഥിതിസൗഹൃദമാകണമെങ്കിൽ അത് നിർമ്മിക്കുന്ന പ്രക്രിയയിൽ ഉടനീളം സീറോ എമിഷൻ (zero emissions) പാലിക്കേണ്ടതുണ്ട്. അന്തരീക്ഷത്തിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഹരിതഗൃഹ വാതകത്തിന്റെ (GHG) അളവും നീക്കം ചെയ്യപ്പെടുന്ന അളവും തമ്മിലുള്ള സന്തുലിതാവസ്ഥയെയാണ് നെറ്റ് സീറോ എന്ന് പറയുന്നത്. എമിഷൻ കുറയ്ക്കലും എമിഷൻ നീക്കം ചെയ്യലും സംയോജിപ്പിച്ചുകൊണ്ട് ഇത് നേടാനാകും

ഉദാഹരണത്തിന്, സുസ്ഥിരമായ തുണിത്തരങ്ങൾ ഉപയോഗിക്കുന്നു എന്ന് അവകാശപ്പെടുന്ന ഫാഷൻ ബ്രാൻഡുകൾ പോലും അവരുടെ വിദേശ നിർമാണശാലകളിൽ കൽക്കരി ഉപയോഗിക്കുന്നുണ്ടാകാം. പാക്കേജിങ്ങിന്റെ കാര്യത്തിലും സമാനമായ വഞ്ചനകൾ നടക്കുന്നുണ്ട്. പുനരുൽപ്പാദിപ്പിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളിൽ പോലും ‘റീസൈക്കിൾ’ ചെയ്യാമെന്ന തെറ്റായ ലേബലുകൾ നൽകാറുണ്ട്. 2018-ൽ മക്ഡൊണാൾഡ്സ് പ്ലാസ്റ്റിക് സ്ട്രോകൾക്ക് പകരം പേപ്പർ സ്ട്രോകൾ അവതരിപ്പിച്ചെങ്കിലും അവ യഥാർഥത്തിൽ പുനരുൽപ്പാദിപ്പിക്കാൻ കഴിയുന്നവയായിരുന്നില്ലെന്ന് പിന്നീട് തെളിയിക്കപ്പെട്ടിരുന്നു.

ഗ്രീൻ വാഷിങ്ങിന്റെ ഏറ്റവും പ്രചാരമുള്ള മറ്റൊരു രൂപമാണ് കാർബൺ ഓഫ്‌സെറ്റിംഗ് (carbon offsetting). അന്തരീക്ഷത്തിലേക്ക് മലിനീകരണം തുടരുന്നതിനിടയിലും കാർബൺ പുറന്തള്ളുന്നത് കുറവാണെന്നും കാണിക്കാൻ കമ്പനികൾ ഈ മാർഗം ഉപയോഗിക്കുന്നു. ഇത് പലപ്പോഴും തട്ടിപ്പുകൾക്ക് വഴിമാറുകയും കമ്പനികൾക്കും ഗവൺമെന്റുകൾക്കും യാതൊരു പ്രത്യാഘാതവുമില്ലാതെ മലിനീകരണം തുടരാൻ അനുവാദം നൽകുകയും ചെയ്യുന്നു. ഇത്തരം ചതിക്കുഴികൾ തിരിച്ചറിയാൻ സ്വതന്ത്രമായ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ പരിശോധിക്കുന്നത് നല്ലതാണ്. എങ്കിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനായി നൽകുന്ന വ്യാജ ലേബലുകളെക്കുറിച്ച് ജാഗ്രത പാലിക്കണം. കമ്പനികളുടെ സുസ്ഥിരതാ പ്രവർത്തനങ്ങളെക്കുറിച്ച് ഡിജിറ്റൽ സുതാര്യത നൽകുന്ന സർട്ടിഫിക്കേഷൻ ഓർഗനൈസേഷനുകളെ കണ്ടെത്തുകയാണ് ഇതിനുള്ള വഴി.