ന്യൂഡൽഹി: രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് വഴിതുറക്കുന്ന 'ഗോവർധൻ' പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് 23,731 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നൽകിയത്. കാർഷികാവശിഷ്ടങ്ങൾ, കന്നുകാലികളുടെ ചാണകം, ജൈവമാലിന്യങ്ങൾ എന്നിവ ഉപയോഗിച്ച് കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) ഉൽപ്പാദിപ്പിക്കുകയും അതുവഴി ഗ്രാമീണ മേഖലയിൽ സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഒപ്പം, ഇന്ത്യയുടെ ഇന്ധന ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും ലക്ഷ്യമിടുന്നു.

To advertise here,

നിലവിൽ ഇന്ത്യ ഉപയോഗിക്കുന്ന പ്രകൃതിവാതകത്തിന്റെ 50 ശതമാനത്തോളം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. മിഡിൽ ഈസ്റ്റ് പ്രതിസന്ധികളും ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങളും ഇന്ത്യയുടെ എൽ.എൻ.ജി ഇറക്കുമതിയെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ, ഇറക്കുമതി ചെയ്യുന്ന ഫോസിൽ ഇന്ധനങ്ങൾക്ക് പകരമായി ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസിനെ ഒരു പരിഹാരമായാണ് സർക്കാർ കാണുന്നത്. 

2026-27 സാമ്പത്തിക വർഷംമുതൽ 2035-36 വരെയുള്ള പത്ത് വർഷത്തേക്കാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നിലവിലെ കംപ്രസ്ഡ് ബയോഗ്യാസ് ഉൽപ്പാദനം പത്തിരട്ടിയായി വർധിപ്പിക്കാനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിന്റെ കീഴിൽ ഏകീകൃത സംവിധാനമായാണ് പദ്ധതി പ്രവർത്തിക്കുക.

ബയോഗ്യാസ് ഉൽപ്പാദകർക്ക് സ്ഥിരമായ വരുമാനം ഉറപ്പാക്കുന്നതിനായി ഒരു എം.എം.ബി.ടി.യു വാതകത്തിന് 2,110 രൂപ എന്ന നിരക്ക് നിശ്ചയിച്ചു. ഉൽപ്പാദിപ്പിക്കുന്ന വാതകത്തിന് വിപണി ഉറപ്പാക്കുന്നതിനായി സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ശൃംഖലകളിൽ നിശ്ചിത ശതമാനം ബയോഗ്യാസ് കലർത്തുന്നത് നിർബന്ധമാക്കും.

പുതിയ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പ്രതിദിനം ഒരു ടൺ ഉൽപ്പാദന ശേഷിയുള്ള യൂണിറ്റുകൾക്ക് രണ്ടുകോടി രൂപവരെ സാമ്പത്തിക സഹായം ലഭിക്കും. നിലവിലുള്ള പ്ലാന്റുകൾ വികസിപ്പിക്കുന്നതിനും ഈ സഹായം ലഭ്യമാണ്. ബയോഗ്യാസ് പ്ലാന്റുകളെ പ്രധാന പൈപ്പ് ലൈൻ ശൃംഖലകളുമായി ബന്ധിപ്പിക്കുന്നതിന് പ്രത്യേക സഹായം നൽകും. ചെറുകിട, ഇടത്തരം സംരംഭകർക്കായി ക്രെഡിറ്റ് ഗ്യാരന്റി സംവിധാനവും ഏർപ്പെടുത്തും.

പ്രാദേശിക തലത്തിൽ ബയോഗ്യാസ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനുമായി ഒരു പ്രത്യേക ചലഞ്ച് ഫണ്ട് രൂപീകരിക്കും. ഗ്രാമങ്ങളെ ശുദ്ധമായ ഊർജ്ജ ഉൽപ്പാദന കേന്ദ്രങ്ങളാക്കി മാറ്റുന്നതിലൂടെ കർഷകർ രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയിലെ പങ്കാളികളായി മാറുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.

ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിലൂടെ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാനും ഈ പദ്ധതി സഹായിക്കും. കൂടാതെ, ബയോഗ്യാസ് ഉൽപ്പാദനത്തിന്റെ ഉപോൽപ്പന്നമായ ജൈവവളത്തിന്റെ ഉൽപ്പാദനവും വിപണനവും വർധിക്കുന്നത് കാർഷിക മേഖലയ്ക്ക് വലിയ ഗുണം ചെയ്യുമെന്നും സർക്കാർ വിലയിരുത്തുന്നു.