തിരുവനന്തപുരം: തിരുവനന്തപുരത്തെ നദികളെയും തോടുകളെയും പ്ലാസ്റ്റിക് മാലിന്യങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനായി അലയൻസ് ഗ്രൂപ്പ് നടത്തുന്ന പദ്ധതി വൻ വിജയം. കഴിഞ്ഞ നാല് വർഷത്തിനിടെ നഗരത്തിലെ ജലാശയങ്ങളിൽനിന്ന് ആയിരം ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധത (സി.എസ്.ആർ) പദ്ധതിയിലൂടെ വിജയകരമായി ശേഖരിച്ചത്. അലയൻസ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഗ്ലോബൽ കാപ്പബിലിറ്റി സെന്റററുകളായ (ജിസിസി) അലയൻസ് സർവീസസ് ഇന്ത്യയും അലയൻസ് ടെക്നോളജി ഇന്ത്യയും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത്.
2022-ൽ ആരംഭിച്ച ഈ പദ്ധതിക്കായി 5 കോടിയിലധികം രൂപയാണ് ഇതുവരെ ചെലവഴിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വ്യവസായ-ഐടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി, തിരുവനന്തപുരം മേയർ അഡ്വ. വി.വി. രാജേഷ്, കഴക്കൂട്ടം എം.എൽ.എ വി. മുരളീധരൻ, അലയൻസ് സർവീസസ് ഇന്ത്യ എം.ഡി ജിസൺ ജോൺ, അലയൻസ് ടെക്നോളജി ഇന്ത്യ ബ്രാഞ്ച് ഹെഡ് ജയന്ത് തുൽസിയാനി എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ നേട്ടം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കേരളത്തിലെ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ അവർ നിലനിൽക്കുന്ന സമൂഹങ്ങളിലും ഇക്കോസിസ്റ്റങ്ങളിലും നിക്ഷേപം നടത്തുന്ന ഉത്തരവാദിത്വശീലരായ കോർപ്പറേറ്റ് പൗരന്മാർകൂടിയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിന്റെ വ്യവസായ വളർച്ചയ്ക്ക് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധതയുമായി അകറ്റാനാവാത്ത ബന്ധമുണ്ട് എന്ന ശക്തമായ സന്ദേശമാണ് ഈ നേട്ടം ആഗോള നിക്ഷേപകർക്ക് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നദികളെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്ന ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത അതിന്റെ സുസ്ഥിരവും സമഗ്രവുമായ പ്രവർത്തനരീതിയാണ്. മറ്റു കമ്പനികളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, പൗരന്മാരും ഈ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു.
നമ്മുടെ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, തിരുവനന്തപുരം കോർപ്പറേഷൻ എന്നിവ ഈ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുകയും ഇത്തരത്തിലുള്ള പദ്ധതികളുമായി കൂടുതൽ സഹകരണം നടത്തുകയും വേണമെന്ന് തദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പറഞ്ഞു.
1,000 ടൺ എന്ന നാഴികക്കല്ല് ഏറെ അഭിമാനകരമായ നേട്ടമാണെന്ന് അലയൻസ് എസ്.ഇ ബോർഡ് ഓഫ് മാനേജ്‌മെന്റ് അംഗവും ഗ്രൂപ്പ് സി.ഒ.ഒയുമായ ബാർബറ കറുത്ത്-സെല്ലെ പറഞ്ഞു. പുഴകളിൽ നിന്ന് നീക്കം ചെയ്യുന്ന ഓരോ പ്ലാസ്റ്റിക്കും കടലിനെ സംരക്ഷിക്കുന്നതിനുള്ള ചുവടുവെപ്പാണ്. ഈ പദ്ധതി വെറുമൊരു ശുചീകരണ പ്രവർത്തനം മാത്രമല്ല. ജനജീവിതത്തിൽ ക്രിയാത്മകമായ മാറ്റങ്ങളുണ്ടാക്കാനും, പ്രാദേശികമായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ്. വരുംതലമുറയ്ക്കായി പ്രകൃതിയെ സംരക്ഷിക്കാൻ കൂടുതൽ കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണെന്നും അവർ വ്യക്തമാക്കി.
പുഴകളിലെയും തോടുകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴുകി കടലിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ തടഞ്ഞുനിർത്താൻ 'ട്രാഷ്ബൂം' എന്ന ലളിതമായ ഫ്ലോട്ടിങ് വേലികൾ കൊണ്ടുള്ള തടസ്സങ്ങളാണ് പദ്ധതിയിൽ ഉപയോഗിക്കുന്നത്. തമ്പാനൂർ തോട്, ഉള്ളൂർ തോട്, പട്ടം തോട്, തെക്കിനക്കര കനാൽ, ആമയിഴഞ്ചാൻ തോട്, കരമനയാർ, കിള്ളിയാർ, കരിയിൽ തോട്, തെറ്റിയാർ കനാൽ തുടങ്ങി നഗരത്തിലെ പ്രധാനപ്പെട്ട 15 സ്ഥലങ്ങളിൽ ഈ സംവിധാനം വഴി ദിവസവും മാലിന്യം നീക്കം ചെയ്യുന്നുണ്ട്. തണൽ ട്രസ്റ്റ്, സുസ്തേര ഫൗണ്ടേഷൻ എന്നീ സന്നദ്ധ സംഘടനകളുമായി ചേർന്നാണ് അലയൻസ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതിനായി ജർമ്മനിയിലെ 'പ്ലാസ്റ്റിക് ഫിഷർ' എന്ന കമ്പനിയുടെ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്ന ശീലം മാറ്റിയെടുക്കാനുള്ള ബോധവൽക്കരണ പരിപാടികളും അലയൻസ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുത്തൻതോപ്പ്, കഠിനംകുളം, വേളി തുടങ്ങിയ സ്ഥലങ്ങളിൽ പ്രദേശവാസികൾക്കും വ്യാപാരികൾക്കും സന്ദർശകർക്കുമായി 2025 മുതൽ പ്രത്യേക പരിപാടികൾ നടത്തിവരികയാണ്. അലയൻസ് ജീവനക്കാരും സന്നദ്ധ സംഘടനകളും ചേർന്ന് ബീച്ച് ശുചീകരണവും ബോധവൽക്കരണ കാമ്പെയ്നുകളും നടത്തുന്നു. തിരുവനന്തപുരം കോർപ്പറേഷന്റെയും കേരള സർക്കാരിന്റെ തദ്ദേശ സ്വയംഭരണ-ജലവിഭവ വകുപ്പുകളുടെയും പൂർണ്ണ പിന്തുണയോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.
Content Highlights: Over 1,000 tons of plastic waste removed from Thiruvananthapuram water bodies since 2022., Equivalent to 50 million plastic bottles covering 12,000 km., Utilizes 'Trashboom' floating barrier technology in 15 major canals and rivers., Creates local employment through Material Recovery Facilities (MRFs)., Project model replicated in Mangaluru, Bengaluru, Mumbai, Kanpur, and Varanasi.
Published: 08 Jul 2026, 07:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented