ഇന്ത്യയുടെ അതിർത്തിക്കപ്പുറം തന്ത്രപരമായ മേധാവിത്വം ഉറപ്പിക്കാനായി കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത 'ഹോളിസ്റ്റിക് ഡെവലപ്‌മെന്റ് ഓഫ് ഗ്രേറ്റ് നിക്കോബാർ ഐലൻഡ്' (Holistic Development of Great Nicobar Island) എന്ന മഹാപദ്ധതി ഇന്ന് ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവർത്തകരുടെയും ശാസ്ത്രജ്ഞരുടെയും ആശങ്കയായി മാറിയിരിക്കുകയാണ്. ഏകദേശം 72,000 കോടി മുതൽ 81,000 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി, നിക്കോബാർ ദ്വീപിന്റെ സ്വാഭാവിക വനങ്ങളെയും അപൂർവ ജൈവവൈവിധ്യത്തെയും എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്ന ഭീതിയിലാണ് പരിസ്ഥിതി പ്രവർത്തകർ. ഈ വികസന പദ്ധതിയെയും അതിന്റെ പരിസ്ഥിതി ആഘാതങ്ങളെയും കാലാനുക്രമമായി പരിശോധിക്കുമ്പോൾ വികസനവും പ്രകൃതിയും തമ്മിലുള്ള വലിയൊരു പോരാട്ടത്തിന്റെ ചിത്രമാണ് തെളിയുന്നത്.

To advertise here,

പദ്ധതിയുടെ പശ്ചാത്തലവും പ്രാധാന്യവും

ഗ്രേറ്റ് നിക്കോബാർ ദ്വീപ് ഭൂമിശാസ്ത്രപരമായി സവിശേഷമായ സ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്. ലോകത്തെ ഏറ്റവും തിരക്കേറിയ സമുദ്ര വ്യാപാര പാതകളിലൊന്നായ മലാക്ക കടലിടുക്കിന് സമീപമാണ് ഈ ദ്വീപ്. ആഗോള വ്യാപാരത്തിന്റെ ഏകദേശം 40 ശതമാനവും കടന്നുപോകുന്നത് ഈ മേഖലയിലൂടെയാണ്. നിലവിൽ ഇന്ത്യയുടെ ട്രാൻസ്ഷിപ്പ്മെന്റ് കാർഗോയുടെ 75 ശതമാനവും കൈകാര്യം ചെയ്യുന്നത് കൊളംബോ, സിംഗപ്പുർ തുടങ്ങിയ വിദേശ തുറമുഖങ്ങളാണ്. ഈ ആശ്രിതത്വം കുറയ്ക്കാനും ഇന്ത്യൻ സമുദ്ര മേഖലയിൽ ചൈനയുടെ വർധിച്ചുവരുന്ന സാന്നിധ്യത്തെ പ്രതിരോധിക്കാനും ഗ്രേറ്റ് നിക്കോബാർ പദ്ധതി അനിവാര്യമാണെന്നാണ് സർക്കാർ വാദിക്കുന്നത്.

ചൈനയുടെ എണ്ണ ഇറക്കുമതിയുടെ 80 ശതമാനവും കടന്നുപോകുന്നത് ഈ മലാക്ക കടലിടുക്കിലൂടെയാണ്, ഇത് ചൈനയെ സംബന്ധിച്ച് ഒരു വലിയ പ്രതിസന്ധിയാണ്. ഇവിടെ ഒരു ആഴക്കടൽ തുറമുഖവും വിമാനത്താവളവും സജ്ജമാക്കുന്നതിലൂടെ മേഖലയിലെ ചൈനയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാനും അന്താരാഷ്ട്ര കപ്പൽ ചാലുകളിൽ നിരീക്ഷണം ശക്തമാക്കാനും ഇന്ത്യയ്ക്ക് സാധിക്കും. ക്വാഡ് (Quad) സഖ്യത്തിന്റെ താല്പര്യങ്ങളുമായും ഇന്ത്യയുടെ 'ആക്ട് ഈസ്റ്റ്' നയവുമായും ചേർന്നുനിൽക്കുന്നതാണ് ഈ പദ്ധതിയെന്നാണ് വിലയിരുത്തപ്പെടുന്നത്. 

പദ്ധതിയുടെ ഘടനയും സാമ്പത്തിക ലക്ഷ്യങ്ങളും

ഏകദേശം 166 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പ്രധാനമായും നാല് ഘടകങ്ങളാണ് ഇതിനുള്ളത്:

1. ഗലാത്തിയ ബേയിൽ പ്രതിവർഷം 16 ദശലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള അന്താരാഷ്ട്ര ട്രാൻസ്ഷിപ്പ്‌മെന്റ് പോർട്ട്.

2. സൈനിക-സിവിൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന ഇന്റഗ്രേറ്റഡ് വിമാനത്താവളം.

3. തൊഴിലാളികൾക്കും മറ്റുമായി നിർമ്മിക്കുന്ന ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ്.

4. ഗ്യാസ്-സോളാർ ഊർജത്തിൽ പ്രവർത്തിക്കുന്ന 450 MVA പവർ പ്ലാന്റ്. നിലവിൽ വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്ന ചരക്കുനീക്കം സ്വന്തം മണ്ണിലേക്ക് എത്തിക്കാനും വലിയ തോതിൽ നിക്ഷേപം ആകർഷിക്കാനും ഇതുവഴി സാധിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നു.

എന്നാൽ, ഈ വികസനക്കുതിപ്പിന് നൽകേണ്ടിവരുന്ന വില വളരെ വലുതാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

സുനാമിയും ഭൂമിശാസ്ത്രപരമായ മാറ്റങ്ങളും

2004-ലെ ഇന്ത്യൻ മഹാസമുദ്രത്തിലെ സുനാമി ഈ മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. ഭൂകമ്പത്തെത്തുടർന്ന് ദ്വീപിന്റെ പല ഭാഗങ്ങളും സമുദ്രനിരപ്പിന് താഴേക്ക് പോയി. അതിതീവ്രമായ ഭൂകമ്പ സാധ്യതയുള്ള (Seismically volatile) മേഖലയിലാണ് പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത് എന്നത് ശാസ്ത്രജ്ഞർ വലിയ അപകടസൂചനയായി കാണുന്നു. പ്രകൃതിദത്തമായ കണ്ടൽക്കാടുകളും പവിഴപ്പുറ്റുകളും സുനാമി പോലുള്ള ദുരന്തങ്ങളിൽനിന്ന് ദ്വീപിനെ സംരക്ഷിച്ചിരുന്നവയാണ്. ഇവയുടെ നാശം ഭാവിയിൽ വലിയ ദുരന്തങ്ങൾക്ക് വഴിവെച്ചേക്കാം.

പരിസ്ഥിതി മന്ത്രാലയം ഈ മെഗാ പ്രോജക്റ്റിന് 2022 സെപ്റ്റംബറിലാണ് അനുമതി നൽകിയത്. അനുമതി ലഭിച്ചതിനു പിന്നാലെ ഈ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നത്. പദ്ധതിയ്ക്കായി ഏകദേശം 8.5 ലക്ഷം മരങ്ങൾ മുറിച്ചുമാറ്റേണ്ടി വരുമെന്നും കണ്ടൽക്കാടുകൾക്കും പവിഴപ്പുറ്റുകൾക്കും വൻ നാശം സംഭവിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കി. സൂവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുടെ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് അനുമതി നൽകിയതെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ഈ പഠനങ്ങൾ മതിയായതല്ലെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു.

2024 ഫെബ്രുവരിയിൽ 13 രാജ്യങ്ങളിൽനിന്നുള്ള 39 ശാസ്ത്രജ്ഞർ ചേർന്ന് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഒരു തുറന്ന കത്തെഴുതി. പദ്ധതി നടപ്പിലാക്കിയാൽ അത് ദ്വീപിലെ ഏകദേശം 100 മുതൽ 400 വരെ മാത്രം വരുന്ന ഷോമ്പെൻ ഗോത്രവർഗക്കാരുടെ വംശനാശത്തിന് കാരണമാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി. വേട്ടയാടി ജീവിക്കുന്ന, പുറംലോകവുമായി കാര്യമായ ബന്ധമില്ലാത്ത ഈ സമൂഹം പുറമെനിന്നുള്ളവരുമായുള്ള സമ്പർക്കത്തിലൂടെ പടരുന്ന രോഗങ്ങളെ അതിജീവിക്കാൻ ശേഷിയുള്ളവരല്ലെന്നും അവർ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയവും നിയമപരവുമായ പോരാട്ടങ്ങൾ

2026 ഫെബ്രുവരിയിൽ ദേശീയ ഹരിത ട്രൈബ്യൂണൽ പദ്ധതിയ്ക്ക് അനുമതി നൽകി. 2022-ൽ പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രാലയം നൽകിയ പരിസ്ഥിതി അനുമതിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ട്രൈബ്യൂണൽ വിസമ്മതിച്ചു. പദ്ധതിക്കെതിരെ ഉയർന്ന പരിസ്ഥിതി-സാമൂഹിക ആശങ്കകൾ തള്ളിക്കൊണ്ടായിരുന്നു ഹരിത ട്രൈബ്യൂണലിൻ്റെ വിധി.

എന്നാൽ, 2026 മേയ് മാസത്തിൽ ഈ വിഷയം രാഷ്ട്രീയമായും നിയമപരമായും വീണ്ടും ചർച്ചയായി. മേയ് ഒന്നിന് സർക്കാർ പദ്ധതിയെ ന്യായീകരിച്ചുകൊണ്ട് ഒരു എഫ്.എ.ക്യു പുറത്തിറക്കി. മേയ് മൂന്നിന് മുൻ പരിസ്ഥിതി മന്ത്രി ജയറാം രമേശ് പദ്ധതിയുടെ പാരിസ്ഥിതിക ഭീഷണി ചൂണ്ടിക്കാട്ടി ശക്തമായ മറുപടി നൽകി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പദ്ധതിക്കെതിരെ രംഗത്തെത്തുകയും ഇത് പരിഹരിക്കാനാകാത്ത പരിസ്ഥിതി ആഘാതം ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. തുടർന്ന് മേയ് ഒൻപതിന് കൊൽക്കത്ത ഹൈക്കോടതി പദ്ധതിയുമായി ബന്ധപ്പെട്ട വനാവകാശ നിയമ ലംഘനങ്ങൾ ആരോപിച്ചുള്ള ഒരു പൊതുതാൽപര്യ ഹർജി ഫയലിൽ സ്വീകരിച്ചു. ദ്വീപിലെ ഗോത്രവർഗക്കാർ അതീവ ദുർബലരാണെന്നും അവരെ സംരക്ഷിക്കേണ്ടത് നിയമപരമായ ബാധ്യതയാണെന്നും കോടതി നിരീക്ഷിച്ചു.

പദ്ധതി ഉയർത്തുന്ന പ്രധാന പരിസ്ഥിതി ഭീഷണികൾ

വനനശീകരണവും മരംമുറിക്കലും

ദ്വീപിലെ കന്യകാവനങ്ങളിൽ (Pristine rainforests) നിന്ന് ഏകദേശം 8.5 ലക്ഷം മുതൽ 10 ലക്ഷം വരെ മരങ്ങൾ മുറിച്ചുമാറ്റേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഏകദേശം 130 ചതുരശ്ര കിലോമീറ്റർ വനഭൂമിയാണ് ഇതര ആവശ്യങ്ങൾക്കായി വകമാറ്റുന്നത്. ഒരു ദ്വീപ് മഴക്കാട് എന്നത് കേവലം മരങ്ങളുടെ കൂട്ടമല്ല, മറിച്ച് ദശലക്ഷക്കണക്കിന് വർഷങ്ങളായി രൂപപ്പെട്ടുവന്ന ഒരു സങ്കീർണ ആവാസവ്യവസ്ഥയാണ്. ഇതിന് പകരമായി ഹരിയാന പോലുള്ള സംസ്ഥാനങ്ങളിൽ വനം വെച്ചുപിടിപ്പിക്കുമെന്ന (Compensatory Afforestation) സർക്കാരിന്റെ വാദത്തെ ശാസ്ത്രജ്ഞർ തള്ളിക്കളയുന്നു. ദ്വീപിലെ തനതായ ആവാസവ്യവസ്ഥയ്ക്ക് പകരമാവില്ല മറ്റിടങ്ങളിലെ മരങ്ങൾ.

ലെതർബാക്ക് ആമകളുടെ വംശനാശഭീഷണി

ലോകത്തിലെതന്നെ ഏറ്റവും വലിയ കടലാമകളായ ജയന്റ് ലെതർബാക്ക് ആമകളുടെ പ്രധാന പ്രജനന കേന്ദ്രമാണ് ഗലാത്തിയ ബേ. പദ്ധതിയുടെ ഭാഗമായുള്ള ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട് വരുന്നത് ഇവിടെയാണ്. തുറമുഖ നിർമാണത്തിനായുള്ള ഡ്രഡ്ജിങ്, കപ്പലുകളുടെ തിരക്ക്, അമിതമായ വെളിച്ചം, എണ്ണ മലിനീകരണം എന്നിവ ഈ ആമകളുടെ മുട്ടയിടൽ പ്രക്രിയയെ എന്നെന്നേക്കുമായി തടസ്സപ്പെടുത്തിയേക്കാം. ഇവയെ കൂടാതെ നിക്കോബാർ മെഗാപോഡ്, ലോങ്-ടെയിൽഡ് മക്കാക്ക് തുടങ്ങിയ അപൂർവ ജീവികളും ഭീഷണി നേരിടുന്നു.

പവിഴപ്പുറ്റുകളുടെ നാശം

പദ്ധതി പ്രദേശത്തെ ഏകദേശം പത്ത് ഹെക്ടറോളം വരുന്ന പവിഴപ്പുറ്റുകളെ മാറ്റിസ്ഥാപിക്കാനാണ് (Coral translocation) സർക്കാർ പദ്ധതിയിടുന്നത്. എന്നാൽ ഇത്തരത്തിൽ മാറ്റിസ്ഥാപിക്കപ്പെടുന്ന പവിഴപ്പുറ്റുകളുടെ അതിജീവന നിരക്ക് ആഗോളതലത്തിൽ തന്നെ വളരെ കുറവാണെന്ന് പരിസ്ഥിതി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സമുദ്രത്തിലെ കാർബൺ ചക്രത്തെ നിലനിർത്തുന്നതിലും തീര സംരക്ഷണത്തിലും പ്രധാന പങ്ക് വഹിക്കുന്ന പവിഴപ്പുറ്റുകളുടെ നാശം കടലിലെ ആവാസവ്യവസ്ഥയെ പാടെ തകർക്കും.

കാലാവസ്ഥാ വ്യതിയാനവും നയങ്ങളിലെ വൈരുദ്ധ്യങ്ങളും

ആഗോളതലത്തിൽ കാലാവസ്ഥാ സംരക്ഷണത്തിന്റെ വക്താവായി രാജ്യം സ്വയം അവതരിപ്പിക്കുമ്പോഴും, ഇത്രയും വലിയ തോതിൽ കാർബൺ ആഗിരണം ചെയ്യുന്ന മഴക്കാടുകൾ നശിപ്പിക്കുന്നത് ഇന്ത്യയുടെ കാലാവസ്ഥാ നയങ്ങളിലെ വൈരുദ്ധ്യമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മേഖലയിൽ വനങ്ങളെ ഇല്ലാതാക്കി കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുന്നത് കാലാവസ്ഥാ പ്രതിരോധശേഷിയെ തകർക്കുമെന്ന് പരിസ്ഥി പ്രവർത്തകർ തുടർച്ചയായി മുന്നറിയിപ്പ് നൽകുന്നു.

ഗോത്രവർഗക്കാരുടെ അതിജീവനം

വനത്തെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഷോമ്പെൻ, നിക്കോബാരീസ് ഗോത്രവിഭാഗങ്ങളുടെ ജീവിതം ഈ പദ്ധതിയിലൂടെ വലിയ പ്രതിസന്ധിയിലാകും. യാതൊരു കുടിയിറപ്പിക്കലും ഉണ്ടാവില്ലെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും അവർ ജീവിക്കുന്ന വനവും നദികളും നശിപ്പിക്കപ്പെടുന്നത് പ്രായോഗികമായി കുടിയിറപ്പിക്കലിന് തുല്യമാണ്. പുറംലോകത്തു നിന്നുള്ള ലക്ഷക്കണക്കിന് ആളുകളുടെ സാന്നിധ്യം ഇവരുടെ സാംസ്കാരിക തകർച്ചയ്ക്കും വംശനാശത്തിനും കാരണമായേക്കാം. ഗോത്രവിഭാഗങ്ങളുടെ സമ്മതത്തോടെയാണ് പദ്ധതിയ്ക്ക് പച്ചക്കൊടി കാട്ടിയതെന്ന സർക്കാർ രേഖകൾ കെട്ടിച്ചമച്ചതാണെന്നും അവരുടെ വനാവകാശനിയമങ്ങളെ കാറ്റിൽപ്പറത്തിയാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോയതെന്നുമുള്ള തെളിവുകൾ അടുത്തിടെ പുറത്തുവന്നിരുന്നു.

സർക്കാർ നൽകുന്ന സുരക്ഷാ ഉറപ്പുകൾ

പദ്ധതി സുസ്ഥിരമായ രീതിയിലാണ് നടപ്പിലാക്കുന്നതെന്നാണ് സർക്കാർ പക്ഷം. പരിസ്ഥിതി ആഘാത പഠനം (EIA) കൃത്യമായി നടത്തിയിട്ടുണ്ടെന്നും 42 നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയതെന്നും അധികൃതർ വ്യക്തമാക്കുന്നു. വനനശീകരണം കുറയ്ക്കാൻ ഘട്ടം ഘട്ടമായാണ് മരങ്ങൾ മുറിക്കുന്നത്. മലിനീകരണം, ജൈവവൈവിധ്യം, ഗോത്രവർഗ ക്ഷേമം എന്നിവ നിരീക്ഷിക്കാൻ മൂന്ന് സ്വതന്ത്ര സമിതികളെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, വനവിസ്തൃതി വർധിപ്പിക്കാൻ ഹരിയാനയിൽ 97.30 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് വനം വച്ചുപിടിപ്പിക്കുമെന്നും 'ഏക് പേഡ് മാ കേ നാം' പദ്ധതിയിലൂടെ ദശലക്ഷക്കണക്കിന് തൈകൾ നടുന്നുണ്ടെന്നും സർക്കാർ വാദിക്കുന്നു.

ഗ്രേറ്റ് നിക്കോബാർ പദ്ധതി ഇന്ത്യയുടെ സമുദ്ര സുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും ആവശ്യമാണെന്ന വാദം ശക്തമാകുമ്പോഴും, അതിന്റെ പരിസ്ഥിതി വില വളരെ വലുതാണ്. ഒരിക്കൽ നഷ്ടപ്പെട്ടാൽ തിരിച്ചുപിടിക്കാനാകാത്ത ജൈവവൈവിധ്യവും സഹസ്രാബ്ദങ്ങളായി നിലനിൽക്കുന്ന ഗോത്ര സംസ്കാരവുമാണ് ഇവിടെ പണയപ്പെടുത്തുന്നത്. വികസനം സുസ്ഥിരമാകണമെങ്കിൽ അത് പ്രകൃതിയുടെ സംഹാരത്തിലാകരുത് എന്നതാണ് ഗ്രേറ്റ് നിക്കോബാർ പദ്ധതി ഉയർത്തുന്ന ഏറ്റവും വലിയ പാഠം. വികസനത്തിന്റെ ഈ മഹാമാതൃക വരും തലമുറകൾക്ക് വലിയൊരു പാരിസ്ഥിതിക ബാധ്യതയായി മാറുമോ എന്നത് കാലം തെളിയിക്കേണ്ടതാണ്.