വിഴിഞ്ഞം: യാത്രയ്ക്കിടെ എൻജിനുകളിലൊന്ന് തകരാറിലായി വിഴിഞ്ഞം പുറംകടലിൽ കുടുങ്ങിയ വിദേശ കപ്പലിന് കേരളാ മാരിടൈം ബോർഡിന്റെ കൈത്താങ്ങ്. സിങ്കപ്പൂരിൽനിന്ന് യു.എ.ഇയിലെ കോർഫഖാനിലേക്ക് പോയ അറ്റ്‌ലാന്റിസ്-I എന്ന ടാങ്കറാണ് എൻജിൻ തകരാറായി കടലിൽ കുടുങ്ങിയത്. ഇതേത്തുടർന്ന് ക്യാപ്റ്റൻ കേരളാ മാരിടൈം ബോർഡിനോട് സഹായം തേടി.

To advertise here,

എൻജിനുകളിലൊന്ന് കേടായതിനാൽ സ്പെയർപാർട്ട്‌സുകൾ ഘടിപ്പിച്ച് മാത്രമേ പോകാനാകൂ എന്ന് മാരിടൈംബോർഡിനോട് ക്യാപ്റ്റൻ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കപ്പലിന് ആവശ്യമായ സ്‌പെയർപാർട്ട്‌സുകൾ വിമാനമാർഗം ഗുജറാത്തിൽനിന്ന് വിഴിഞ്ഞത്ത് തിങ്കളാഴ്ച ഉച്ചയോടെ എത്തിച്ചു. തുടർന്ന് മാരിടൈം ബോർഡ് അധികൃതർ അവരുടെ ടഗ്ഗിൽ സ്‌പെയർപാർട്ട്‌സുകൾ കപ്പലിൽ എത്തിക്കുകയായിരുന്നു.

ഞായറാഴ്ച വൈകിട്ടോടെയാണ് കപ്പൽ വിഴിഞ്ഞം പുറംകടലിലെത്തിയത്. എൻജിൻ തകരാർ പരിഹരിച്ച് കപ്പൽ തിങ്കളാഴ്ച യു.എ.ഇ.യിലേക്ക് പുറപ്പെടും. ഇതോടൊപ്പം ജോലിസമയം കഴിഞ്ഞ രണ്ട് ജീവനക്കാരെ കരയിലെത്തിച്ചു. പകരം രണ്ടുപേരെ കപ്പലിൽ തിരിച്ചെത്തിക്കുകയും ചെയ്തിട്ടുണ്ടെന്ന് മാരിടൈം അധികൃതർ പറഞ്ഞു.