
വാഷിങ്ടൺ: ഇറാനെ എണ്ണ ഉപരോധം മറികടക്കാൻ സഹായിച്ചെന്ന ആരോപണത്തിൽ ഇന്ത്യയിലെയും തുർക്കിയിലെയും കമ്പനികൾക്കും വ്യക്തികൾക്കുമെതിരേ പുതിയ ഉപരോധങ്ങളുമായി യു.എസ്. ഇന്ത്യയിൽനിന്നുള്ള സുനിൽ കുമാർ ശർമ, ഭാര്യ ജസ്പ്രീത് പ്രീതി ഷാഹിദ്, ഇവരുടെ രണ്ടു സ്ഥാപനങ്ങളുടെ തലവന്മാരായ മറ്റു രണ്ടു ഇന്ത്യൻ പൗരർ എന്നിവരാണ് ഉപരോധം നേരിടുന്നവരിൽ പ്രധാനികൾ. ശർമയുമായി ബന്ധമുള്ള ഒൻപത് സ്ഥാപനങ്ങൾക്കും ഉപരോധമേർപ്പെടുത്തിയിട്ടുണ്ട്. സമുദ്രഗതാഗതവുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലൂടെ ഇറാന്റെ രഹസ്യ എണ്ണക്കപ്പൽ ശൃംഖലയെ സഹായിച്ചെന്നാണ് ഇവർക്കെതിരായ യു.എസിന്റെ ആരോപണം. ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമക്രാറ്റുകൾ വൻ മുന്നേറ്റം നടത്തി കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം നേടിയതിന് പിന്നാലെയാണ് പുതിയ നടപടി.
ചണ്ഡീഗഢ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സുനിൽ കുമാർ ശർമയും ജസ്പ്രീത് പ്രീതി ഷാഹിദും ഗയാന, എസ്വാറ്റിനി, ലാവോസ് തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്നെന്ന് വ്യാജമായി അവകാശപ്പെട്ടാണ് കപ്പലുകൾക്ക് ദേശീയ പതാകകളും സർട്ടിഫിക്കറ്റുകളും നൽകിയതെന്നാണ് ആരോപണം. ഇതുവഴി ഇറാൻ സൈന്യത്തിനും അതിന്റെ പിന്തുണയുള്ള സംഘടനകൾക്കുംവേണ്ടി പ്രവർത്തിക്കുന്ന കപ്പലുകൾക്ക് അന്താരാഷ്ട്ര നിയന്ത്രണങ്ങൾ മറികടന്ന് പ്രവർത്തിക്കാൻ അവസരമൊരുക്കി.
ഇതിനായി ശർമയുടെ നേതൃത്വത്തിലുള്ള ശൃംഖല വിവിധ വെബ്സൈറ്റ് ഡൊമെയ്നുകൾ വാങ്ങുകയും ഈ രാജ്യങ്ങളുടെ പേരിൽ സേവനങ്ങൾ നൽകുന്നതായി അവകാശപ്പെടുന്ന വെബ്സൈറ്റുകൾ നിർമിക്കുകയും ചെയ്തുവെന്ന് യു.എസ് ആരോപിക്കുന്നു. കപ്പലുകൾക്ക് ദേശീയ പതാക അനുവദിക്കൽ, നാവികർക്ക് പരിശീലനവും സർട്ടിഫിക്കറ്റും നൽകൽ, കപ്പലുകളുടെ വർഗീകരണം തുടങ്ങിയ സേവനങ്ങളാണ് ഇവ വാഗ്ദാനംചെയ്തിരുന്നത്. ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളെയും ഉപയോഗിച്ച് വ്യാജ കപ്പൽ രജിസ്ട്രികൾ സ്ഥാപിച്ചതായും യു.എസ്. ആരോപിച്ചു. ഈ സ്ഥാപനങ്ങൾക്കും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
തുർക്കി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്യൂഗോ ഗ്രൗണ്ട് സർവീസസ് ഇൻകോർപ്പറേറ്റഡ് എന്ന കമ്പനിക്കെതിരെയും യു.എസ്. നടപടി സ്വീകരിച്ചു. ഉപരോധം നേരിടുന്ന ഇറാനിയൻ വിമാനക്കമ്പനികൾക്ക് ഗ്രൗണ്ട് ഹാൻഡ്‌ലിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകിയെന്നാണ് ആരോപണം. ഇറാൻ എയർ ടൂർ, സഹ എയർലൈൻസ്, തബാൻ എയർലൈൻസ്, ആറ്റ എയർലൈൻസ് തുടങ്ങിയ കമ്പനികൾക്ക് തുർക്കിയിൽ തുടർന്നും പ്രവർത്തിക്കാൻ സഹായം നൽകിയതായും ട്രഷറി വകുപ്പ് അറിയിച്ചു.
ഇറാനെ സഹായിക്കുന്ന ആരെയും വെറുതേ വിടില്ലെന്ന് യു.എസ്. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു. ആരൊക്കെയാണ് ഇറാനെ സഹായിക്കുന്നതെന്ന് യു.എസിനറിയാം. അവർക്കെതിരേ ഉപരോധമേർപ്പെടുത്തും. 'ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്റെ' ഭാഗമായി യു.എസിനൊപ്പം നിൽക്കാത്തവർ എതിർപക്ഷത്താണെന്ന മുന്നറിയിപ്പും അദ്ദേഹം എക്‌സിലെ കുറിപ്പിൽ അറിയിച്ചു.
Content Highlights: US Treasury Department imposed fresh sanctions on individuals and entities in India and Turkey., Sanctions target those helping Iran evade oil-related restrictions and support its shadow fleet.
Published: 05 Nov 2026, 12:18 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented