
സസ്യങ്ങള്‍ പ്രകാശസംശ്ലേഷണത്തിലൂടെ സ്വയം ആഹാരം നിര്‍മ്മിക്കുന്നവയാണ്. അതിനു സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ വ്യത്യസ്തമെങ്കിലും ഇരപിടിക്കുന്ന മൃഗീയ സ്വഭാവം പൊതുവെ ഇവയിലില്ല. എന്നാല്‍ ചില വരണ്ട ട്രോപിക്കല്‍ കാടുകളിലും ചതുപ്പുകളിലും വളരുന്ന ചെടികള്‍ പ്രാണികളേയും ചെറു ഷഡ്പദങ്ങളേയും ആഹാരമാക്കുന്നതായി കാലങ്ങള്‍ക്കു മുമ്പേ മനുഷ്യന്‍ കണ്ടെത്തി. തങ്ങള്‍ക്ക് പരിചിതമല്ലാത്തതും വഴങ്ങാത്തതുമായവയെ ഭയക്കുന്ന, അല്ലെങ്കില്‍ ആരാധിക്കുന്ന മനുഷ്യസഹജമായ സ്വഭാവം അവയെ സാത്താന്റെ സന്തതി എന്ന് വിളിക്കാനാണ് പ്രേരിപ്പിച്ചത്. പക്ഷെ കാലം മുന്നോട്ട് നീങ്ങിയപ്പോള്‍ സംശയബുദ്ധികളായവര്‍ കാരണമന്വേഷിച്ചിറങ്ങി. ചിലര്‍ സത്യങ്ങള്‍ കണ്ടെത്തി. അവരില്‍ പ്രധാനി ചാള്‍സ് ഡാര്‍വിനായിരുന്നു. 16 വര്‍ഷത്തോളം ഡാര്‍വിന്‍ ഇവയെപ്പറ്റി പഠിച്ചു. അതിനുശേഷമാണ് സത്യത്തിലേക്ക് എത്തിച്ചേര്‍ന്നത്. തന്റെ കണ്ടെത്തലുകള്‍ 1875ല്‍ അദ്ദേഹം ഇന്‍സെക്റ്റിവോറസ് പ്ലാന്റ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്നും പഠനങ്ങള്‍ അവസാനിപ്പിക്കാതെ അദ്ദേഹം ചെടികളുടെ ചലനസാധ്യതകളെപ്പറ്റിയും അന്വേഷിച്ചു പോയി.
ഇരപിടിയന്‍ ചെടികളുടെ സത്യങ്ങളെ ശാസ്ത്രവുമായിച്ചേര്‍ത്ത് അവതരിപ്പിച്ച മറ്റൊരു പ്രമുഖവ്യക്തി ഷെര്‍ലക് ഹോംസിന്റെ സൃഷ്ടാവായ ആര്‍തര്‍ കോനന്‍ഡോയലാണ്. അദ്ദേഹവും അന്നത്തെ സാമൂഹ്യഅന്തരീക്ഷത്തിലുണ്ടായിരുന്ന മിത്തില്‍ വിശ്വസിക്കാതെ സത്യങ്ങള്‍ വിളിച്ചുപറഞ്ഞിരുന്നു. എന്നാലും 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും മാംസഭോജികളായ ചെടികളെപ്പറ്റിയുള്ള അതിശയോക്തി നിറഞ്ഞകഥകളും ഭീതിയും അവസാനിച്ചിരുന്നില്ല എന്നതാണ് സത്യം.
ഇരകളെ വേട്ടയാടുന്ന ശാസ്ത്ര സത്യം
ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാംസഭോജികളായ ചെടികള്‍ ഉണ്ടായതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇവയുടെ പരിണാമ ചരിത്രമെടുത്തുനോക്കിയാല്‍ അവ്യക്തതകള്‍ ഏറെയാണെങ്കിലും നിലനില്‍പിനായി സ്വീകരിച്ച സ്വഭാവമെന്നത് വ്യക്തം. 140 മില്ല്യൺ വര്‍ഷത്തിനിടെ 12 തവണയാണ് ഇവ സ്വഭാവമാറ്റത്തിന് വിധേയമായിട്ടുള്ളത്. അഥവാ അഡാപ്റ്റേഷന്‍ നടന്നിട്ടുള്ളതെന്ന് പെന്‍സ്റ്റേറ്റിലെ പരിണാമ ശാസ്ത്രജ്ഞയായ തന്നി റെയ്നര്‍ പറയുന്നു. പോഷക ഘടകങ്ങള്‍ കുറവുള്ള മണ്ണിലും ചതുപ്പിലും ജലാശയങ്ങളിലുമാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്. എറിക് ബ്രെവിഗ് സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ജേര്‍ണി ടു ദി സെന്‍ര്‍ ഓഫ് എര്‍ത്ത് എന്ന സിനിമയില്‍ ഇവയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ഭൂമിക്കടിയിലെ ലോകത്തെത്തുന്ന ട്രെവറും ഹന്നയും ഈ ചെടികളുടെ ആക്രമണത്തിന് വിധേയമാകുന്നതായി അതില്‍ക്കാണാം.
പോഷണം കുറവായ സാഹചര്യത്തില്‍ ഫോസ്ഫറസും നൈട്രജനും ലഭിക്കാതെ ഈ സ്വഭാവത്തിലേക്ക് എത്തപ്പെട്ടു എന്നതാണ് ഇവയുടെ പരിണാമവുമായി ബന്ധപ്പെട്ടുള്ള പ്രധാന വിശ്വാസം. ചെടികളില്‍ ആകര്‍ഷകമായി ഒരു ഭാഗമുണ്ടാകും. തേനോ പ്രത്യേക ഗന്ധമോ പ്രാണികളെ ആകര്‍ഷിക്കാനായി ചെടികള്‍ ഒരുക്കുന്നു. ഇങ്ങനെ എത്തുന്ന പ്രാണികള്‍ വഴുവഴുപ്പുള്ള ചെടിയുടെ കുരുക്കില്‍പ്പെടുമ്പോള്‍ പൂര്‍ണമായും ആ ഭാഗം അടയുകയും കൂടുതല്‍ സ്രവങ്ങള്‍ ആ ഭാഗത്തെത്തുകയും ചെയ്യും. ഇത്തരം എന്‍സൈമുകളില്‍ ജീവികളെ ദഹിപ്പിക്കാനുള്ള ഘടകങ്ങള്‍ ഉണ്ടാകും. ഒരു വലിയ പ്രാണിയെ ആഹാരമാക്കിയാല്‍ മൂന്നാഴ്ചവരെ ചെടിയ്ക്ക് മറ്റു പോഷണങ്ങള്‍ ആവശ്യമില്ല.

രീതികള്‍ പലത്, ലക്ഷ്യം ഭക്ഷണം
പിച്ചര്‍ പ്ലാന്റാണ് ഇരപിടിക്കുന്ന ചെടികളില്‍ പ്രധാനി. ഇതിപ്പോള്‍ വീടുകളില്‍ അലങ്കാര സസ്യമായി വളര്‍ത്തുന്നുണ്ട്. പിച്ചര്‍ പ്ലാന്റിന്റെ ഇലയുടെ അഗ്രഭാഗത്ത് സഞ്ചിപോലെ ഒരു ഭാഗമുണ്ട്. ചെടിയുടെ പ്രധാന ആകര്‍ഷണവും ഈ സഞ്ചികള്‍ത്തന്നെ. അതിനുള്ളില്‍ പ്രാണികളെ ദഹിപ്പിക്കാനുള്ള രാസലായനിയുണ്ട്. അവിടെ നിന്ന് പുറപ്പെടുന്ന പ്രത്യേക ഗന്ധത്തില്‍ ആകൃഷ്ടരായി എത്തുന്ന പ്രാണികള്‍ സഞ്ചിയ്ക്കുള്ളിലേക്ക് വീഴുന്നു. പിന്നെ പുറത്തേക്ക് കടക്കാന്‍ കഴിയാതെ ആ ലായനിയില്‍ തന്നെ ദഹിച്ചുതീരും. പ്രാണിയുടെ ശരീരത്തിലെ അവശ്യമൂലകങ്ങള്‍ തുടര്‍ന്ന് ചെടി വലിച്ചെടുക്കും.

ബട്ടര്‍വേര്‍ട്ട് പോലെയുള്ള ചെടികളില്‍ മറ്റൊരു രീതിയാണ് ഉള്ളത്. പ്രാണികള്‍ ഒട്ടിപ്പിടിക്കുന്ന തരം രോമങ്ങള്‍ പോലെയുള്ള ഭാഗമാണ് ഇതിന്റെ പൂക്കളിലുള്ളത്. പ്രാണികള്‍ ഇതിലെത്തിയാല്‍ പിന്നെ ഒരു മടക്കമുണ്ടാകാതെ കുരുങ്ങും. വാട്ടര്‍ വീല്‍ ചെടികളില്‍ കാണുന്ന വീനസ് ഫ്ളൈ ട്രാപ്പാണ് പലപ്പോഴും സിനിമകളില്‍ ചിത്രീകരിച്ചു കാണാറ്. പൂമ്പാറ്റയുടെ ചിറകിനോട് സദൃശമായ ഇലകളാണ് ഇവിടെ അപകടകാരി. പ്രാണികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ ഇതളുകള്‍ താനെ അടയും. പ്രാണി എത്ര ബലം പ്രയോഗിക്കുന്നുവോ അതിന്റെ ചലനത്തിനനുസൃതമായി ഉണ്ടാകുന്ന വൈദ്യുതതരംഗങ്ങള്‍ കൂടുതല്‍ രാസലായനി നിര്‍മ്മിക്കുകയും ദഹന പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യും.
നിലനില്‍പ്പിനായി തിന്നും തിന്നപ്പെട്ടും ജീവിക്കുക എന്നതാണ് പ്രകൃതിയുടെ നിയമം. ഇവിടെ ഇരയും വേട്ടക്കാരനുമാണ് എല്ലാവരും. പുല്ലും പുല്‍ച്ചാടിയും മുതലാരംഭിക്കുന്ന ശൃഖലയുടെ നിയമങ്ങള്‍ ചിലപ്പോള്‍ ഇത്തരം ഇരപിടിയന്‍ ചെടിയെപ്പോലുള്ളവര്‍ക്കുമുന്നില്‍ വഴിമാറും. കാരണം അതിനെല്ലാം മുകളിലാണ് നിലനില്‍പ്പെന്നത്. ഡാര്‍വിന്റെ സിദ്ധാന്തം സത്യമാകുന്നത് ഇവിടെയാണ്. സര്‍വൈവല്‍ ഓഫ്ദി ഫിറ്റസ്റ്റെന്ന സത്യത്തിന്റെ ലക്ഷണമൊത്ത ഉദാഹരണം.
ഇന്ത്യയില്‍ കാണപ്പടുന്ന മാംസഭോജികളായ സസ്യങ്ങള്‍
ഡ്രോസെറേസിയെ, നെപെന്തേസിയെ, ലെന്റിബുലാറിയേസിയെ എന്നീ മൂന്ന് കുടുംബങ്ങളില്‍പ്പെട്ട ചെടികളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ ലെന്റിബുലാറിയേസിയെയാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. ഇതില്‍പ്പെട്ട 36 സ്പീഷീസുകള്‍ രാജ്യത്തിന്റെ പലഭാഗത്തുനിന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഡ്രോസെറേസിയെ
ഡ്രോസെല്ല, അള്‍ഡ്രോവാന്‍ഡ എന്നിവയാണ് ഡ്രോസെറേസിയെ കുടുംബത്തില്‍പ്പെട്ടവയില്‍ പ്രധാനികള്‍. ഇവ ചതുപ്പുകളിലും വെള്ളക്കെട്ടിനോട് ചേര്‍ന്നും കാണപ്പെടുന്നു. അള്‍ഡ്രോവാന്‍ഡ വെള്ളത്തില്‍ ഒഴുകിനടക്കുന്ന തരത്തിലുള്ളവയാണ്. ഇവയ്ക്ക് വേരുകളില്ല. സുന്ദര്‍ബനിലും കൊല്‍ക്കത്തയിലുമുള്ള ഉപ്പുവെള്ളം നിറഞ്ഞ ചതുപ്പില്‍ ഇവയെ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ശുദ്ധജലാശയത്തിലും മറ്റും ഇവയുടെ സാന്നിധ്യമുണ്ട്. ഇലകളിലുള്ള കെണികളാല്‍ ജലാശയത്തിലുള്ള ജീവികളെ വീഴ്ത്തിയാണ് ഇവ ഭക്ഷണമാക്കുന്നത്. വളരെ സുന്ദരമായ ഇലകളാണ് ഡ്രോസെല്ലയുടെ പ്രത്യേകത. വെയിലില്‍ തിളങ്ങുന്ന മഞ്ഞുതുള്ളിപോലുള്ള ഭാഗം ഇലകളില്‍ പൊങ്ങി നില്‍ക്കുന്ന നാരുകളിലുണ്ട്. ഇവയുടെ പശപോലുള്ള സ്വഭാവമാണ് ജീവികളെ കെണിയിലാക്കുന്നത്.

നെപെന്തേസിയെ
ഇരപിടിയന്‍ ചെടികളില്‍ പ്രധാനിയായ പിച്ചര്‍ പ്ലാന്റ് നെപെന്തേസിയെ കുടുംബത്തില്‍പ്പെട്ടതാണ്. മഴ കൂടുതല്‍ ലഭിക്കുന്ന പ്രദേശങ്ങളിലും മലനിരകളിലുമാണ് പിച്ചര്‍പ്ലാന്റിന്റെ സാന്നിധ്യമുള്ളത്. ഇന്ത്യയില്‍ ഒരു സ്പീഷീസ് മാത്രമാണ് നെപെന്തേസിയെ കുടുംബത്തിലുള്ളതായി കണ്ടെത്തിയിട്ടുള്ളത്. മേഘാലയയിലെ ജയന്തിയ, ഖാസി ഗാവോ മലനിരകളിലുമാണ് ഇത് വളരുന്നത്. എങ്കിലും ഇപ്പോള്‍ അലങ്കാര സസ്യമായും രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇപ്പോൾ കേരളത്തിൽ പല വീടുകളിലും ഇവയെ വളര്‍ത്തുന്നുന്നുണ്ട്.

Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=8468069
ലെന്റിബുലാറിയേസിയെ
യൂറിക്കുലേറിയ അഥവാ ബ്ലാഡര്‍വേര്‍ത്തസ് ആണ് ലെന്റിബുലാറിയേസിയെ കുടുംബത്തില്‍പ്പെട്ട പ്രധാന ഇനം. വെള്ളക്കെട്ടിലും ചതുപ്പുകളിലും ശുദ്ധജലാശയങ്ങളിലും ഇത് വളരുന്നു. യൂറിക്കുലേറിയയുടെ ഇലകളില്‍ കാണുന്ന രോമങ്ങള്‍ ചേര്‍ന്ന ഭാഗമാണ് ഇരകളെ കുടുക്കുന്നത്. ഇരകള്‍ വലപോലുള്ള ഈ ഭാഗത്തിനകത്തായാല്‍ ഇവ അടയുകയും വെള്ളം പുറത്തേക്ക് പോവുകയും ചെയ്യുന്നു.
ഇരപിടയന്മാരാണെങ്കിലും ഇന്ത്യയുടെ പലഭാഗത്തും ആയുര്‍വ്വേദമരുന്നുകളുടെ ഭാഗമായി ഇവയില്‍ പലതും ഉപയോഗിക്കുന്നുണ്ട്. ചുമക്കെതിരേയും മുറിവുണങ്ങാനും മൂത്രാശയസംബ്ധമായ രോഗങ്ങള്‍ക്കെതിരേയും യൂറിക്കുലേറിയ ഉപയോഗിക്കാറുണ്ട്.
കോബ്രാ ലില്ലി, വീനസ് ഫ്ളൈ ട്രാപ് തുടങ്ങിയവ ഇവയ്ക്കൊപ്പം തന്നെ ലോകത്തിന്റെ പലഭാഗങ്ങളില്‍ കാണപ്പെടുന്ന മറ്റ് പ്രധാന ഇനങ്ങളാണ്. ഇവയെല്ലാം എണ്ണത്തില്‍ കുറവാണെങ്കിലും വളരെ വേഗത്തില്‍ ശ്രദ്ധിക്കപ്പെടുന്ന രൂപമുള്ളവയാണ്.
Content Highlights: facts about carnivorous plants venus flytrap, pitcher, environment, mathrubhumi latest
Published: 01 Apr 2022, 12:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented