രാപ്പാര്‍ക്കാന്‍വേണ്ടിയാണ് പക്ഷികള്‍ കൂടുണ്ടാക്കുന്നത് എന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇതുശരിയല്ല. മുട്ടയിടാനും മുട്ടയ്ക്ക് അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിക്കാനുമാണ് പക്ഷികള്‍ കൂടൊരുക്കുന്നത്. മരങ്ങളിലും കാടുകളിലും പുല്ലുകളിലും മറ്റുമാണ് പക്ഷികള്‍ രാത്രി താമസിക്കുന്നത്. എങ്ങനെയാണ് പക്ഷികള്‍ കൂടുണ്ടാക്കുന്നത്? ആണ്‍പക്ഷിയാണോ കൂടുണ്ടാക്കുന്നത്, അതോ പെണ്‍പക്ഷിയോ? അതോ ആണും പെണ്ണും പരസ്പരം സഹകരിച്ചാണോ കൂടുനിര്‍മാണം? പക്ഷിക്കൂടുകള്‍ക്കെല്ലാം ഒരേ ആകൃതിയാണോ? ഏതുവസ്തുക്കള്‍ ഉപയോഗിച്ചാണ് കൂടുനിര്‍മാണം? എല്ലാ പക്ഷികളും കൂടുണ്ടാക്കാറുണ്ടോ? നമുക്ക് പക്ഷിക്കൂടുകളുടെ സവിശേഷതകളെക്കുറിച്ച് അന്വേഷിക്കാം.  

To advertise here,

പക്ഷിലോകത്തെ ശില്‍പി

പക്ഷിലോകത്തെ ശില്‍പിയാണ് ആറ്റക്കുരുവി (Baya Weaver Bird). വിചിത്രമായ കൂടുണ്ടാക്കുന്ന പക്ഷിയാണിത്. നൂറുകണക്കിനു നാരുകള്‍ കോര്‍ത്തിണക്കിയാണ് നീണ്ട കുഴല്‍പോലെയുള്ള കൂട് ആറ്റക്കുരുവി നിര്‍മ്മിക്കുന്നത്. ഇലകള്‍ കൊത്തിച്ചീന്തിയാണ് നാരുകള്‍ ശേഖരിക്കുന്നത്. വൃക്ഷങ്ങളില്‍ അടുത്തടുത്തായി തൂക്കിയിട്ടിരിക്കുന്ന കൂടുകള്‍ കാണാന്‍ ബഹുരസമാണ്. ആണ്‍പക്ഷിയാണ് കൂടുണ്ടാക്കുന്നത്. കൂട് പെണ്‍പക്ഷി പരിശോധിച്ച് ഇഷ്ടപ്പെട്ടാല്‍ ഒന്നിച്ചുള്ള ജീവിതം തുടങ്ങുകയായി. 

അമ്പലംചുറ്റി 

ഉമിനീര്‍കൊണ്ട് കൂടുണ്ടാക്കുന്ന പക്ഷിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയൊരു പക്ഷിയാണ് അമ്പലംചുറ്റി (House Swift). മിക്കപ്പോഴും പറന്നുനടക്കാനിഷ്ടപ്പെടുന്ന ഈ പക്ഷിയെ കേരളത്തില്‍ സാധാരണയായി കാണാറുണ്ട്. പശപോലുള്ള ഉമിനീരുകൊണ്ട് തൂവലുകളും പുല്ലും മറ്റും ഒട്ടിച്ചാണ് കൂടുനിര്‍മാണം. പഴയ കെട്ടിടങ്ങളും ഗുഹകളും പാറകളും ഇവ കൂടുവയ്ക്കാനായി തിരഞ്ഞെടുക്കാറുണ്ട്. ഒരേകൂടുതന്നെ അറ്റകുറ്റപ്പണികള്‍ചെയ്ത് വര്‍ഷങ്ങളോളം ഉപയോഗിക്കും. 

മടിയന്‍ കുയിലും ചെമ്പോത്തും

സ്വന്തമായി കൂടുണ്ടാക്കാന്‍ മടിയുള്ള പക്ഷികളാണ് കുയിലുകള്‍. കരിങ്കുയില്‍ (Asian Koel), പേക്കുയില്‍ (Brain-fever Bird) തുടങ്ങിയ കുയിലുകള്‍ അന്യപക്ഷികളുടെ കൂടുകളിലാണ് മുട്ടയിടുന്നത്. പല കഥകളിലും കാക്ക ഒരു സൂത്രശാലിയായ പക്ഷിയാണല്ലോ. സത്യത്തില്‍ കാക്കയെ പറ്റിക്കുന്ന കരിങ്കുയിലാണ് സൂത്രശാലി. കാക്ക കൂട്ടിലില്ലാത്ത തക്കം നോക്കി പെണ്‍കുയില്‍ കാക്കക്കൂട്ടില്‍ കയറി മുട്ടയിടും. സ്വന്തം മുട്ടയല്ലെന്നറിയാതെ കാക്ക കുയില്‍മുട്ട അടയിരുന്നു വിരിയിക്കും. ചിലപ്പോള്‍ കാക്കമുട്ടകള്‍ കൂട്ടില്‍നിന്ന് കുയില്‍ തട്ടി താഴെയിടുകയോ കൊത്തിവിഴുങ്ങുകയോ ചെയ്യാറുണ്ട്. സ്വന്തം കുഞ്ഞുങ്ങളാണെന്നു തെറ്റിദ്ധരിച്ച് കാക്ക, കുയില്‍ക്കുഞ്ഞുങ്ങള്‍ക്ക് ആഹാരം കൊടുക്കുന്നതും പതിവാണ്. എന്നാല്‍, കുയിലിന്റെ കുടുംബക്കാരനായ ചെമ്പോത്ത് (Greater coucal) സ്വന്തമായി കൂടുണ്ടാക്കുന്ന പക്ഷിയാണ്. 

താമരക്കോഴി 

ജലാശയങ്ങളില്‍ പൊങ്ങിക്കിടക്കുന്ന ജലസസ്യങ്ങളുടെ മീതേയാണ് താമരക്കോഴികള്‍ കൂടുവയ്ക്കുക. താമരക്കോഴികളില്‍ (Jacanas) ആണ്‍പക്ഷികളാണ് കൂടുണ്ടാക്കുന്നതും മുട്ടകള്‍ക്ക് അടയിരിക്കുന്നതും. താമരയുടെയും ആമ്പലിന്റെയും ഇലകള്‍ക്കുമീതേ കൂടുകൂട്ടുക പതിവാണ്. പുല്‍ത്തണ്ടുകളും ഇലകളും ഉപയോഗിച്ചാണ് കൂടുനിര്‍മാണം. 

കേഴും വേഴാമ്പലുകള്‍ 

വേഴാമ്പലുകള്‍ (Hornbills) മരപ്പൊത്തുകളിലാണ് കൂടുകൂട്ടുന്നത്. പെണ്‍പക്ഷി പൊത്തിനകത്ത് കടന്നിരുന്ന് കൂടുനിര്‍മാണം തുടങ്ങും. പൊത്തിനകം കൊത്തി പാകപ്പെടുത്തും. പൊത്തിന്റെ വായ്ഭാഗം അടച്ചുവെച്ച് അടപ്പില്‍ ഒരു നീണ്ട ദ്വാരമിടും. കൂടിനകത്ത് അടയിരിക്കുന്ന പെണ്‍പക്ഷിക്ക് കൊക്ക് പുറത്തേക്കിടാന്‍ വേണ്ടിയാണ് ദ്വാരമിടുന്നത്. ആണ്‍പക്ഷിയാണ് അടയിരിക്കുന്ന പെണ്ണിന് ആഹാരം നല്‍കുന്നത്. ആഹാരത്തിനായി പെണ്‍പക്ഷി കൊക്ക് കൂടിനുപുറത്തേക്കിടും. ആണ്‍പക്ഷി കൊക്കില്‍ ശേഖരിച്ചുകൊണ്ടുവരുന്ന പഴങ്ങളും പ്രാണികളും മറ്റും കൂടിനുപുറത്തുനിന്ന് പെണ്ണിന്റെ കൊക്കില്‍ വെച്ചുകൊടുക്കും. 

ഉറുമ്പിന്‍കൂട്ടില്‍ മുട്ടയിടുന്ന  മരംകൊത്തി 

പൊതുവേ മരംകൊത്തികള്‍ മരപ്പൊത്തുകളിലാണ് കൂടുവയ്ക്കുന്നത്. എന്നാല്‍, ഉറുമ്പിന്‍കൂട്ടില്‍ മുട്ടയിടുന്ന ഒരിനം മരംകൊത്തിയുണ്ടെന്നു കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നില്ലേ! അതും മരത്തില്‍ പന്തുപോലുള്ള കൂടുണ്ടാക്കുന്ന കടിയനുറുമ്പുകളുടെ കൂട്ടില്‍. ചെമ്പന്‍ മരംകൊത്തി (Rufous Woodpecker) എന്നാണ് ഈ വിചിത്ര മരംകൊത്തിയുടെ പേര്. കേരളത്തില്‍ വനപ്രദേശങ്ങളിലും കാവുകളിലും ഇതിനെ സാധാരണയായി കാണാറുണ്ട്. ഉറുമ്പിന്‍കൂട് തുരന്ന് കൂട്ടിനകത്തുകടന്നാണ് മുട്ടയിടുക. 

തിത്തിരിപ്പക്ഷികള്‍

നിലത്ത് മണ്ണുമാന്തി കുഴിയുണ്ടാക്കി മുട്ടയിടുന്ന പക്ഷികളാണ് തിത്തിരികള്‍ (Lapwings). ആഴം കുറഞ്ഞ കുഴിക്കൂട്ടില്‍ ഉരുണ്ട കല്ലുകള്‍ വിരിച്ച് അതില്‍ മുട്ടയിടും. മുട്ടയുടെ നിറവും പുള്ളികളും ചുറ്റുപാടുമായി ഇണങ്ങുന്നതിനാല്‍ മുട്ടകള്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. 

ചക്രവര്‍ത്തി പെന്‍ഗ്വിനുകള്‍ 

ഭൂമിയുടെ ദക്ഷിണധ്രുവമേഖലയില്‍ വസിക്കുന്ന പക്ഷികളാണ് ചക്രവര്‍ത്തി പെന്‍ഗ്വിനുകള്‍ (Emperor Penguin). പെന്‍ഗ്വിനുകള്‍ കൂടുണ്ടാക്കാറില്ല. അല്ലെങ്കിലും ആവാസകേന്ദ്രം മഞ്ഞുമൂടി കിടക്കുന്നതിനാല്‍ എവിടെ കൂടുണ്ടാക്കും! മഞ്ഞില്‍ മുട്ടയിട്ടാലോ, മുട്ടകള്‍ തണുത്തുറഞ്ഞുപോകും. പിന്നെ എങ്ങനെയാണ് പെന്‍ഗ്വിനുകള്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്? പെണ്‍ പെന്‍ഗ്വിന്‍ ആണ്‍പക്ഷിയുടെ പാദത്തിന്റെ പുറത്താണ് മുട്ടയിടുന്നത്. അച്ഛന്‍പക്ഷിയുടെ വയറിന്റെ ചൂടേറ്റാണ് മുട്ടവിരിയുക. പാദത്തില്‍ മുട്ടയുള്ളതിനാല്‍ ആണ്‍പക്ഷിക്ക് ആഹാരം തേടി പോകാന്‍ കഴിയില്ല. മുട്ടവിരിയുന്നതുവരെ അച്ഛന്‍ വ്രതമനുഷ്ഠിക്കുകയാണ് പതിവ്. 

കൂട് തകര്‍ക്കല്ലേ.... 

പൊതുവേ സുരക്ഷിത ഇടം നോക്കിയാണ് പക്ഷികള്‍ കൂടുകൂട്ടുക. അരികിലൊന്നും ശത്രുക്കളില്ലെന്ന് ഉറപ്പുവരുത്തിയേ കൂടുനിര്‍മാണം തുടങ്ങാറുള്ളൂ. കൊടുംകാട്ടിനുള്ളില്‍, പൊക്കമുള്ള വൃക്ഷങ്ങളില്‍, ജലാശയത്തിനു മധ്യത്തിലെ തുരുത്തുകളില്‍, കടല്‍പ്പാറകളില്‍, ദ്വീപുകളില്‍, തണ്ണീര്‍ത്തടങ്ങളില്‍... ഇങ്ങനെ മനുഷ്യര്‍ക്കും ഇരപിടിയന്‍മാര്‍ക്കും മറ്റും എത്തിപ്പെടാന്‍ പ്രയാസമുള്ള ഇടങ്ങളാണ് സാധാരണയായി പക്ഷികള്‍ കൂടുവെക്കാനായി തിരഞ്ഞെടുക്കുന്നത്. എന്നാല്‍, വിരളമായി വീടിനടുത്തും തുറസ്സായ ഇടങ്ങളിലും പക്ഷികള്‍ കൂടുകൂട്ടാറുണ്ട്. ഇരട്ടത്തലച്ചിയും മറ്റും വീട്ടിലെ കിടപ്പുമുറിയില്‍ കൂടുവെച്ചതു കണ്ടിട്ടുണ്ട്. 

ഇത്രയേറം മുന്‍കരുതലുകള്‍ എടുത്തിട്ടും പക്ഷികളുടെ കൂടുകളും മുട്ടകളും കുഞ്ഞുങ്ങളും നശിപ്പിക്കപ്പെടാറുണ്ട്. പക്ഷികളുടെ വംശം ക്ഷയിക്കാന്‍ ഇതൊരു കാരണമാണ്. പക്ഷിക്കൂടുകളുടെ പഠനം പക്ഷികളുടെ സംരക്ഷണത്തിനു സഹായകമാണ്. പക്ഷേ, അതീവശ്രദ്ധയോടെയേ പക്ഷിക്കൂടുകള്‍ പഠനവിധേയമാക്കാവൂ. കൂടുകളെക്കുറിച്ചു പഠിക്കുമ്പോള്‍ കൂട്ടില്‍നിന്ന് നിശ്ചിത അകലം പാലിക്കണം. അതുപോലെ, പക്ഷിക്കൂടോ മുട്ടയോ കുഞ്ഞുങ്ങളെയോ സ്പര്‍ശിക്കാതെനോക്കണം. മനുഷ്യന്റെ സാമീപ്യം തിരിച്ചറിഞ്ഞാല്‍ ചില പക്ഷികള്‍ കൂടുകളുപേക്ഷിച്ചു പോകും. കൂടിനകലെനിന്ന് ബൈനോക്കുലറിലൂടെ കൂട് നിരീക്ഷിച്ചും ടെലി ലെന്‍സുള്ള ക്യാമറയുപയോഗിച്ച് ഫോട്ടോ പകര്‍ത്തിയും പക്ഷിക്കൂടുകളെക്കുറിച്ച് പഠിക്കുന്നതാണ് ഏറ്റവും അഭികാമ്യം.