കാസർകോട്: കാടിനോടും കടലിനോടുമായിരുന്നു കുഞ്ഞുനാൾമുതൽ മലപ്പുറം എടവണ്ണയിലെ കരാറുകാരൻ മജീദിന്റെയും ആമിനയുടെയും മകൾ ഫർസാനയ്ക്ക് കൂടുതൽ ഇഷ്ടം. രണ്ടും എത്ര കണ്ടാലും മതിയാകില്ലെന്ന് തിരിച്ചറിഞ്ഞാണ് വനംവകുപ്പ് ജോലിക്കായി കയറുന്നത്. കഠിനാധ്വാനത്തിലൂടെ ഇരുപത്തിനാലാം വയസ്സിൽ വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസറായി നിയമനം കിട്ടി. കുടുംബത്തിലെ ഏക സർക്കാരുദ്യോഗസ്ഥ. അങ്ങനെ കൂട്ടിനൊരു ക്യാമറയുമായി കാടുകയറി. ചോലകൾ ചുറ്റിനടന്ന് കാടിന്റെയും മൃഗങ്ങളുടെയും ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയാണ് ഫർസാന. മൊബൈൽ ഫോട്ടോഗ്രഫിയിൽ തുടങ്ങിയ കമ്പത്തിൽനിന്ന് വന്യജീവി ഫോട്ടോഗ്രഫിയിലേക്കുള്ള ഒരു ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ വളർച്ചകൂടിയാവുകയാണ് അത്.

To advertise here,

പോണ്ടിച്ചേരി കേന്ദ്രസർവകലാശാലയിൽനിന്ന് ഇംഗ്ലീഷിൽ ബിരുദവും താരതമ്യ സാഹിത്യത്തിൽ ബിരുദാനന്തരബിരുദവും നേടിയശേഷമാണ് ഫർസാന ബീറ്റ് ഫോറസ്റ്റ് ഓഫീസറായത്. ന്യൂഡൽഹിയിൽ പത്രപ്രവർത്തകനായ ഭർത്താവ് കോഴിക്കോട്ടെ തൻവീർ അഹ്‌മദ് സമ്മാനിച്ച കാനൻ ക്യാമറയിലാണ് കാടിന്റെ സൗന്ദര്യം ചിത്രീകരിച്ച് തുടങ്ങിയത്.

placeholder
ഫർസാന പകർത്തിയ ചിത്രം
ഫർസാന പകർത്തിയ ചിത്രം

യൂട്യൂബിലൂടെ ക്യാമറയുടെ അടിസ്ഥാനപാഠങ്ങൾ പഠിച്ചു. പരിശീലനത്തിന്റെ ഭാഗമായി കാട്ടിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. അന്ന് പകർത്തിയ ഫോട്ടോകൾക്ക് മികച്ച പ്രതികരണം കിട്ടി. ചില മാസികകളിൽ ചിത്രങ്ങൾ പ്രസിദ്ധീകരിച്ച് തുടങ്ങിയതോടെ ആവേശമായി. ചിലർ ഫോട്ടോകൾ സ്റ്റാറ്റസും പ്രൊഫൈലും ആക്കുന്നത് കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷമുണ്ടായെന്ന്‌ ഫർസാന പറയുന്നു.

എന്നും രാവിലെ എഴുന്നേറ്റ് കാട്ടിലൂടെയുള്ള നടത്തത്തിനിടയിലാണ് (ബീറ്റ് പരാമ്പുലേഷൻ) മികച്ച ചിത്രങ്ങളേറെയും കിട്ടിയതെന്ന് ഫർസാന. മഴക്കാലത്ത് എങ്ങോട്ട് നോക്കി ക്ലിക്ക് ചെയ്താലും മികച്ച ചിത്രങ്ങൾ കിട്ടുന്ന അവസ്ഥയാണ് കാടിനെന്ന്‌ അവർ പറയുന്നു.

placeholder
.

മകൻ തഹാൻ അഹ്‌മദ് പിറന്നതോടെ തത്കാലം ഫോട്ടോഗ്രഫിയിൽനിന്ന് വിട്ടുനിൽക്കുകയാണ് ഫർസാന. കാസർകോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. അഷറഫിനൊപ്പം വനംവകുപ്പിന്റെ അടുത്ത പത്തുവർഷത്തേക്കുള്ള പ്രവർത്തന പദ്ധതി തയ്യാറാക്കുന്ന ജോലിയിലാണ് ഇപ്പോഴുള്ളത്. കോഴിക്കോട്‌ കക്കയത്ത്‌ ഒരാളെ കുത്തിക്കൊന്ന കാട്ടുപോത്തിനെ കണ്ടെത്തുന്നതിന്‌ മൂന്നുദിവസം വനംവകുപ്പിന്റെ ഡ്രോൺ പറത്തിയിട്ടുണ്ട്‌ ഫർസാന.