ഡൽഹി മുതൽ രാജസ്ഥാൻ വരെയായി 700 കിലോമീറ്റർ നീണ്ടുകിടക്കുന്നതും ഉത്തരേന്ത്യയുടെ 'ഹരിത ശ്വാസകോശ'മെന്ന് അറിയപ്പെടുന്നതുമായ ആരവല്ലി മലനിരകളുടെ ഭാവിയെച്ചൊല്ലിയുള്ള ആശങ്കകളാണ് സാമൂഹികമാധ്യമങ്ങൾ നിറയെ. അതിനുകാരണം ആരവല്ലി കുന്നിനും മലനിരകൾക്കും സുപ്രീംകോടതി നൽകിയ പുതിയ നിർവചനമാണ്.

To advertise here,

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതിയുടെ ശുപാർശ മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ബി.ആർ. ഗവായ്, കെ. വിനോദ്ചന്ദ്രൻ, എൻ.വി. അൻജാരിയ എന്നിവരടങ്ങുന്ന ബെഞ്ച് ഇക്കഴിഞ്ഞ നവംബർ 20-ന്റെ ഉത്തരവിൽ അംഗീകരിച്ചു. ഇതുപ്രകാരം, തറനിരപ്പിൽനിന്ന് നൂറ് മീറ്ററോ അതിൽക്കൂടുതലോ ഉയരത്തിലുള്ള കുന്നുകൾ ആരവല്ലി കുന്നിന്റെ നിർവചനത്തിൽ വരും.

500 മീറ്റർ ദൂരപരിധിക്കകത്ത് രണ്ടോ അതിലധികമോ വരുന്ന ഇത്തരം ആരവല്ലി കുന്നുകളെ ചേർത്ത് ആരവല്ലി മലനിരകളായി കണക്കാക്കും. ഈ നിർവചനത്തിനകത്തു പെടാത്തവയൊന്നും ആരവല്ലി കുന്നുകളല്ല. ആരവല്ലി കുന്നിനും മലനിരകൾക്കുമേർപ്പെടുത്തിയിട്ടുള്ള കർശനമായ ഖനനവിലക്ക് കുന്ന് അല്ലാത്തവയ്ക്ക് ബാധകമാക്കേണ്ടതില്ല. അതിനാൽ, ഖനനമാഫിയക്ക് ഇഷ്ടംപോലെ വിളയാടാമെന്ന ആശങ്കയാണ് പരിസ്ഥിതിസ്‌നേഹികൾ പങ്കുവെക്കുന്നത്. ആരവല്ലിയുടെ 90 ശതമാനം ഭാഗവും പുതിയ നിർവചനപരിധിക്ക് പുറത്താകും. കാരണം അവയേറെയും പുൽമേടുകളും കുറ്റിച്ചെടികളും ചെറിയ കുന്നുകളുമാണ്

  • നിത്യഹരിത കവചം

ഥാർ മരുഭൂമിയിലെ പൊടിക്കാറ്റിൽ നിന്ന് രാജ്യതലസ്ഥാനമേഖലയെ സംരക്ഷിക്കുന്ന ഹരിതകവചം അപ്പാടേ തകർത്തെറിയപ്പെടുമെന്നാണ് വിവിധ സാമൂഹികവിഭാഗങ്ങളെ പൊതിഞ്ഞുനിൽക്കുന്ന ആശങ്ക. ശൈത്യകാലത്ത് ഡൽഹിയുടെ അന്തരീക്ഷത്തെ വിഷമയമാക്കുന്ന കറുത്തപുകയ്ക്കുമീതേ ഭീതിയുടെ പുതിയ കരിമ്പടം വലിച്ചിട്ടിരിക്കുകയാണ് ആരവല്ലിവിവാദം. ആരവല്ലിയുടെ പ്രത്യേകത, ഇതിലെ കുന്നുകളേറെയും നൂറുമീറ്ററിൽ താഴെമാത്രം ഉള്ളവയാണെന്നാണ്. ഭൂരിഭാഗത്തിനും ഉയരം ശരാശരി 20 മീറ്റർ വരെയൊക്കെയാണ്. രാജസ്ഥാനിൽമാത്രം 1,16,753 കുന്നുകളുടെയും ഉയരം 100 മീറ്ററിൽ താഴെയാണ്. 1.44 ലക്ഷം ചതുരശ്ര കിലോമീറ്റർ വരും ആകെ ആരവല്ലി വനമേഖല.

  • ഖനന മാഫിയക്ക് ചാകര

ആരവല്ലിയുടെ ശോഷണം വലിയ കാലാവസ്ഥാ ദുരന്തങ്ങൾക്കും ഗുരുതരമായ വരൾച്ചയ്ക്കും വഴിയൊരുക്കിയേക്കാം. ആരവല്ലിയുടെ ഏതാണ്ട് 60 ശതമാനവും ഖനനമാഫിയക്കായി തുറന്നുകൊടുക്കപ്പെടുമെന്ന ആശങ്ക പരിസ്ഥിതിസ്‌നേഹികളും സാമൂഹികശാസ്ത്രജ്ഞരും അഭിഭാഷകരും രാഷ്ട്രീയപ്രവർത്തകരുമുൾപ്പെടെ പങ്കുെവക്കുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ആരവല്ലിയുടെ 35 ശതമാനം പ്രദേശവും തകർന്നതായി പരിസ്ഥിതിവാദികൾ ചൂണ്ടിക്കാട്ടുന്നു. രാജസ്ഥാനിൽ ആരവല്ലിയുടെ സംരക്ഷണമെന്ന മുദ്രാവാക്യമുയർത്തി പരിസ്ഥിതിസ്‌നേഹികൾ തെരുവിലിറങ്ങിയിട്ടുണ്ട്.

ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭൂപ്രകൃതിയെ മരുവത്കരണത്തിൽനിന്ന് തടഞ്ഞുനിർത്തുന്നത് ആരവല്ലി കുന്നുകളാണ്. ഥാർ മരുഭൂമിയിൽ നിന്നുള്ള പൊടിക്കാറ്റിനെയും ഇത് തടയുന്നു. ഭൂഗർഭജലത്തിന്റെ റീചാർജിങ്ങിന് ഇത് സഹായിക്കുന്നു. ചമ്പൽ, സാബർമതി, ലൂനി നദികളിൽ നീരുറവ നിലനിർത്തുന്നതും ഈ മലനിരകൾ.

  • ഖനന ഇളവുകളില്ലെന്ന് കേന്ദ്രം

ആരവല്ലി കുന്നുകളെ തകർക്കുന്ന ഖനന ഇളവുകൾ ഉണ്ടാകില്ലെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. രാജസ്ഥാനിൽ 2006 മുതൽ നടപ്പാക്കിവരുന്ന ക്രമീകരണമാണ് പുതിയ നിർവചനമെന്നാണ് ഭാഷ്യം. ഇതനുസരിച്ച് കേവലം 100 മീറ്റർ ഉയരത്തിലുള്ള കുന്നിനുമാത്രമല്ല സംരക്ഷണം കിട്ടുകയെന്നും അതിനോട് ചേർന്നുള്ള താഴ്‌വരപ്രദേശമാകെയും സംരക്ഷിക്കപ്പെടുമെന്നും കേന്ദ്രം പറയുന്നു. 500 മീറ്റർ പരിധിയിലെ രണ്ട് കുന്നുകൾ മാത്രമല്ല, അവയ്ക്കിടയിൽ വരുന്ന പ്രദേശമാകെ സംരക്ഷണപരിധിയിൽ വരും. മാത്രമല്ല, സുസ്ഥിരഖനനം സാധ്യമാക്കാനും ഒരു നിയന്ത്രണവുമില്ലാതെ തുടർന്നുവന്ന ഖനനത്തിന് തടയിടാനും ശാസ്ത്രീയപരിശോധന അവലംബിക്കാനാണ് ഇങ്ങനെയൊരു നിർവചനമാനദണ്ഡം സുപ്രീംകോടതി നിർദേശിച്ചത്. അതായത്, ഖനനാനുമതിയുടെ കാര്യത്തിൽ മാത്രമാകും നിർവചനം ബാധകമാകുകയെന്നർഥം.

ആരവല്ലിമേഖലയിൽ 0.19 ശതമാനം ഭാഗത്തുമാത്രമാണ് ഇപ്പോൾ ഖനന ഇളവെന്നും ബാക്കിയെല്ലാം അതുപോലെ സംരക്ഷിക്കപ്പെടുമെന്നും വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ് പറഞ്ഞു. മാത്രമല്ല, സുപ്രീംകോടതി ഉത്തരവ് ആരവല്ലിക്ക് കൂടുതൽ സംരക്ഷണകവചം തീർക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

സുസ്ഥിരഖനനാനുമതി നൽകുന്നതിനായി ഇന്ത്യൻ കൗൺസിൽ ഫോർ ഫോറസ്ട്രി റിസർച്ച് ആൻഡ് എജുക്കേഷൻ മുഖേന സമഗ്രമായ മാനേജ്‌മെന്റ് പ്ലാൻ തയ്യാറാക്കി സമർപ്പിക്കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെ പുതിയ ഖനനാനുമതിയൊന്നുമില്ല. ഡൽഹിയുടെ പരിധിയിൽപ്പെടുന്ന ആരവല്ലി മലനിരകളിൽ ഇപ്പോൾത്തന്നെ ഖനന ഇളവുകളില്ലെന്നും അത് അതുപോലെ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ സർക്കാരിന്റെ കാലത്താണ് ഗ്രീൻ ആരവല്ലി പ്രസ്ഥാനം തുടങ്ങിയത്. 2014-ൽ 24 റാംസർ സൈറ്റുകൾ ആരവല്ലിമേഖലയിലുണ്ടായിരുന്നിടത്ത് ഇപ്പോൾ 96 റാംസർ സൈറ്റുകളായെന്ന് മന്ത്രി അവകാശപ്പെട്ടു. നാല് കടുവസങ്കേതങ്ങളും 20 വന്യജീവി സങ്കേതങ്ങളും ആരവല്ലിക്കകത്തുണ്ട്.

  • കുന്നും കോടതിയും

ആരവല്ലിയുടെ നിർവചനത്തിലെ അവ്യക്തത നീക്കാൻ സമിതി രൂപവത്കരിക്കാൻ 2024 മേയിലാണ് സുപ്രീംകോടതി നിർദേശിച്ചത്. ഇതേത്തുടർന്ന് പരിസ്ഥിതിമന്ത്രാലയം സെക്രട്ടറിയുടെ നേതൃത്വത്തിൽ നാല് സംസ്ഥാനങ്ങളിലെയും പരിസ്ഥിതിസെക്രട്ടറിമാരും ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സുപ്രീംകോടതി നിർദേശപ്രകാരമുള്ള ഉന്നതാധികാരസമിതി എന്നിവയുടെ പ്രതിനിധികളുമുൾപ്പെട്ട സമിതിക്ക് രൂപം നൽകി.

സമിതി വിശദമായ ചർച്ചകൾ നടത്തിയാണ് 2006 മുതൽ രാജസ്ഥാൻ ഇക്കാര്യത്തിൽ സ്വീകരിച്ചുവരുന്ന നിർവചനം പിന്തുടരാൻ തീരുമാനിച്ചത്. നാല് സംസ്ഥാനങ്ങളും രാജസ്ഥാൻ മാതൃക അംഗീകരിക്കാൻ സമ്മതിച്ചതിനെത്തുടർന്നാണ് വിദഗ്ധസമിതി ഈ ശുപാർശ സുപ്രീംകോടതിയിൽ സമർപ്പിച്ചതും കോടതി അത് അംഗീകരിച്ചതും. ഏത് ഖനന തീരുമാനത്തിനും മുൻപായി കുന്നുകളുടെ മാപ്പിങ് നടത്താനും സർവേ ഓഫ് ഇന്ത്യയുടെ ഭൂപടം പരിശോധിച്ച് കൃത്യത വരുത്താനും നിർദേശമുണ്ട്. സംരക്ഷിതവനമേഖല, പരിസ്ഥിതിലോല മേഖല, കടുവസങ്കേതങ്ങൾ, നീർത്തടങ്ങൾ, ഇവയോടെല്ലാം ചേർന്നുനിൽക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം ഖനനം നിരോധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.