തൃശ്ശൂർ: കേരളത്തിലെ ആവാസവ്യവസ്ഥകളുടെ ആരോഗ്യം, ആഗോളമാനദണ്ഡങ്ങളുപയോഗിച്ച് വിലയിരുത്തുന്ന പദ്ധതി തുടങ്ങി. ‘കേരളത്തിലെ ആവാസവ്യവസ്ഥകളുടെ ചുവപ്പുപട്ടിക അവലോകനം’ എന്നാണ് പദ്ധതിയുടെ പേര്. ശാസ്ത്രാധിഷ്ഠിത പാരിസ്ഥിതിക നിയന്ത്രണത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിത്. രണ്ടു വർഷം കൊണ്ട് പൂർത്തിയാക്കുന്ന പദ്ധതി കേരള വനഗവേഷണസ്ഥാപനവും (കെ.എഫ്.ആർ.ഐ.) എം.ഇ.എസ്. അസ്മാബി കോളേജും ചേർന്നാണ് നടപ്പാക്കുന്നത്. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ അംഗീകാരവും സാമ്പത്തികസഹായവും പദ്ധതിക്കുണ്ട്. സംസ്ഥാനത്തെ 14 ജില്ലകളിലുമുള്ള നിർണായക ആവാസവ്യവസ്ഥകളെ മാപ്പ്‌ ചെയ്യുകയും അവയുടെ തകർച്ചയ്ക്കുള്ള സാധ്യതകൾ വിലയിരുത്തുകയും ചെയ്യും.

To advertise here,

ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ 1.18 ശതമാനം മാത്രമാണുള്ളതെങ്കിലും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടാണ് കേരളം. ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ, അധിനിവേശജീവികളുടെ കടന്നുകയറ്റം, കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതങ്ങൾ എന്നിവയുൾപ്പെടെ മനുഷ്യനിർമിതമായ കടുത്ത സമ്മർദങ്ങളുമായി കേരളം മല്ലിടുകയാണ്.

ഉയർന്ന പ്രദേശങ്ങളിലെ ചോലവനങ്ങളും പുൽമേടുകളും മുതൽ തീരദേശത്തെ കണ്ടൽക്കാടുകളും ശുദ്ധജല നദീശൃംഖലകളും വരെയുള്ള വിവിധ ആവാസവ്യവസ്ഥകളുടെ ആരോഗ്യവും ദൗർബല്യവും വിലയിരുത്തും.

2023 മാർച്ചിൽ ഐ.യു.സി.എൻ കമ്മിഷൻ ഓൺ ഇക്കോസിസ്റ്റം മാനേജ്മെന്റുമായി ചേർന്ന് കെ.എഫ്.ആർ.ഐ. നടത്തിയ ആവാസവ്യവസ്ഥകളെയും പ്രകൃതിയധിഷ്ഠിതപരിഹാരങ്ങളെയും കുറിച്ചുള്ള അന്താരാഷ്ട്ര ശില്പശാലയിലൂടെയാണ് രാജ്യത്തൊട്ടാകെയുള്ള വിലയിരുത്തലിനായുള്ള അടിസ്ഥാനപ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചത്. കെ.എഫ്.ആർ.ഐ.യിലെ ഡോ. ദീപു ശിവദാസ്, ഡോ. അമിതാഭ്ബച്ചൻ എന്നിവരാണ് പുതിയ പദ്ധതിക്ക് നേതൃത്വം നൽകുന്നത്.