
ഭൂമുഖത്തെ ഓരോ ജീവിക്കും പ്രകൃതിയുടെ സന്തുലനം നിലനിര്‍ത്തുന്നതില്‍ അതിന്റേതായ പങ്കുണ്ടെന്ന തിരിച്ചറിവിലേക്ക് ലോകം എത്തിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി കഴുകന്മാരെ സംരക്ഷിക്കാന്‍ പ്രചാരത്തിലുള്ള രണ്ട് വേദനസംഹാരികൾ നിരോധിക്കാനൊരുങ്ങുകയാണ് അധികൃതര്‍. കാലങ്ങളായി കന്നുകാലികളുടെ ചികിത്സയില്‍ ഉപയോഗിക്കുന്ന കെറ്റോപ്രോഫന്‍, അസിക്ലോഫെനാക് എന്നിവയാണ് പ്രസ്തുത മരുന്നുകള്‍. ഇവ കന്നുകാലികള്‍ക്കും അത് വഴി കന്നുകാലികളുടെ ശവം ഭക്ഷിക്കുന്ന കഴുകന്മാര്‍ക്കും ജീവഹാനി ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടി, മഹാരാഷ്ട്രയിലെ ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡ്വൈസറി ബോര്‍ഡ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കയാണ്.
Also Read
ശവശരീരങ്ങളെ ആഹാരമാക്കുന്ന കഴുകന്മാരെ മരണത്തിന്റെ പ്രതിരൂപങ്ങളായാണ് പലപ്പോഴും കണ്ടുവരുന്നത്. ആകാശത്തില്‍ കഴുകന്മാര്‍ വട്ടം ചുറ്റുന്നത് കണ്ടാല്‍ മരുഭൂമികളിലെ യാത്രക്കാര്‍ ആശങ്കപ്പെടാറുണ്ട്. അടുത്തെവിടെയോ ശവശരീരം ഉണ്ടെന്നതിന്റെ സൂചനയാണത്! തൂവലോ രോമമോ ഇല്ലാത്ത തലയും, മാംസം കീറിയെടുക്കാനായി രൂപപ്പെട്ട കത്തി പോലെ കൂര്‍ത്ത കൊക്കും; അവയുടെ രൂപം തന്നെ ഭയമുണര്‍ത്തുന്നതാണ്. അതേസമയം, പ്രകൃതിയില്‍ കഴുകന്മാര്‍ക്കുള്ള റോള്‍ തിരിച്ചറിയപ്പെടാതെ പോവുന്നു. ശവങ്ങള്‍ ഭക്ഷിക്കുന്ന ഈ ഭീമാകാരന്‍ പക്ഷികള്‍ അതുവഴി പ്രകൃതിയിലെ പലതരം പകര്‍ച്ചവ്യാധികള്‍ക്ക് തടയിടുക കൂടിയാണ് ചെയ്യുന്നത്.
ഡൂങ്കര്‍വാഡിയിലെ കഴുകന്മാര്‍
സൗത്ത് മുംബൈയിലൂടെ പോവുമ്പോള്‍ മഹാനഗരത്തിന് ഒത്ത നടുവിലെ ഒരു 'തികഞ്ഞ' കാട് ആരുടേയും കണ്ണില്‍പ്പെടാതെ പോവില്ല! മുംബൈ മലബാര്‍ ഹില്‍സില്‍ അന്‍പതില്‍പ്പരം ഏക്കറിലാണ് ഡൂങ്കര്‍വാഡി ഫോറസ്റ്റ്. മുബൈയിലെ പാര്‍സി സമുദായക്കാരുടെ ശവസംസ്‌ക്കാരം നടക്കുന്ന വിശുദ്ധവനം. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്, പേർഷ്യയില്‍നിന്നു ഇന്ത്യയിലേക്ക് കുടിയേറിയ സൗരാഷ്ട്രീയരായ പാര്‍സി ജനത എത്തുന്ന കാലത്ത് മുംബൈയിലെ മലബാര്‍ ഹില്‍സ് പൂര്‍ണമായും വനപ്രദേശമായിരുന്നുവെന്ന് സദാശിവ് ഗോരക്ഷ്‌കാര്‍ ('രാജ്ഭവന്‍സ് ഇന്‍ മഹാരാഷ്ട്ര' എന്ന പുസ്തകത്തിന്റെ രചയിതാവ്) പറയുന്നുണ്ട്.
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം വരെ ' പുലിയും കഴുതപ്പുലിയും കുറുക്കന്മാരും മേഞ്ഞുനടന്ന കാട്''. കഴുകന്മാരുടെ വിഹാരകേന്ദ്രം. ബ്രിട്ടീഷ് ഇന്ത്യയില്‍, 1870-ന് ശേഷം മലബാര്‍ ഹില്‍സ് മുംബൈയിലെ അതിസമ്പന്നരുടെ, പ്രധാനമായും പാര്‍സികളുടെ, കോളനിയായി മാറുന്നത്. 1672-ല്‍, പാര്‍സികളുടെ ശവസംസ്‌കാരത്തിനുള്ള ഡോക്മാസ് ('ടവര്‍ ഓഫ് സയലന്‍സ്') ഡൂങ്കര്‍വാഡിയില്‍ സ്ഥാപിക്കപ്പെട്ടു.
സൗരാഷ്ട്രമത വിശ്വാസപ്രകാരം ആകാശസംസ്‌കാരം (സ്‌കൈ ബറിയല്‍) ആണ് പാര്‍സികളുടെ ശവമടക്ക് രീതി. അഗ്നിയിലോ വെള്ളത്തിലോ മണ്ണിലോ മൃതദേഹം സംസ്‌കരിക്കുന്നത് പ്രകൃതിയെ കളങ്കപ്പെടുത്തുമെന്നും പകരം ശവത്തെ ജീവജാലങ്ങളുടെ ഭക്ഷണമാക്കുകയാണ് വേണ്ടതെന്നും സൗരാഷ്ട്രീയര്‍ വിശ്വസിക്കുന്നു. മൂവായിരം കൊല്ലത്തോളം പഴക്കമുള്ള ഈ വിശ്വാസപ്രകാരം പാര്‍സികള്‍ തങ്ങളുടെ ഉറ്റവരുടെ മൃതദേഹങ്ങള്‍ ഗോപുരങ്ങളുടെ മുകളില്‍ ശവസംസ്‌കാരത്തിനായി കിടത്തുന്നു. കാലങ്ങളായി, ഡൂങ്കര്‍വാഡിയിലെ ഡോക്മാസിലേക്ക് മൃതദേഹങ്ങള്‍ ഭക്ഷിക്കാന്‍ കൂറ്റന്‍ കഴുന്മാര്‍ ആകാശത്തില്‍നിന്നു പറന്നിറങ്ങിക്കൊണ്ടിരുന്നു.
2006- ല്‍ മുംബൈയിലെ കഴുകന്മാരുടെ എണ്ണം ആശങ്കാജനകമാം വിധം കുറഞ്ഞതായി (97% കുറവ്) ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി വിദഗ്ദ്ധര്‍ രേഖപ്പെടുത്തി. മുംബൈയിലെ ആകാശത്തില്‍നിന്നു കഴുകൻമാർ ഒന്നടങ്കം അപ്രത്യക്ഷമായ സ്ഥിതി! പ്രത്യാഘാതങ്ങള്‍ ചെറുതായിരുന്നില്ല! ഡൂങ്കര്‍വാടിയിലെ 'നിശബ്ദതയുടെ ഗോപുരത്തില്‍' ശവങ്ങള്‍ അനാഥമായിക്കിടന്നു. കഴുകൻമാർ ഏറെക്കുറേ ഇല്ലാതായതിനാല്‍, ശവം ഭക്ഷിക്കാനെത്തുന്ന പരുന്തുകളുടേയും കാക്കകളുടേയും എണ്ണം വര്‍ദ്ധിച്ചു. പക്ഷെ, താരത്മ്യേന ചെറുപക്ഷികളായ അവയ്ക്ക് ഒരു ശവശരീരം മുഴുവനായി ആഹാരമാക്കി തീര്‍ക്കുക എളുപ്പമല്ല! പാതിയായ മൃതദേഹങ്ങള്‍ അഴുകി. ദുര്‍ഗന്ധം വമിക്കുന്നതായി പരിസരവാസികള്‍ പരാതിപ്പെട്ടു. പാര്‍സിസമുദായാംഗങ്ങളെ ഈ വിഷയം വൈകാരികമായി ബാധിച്ചു. അവര്‍ പ്രതിഷേധമുയര്‍ത്തി. ഒരു വിഭാഗം തങ്ങള്‍ക്ക് വൈദ്യുതശ്മശാനങ്ങള്‍ മതിയെന്ന് പറഞ്ഞു. പാരമ്പര്യവാദികള്‍ അസ്വസ്ഥരായി. പ്രശ്‌നം വലിയ ചര്‍ച്ചയായി. സമുദായസംഘടനയായ ബോംബെ പാര്‍സി പഞ്ചായത്ത്( ബി.പി.പി.) ശവശരീരങ്ങള്‍ ഉണക്കുന്നതിന് വലിയ സോളാര്‍ റിഫ്‌ളക്ടറുകള്‍ സ്ഥാപിച്ചു. പക്ഷേ, മഴക്കാലത്ത് റിഫ്‌ളക്ടറുകള്‍ വേണ്ടപോലെ പ്രവര്‍ത്തിച്ചില്ല! പാര്‍സിജനതയും സര്‍ക്കാരും പരിസ്ഥിതിപ്രവര്‍ത്തകരും ഉചിതമായ പരിഹാരം അന്വേഷിച്ചലഞ്ഞു.
മൃഗചികിത്സയില്‍ ഉപയോഗിക്കുന്ന ഡിക്ലോഫെനാക് എന്ന വേദനസംഹാരി മരുന്നിന്റെ ഉപയോഗമാണ് കഴുകന്മാരെ വംശനാശത്തിലേക്ക് നയിച്ചതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു.
ഇന്ത്യയില്‍ മാത്രമല്ല; സൗത്ത് ഏഷ്യയിലുള്ള കഴുകൻ വര്‍ഗങ്ങള്‍ മൊത്തമായി ഇല്ലാതായിത്തുടങ്ങിയിരുന്നു. കഴുകൻമാരുടെ തിരോധാനം പഠനവിധേയമായി. മൃഗചികിത്സയില്‍ ഉപയോഗിക്കുന്ന ഡിക്ലോഫെനാക് എന്ന വേദനസംഹാരി മരുന്നിന്റെ ഉപയോഗമാണ് കഴുകന്മാരെ വംശനാശത്തിലേക്ക് നയിച്ചതെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു. കുത്തിവെപ്പെടുത്ത മൃഗങ്ങളുടെ ശവശരീരത്തിലൂടെ കഴുകന്മാരുടെ ശരീരത്തിലേക്കും ഡിക്ലോഫെനാക് എത്തി. ഇതുമൂലമുണ്ടായ വൃക്കരോഗം വന്നാണ് കഴുകന്മാര്‍ ചത്തൊടുങ്ങിയത്. 2006-ൽ ഇന്ത്യയിൽ മൃഗചികിത്സയിൽ ഡൈക്ളോഫെനാക്ക് ഉപയോഗിക്കുന്നത് നിരോധിക്കപ്പെട്ടു. അപ്പോഴേക്കും, തൊണ്ണൂറുകളില്‍ ലക്ഷക്കണക്കിനുണ്ടായിരുന്ന കഴുകന്മാര്‍ വെറും ആയിരങ്ങളായി ചുരുങ്ങിയിരുന്നു!

ഇന്ത്യന്‍ കഴുകന്‍ എന്ന് അറിയപ്പെടുന്ന ലോങ്ങ്-ബില്‍ഡ് വള്‍ച്ചര്‍, വൈറ്റ്-ബാക്ഡ് വള്‍ച്ചര്‍ എന്നിങ്ങനെ രണ്ട് ഇനം കഴുകന്മാരാണ് മുംബൈയില്‍ സര്‍വസാധാരണമായിരുന്നത്. തണുപ്പുകാലത്ത് ദേശാടനത്തിനെത്തുന്ന ഗ്രിഫണ്‍ വള്‍ച്ചര്‍ എന്നൊരിനവും നഗരത്തിലുണ്ടായിരുന്നു. 2007-ല്‍ മുംബൈയില്‍ 11000 ഓറിയന്റല്‍ വൈറ്റ് ബാക്ഡ് കഴുകന്മാരും 45,000 ലോങ്ങ്-ബില്‍ഡും 1,000 സ്‌ളെന്‍ഡര്‍ വില്‍ഡും ഉണ്ടായിരുന്നതായി ഏകദേശ കണക്കുകളുണ്ട്. 2012-ല്‍ ഈ മൂന്ന് സ്പീഷിസ് കഴുകന്മാരുടേയും എണ്ണം കുറയുന്നതിന്റെ വേഗം മന്ദീഭവിച്ചതായി ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്തു. 2015-ല്‍ വീണ്ടും സര്‍വേ നടന്നു. അത്തവണ 6000 ഓറിയന്റല്‍ വൈറ്റ് ബാക്ഡ്, 2,000 ലോങ്ങ് ബില്‍ഡ്, 1000 സ്‌ളെന്‍ഡര്‍ ബില്‍ഡ് എന്ന വിധമായി കണക്കുകള്‍. കഴുകന്മാരുടെ നിലനില്‍പ്പ് ആശങ്കാജനകമായി തുടര്‍ന്നു.
മുംബൈയില്‍ സംഭവിച്ചത് രണ്ട് തരം മരണങ്ങളായിരുന്നു! ഒന്ന് ഒരു പ്രത്യേക പക്ഷിവര്‍ഗത്തിന്റെ മരണം. (മനുഷ്യന്‍ സൃഷ്ടിച്ച കാരണങ്ങളാല്‍ സംഭവിച്ചത്.) മൂവായിരം വര്‍ഷം നീണ്ട ഒരു പരമ്പരാഗത ആചാരത്തിന്റെ മരണമാണ് രണ്ടാമത്തേത്. ഒരു ജീവിവര്‍ഗത്തിന്റെ നാശം മനുഷ്യന്റെ സാമൂഹികജീവിതത്തെ നേരിട്ട് ബാധിച്ചതിന്റെ ഒരു ഉദാഹരണമായിരുന്നു അത്. പാര്‍സി ആചാരങ്ങള്‍ തടസ്സപ്പെട്ടതും കഴുകന്മാരുടെ നാശവും ഉള്‍ക്കൊണ്ട സമൂഹം, ഡൂങ്കര്‍വാഡി വനത്തെ പുതിയ കണ്ണോടെ നോക്കിത്തുടങ്ങി. ശക്തമായ ആ നോട്ടത്തിന് മുന്നില്‍ ഡൂങ്കര്‍വാഡിയെ വട്ടംചുറ്റിപ്പറന്ന റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ നിശബ്ദരായി! മുബൈ നഗരസമൂഹം തങ്ങളുടെ തൊട്ടടുത്തുള്ള കാടിനെ, അതിലെ ചരാചരങ്ങളെ വിശാലമായൊരു അര്‍ത്ഥത്തില്‍ കണ്ടുതുടങ്ങി. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി പഠനവിഭാഗം പ്രൊഫസറും അര്‍ബന്‍ ഇക്കോളജിസ്റ്റുമായ ഡോ. ആന്‍ റേഡ്മാക്കര്‍, ഡൂങ്കര്‍വാഡിയെക്കുറിച്ച് പഠിക്കാനെത്തി.
''ജൈവവൈവിധ്യത്തിന്റെ കാവല്‍ക്കോട്ടയാണ് ഡൂങ്കര്‍വാഡി. മുബൈ നഗരം പുറന്തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ വലിയൊരളവ് ഡുങ്കര്‍വാഡി വനം വലിച്ചെടുക്കുന്നു. നഗരം സൃഷ്ടിക്കുന്ന ശബ്ദമലിനീകരണം കുറയ്ക്കുന്നു. മഴവെള്ളത്തെ തടുത്തുനിര്‍ത്തി ഭൂമിയിലേക്കാഴ്ത്തുന്നു. കാടിന്റെ വിശുദ്ധസങ്കല്‍പ്പത്തിനൊപ്പം അതിന്റെ പാരിസ്ഥിതിക പ്രാധാന്യം കൂടി സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു.'' - ഡോ. ആന്‍ റേഡ്മാക്കര്‍ പറഞ്ഞു. പാര്‍സി സമുദായത്തില്‍ നിന്നുള്ള ഇക്കോളജിസ്റ്റും സെന്റര്‍ ഫോര്‍ എന്‍വെയോണ്‍മെന്റല്‍ റിസര്‍ച് ആന്‍ഡ് എഡ്യുക്കേഷന്റെ സ്ഥാപകയുമായ ഡോ.റാഷ്‌നേ, ഡൂങ്കര്‍വാഡിയില്‍ നാടന്‍ മരങ്ങളും കുറ്റിച്ചെടികളും വളര്‍ത്തുന്ന പദ്ധതി നടപ്പിലാക്കി. 2015-ല്‍ ഡൂങ്കര്‍വാഡിയില്‍വെച്ച 7092 മരത്തൈകള്‍ ഇന്ന് വന്മരങ്ങളായി വളര്‍ന്നുകഴിഞ്ഞു.

നാഷണല്‍ ആക്ഷന്‍ പ്‌ളാന്‍ ഫോര്‍ വള്‍ച്ചര്‍ കണ്‍സര്‍വേഷന്‍
ഇന്ത്യയില്‍ കഴുകന്മാരുടെ സംരക്ഷണത്തിന്നായി വിവിധ പദ്ധതികള്‍ നടന്നുവരുന്നു. കന്നുകാലികള്‍ക്കുള്ള പുതിയ നോണ്‍ സ്റ്റിറോയിഡല്‍ ആന്റി ഇന്‍ഫ്‌ളമാറ്ററി മരുന്നുകള്‍ വിപണിയിലെത്തുന്നതിന് മുന്‍പ് കഴുകന്മാരില്‍ പരീക്ഷിക്കേണ്ടതുണ്ടെന്ന് നാഷണല്‍ ആക്ഷന്‍ പ്‌ളാന്‍ ഫോര്‍ വള്‍ച്ചര്‍ കണ്‍സര്‍വേഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാം സംസ്ഥാനങ്ങളിലും കഴുകന്മാര്‍ക്കായി സംരക്ഷിതവനം( ബ്രീഡിങ് കേന്ദ്രങ്ങളടക്കം) നടപ്പാക്കി വരുന്നു. ഏഷ്യന്‍ കിങ്ങ് വള്‍ച്ചറുകള്‍ക്കായുള്ള ലോകത്തിലെ തന്നെ ആദ്യത്തെ സംരക്ഷണകേന്ദ്രമാണ് ഉത്തര്‍പ്രദേശിലെ മഹറാഗഞ്ച് ജില്ലയിലെ ജഡായു കണ്‍സര്‍വേഷന്‍ ആന്‍ഡ് ബ്രീഡിങ്ങ് സെന്റര്‍. വെസ്റ്റ് ബംഗാളിലെ ബക്‌സാ ടൈഗര്‍ റിസര്‍വില്‍ വളര്‍ത്തിയ 20 കഴുകന്മാരെ പുറംലോകത്തേക്ക് സ്വതന്ത്രരാക്കിയത് കഴിഞ്ഞ ഫെബ്രുവരിയിലാണ്.
ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി, വനംവകുപ്പ്, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ കഴുകന്മാരുടെ എണ്ണം തിട്ടപ്പെടുത്തുന്ന സര്‍വേകളും നടക്കുന്നു. 2023-ല്‍ നടന്ന ആദ്യത്തെ 'സിംക്രൊണൈസ്ഡ് സെന്‍സസ്' പ്രകാരം, തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഉള്ള കഴുകന്മാരുടെ എണ്ണം 246 ആണ്. പശ്ചിമഘട്ടത്തിലെ തിരഞ്ഞെടുത്ത വനമേഖലകളില്‍ സംസ്ഥാന വനംവകുപ്പുകളുടെ നേതൃത്വത്തിലാണ് സര്‍വേ നടന്നത്.
Content Highlights: Vultures, doongerwadi, extinction, environment,mathrubhumi
Published: 19 Jul 2023, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented