കെനിയയിലെ മസായിമാരയിലാണ് മൃഗങ്ങളുടെ കൂട്ടദേശാടനം നടക്കുന്നത്. ജൂലായ് മുതൽ സെപ്റ്റംബർ വരെയാണ് ഈ മഹാദേശാടനം (Great Migration) നടക്കുന്നത്. ഓരോ വർഷവും 50 ലക്ഷത്തോളം മൃഗങ്ങൾ ടാൻസാനിയയിലെ സെരിൻഗറ്റിയിലും കെനിയയിലെ മസായിമാരയിലുമായി നടത്തുന്ന ദേശാടനമാണിത്. ക്ലോക്കിലെ സൂചി കറങ്ങുന്നതുപോലുള്ള ദിശയിലാണ് മഹാദേശാടനത്തിൽ പങ്കെടുക്കുന്ന മൃഗങ്ങൾ സഞ്ചരിക്കുന്നത്. 15 ലക്ഷം വിൽഡ്ബീസ്റ്റുകളെക്കൂടാതെ രണ്ടുലക്ഷം സീബ്ര, മൂന്നരലക്ഷം തോംസൺസ് ഗസൽ എന്നയിനം മാൻ തുടങ്ങിയവയും മഹാദേശാടനത്തിൽ പങ്കാളികളാവുന്നുണ്ട്. വെള്ളവും ഭക്ഷണവും തേടിയാണ് അവരുടെ യാത്ര.
മൃഗങ്ങളുടെ ഈ മഹാദേശാടനത്തിൽ ഒരു ജൈവവൈവിധ്യചക്രം കൂടി കാണാം. കെനിയയിൽ വിൽഡ്ബീറ്റുകളെത്തുന്ന ഭാഗത്ത് പുല്ലുകൾ വളർന്നുപൊങ്ങി നിൽക്കുന്നുണ്ടാവും. ഈ പുല്ലുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന സിംഹങ്ങൾ വിൽഡ്ബീസ്റ്റുകളെ ഇരയാക്കും. വിൽഡ്ബീസ്റ്റുകൾ ഒരുമാസംകൊണ്ട് ഈ പുല്ലുമുഴുവൻ തിന്ന് ആ സ്ഥലം വെളുപ്പിക്കുകയും ചെയ്യും. പിന്നീടവ മാരാനദി കടന്ന് മസായിമാരയിലേക്ക് തിരിക്കും. മാരാനദി കടക്കുന്നതിനിടയിൽ അവയെ പിടിക്കാൻ മുതലകൾ കാത്തിരിപ്പുണ്ടാവും. നദി കടക്കുന്ന മൃഗങ്ങളിൽ കുറച്ചെണ്ണത്തിനെ അക്കരെയുള്ള സിംഹവും പുലിയും ചീറ്റപ്പുലിയും പിടികൂടും. ലോകത്തെ എട്ടാമത്തെ അദ്ഭുതം എന്ന് ഈ മഹാദേശാടനത്തെ വിശേഷിപ്പിക്കാറുണ്ട്! 
 

To advertise here,