വീണ്ടും വിഷപ്പാമ്പിന്റെ കടിയേറ്റ് ഒരു ജീവൻ കൂടി പൊലിഞ്ഞു. ഉറക്കത്തിൽ മൂർഖന്റെ ദംശം ഏറ്റ് മരണമടഞ്ഞ ചിറയിൻകീഴിലെ ദിക്ഷൽ എന്ന കുഞ്ഞിന്റെ ആത്മാവിനായി പ്രാർഥിക്കുന്നു.

To advertise here,

അനുദിനം വർധിച്ച് വരുന്ന അന്തരീക്ഷോഷ്മാവിൽ സുരക്ഷിതയിടങ്ങൾ തേടി പാമ്പുകൾ അലയാനുള്ള സാധ്യത അധികമാണ്. പ്രജനനകാലമായതിനാൽ അവയെ കണ്ട് മുട്ടാനുള്ള സാധ്യത അധികവും. അതുകൊണ്ട് തന്നെ വനംവകുപ്പും ഭിഷഗ്വരന്മാരും മറ്റ് വിദഗ്ദ്ധരും നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം എന്ന് അപേക്ഷ.

പാമ്പ് എന്ന ജീവിവർഗം പുരാതനകാലം മുതൽക്ക് തന്നെ മനുഷ്യന്റെ ശത്രുപക്ഷത്താണ്. പുരാണങ്ങളിൽപ്പോലും എല്ലായിടത്തും അവയ്ക്ക് ഭയത്തിന്റെ ഒരു പരിവേഷം ചാർത്തിക്കൊടുത്തിട്ടുമുണ്ട്. മനുഷ്യന് മാത്രമല്ല ഏതൊരു ജീവിവർഗത്തിനും വിഷപ്പാമ്പുകളോട് വല്ലാത്ത വിപ്രതിപത്തിയും ഭയവും ആണല്ലോ ഉള്ളതും. അതുകൊണ്ട് തന്നെയാകണം പാമ്പുകളെ എവിടെ കണ്ടാലും തല്ലിക്കൊല്ലുന്ന ശീലത്തിലേയ്ക്ക് പണ്ട് മുതൽ തന്നെ നമ്മൾ മനുഷ്യരും മാറിയത്.

പാമ്പുകളെക്കുറിച്ചുള്ള ചില ഓർമ്മകൾ പങ്കുവയ്ക്കാനാണ് ഞാൻ ഈ അവസരം വിനിയോഗിക്കുന്നത്. ഹിന്ദുമതത്തിൽ പാമ്പുകൾക്ക് പ്രത്യേകിച്ച് ഫണം വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പുകൾക്ക് ഒരു ദിവ്യ പരിവേഷം ചാർത്തിക്കൊടുത്തിട്ടുണ്ടല്ലോ. തങ്ങളുടെ വരുതിയിൽ നിൽക്കാത്തതും അപ്രാപ്യമായതുമായ എല്ലാത്തിനെയും ആരാധിക്കാനുള്ള മനുഷ്യന്റെ സ്വഭാവമാകാം അത്തരത്തിലൊരു വച്ചാരാധനയുടെ സോപാനത്തിലേയ്ക്ക് സൂര്യനേയും ചന്ദ്രനേയും ജലത്തേയും അഗ്‌നിയേയും എന്നത് പോലെ വിഷസർപ്പങ്ങളേയും ഉയർത്തിക്കൊണ്ട് വന്നതും!

പണ്ട് സ്‌ക്കൂളവധി ദിവസങ്ങളിൽ വയലേലകളുടെ നടുവിലൂടെ പളുങ്ക് വെള്ളമൊഴുകുന്ന തോടുകളിലെ വെള്ളത്തിലൂയലാടി നിൽക്കുന്ന ചെടികളുടെ ഇടയിൽ അങ്ങിങ്ങ് തലയുയർത്തി നിൽക്കുന്ന പുളവന്മാരെന്ന് വിളിക്കുന്ന വിഷമില്ലാത്ത നീർക്കോലിപ്പാമ്പുകളെ ഈർക്കിലുകളിൽ കുടുക്കുണ്ടാക്കി കഴുത്തിലിട്ട് വലിച്ച് പുറത്തെടുക്കുന്ന ധൈര്യശാലികൾക്കൊപ്പം മദിച്ച് നടന്ന നാളുകളാണ് ആദ്യം ഓർമ്മയിൽ എത്തുന്നത്. നിരുപദ്രവകാരികളായ ആ ഉരഗങ്ങളോട് ചെയ്ത ആ ക്രൂരകൃത്യങ്ങൾക്ക് കൗതുകം കൊണ്ടാണെങ്കിലും കൂട്ടുനിന്നതിന് ഇന്നാലോചിക്കുമ്പോൾ വല്ലാത്ത ഖിന്നത തോന്നാറുണ്ട്.

ആ സാഹസികരോട് തോന്നിയ ആരാധനയും ഉള്ളിൽ നിറഞ്ഞ അപകർഷതയും കാരണമാകണം പിന്നീട് അവർക്കൊപ്പം തലപ്പൊക്കം എത്താനായി ചില ശ്രമങ്ങൾ നടത്തിയതിന് പിന്നിൽ.

തറവാട്ടിലെ ബാല്യത്തിൽ പയ്യിന് കച്ചിൽ വലിക്കാനായി പോയപ്പോൾ വയ്‌ക്കോൽ കൂനയൊന്നിൽ പത്തി വിടർത്തി നിന്ന കരിമൂർഖനെ 'കണ്ണിലേയ്ക്ക് വിഷം ചീറ്റുന്നതിന്' മുൻപ് കൈയ്യിൽത്തടഞ്ഞ മരച്ചില്ലയാൽ എറിഞ്ഞ് പത്തിയൊടിച്ച് വീഴ്ത്തിയ അപ്പാപ്പന്റെ വീരകഥകൾ കേട്ട് കോരിത്തരിച്ച ബാല്യം എന്നിൽ വല്ലാത്ത ആവേശം നിറച്ചിരിക്കണം. ധൈര്യമുള്ള ആണൊരുത്തനാകണമെങ്കിൽ സർപ്പനിഗ്രഹം എന്ന ദൗത്യം സ്വമേധയാ ഏറ്റെടുത്ത് സഫലമാക്കി തന്നെയാകണം എന്ന ഒരു ചിന്ത എന്നിൽ എങ്ങനെയോ ഉടലെടുത്തിരുന്നു.

അത് കൊണ്ടുതന്നെ അച്ഛനെപ്പോഴും കിടപ്പുമുറിയിൽ മൂലയ്ക്ക് ചാരിവയ്ക്കുന്ന ചുറ്റിട്ട പെരമ്പും കൈയ്യിൽക്കരുതി പറമ്പിൽ ചുറ്റിനടക്കുകയായിരുന്നു ചില ദിവസങ്ങളിലെ ഹോബി. പല ആഴ്ചകൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ പറങ്കിമാവിൽ ചുവട്ടിൽ അടിഞ്ഞ് കൂടിക്കിടന്ന കരിയിലയ്ക്കിടയിൽ ഒളിച്ചിരുന്ന ചുരുട്ട എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ശംഖുവരയന്റെ കുഞ്ഞിനെ മാന്തി പുറത്തിട്ടും പിന്നീടതിനെ നിർദയം തല്ലിക്കൊന്ന് ശവം ചുമന്ന് അമ്മയുടെ മുന്നിൽ എത്തിച്ച് എന്റെ വീരപരിവേഷം ആളിക്കത്തിക്കാൻ നടത്തിയ ശ്രമവും ഓർക്കുന്നു.

'അത് വേണ്ടായിരുന്നു.. പാപം തലയിൽ വാങ്ങി വയ്ക്കരുത്. ആ കുഞ്ഞിനെ കൊന്നിട്ട് നിനക്ക് എന്ത് കിട്ടാനാണ്? പറമ്പിലെ എല്ലാത്തിനേയും കൊല്ലാൻ നിനക്ക് കഴിയുമോ? നമ്മൾ സൂക്ഷിക്കണം. അത്രയേ പറ്റൂ... അത് മതി.' എന്നാണ് അമ്മ അന്ന് പറഞ്ഞത്.

പിന്നീടൊരുനാൾ ഞങ്ങളുടെ പിടക്കോഴികളൊന്ന് പാതി വിഴുങ്ങിയ ഒരു പാമ്പിൻ കുഞ്ഞുമായി തെക്കോട്ടും വടക്കോട്ടും ഓടിനടക്കുന്നതും കൂട്ടത്തിലെ പൂവൻകോഴികൾ ഒരുകാലും തലയും മാറിമാറി ഉയർത്തി ഉച്ചത്തിൽ ശബ്ദമുണ്ടാക്കിക്കൊണ്ട് കൂട്ടരുടെ ശ്രദ്ധയാകർഷിക്കുന്നതും അമ്മ കാട്ടിത്തന്നു. കോഴിയുടെ വായിൽ അപ്പോഴും പിടഞ്ഞുകൊണ്ടിരുന്ന ആ പാമ്പിൻ കുഞ്ഞിന്റെ വാൽഭാഗം കാണാമായിരുന്നു. കണ്ണുകൾ തള്ളിക്കൊണ്ടാണെങ്കിലും ഏറെ കഷ്ടപ്പെട്ട് വല്ല വിധേനയും ആ പിടക്കോഴി മറ്റാർക്കും പങ്കുവയ്ക്കാതെ തന്നെ അതിനെ വിഴുങ്ങിത്തീർക്കുകയും ചെയ്തു. ആ കോഴി അപ്പോൾത്തന്നെ ചത്തുപോകുമെന്നാണ് ഞാനന്ന് കരുതിയത്. പക്ഷേ, അതിന് ഒന്നും സംഭവിച്ചില്ലെങ്കിലും അതിടുന്ന മുട്ടകൾ തിന്നാൻ പിന്നീട് ഏറെക്കാലത്തേയ്ക്ക് എനിക്ക് വല്ലാത്ത ഭയമായിരുന്നു.

അതിനുശേഷവും ഞാൻ പാമ്പിനെക്കുറിച്ച് കേൾക്കുന്നത് സ്‌ക്കൂൾ അവധിക്ക് അമ്മാമ്മയുടെ വീട്ടിൽ നിൽക്കാനായി പോകുമ്പോഴായിരുന്നു. അറുപത് കഴിഞ്ഞിട്ടും അമ്മാമ്മ ഒരിക്കലും വെറുതെയിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഒന്നുകിൽ വാളൻ പുളി ഉണക്കാനായി തോട് ഉടച്ച് ചെറിയ ഒരു കമ്പി കൊണ്ട് കുത്തി കുരുവെടുത്ത് മാറ്റുന്നത് കാണാം. അല്ലെങ്കിൽ പുരയിടത്തിൽ കൃഷിചെയ്ത ഉഴുന്ന് പറിച്ച് ഇറുത്തെടുത്ത് പൊളിച്ച് ഉണക്കുന്നത് കാണാം. വേനലവധികളിൽ ഉണങ്ങിയ കൊപ്ര ചിരട്ടയിൽ നിന്നും കുത്തിയിളക്കിയും പിന്നീടത് ഒന്നൊന്നായി മടിയിൽ വച്ച മുറത്തിലേയ്ക്ക് അരിഞ്ഞിട്ടും മുറ്റത്ത് വിരിച്ച പരമ്പിൽ കൊണ്ട് നിരത്തിയും നിൽക്കുന്ന അമ്മാമ്മയെക്കാണാം. അതുപോലെ തന്നെ വാല്യക്കാരി വത്സല പുഴുങ്ങിയ നെല്ല് പനമ്പായിൽ തട്ടിയത് കാലുകൊണ്ട് ചിക്കി നിരത്തിയും ഇടക്കിടെ ഒരു നുള്ളെടുത്ത് ഉപ്പൂറ്റിയാൽ ഞെരിച്ചെടുത്ത് പരുവം നോക്കിയും വിവിധങ്ങളായ കലാപരിപാടികളിൽ ഏർപ്പെട്ടിരുന്ന അമ്മാമ്മയ്ക്ക് ഒരിടത്ത് കുറച്ച് സമയം അടങ്ങിയിരുന്നുകൂടേയെന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു.

ഒരു ദിവസം വാല്യക്കാരിയോടൊത്ത് പറമ്പിലിൽ വീണുകിടന്ന കരിയില മൊത്തം തൂത്തുകൂട്ടി ഓലക്കാലുകൾ കൊണ്ട് മെടഞ്ഞുണ്ടാക്കിയ ഒറ്റാലിൽ വാരി നിറയ്ക്കുന്നതിനിടെ അമ്മാമ്മ ആരോടോ ഉച്ചത്തിൽ സംസാരിക്കുന്നതാണ് ഞാൻ ശ്രദ്ധിച്ചത്!

'വെള്ളിയാഴ്ച പാലും നിവേദ്യവും കൊണ്ട് തന്നതല്ലേയുള്ളൂ. എന്താ മതിയായില്ലേ? എന്തിനാണ് ഇപ്പോൾ ഇങ്ങോട്ടിറങ്ങി വന്നിരിക്കുന്നത്?'

അപ്പോൾ വത്സല ഭയന്ന് അമ്മാമ്മയോട് ഒട്ടി നിൽക്കുന്നതാണ് കണ്ടത്. കാണാനാകാത്ത ആരോടാണ് അമ്മാമ്മ കാര്യമായി സംസാരിക്കുന്നത് എന്നറിയാൻ എനിക്ക് വല്ലാത്ത ആകാംക്ഷയായി. വീണ്ടും സൂക്ഷിച്ച് നോക്കിയപ്പോഴാണ് കയ്യിലിരുന്ന ചൂല് ഭയഭക്തിയോടെ പിന്നാക്കം പിടിച്ചുനിൽക്കുകയായിരുന്ന അവരിരുവരുടേയും മുന്നിലായി പത്തിയുയർത്തി നിൽക്കുന്ന ഒരു സർപ്പത്തെ ഞാൻ കാണുന്നത്. അത് കണ്ട എനിക്ക് പേടി അടക്കാനായില്ല.

''അയ്യോ പാമ്പ്...പാമ്പ്...'' എന്നിങ്ങനെ അലറി ഞാൻ വിളിക്കാൻ തുടങ്ങിയപ്പോൾ അമ്മാമ്മ ചൂണ്ടുവിരൽ ചുണ്ടിൽ അമർത്തി ''ശൂ...ശ്'' എന്നൊരു ശബ്ദം പുറപ്പെടുവിച്ച് വിലക്കി.

പിന്നെ ആ പാമ്പിനെ വല്ലാത്ത കൂതൂഹലത്തോടെ കുറച്ചുനേരം കൂടി നോക്കിയിട്ട് അവർ ആത്മഗതം ചെയ്തു.

''ഓ...കള്ളനാണല്ലേ. അല്ലെങ്കിലും ഇന്ന് ഞായറാഴ്ച ശരിക്കുള്ള നാഗത്താന്മാർ കാവിറങ്ങില്ലല്ലോ. എന്താണ് ഉദ്ദേശ്യം...?''

എനിക്കന്ന് അത് കേട്ടപ്പോൾ ഒന്നും മനസ്സില്ലായില്ല എന്നതാണ് വാസ്തവം. വെള്ളിയാഴ്ച വിരുന്നെത്തുന്ന സ്വർണവർണത്തിലെ നാഗങ്ങൾ പുണ്യാത്മാക്കളാണെന്നും ഞായറാഴ്ച വരുന്നവർ അത്ര വിശ്വസിക്കാൻ കൊള്ളാത്തവർ ആണെന്നുമാണ് അമ്മാമ്മ വിശ്വസിച്ചിരുന്നുവെന്ന് പിന്നീടൊരിക്കൽ അമ്മയാണ് പറഞ്ഞുതന്നത്.

തറവാടിനോട് ചേർന്നുകിടക്കുന്ന വിസ്തൃതമായ തൊടിയുടെ വടക്ക് കിഴക്കായി ഉണ്ടായിരുന്ന ഒരു കാവ് കാലപ്പഴക്കത്തിൽ ഇടിഞ്ഞ് കാട് മൂടിക്കിടന്നിരുന്നു. മഞ്ചാടിയും കാഞ്ഞിരവും ഉലട്ടികളും രണ്ട് കരിമ്പനകളും തുടങ്ങിയ വൃക്ഷങ്ങൾക്ക് പുറമേ തുടലിയും കൊങ്ങിണിയും വള്ളിച്ചൂരലും ഉൾപ്പടെയുള്ള മുൾച്ചെടികളും അവിടെ നിറഞ്ഞിരുന്നു. കുറുക്കന്മാരും മുള്ളൻപന്നികളും അനേകം വിഷസർപ്പങ്ങളും അവിടെ രാപാർത്തിരുന്നുവെന്നാണ് കേട്ടിട്ടുള്ളത്. രാത്രി കുറുക്കന്മാരുടെ ഓരിയിടലുകൾ കേൾക്കാറുണ്ടായിരുന്നുവെന്നത് സത്യമാണ്. ഞങ്ങളെയാരേയും അങ്ങോട്ട് പോയി കളിക്കാൻ അമ്മാമ്മ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഭയം മുറ്റിയ ഒരു വികാരമായി ആ കാവും പരിസരവും ഞങ്ങൾ കുട്ടികളുടെ മനസ്സിൽ പച്ചപിടിച്ച് കിടന്നു.

ആദിനാരായണനായ മഹാവിഷ്ണു നാഗരാജാവായ അനന്തന്റെ പുറത്ത് അനന്തശയനം നടത്തുന്ന മാതൃകയിലുള്ള അവിടത്തെ വിഗ്രഹം പൊട്ടിപ്പൊളിഞ്ഞാണ് കിടന്നിരുന്നത്. എന്നിട്ടും അമ്മാമ്മ വൈകുന്നേരങ്ങളിൽ കരിമ്പനയുടെ ചുവട്ടിലെ തറയിൽ വിളക്ക് വയ്ക്കുമായിരുന്നു. ഒരു തന്ത്രിയെ വിളിപ്പിച്ച് സർപ്പബലി നടത്തി കാവ് പുനരുദ്ധരിക്കണമെന്ന് അമ്മാമ്മ പലപ്പോഴും പറയുന്നതും കേൾക്കാമായിരുന്നു.

ഒരു ഓണത്തിന് ഉച്ചയൂണിന് മുമ്പ് ആ കാവിലെ നാഗപ്രതിഷ്ഠയ്ക്ക് മുന്നിൽ അമ്മാമ്മ നിവേദ്യമായി കൊണ്ടുവച്ച അടയും കരിക്കും പഴവും മലരും പൂക്കളും പായസവുമൊക്കെ അടങ്ങിയ താലത്തിൽ സ്വർണനിറവും ചൂരലിന്റെ വണ്ണവുമുള്ള ഒരു നാഗത്താൻ ഫണം വിടർത്തി കയറിയിരുന്നുവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അത് ചീറ്റി അപകടം അറിയിച്ചതല്ലാതെ ആരേയും ഉപദ്രവിച്ചില്ലെന്നും പറഞ്ഞ് കേട്ടു.

അമ്മാമ്മയുടെ മരണശേഷം ഇന്ന് അവിടമെല്ലാം വെട്ടിത്തെളിച്ച് പോയി. പറമ്പ് പല കഷണങ്ങളാക്കി മുറിച്ച് വീതം വച്ചെടുത്ത ഇളമുറക്കാരിൽ പലരും അത് വിറ്റ് നഗരങ്ങളിലേയ്ക്ക് ചേക്കേറുകയും ചെയ്തു. അമ്മാമ്മ ആഗ്രഹിച്ചത് പോലെ വെട്ടിക്കാട്ടേയോ മണ്ണാറശ്ശാലയിലെയോ പൂജാരികൾ അവിടേക്ക് ഒരിക്കലും സർപ്പബലിക്കായി എത്തിയതുമില്ല.

കടുംപായസവും അടയും പാലും മാത്രം ആഹാരമാക്കിയിരുന്നു എന്ന് അമ്മാമ്മ വിശ്വസിച്ചിരുന്ന അവിടത്തെ ഉരഗങ്ങളും അടുത്തെ വീടുകളിലെ കോഴിക്കൂടുകളുടെ അഴികൾ തകർത്ത് കുക്കുടങ്ങളെ റാഞ്ചിയെടുത്ത് ഓടി പൊന്തകളിൽ ഒളിച്ചിരുന്ന സൃഗാലന്മാരും കഴുത്ത് കടിച്ചുമുറിച്ച് ചോരയൂറ്റിക്കുടിക്കുമായിരുന്ന കീരികളും ഒക്കെ എവിടെയായിരിക്കാം പോയി മറഞ്ഞത് എന്ന് ഞാൻ ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട്. അമ്മാമ്മയുടെ ഓർമ്മകൾക്ക് മുന്നിൽ ഞാനൊരു നിമിഷം മൗനം ഭജിച്ചോട്ടെ.

അതുപോലെ തന്നെ രക്ഷിച്ച് കൊണ്ടുവന്ന ഒരു പെരുമ്പാമ്പ് ഞങ്ങളുടെ കൂട്ടത്തിലൊരാളെ കടിച്ച് പറിച്ചതിനും ഞാൻ സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. ഞാൻ മാത്രമല്ല അന്ന് എന്നോടൊപ്പം അവിടെ ജോലി ചെയ്തിരുന്ന മറ്റ് പലരും.

രണ്ടായിരത്തിന്റെ തുടക്കത്തിൽ തിരുവനന്തപുരത്തെ നെയ്യാർ വന്യജീവി സങ്കേതത്തിലെ റെയ്ഞ്ച് ഓഫീസർ ആയിരുന്നപ്പോഴത്തെ സംഭവമാണ്. അന്ന് വനംവകുപ്പിലെ സർപ്പ ടീമോ ഇന്നത്തെപ്പോലെ അനേകരായ പുകൾപെറ്റ പാമ്പ് പിടിത്തക്കാരോ ഒന്നും ഇല്ലാതിരുന്ന സമയമാണ്. പിന്തുടർന്ന് വന്നിരുന്ന ശീലം മാതിരി തിരുവനന്തപുരത്തോ പരിസര പ്രദേശങ്ങളിലോ എവിടെയെങ്കിലും വിഷപ്പാമ്പുകൾ ഉണ്ടെങ്കിൽ അവറ്റകളെ പിടിക്കാനായി നമ്മളെ സഹായിച്ചിരുന്ന ഒരാൾ അമ്പൂരിയിൽ ഉണ്ടായിരുന്നു. എപ്പോൾ വിളിച്ചാലും പ്രതിഫലേച്ഛയൊന്നും കൂടാതെ എവിടേയ്ക്ക് വേണമെങ്കിലും അദ്ദേഹം നമ്മോടൊപ്പം വരുമായിരുന്നു. അദ്ദേഹത്തിന്റെ പേര് ഇവിടെ പറയുന്നില്ല.

രാജവെമ്പാല പോലുള്ള പാമ്പുകളെ അദ്ദേഹം നിർഭയനായി കൈകാര്യം ചെയ്യുന്നത് അത്ഭുതത്തോടെ ഞാനും സ്റ്റാഫുകളും കണ്ട് നിന്നിട്ടുണ്ട്. ഒരിക്കൽ ഒരു രാജവെമ്പാലയെ അദ്ദേഹത്തിന്റെ മുന്നോ നാലോ വയസ്സ് മാത്രം മതിക്കുന്ന കുഞ്ഞ് എടുത്ത് ഓമനിക്കുന്നത് വല്ലാത്ത ഞെട്ടലോടെയാണ് ഞങ്ങൾ കണ്ടത്! അന്നദ്ദേഹത്തിന്റെ സ്‌നേഹപൂർവ്വമായ നിർബന്ധപ്രകാരം രാജവെമ്പാലയുടെ പത്തിയ്ക്ക് പിറകിൽ പേടിത്തൊണ്ടനായ ഈയ്യുള്ളവനും ഒന്ന് തലോടിയിട്ടുമുണ്ട്, പ്രാണഭയത്തോടെ ആണെങ്കിലും! അന്ന് സോഷ്യൽ മീഡിയയും നവമാധ്യമങ്ങളും ഒന്നും പ്രചാരത്തിൽ ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തെ പുറംലോകം അറിയാതെ പോയി. അല്ലെങ്കിൽ കിരീടം വച്ച രാജാവായിത്തന്നെ അദ്ദേഹം ആഘോഷിക്കപ്പെടുമായിരുന്നു എന്നുറപ്പ്!

നെയ്യാറിലെ ഫീൽഡ് സ്റ്റാഫുകൾക്കെല്ലാം ഒരുപോലെ പ്രിയങ്കരനായിരുന്നു അദ്ദേഹം. സത്യത്തിൽ ഞങ്ങൾക്കാണ് അദ്ദേഹത്തെ അന്ന് ആവശ്യമായിരുന്നുത്. പക്ഷേ, ചെറുക്കാനും ഇവിടെ പറയാനുമാകാത്ത ചില കാരണങ്ങളാൽ അദ്ദേഹത്തിനെതിരെ നിയമ നടപടി കൈക്കൊള്ളാൻ ഞങ്ങൾ പിന്നീട് നിർബദ്ധിതരാകുകയായിരുന്നു. അതങ്ങനെ പോയി.

പാമ്പുകളെക്കുറിച്ച് ബോധത്ക്കരിക്കുന്നതിലും അവയേയും മനുഷ്യരേയും രക്ഷിക്കുന്നതിലും നടത്തിയ നിസ്വാർഥ ശ്രമങ്ങളിലൂടെ ജനമനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടേണ്ടിയിരുന്ന അദ്ദേഹം കാലാന്തരത്തിൽ വിസ്മരിക്കപ്പെടുകയായിരുന്നു. അതിനെക്കുറിച്ച് ''വന്യം'' എന്ന എന്റെ കാടനുഭവക്കുറിപ്പുകളിൽ വിശദമായി പ്രതിപാദിച്ചിട്ടുള്ളതിനാൽ ഇവിടെ കൂടുതൽ പരാമർശങ്ങൾ ഒഴിവാക്കുന്നു.

ഞാൻ പരിചയപ്പെട്ട് രണ്ടാമത്തെ വർഷമോ മറ്റോ അദ്ദേഹത്തെ രാജവെമ്പാല കൊത്തി എന്ന ഒരു വാർത്ത പുറത്ത് വന്നിരുന്നു. അത് ശരിയാണോ എന്നറിയില്ല. പക്ഷേ, അത് കഴിഞ്ഞ് മാസങ്ങൾ നീണ്ട ആശുപത്രി വാസത്തിന് ശേഷം കാണുമ്പോൾ അദ്ദേഹത്തിന്റെ ഇടത് കൈയ്യിലെ മുട്ടിന് കീഴോട്ട് മാംസം അപ്പാടെ വറ്റി വരണ്ട് കരിഞ്ഞുണങ്ങിയ നിലയിൽ ആയിരുന്നു! ആ അടയാളങ്ങൾ ഒന്നും പിന്നീട് ഭേദപ്പെട്ട് കണ്ടിട്ടേയില്ല. രാജവെമ്പാല ദംശിച്ചത് തന്നെയാണെന്നാണ് അദ്ദേഹവും പറഞ്ഞത്. പക്ഷേ, രാജവെമ്പാലയ്ക്ക് പ്രതിവിഷം ലഭ്യമല്ലാത്തതിനാൽ അദ്ദേഹം പറഞ്ഞത് അപ്പാടെ വിശ്വസിക്കാൻ എനിക്കായില്ല എന്നതാണ് സത്യം!

അദ്ദേഹം തന്നെയാണ് ഒരിക്കൽ ഒരു പെരുമ്പാമ്പിനെ വെള്ളനാടോ ആനാടോ ഉള്ള ഒരു കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി റെയ്ഞ്ചിലേയ്ക്ക് കൊണ്ട് വന്നത്. അത്തരത്തിൽ കൊണ്ടുവരുന്ന വിഷപ്പാമ്പുകളെ നെയ്യാറിലെ ക്ലാമല 1 സെക്ഷനിൽ പത്ത് മുപ്പത് കിലോമീറ്ററിന് മേൽ അകലെ തമിഴ്‌നാട്ടിലെ കളക്കാട്-മുണ്ടൻതുറൈ വനമേഖലയോട് ചേർന്നുള്ള ആനനിരത്തി വയർലെസ്സ് സ്റ്റേഷന് പിന്നിലെ വനാന്തരത്തിൽ കൊണ്ട് വിടുകയാണ് ചെയ്തിരുന്നത്.

എന്തോ അസൗകര്യം കാരണം അത്തരത്തിൽ കൊണ്ടുവിടുന്നതിന് ലേശം വൈകിപ്പോയ ആ പെരുമ്പാമ്പിനെ റെയ്ഞ്ച് ഓഫീസ് പരിസരത്തുള്ള ഒരു കൂട്ടിലാണ് പാർപ്പിച്ചത്. കമ്പിവല അടിച്ച് ഭദ്രമാക്കിയിരുന്ന ആ കൂട്ടിൽ പാമ്പിനെ മാത്രമല്ല ജനവാസമേഖലയിൽ നിന്ന് പിടിച്ചുകൊണ്ട് വരുന്ന കുരങ്ങുകളേയും മറ്റ് ചെറിയ ജീവികളേയും ഒക്കെ പരിക്കുകൾ ഉണ്ടോയെന്ന് നിരീക്ഷിക്കാനായി ഒന്നോ രണ്ടോ ദിവസം താമസിപ്പിക്കുക പതിവുമായിരുന്നു.

അന്ന് നെയ്യാർ വന്യജീവി സങ്കേതത്തിലും പേപ്പാറയിലും അഗസ്ത്യവനം ബയോളജിക്കൽ പാർക്കിലുമൊക്കെ പൊതുജന പങ്കാളിത്തത്തോട് കൂടിയുള്ള വനസംരക്ഷണത്തിനായി അവബോധം സൃഷ്ടിച്ച് അരങ്ങ് ഒരുക്കുന്നതിനായി നിയോഗിച്ച നജീമെന്നും മുരളിയെന്നും പേരായ രണ്ട് പേർ ജോലി ചെയ്യുന്നുണ്ടായിരുന്നു. നെയ്യാറിലെ തന്നെ ഒരു ക്വാർട്ടേഴ്‌സിലായിരുന്നു അവരുടെ താമസവും. സ്റ്റാഫുകളോട് തികഞ്ഞ സൗഹൃദത്തിലുമായിരുന്നു അവർ ഇരുവരും.

നെയ്യാറിൽ ആദ്യനിയമനം കിട്ടിയെത്തിയ എന്നോളം തന്നെ പ്രായം ഉണ്ടായിരുന്നതിനാൽ അവർ ശരിക്കും എന്റെ സുഹൃത്തുക്കൾ തന്നെയായിരുന്നു. അന്നൊക്കെ രണ്ടും മൂന്നും ദിവസം നീണ്ടുനിൽക്കുന്ന ഫീൽഡ് യാത്രകൾക്കും പരിശോധനകൾക്കും ഒക്കെയായി ഞങ്ങൾ പോകുമ്പോൾ അവരിരുവരുടേയും സാന്നിധ്യം പതിവുമായിരുന്നു.

അന്ന് വൈകിട്ട് ഞാൻ ക്വാർട്ടേഴ്‌സിൽ നിന്ന് പുറത്തേയ്ക്ക് വരവേ അവരിലൊരാളായ മുരളി തണലിൽ വച്ചിരുന്ന ആ കൂട്ടിലെ പെരുമ്പാമ്പിനെ കൗതുകത്തോടെ നോക്കി അതിനരികിൽ നിൽക്കുന്നതാണ് കണ്ടത്. ഇടയ്ക്ക് കുനിഞ്ഞിരുന്ന് അയാൾ അതിനെ നോക്കുന്നതും ചേഷ്ടകൾ വീക്ഷിക്കുന്നതും കണ്ടുകൊണ്ടാണ് ഞാൻ താഴത്തെ ഇൻസ്‌പെക്ഷൻ ബംഗ്ലാവിലേയ്ക്ക് പോയത്. അവിടെ എത്തി അഞ്ച് മിനിറ്റ് കഴിഞ്ഞ് കാണില്ല നജീം മുരളിയേയും താങ്ങിപ്പിടിച്ചുകൊണ്ട് എന്റെ മുറിയിലേയ്ക്ക് എത്തി.

അപ്പോൾ മുരളി വലത് കൈ മടക്കി നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു. എന്നെ കണ്ടപ്പോൾ അയാൾ കൈത്തലം നീട്ടിക്കാണിച്ചു. അത് തള്ളവിരലിനും ചൂണ്ട് വിരലിനും ഇടയിലായി നീരുവന്ന് വിങ്ങിയ നിലയിലായിരുന്നു. കുറച്ച് മാംസം ഇളകിയ നിലയിലും. അവിടെനിന്ന് ചോരയിറ്റിക്കൊണ്ടിരുന്നു!

'സാർ... എന്നെ പെരുമ്പാമ്പ് കടിച്ചു.'

മുൻനിരയിലെ വലിയ പല്ലുകൾ പുറത്ത് കാണിച്ച് സ്വതസിദ്ധമായ ചിരിയോടെയാണ് മുരളി അത് പറഞ്ഞത്. പാമ്പ് കടിക്കുകയാണോ കൊത്തുകയാണോ ചെയ്തതെന്ന് ചോദിക്കാനായില്ല. എന്നാൽ ഒരു പാമ്പ് ദംശത്തിന് ശേഷവും അത്രയും സന്തോഷത്തോടെ പ്രതികരിക്കുന്ന ആ ധീരയുവാവിനെ ഞാൻ അത്ഭുതത്തോടെ നോക്കി.

അപ്പോൾ അയാൾ എന്നെനോക്കി വീണ്ടും ചിരിച്ച് കാണിച്ചു. പക്ഷേ, അയാളോട് ചേർന്ന് നിന്നിരുന്ന സുഹൃത്തായ നജീമിന്റെ മുഖം ലേശം ഗൗരവത്തിലായിരുന്നു.

'ഹോസ്പിറ്റലിൽ കൊണ്ട് പോകണ്ടെ സാർ...?'

നജീം എന്നോടായി ചോദിച്ചു. കാട്ടാക്കടയിലെ ആശുപത്രിയിലേയ്ക്ക് പത്ത് കിലോമീറ്ററിന് മുകളിൽക്കാണും. പോകാം എന്ന് തന്നെയാണ് ഞാൻ പറഞ്ഞത്.

'അതിന്റെ ആവശ്യമില്ല സാർ. പെരുമ്പാമ്പ് വിഷമില്ലാത്ത പാമ്പല്ലേ. പിന്നെന്തിനാണ് ആശുപത്രിയിൽ പോകുന്നത്...?'

കടിയേറ്റ മുരളി തന്നെയാണ് അത് പറഞ്ഞത്. ഞാൻ വല്ലാത്ത അവിശ്വസനീയതയോടെ അയാളെ നോക്കി. ശരിക്കും ഇവന് തലയ്ക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ...? പാമ്പിനോട് ഒരു ബഹുമാനവും കാട്ടാത്ത മാതിരിയുള്ള വർത്തമാനം. വിഷം ഉള്ളതോ ഇല്ലാത്തതോ ആകട്ടെ, പാമ്പ് പാമ്പാണല്ലോ!

അന്നൊന്നും മൊബൈൽ ഫോൺ ഇല്ലാതിരുന്നതിനാൽ ഞാൻ റെയ്ഞ്ച് ഓഫീസിലേയ്‌ക്കോടി. തിരുവനന്തപുരത്ത് വിളിച്ച് ഡിഎഫ്ഓയോട് ചോദിക്കണം. ജോലി കിട്ടി ഒരു വർഷം പോലും കഴിയാത്ത ഞാൻ ചാടിക്കേറി എന്തെങ്കിലും കാണിച്ച് വല്ല അബദ്ധത്തിലും കലാശിച്ചാൽ...?

'സാർ, ആശുപത്രിയിൽ ഒന്നും പോകണ്ട എന്നാണ് മുരളി പറയുന്നത്. വിഷമില്ലാത്ത പാമ്പായതിനാൽ കുഴപ്പമില്ലെന്ന്. എന്നാലും കൈയ്യിൽ നല്ല നീരുണ്ട്. മുറിവിൽ നിന്ന് രക്തവും വരുന്നുണ്ട്.' ഞാൻ ഡിഎഫ്ഓയോട് പറഞ്ഞു.

അപ്പോൾ അങ്ങേത്തലയ്ക്കൽ ഫോൺ തെല്ലിട നിശ്ശബ്ദമായത് പോലെ. പുള്ളിക്കും അത് കേട്ട് ആശയക്കുഴപ്പം ഉണ്ടായിക്കാണും എന്നുറപ്പ്. എന്തായാലും കുറച്ച് കഴിഞ്ഞ് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

'പെരുമ്പാമ്പിന് വിഷമില്ലെന്ന് തന്നെയാണ് നമ്മളും കേട്ടിരിക്കുന്നത്. എന്നാലും......!'

'ങ്ഹാ... എന്തായാലും നമുക്ക് നോക്കാം, അല്ലേ..?'

അപ്പോൾ അദ്ദേഹവും ചെറുതായി ചിരിച്ചോ? അതോ എനിക്ക് തോന്നിയത് ആണോ?

'എന്തായാലും അയാളോട് ആശുപത്രിയിൽപ്പോയി ഒരു 'റ്റിറ്റി' എടുക്കാനെങ്കിലും പറയ്. ശ്രദ്ധിച്ചോളണം, രാത്രി എന്തെങ്കിലും സംശയം തോന്നിയാൽ ഹോസ്പിറ്റലിൽ കൊണ്ട് പോകുക തന്നെ വേണം.' അത് കേട്ടപ്പോൾ എനിക്കും സംശയമായി.

'ടി ടിയൊന്നും വേണ്ട സാറേ.. ഞാനിത്തിരി ഡെറ്റോൾ ഒഴിച്ച് കഴുകാം. ബീറ്റാഡിൻ കുറച്ച് എന്റെ കൈയ്യിൽ ഇരുപ്പുണ്ട്. അത് മതി.' അയാൾ വഴങ്ങുന്ന ഒരു മട്ടുമില്ല.

അതും പറഞ്ഞ് കൂസലില്ലാതെ മുരളി അവന്റെ മുറിയിലേയ്ക്ക് നടന്നു. അല്പനേരം സംശയിച്ച് നിന്നിട്ട് നജീം അവന്റെ പിന്നാലേയും. അവർ ഇരുവരുടേയും പോക്ക് നോക്കി ഐബിയുടെ ഉമ്മറത്തായി ഞാനും നിന്നു!

(വാൽക്കഷ്ണം:- മുരളിക്ക് ഇതുവരേയും അത് സംബന്ധമായ അസ്‌കിതകളൊന്നും വന്ന് ഭവിച്ചതായി അറിവില്ല. എന്നിരുന്നാലും അദ്ദേഹം അനുകരണിയമായ മാതൃകയാണെന്ന അഭിപ്രായം എനിക്ക് ഇല്ലേയില്ല.)

ഈയ്യടുത്ത് വനംവകുപ്പിലെ ദ്രുതകർമ്മ സേനയിൽ ജോലി ചെയ്തിരുന്ന എന്റെ ഒരു സഹപ്രവർത്തകൻ എന്നോട് നടത്തിയ ഒരു നർമ്മഭാഷണം പങ്കുവച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം.

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനായി നിയോഗിക്കപ്പെട്ട ദ്രുതകർമ്മ സേനയിലെ സേവനം ഇടയ്ക്ക് മതിയാക്കി അദ്ദേഹം തന്റെ പഴയ ലാവണത്തിലേയ്ക്ക് തിരിച്ചെത്തിയതായിരുന്നു സംഭാഷണവിഷയം. ഇപ്പോഴും ജോലിയിൽ ഉള്ളത് കൊണ്ട് ആൾ അജ്ഞാതനാമാവ് തന്നെയായിരിക്കട്ടെ.

'സാറേ...സാറിനറിയാമല്ലോ നമ്മുടെ ഏരിയ അങ്ങ് ##### വരെയുണ്ട്. മഴക്കാലമായാൽ പിന്നെ ഉറങ്ങാനേ പറ്റില്ലായിരുന്നു. എന്നും ഓരോരോ പ്രശ്‌നങ്ങളാണ്.'

എന്റെ ആ സഹപ്രവർത്തകൻ അന്ന് ജോലി ചെയ്തിരുന്ന സ്ഥലം മനുഷ്യ-വന്യജീവി സംഘർഷം അത്രമേൽ അധികരിച്ചിരിക്കുന്ന മേഖലയിൽപ്പെടാത്തത് ആയതിനാൽ 'എന്തായിരുന്നു അവർ നേരിട്ടിരുന്ന ആ വലിയ പ്രശ്‌നം' എന്ന് അറിയാനുള്ള സ്വാഭാവികമായ ഒരുത്കണ്ഠ എനിക്കുണ്ടായി. ഞാനത് ചോദിക്കുകയും ചെയ്തു.

'അതിന് നിങ്ങൾക്ക് വയനാട്ടിലെപ്പോലെ ആനയുടേയോ കടുവയുടേയോ പ്രശ്‌നങ്ങൾ ഒന്നും ഇല്ലല്ലോ. പിന്നെ എന്താണ്...?'

'എന്ത് പറയാനാണ് സാർ. പാമ്പ് തന്നെ പ്രശ്‌നം. അതിന് ഒരവസാനം ഇല്ലെന്ന് തോന്നുന്നു.'

ചോദ്യചിഹ്നത്തിൽ ഞാനയാളെ നോക്കി.

'നാട്ടിൽ നിന്ന് നമ്മൾ പിടിക്കുന്ന പാമ്പുകളെയൊക്കെ കൊണ്ട് വിടുന്നത് അടുത്തുള്ള കാട്ടിലല്ലേ. പ്രത്യേകിച്ച് പെരുമ്പാമ്പുകളെ. അടുത്ത മഴയ്ക്ക് അവരൊക്കെ അടപടലം ഒഴുകി തിരിച്ചെത്തുകയാണെന്നാണ് തോന്നുന്നത്!'

'ഇത് ഞാൻ പറയുന്നത് അല്ല സാറേ. ഓരോരുത്തന്മാർ പറഞ്ഞ് പരത്തുന്നതാണ്. കാട്ടിൽ വിട്ടതിനെത്തന്നെയാണ് നമ്മൾ വീണ്ടും പിടിച്ച് ചാക്കിലാക്കി കൊണ്ട് പോകുന്നതെന്ന്!'

'അതിനെയൊക്കെ തിരിച്ചറിയാൻ റേഡിയോ കോളറിട്ടോ മൈക്രോ ചിപ്പ് ഫിറ്റ് ചെയ്‌തോ വിടേണ്ട ഗതിയാണെന്ന് തോന്നുന്നത്!'

ആ ജോലി മടുത്ത് സ്ഥലംമാറ്റം വാങ്ങിപ്പോയതിന് അതിവിചിത്രമായ ഒരു ന്യായവും കൂടി നിരത്തിയിട്ടാണ് എന്റെ സുഹൃത്ത് സംസാരം നിറുത്തിയത്.

'പിന്നെ ഇപ്പോൾ എല്ലാരും ചെയ്യുന്നത് പോലെ പാമ്പിനെ വച്ചോണ്ട് വല്ല റീൽസും എടുത്തിട്ട് ഷൈൻ ചെയ്യാനും നമ്മളെക്കൊണ്ട് പറ്റൂല്ല. നമ്മളിട്ടാൽ ആരും അതൊന്നും കാണില്ല; കണ്ടാലുമൊട്ട് മൈൻഡാക്കുകയുമില്ല!'

അത് കേൾക്കെ ആധുനികകാലത്തെ മനുഷ്യരുടെ വ്യഥകളോർത്ത് പ്രതികരണശേഷി നഷ്ടപ്പെട്ട് ഞാൻ നിന്നുപോയി!

(അവസാനിക്കുന്നില്ല)

*****