ടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കുന്ന ഉഗ്രപ്രതാപികളായ വിഷവൈദ്യന്മാരുടെ വീര കഥകൾ പണ്ട് എല്ലാ നാടുകളിലും ഉണ്ടായിരുന്നു. വിഷം തീണ്ടിയ ആൾക്കായി വരുന്നവരുടെ ദൂത ലക്ഷണം മുതൽ മരിച്ച ആൾ എഴുന്നേറ്റ് നടന്നതു വരെ-  “വെറും സാക്ഷ്യം” മുതൽ “അനുഭവസാക്ഷ്യം” വരെ നീളുന്ന പൊടിപ്പും തൊങ്ങലും വെച്ച  കഥകൾ! ഇത്തരം തള്ള് കഥകളൊന്നും സാധാരണയായി ഇക്കാലത്ത് ആരും വിശ്വാസിക്കാറില്ലെങ്കിലും ഈ നൂറ്റാണ്ടിലും ചിലരൊക്കെ ആ കഥകളിൽ കാമ്പുണ്ടെന്ന് കരുതുന്നുമുണ്ട്.

To advertise here,

വിഷം തിരിച്ചിറക്കാൻ വരുന്ന പാമ്പിന്റെ വരവ്  സിനിമാറ്റിക് ദൃശ്യമായി സങ്കൽപ്പിച്ച് നോക്കാൻ രസമാണ്. അതിൽ തീർച്ചയായും  ഇഴഞ്ഞുവരിക ഒരു മൂർഖന്റെ രൂപമായിരിക്കും. ‘നാഗിന’ സിനിമകളിൽ നിന്നും കടംകൊണ്ട  മകുടിയുടെ ശബ്ദം കൂടി ബാക്ഗ്രൗണ്ട് സ്കോറായി ഉണ്ടായാൽ ജോറായി. പത്തിയൊക്കെ വിടർത്തി, കടികിട്ടിയ ആളെ  ഒന്നുകൂടി ആഞ്ഞ് കൊത്തി, പല്ല് കയറ്റി, ജ്യൂസ് സ്ട്രൊ വെച്ച് വലിച്ച് വായിലാക്കുംപോലെ വിഷം മാത്രമായി ചോരയിൽ നിന്നും വലിച്ചെടുത്ത്- എല്ലാരെയും, പ്രത്യേകമായി ആ വിഷവൈദ്യനെ ഒന്ന് ഇരുത്തി നോക്കി സ്ലോ മോഷനിൽ തിരിച്ച് ഒരു പോക്ക്! പോകുന്ന പോക്കിൽ മിനക്കെടുത്തിയതിന്റെ ദേഷ്യത്തിന് തൊഴുത്തിന് തീയിടലും കുടുംബത്തിലെ ഭാവി അംഗങ്ങൾക്കടക്കം പാണ്ടും എക്സിമയും കൂടാതെ ബുദ്ധിമാന്ദ്യം വരെ സമ്മാനിച്ചാണ് പാമ്പ് പോകുകയത്രെ! എന്നിട്ടും ഇങ്ങനെ പാമ്പുകളെ വരുത്തി കടുംകൈകൾ ചെയ്ത മഹാനുഭാവന്മാരായ വിഷവൈദ്യന്മാർ ഇവിടെ ജീവിച്ചിരുന്നു എന്നും പറയുന്നവരുണ്ട്.

നാഗങ്ങൾ അവയുടെ ഫണത്തിനു മുകളിൽ നാഗമാണിക്യം കരുതിവയ്ക്കുമെന്നും അത് കൈക്കലാക്കിയാൽ ഐശ്വര്യം വരും എന്നും വിശ്വസിക്കുന്നവർ കേരളത്തിലുമുണ്ട്. ഒരു എൽ.ഇ.ഡി. ബൾബും ബാറ്ററിയും മീൻ ഗുളികയുടെ അടിയിൽ പഞ്ഞിയിൽ ഒളിച്ചുവെച്ച് കാണിച്ച്  നാഗമാണിക്യത്തിന് അഡ്വാൻസായി കോടികൾ  വാങ്ങി മുങ്ങിയ വിരുതന്മാരുടെ വാർത്ത  അത്ര പഴയതല്ല. ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ ഒന്നും അത്ര പെട്ടെന്നൊന്നും നമ്മുടെ സമൂഹത്തിൽ നിന്നും വിട്ടുപോവുകയില്ല.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

പാമ്പുകൾ പൊതുവേ എല്ലാവർക്കും പേടിയുള്ള ഏക ഉരഗ ജീവിയാണ് - വിഷമുണ്ടായാലും ഇല്ലെങ്കിലും - ഈ ഭയം മനുഷ്യപരിണാമ  ചരിത്രത്തോളം പഴക്കമുള്ളതാണ് - ആന്റി സ്നേക് വെനം കണ്ടെത്തുന്നതു വരെയും പഴയകാലത്ത് ലോകത്തെങ്ങും വിഷപ്പാമ്പുകളുടെ കാര്യമായ  കടി കിട്ടിയവരിൽ ഭൂരിഭാഗവും  മരിച്ചിട്ടുണ്ട്. വിഷപ്പാമ്പുകൾ എണ്ണത്തിൽ കുറവും കടിച്ചാൽ തന്നെ പലതുംകാര്യമായ അളവിൽ വിഷം കയറാത്ത  ഡ്രൈ ബൈറ്റുകളും ആകും എന്നതുമൊക്കെ കൊണ്ട് ലോകത്തെങ്ങും ഉള്ള വിഷവൈദ്യന്മാർ ചികിത്സ നടത്തികൊണ്ടേ ഇരുന്നു. പച്ചമരുന്നുകളും ഒറ്റമൂലികളും  അത്ഭുതപാരമ്പര്യ ചികിത്സകളും എല്ലാ നാടുകളിലും ഉണ്ടായിരുന്നെങ്കിലും ആളുകൾ മരിച്ചുകൊണ്ടേ ഇരുന്നു. മരിച്ചതൊക്കെ വൈകി എത്തിയതിന്റെയും കാലക്കേടിന്റെയും ഭാഗ്യക്കേടിന്റെയും ദശാകുറ്റത്തിന്റെയും ഒക്കെ വരവിൽപ്പെടുത്താമെന്നതിനാൽ - രക്ഷപ്പെട്ടത് -  വിഷപ്പാമ്പിന്റെതല്ലാത്ത കടിയും വിഷം കയറാത്ത കടിയും ഒക്കെ ചികിത്സിച്ച വൈദ്യരുടെ കഴിവും ആയി പരിഗണിക്കപ്പെട്ടു.  മരണഭയം ആണ് പാമ്പുകളെ ആരാധിക്കുന്നതിൽ മനുഷ്യരെ എത്തിച്ചത്. ഏതെങ്കിലും ഒരു ജീവിയുമായി ബന്ധപ്പെട്ട് ഇത്രയധികം ഭയ, അന്ധവിശ്വാസങ്ങൾ ലോകത്തൊരിടത്തും ഇല്ല. പല സംസ്കാരങ്ങളിലും മത വിശ്വാസങ്ങളിലും പുരാണ ഇതിഹാസ കഥകളിലും  പാമ്പ് പ്രധാന കഥാപാത്രമാണ്. ശിവന്റെ കഴുത്തിലെ വാസുകി മുതൽ  വിഷ്ണുവിന്റെ ശയ്യയായ ശേഷനാഗവും വരെ  പല പാമ്പുകൾ  ഹിന്ദു പുരാണങ്ങളിൽ  ഉണ്ട്. എന്നാലും സർപ്പം, നാഗം  എന്നൊക്കെ പറയുമ്പോൾ നമ്മുടെ മനസിലേക്ക് വരിക ഒരൊറ്റ പാമ്പു മാത്രമാണ്. അതാണ് മൂർഖൻ പാമ്പ്. ഇന്ത്യൻ കോബ്ര എന്ന് പേരുള്ള നമ്മുടെ മൂർഖൻ ‘നാജ നാജ’  എന്ന ശാസ്ത്രനാമത്തിൽ ആണ് അറിയപ്പെടുന്നത്.

placeholder
കാൾ ലിനേയസ്. ആധുനിക ദ്വിനാമ സമ്പ്രദായത്തിന് അടിത്തറയിട്ട ഇദ്ദേഹമാണ് ടാക്സോണമിയുടെ പിതാവായി അറിയപ്പെടുന്നത് Photo: By Alexander Roslin - Nationalmuseum, Public Domain, https://commons.wikimedia.org/w/index.php?curid=52119229

കാൾ ലിനേയസ് ആണ് ഇതിനെ വർഗീകരിച്ച് 1758- ൽ ഈ പേര് നൽകിയത്. നാഗ എന്ന സംസ്കൃതം പേരിനെ ലാറ്റിനീകരിച്ചതാണ് ഇതെന്ന് കരുതപ്പെടുന്നു. നാജ ജനുസിൽ പെട്ട പലതരം പാമ്പുകൾക്ക് പൊതുവെ പറയുന്ന പേരാണ് കോബ്ര എന്നത്. എന്നാൽ ആ ജനുസിൽ പെടാത്ത പലതരം പാമ്പുകൾക്കും കോബ്രകൾ എന്ന് തന്നെ പേരുണ്ട്. നമ്മുടെ രാജ വെമ്പാലയെ കിങ് കോബ്ര എന്നാണല്ലോ വിളിക്കുന്നത്. അത് നാജ ജനുസിൽ പെട്ട ജീവിയല്ല. ഒഫിയോ ഫാഗസ് ഹന്ന എന്നാണ് രാജവെമ്പാലയുടെ ശാസ്ത്ര നാമം. Elapidae കുടുംബത്തിലെ ഉഗ്ര വിഷക്കാരാണ് കോബ്രകൾ. നാജ ജനുസയിൽ പെട്ടവർ ആഫ്രിക്കയിലും ഏഷ്യയിലും മാത്രമേ ഉള്ളൂ.

Indian spectacled cobra (Naja naja), Asian cobra,  binocellate cobra എന്നൊക്കെ പേരിൽ  അറിയപ്പെടുന്ന നമ്മുടെ  ഇന്ത്യൻ കോബ്ര ദക്ഷിണേഷ്യയിലാണ് സാധാരണയായി കാണുക. സർവ്വസാധാരണയായി ഇന്ത്യയിൽ എല്ലായിടത്തും കണ്ടുവരുന്നത് കൂടാതെ പാക്കിസ്താൻ, അഫ്ഗാനിസ്താൻ,  നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്,  ശ്രീലങ്ക എന്നിവിടങ്ങളിലും ഇവയെ കാണാം.  നമ്മുടെ നാട്ടിലെ ഈ  മൂർഖൻപാമ്പിന്റെ ഏറ്റവും വലിയ ആകർഷണം ഫണത്തിന്റെ പുറം ഭാഗത്ത് ഋ എന്ന് എഴുതിയത് പോലെ, കണ്ണടയുടെ ആകൃതിയിലുള്ള അടയാളം ആണ്. അടിയിലും  രണ്ട് ഭാഗത്തും കറുത്ത അടയാളങ്ങൾ കാണും. ആറടിവരെ നീളം വെക്കുന്ന ഇവയെ നമ്മുടെ നാട്ടിൽ പലയിടങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നുണ്ട്. പല നിറങ്ങളിൽ ഈ പാമ്പിനെ നമുക്ക് കാണാൻ കഴിയും. കറുത്ത നിറത്തിലും ബ്രൗൺ നിറത്തിലും സ്വർണ മഞ്ഞ നിറത്തിലും ഒക്കെ,   വസിക്കുന്ന ഇടങ്ങൾക്ക് അനുസരിച്ച് നിറവ്യത്യാസങ്ങൾ ഉണ്ടാവാം .  കരിമൂർഖൻ, കൈതമൂർഖൻ,പുല്ലാനി മൂർഖൻ, സ്വർണ്ണനാഗം എന്നൊക്കെ പല പേരിൽ നമ്മൾ  വിളിക്കുന്നുണ്ടെങ്കിലും പല തരം മൂർഖൻ പാമ്പുകൾ കേരളത്തിലില്ല. എല്ലാം ഒന്ന്   തന്നെ- സാക്ഷാൽ നാജ നാജ. 

placeholder
ഫണത്തിന്റെ പുറം ഭാഗത്തെ അടയാളം | ഫോട്ടോ: മാതൃഭൂമി

എല്ലാ മൂർഖൻ ഇനങ്ങളും ഭയപ്പെടുമ്പോൾ സ്വയം രക്ഷക്ക് വേണ്ടി ശക്തിയായി ചീറ്റി ശബ്ദം പുറപ്പെടുവിക്കും. അപകടസാന്നിദ്ധ്യത്തിൽ പെട്ടാലും അവ വളരെ പെട്ടെന്ന് പ്രകോപിതരാകാറുണ്ട്. ഇവ തല ഭാഗം മൊത്തമായി നിലത്ത് നിന്ന് ഉയർത്തി, തലയുടെ താഴെ  ഭാഗം  വീതിയാക്കി, ഫണമാക്കി നിൽക്കും എന്നതാണ് മൂർഖന്റെ മാസ്റ്റർപീസ് പ്രകടനം.  കൂടുതൽ വലിപ്പം തോന്നിച്ച് എതിരാളിലെ ഭയപ്പെടുത്താനും ആ തക്കത്തിന് രക്ഷപ്പെടാനും ആണ് ഇങ്ങനെ ചെയ്യുന്നത്. ഇടത്തരം വലിപ്പമുള്ള കണ്ണുകളിലെ കൃഷ്ണമണി വൃത്താകൃതിയിൽ ആണ്.  എലികളുടെയും , അതുപോലുള്ള റോഡന്റുകളുടെ മാളങ്ങൾ, ദ്വാരങ്ങൾ , കല്ലിടുക്കുകൾ  മറ്റുമാണ് ഇവ കഴിയാൻ  ഉപയോഗിക്കുക. ഉയരത്തിൽ പൊങ്ങി നിൽക്കുന്ന പുറ്റുകൾ പാമ്പുകളുടെ  വീടുകൾ ആണ് എന്ന ഒരു ധാരണയിൽ  ചിതൽ പുറ്റുകളെ  "പാമ്പിൻ പുറ്റ് " എന്നു ചിലർ  വിളിക്കാറുണ്ടല്ലോ. പാമ്പുകൾ സ്ഥിര താമസത്തിനായി ഈ മൺവീട്  ഉപയോഗിക്കും എന്നും പലരും വിശ്വസിക്കുന്നുണ്ട്താനും. നാഗ സ്ഥാനങ്ങളായി പല കാവുകളിലും ഇടം പിടിക്കുന്നത് ചിതൽ പുറ്റുകളാണ്. പാലും  നൂറും അവിടെ നേർച്ച സമർപ്പിക്കുന്നവരും ഉണ്ട്. നാട്ടുമ്പുറങ്ങളിലെ പഴയ പറമ്പുകളിൽ ഇത്തരം പുറ്റുകൾ ധാരാളം ഉണ്ടായിരുന്നു. മുത്തങ്ങ പോലുള്ള കാടുകളിൽ  ഒരാൾ ഉയരത്തിലുള്ള നിരവധി പുറ്റുകൾ നമുക്ക് കാണാം. ചില പാമ്പുകൾ ഒരേ ഇടത്ത് തന്നെ തലമുറകളായി  അവരുടെ ടെറിട്ടറിയായി കണക്കാക്കി താമസിക്കുകയും - ഭക്ഷണം തേടി തിരിച്ച് അവിടേക്ക് തന്നെ വരാറും ഉണ്ട്.  പൊതുവേ വീണേടം വിഷ്ണു ലോകം തന്നെയാണ് ഇവരുടെ ശീലം. ഇരകൾ കൂടുതൽ  കിട്ടുന്ന, ശത്രുക്കളുടെ മുന്നിൽ പെടാതെ ഒളിച്ച് കഴിയാൻ സാധിക്കുന്ന ,  ശരീര ശീതനിലയെ സഹായിക്കുന്ന ഇടങ്ങളിൽ സഞ്ചരിക്കും ഇര തേടും - പാമ്പിന് നമ്മേക്കാൾ  ഏറെ ശത്രുക്കൾ ഉണ്ട്. അവരിൽ നിന്ന് രക്ഷപ്പെടാൻ മാളങ്ങളിൽ ഒളിക്കും - അത്ര തന്നെ. - സ്വന്തമായി മാളമുണ്ടാക്കാനൊന്നും പറ്റില്ല. സ്വാഭാവിക വിടവുകൾ - പെരുച്ചാഴി മുതൽ മുളളമ്പന്നി വരെ പല തരം ജീവികൾ തുരന്ന മാളങ്ങൾ - ഇവയൊക്കെ അതാത് സമയത്ത് രക്ഷപെടാൻ ഒളിവിടമായി ഉപയോഗിക്കും. ചിതൽ പുറ്റുകളും അതു പോലെ ഒരു ഒളിവിടം മാത്രമാണ്. പക്ഷെ ചിതലുകൾ ഉപേക്ഷിച്ച ചിതൽപുറ്റ് ഭാഗങ്ങളിലേ സാധാരണ കയറിക്കൂടുകയുള്ളു.

placeholder
നാഗപഞ്ചമി ദിവസം ചിതൽപ്പുറ്റിൽ പൂജ ചെയ്യുന്ന വിശ്വാസികൾ | Photo: AFP

ചിതലുകളുടെ കോളനികൾ വളരെ വലിപ്പമുള്ളതും വർഷങ്ങളുടെ കുടികിടപ്പ് അവകാശം ഉള്ളവും ആകും. വളരെ വർഷം വരെ പഴക്കമുള്ള കോളനികൾ ഉണ്ട്. പാമ്പ് ചിതൽപുറ്റിൽ ഉണ്ടാവാനുള്ള സാദ്ധ്യത മറ്റേതൊരു ദ്വാരത്തിലും കാണുന്നതിലും കൂടുതലാവാമെന്നല്ലാതെ ഉറപ്പായും പുറ്റ് അവരുടെ സെലക്ഷൻ നമ്പർ വൺ ഒന്നും അല്ല. ശീതീകരണ സങ്കീർണ എൻജനീയറിങ്ങ് ഉള്ളവയാണ് ചിതൽ പുറ്റുകൾ - അതിനാൽ അതിലെ സുഖത്തിൽ ഇത്തിരി കൂടുതൽ നേരം മൂപ്പന്മാർ അവിടെ വിശ്രമിച്ചേക്കും എന്ന് മാത്രം. ഒരേ ഇടം തന്നെ സ്ഥിരമായി  ഉപയോഗിക്കുക  കുറവാണ്. ഭക്ഷണ ലഭ്യതയ്ക്കനുസരിച്ച് ഒരു പ്രദേശത്ത് തന്നെ കൂടുതൽ കാലം കഴിയാറും ഉണ്ട്. എലി, തവള, ചെറിയ കരണ്ട് തീനികൾ, പാമ്പുകൾ, മുട്ടകൾ, പക്ഷികൾ എന്നിവയൊക്കെയാണ് സാധാരണയായി ഭക്ഷണം. മനുഷ്യവാസ പ്രദേശങ്ങളോട് ചേർന്ന് കഴിയുന്നതിനാൽ ഇവയുടെ കടിയേൽക്കാനുള്ള സാധ്യതകൾ കൂടുതലാണ്. 

 മൂർഖൻ എന്ന ഒരു പ്രയോഗം ദുഷ്ടൻ, പകയുള്ളവൻ, കനിവില്ലാത്തവൻ എന്നൊക്കെയുള്ള അർത്ഥത്തോടെ വിശേഷണമായി ഉപയോഗിക്കാറുണ്ട്. സത്യത്തിൽ മൂർഖൻ പാമ്പിന് പകയോ ദേഷ്യമോ ഓർത്തുവെച്ച് പിന്നീട് പ്രതികാരം ചെയ്യാനുള്ള കഴിവോ ഒന്നും ഇല്ല.  മൂർഖനുമായി  ബന്ധപ്പെട്ട പലതരം അന്ധവിശ്വാസങ്ങൾ നിലവിലുണ്ട്. കാഴ്ചക്കാരെ അമ്പരപ്പിക്കുന്ന ഫണ  രൂപം ഉള്ളതിനാൽ ഇതിനെ പാമ്പാട്ടികൾതെരുവുകളിൽ ഇവയെ  പ്രദർശിപ്പിച്ച് ജീവിച്ചിരുന്നു. മകുടി ഊതുമ്പോൾ ആ സംഗീതം ആസ്വദിച്ച് അവ തലയാട്ടി നൃത്തം ചെയ്യുകയാണെന്നാണ് പലരും കരുതിയിരുന്നത്. പാമ്പുകൾക്ക് ബാഹ്യ ശ്രവണേന്ദ്രിയങ്ങൾ നമ്മളേപ്പോലെ ഇല്ലാത്തതിനാൽ മകുടിഊതുന്ന ശബ്ദം കേൾക്കാനാകില്ല എന്ന് നമുക്കറിയാം. അപായപ്പെടുത്താനുള്ള എന്തോ ആണ് മകുടിയുടെ അറ്റം എന്ന് കരുതി അതിനെ തന്നെ നോക്കി പിന്തുടരുന്നതിനെയാണ് നമ്മൾ തലയാട്ടലായും ആസ്വദിക്കലായും തെറ്റിദ്ധരിക്കുന്നത്. ഏതിലെങ്കിലും തന്റെ ശ്രദ്ധ പതിപ്പിച്ചാൽ അതിൽ നിന്നും കണ്ണു മാറ്റാതെ തുടരുന്ന മൂർഖന്റെ ശീലം അറിയുന്നതുകൊണ്ടാണ്, ചില പാമ്പ് പ്രകടനക്കാർ മൂർഖന്റെ പത്തിയുടെ പിറകിൽ ഉമ്മ വെക്കുന്നതുപോലുള്ള നമ്പരുകൾക്ക് ധൈര്യപ്പെടുന്നത്.  

നാഗങ്ങളുടെ അനുഗ്രഹം ലഭിക്കാനായി അവയ്ക്ക് നൂറും പാലും നൽകുക എന്ന ഒരു ചടങ്ങ് പല നാഗാരാധന കേന്ദ്രങ്ങളിലും നടത്താറുണ്ട്. യഥാർത്ഥത്തിൽ പാലിലുള്ള പ്രോട്ടീനുകളെ ദഹിപ്പിക്കാനുള്ള കഴിവ് ഇത്തരം പാമ്പുകൾക്ക് ഇല്ല. നിർജലീകരണം വന്നാലോ ചിലപ്പോൾ അവ ഇത്തരത്തിൽ കൊണ്ടു വച്ചിരിക്കുന്ന പാൽ  അപൂർവമായി കുടിച്ചെന്നിരിക്കും എന്ന് മാത്രം.. അതുപോലെ മുട്ടകൾ കൊത്തി കുടിക്കാനുള്ള കഴിവ് പല പാമ്പുകൾക്കും ഇല്ല ഇല്ല. ചില പാമ്പുകൾ മാത്രമാണ് അവരുടെ പല്ലുകൾ കൊണ്ട് മുട്ടത്തോട് അടർത്തി അതിനുള്ള ഘടകങ്ങൾ കഴിക്കുക.  സാധാരണഗതിയിൽ മുട്ട പൂർണമായും വിഴുങ്ങി വായിൽ വച്ച് ഉടച്ച് അതിന്‍റെ പുറംതോട് തുപ്പി കളയുകയാണ് പാമ്പുകൾ ചെയ്യുക. 

placeholder
പാമ്പിൻ്റെ വിഷപ്പല്ല് | Photo: By Piet Spaans - Own work, CC BY-SA 2.5, https://commons.wikimedia.org/w/index.php?curid=1719515

 ചിലയിനം മൂർഖൻ പാമ്പുകൾക്ക് വിഷം  ചീറ്റാനുള്ള കഴിവുണ്ട്. വിഷപ്പല്ലിന്റെ മുകൾഭാഗത്തുള്ള ഒരു ദ്വാരത്തിലൂടെ വിഷം ചീറ്റി തെറിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ വിഷം കണ്ണിൽ പതിഞ്ഞാൽ കടുത്ത വേദനയും നീറ്റലും ചിലപ്പോൾ അന്ധതയും സംഭവിക്കാം  ഇത്തരത്തിൽ ഭയപ്പെടുത്തി ശത്രുക്കളെ ഓടിക്കാൻ വേണ്ട ഈ കഴിവ്, ഇരുകാലികളായി  ചിമ്പൻസികളും മനുഷ്യപൂർവ്വികരുടെയും  ഒക്കെ പരിണമിച്ചതോടനുബന്ധിച്ച് ആർജ്ജിച്ച അനുകൂലനമായും കരുതപ്പെടുന്നു.   വളരെ സാധാരണമായി കാണുന്ന വിഷമില്ലാത്ത ചേരയെ മൂർഖനെന്ന് തെറ്റിദ്ധരിച്ച് പലരും തല്ലിക്കൊല്ലാറുണ്ട്. വിഷമുണ്ടെന്ന അന്ധവിശ്വാസം മൂലം “മഞ്ഞച്ചേര മലന്നുകടിച്ചാൽ മലയാളനാട്ടിൽ മരുന്നില്ല എന്ന പ്രയോഗവും ഉണ്ട്. മഞ്ഞചേര, കരിഞ്ചേര തുടങ്ങി പല പേരുകളിൽ ചേരകളുണ്ടെന്ന് കരുതുന്നവരും ഉണ്ട്. എന്നാൽ Ptyas mucosa എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരിനം ചേര മാത്രമേ നമ്മുടെ നാട്ടിൽ ഉള്ളു. മൂർഖനും മഞ്ഞച്ചേരയും ഇണചേരും എന്നു വിശ്വസിക്കുന്നവരും ഉണ്ട്. അങ്ങിനെ ഒരിക്കലും സംഭവിക്കാറില്ല. 

placeholder
മൂർഖൻ കുഞ്ഞുങ്ങൾ | ഫോട്ടോ: മാതൃഭൂമി

മൂർഖൻ പാമ്പ് ഇണചേരലിനു ശേഷം ഏപ്രിൽ ജൂലൈ മാസങ്ങൾക്കിടയിൽ ആണ് മുട്ടയിടുക. എലിമാളങ്ങൾ പോലുള്ള ഇടങ്ങളിൽ പത്ത് മുതൽ മുപ്പത് വരെ മുട്ടകൾ ഇടും . 48-69 ദിവസങ്ങൾ കഴിയുമ്പോൾ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്ത് വരും. 20-30 സെന്റീമീറ്റർ നീളമുള്ള കുഞ്ഞുങ്ങൾക്ക് അപ്പോൾ തന്നെ വിഷഗ്രന്ഥികൾ വികസിച്ചിരിക്കും. അതിനാൽ കുഞ്ഞാണെന്ന് കരുതി മൂർഖന്റെ കുഞ്ഞുങ്ങളെ നിസാരന്മാരായി കരുതരുത്. ഒരാളെ കൊല്ലാനുള്ള വിഷം കുഞ്ഞുങ്ങൾക്കും ഉണ്ടാകും. മൂർഖന്റെ വിഷം ന്യൂറോ ടോക്സിനും കാർഡിയോ ടോക്സിനും അടങ്ങിയതാണ്. നെർവുകളുടെ സിനാപ്റ്റിക് സന്ധികളെ ആണ് ഇവപ്രധാനമായും  ബാധിക്കുക. പേശികളെ പാരലൈസ് ചെയ്യുന്നതിനാൽ ശ്വാസതടസവും ഹൃദയം നിലച്ചുപോകലും ആണ് സംഭവിക്കുക. കടി കിട്ടിയാൽ പതിനഞ്ച് മിനിട്ട് മുതൽ ഒരു മണിക്കൂറിനുള്ളിൽ വിഷത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും. എന്നാൽ ആന്റി സ്നേക് വെനം ഉപയോഗിച്ചുള്ള കൃത്യമായ ശാസ്ത്രീയ ചികിത്സ വളരെ വേഗം നൽകാനായാൽ മരണനിരക്ക് ഗണ്യമായി കുറക്കാൻ ആകും.  

നമ്മുടെ മൂർഖനെക്കൂടാതെ പലതരം മൂർഖൻ പാമ്പുകൾ ഉണ്ട്.ലോകത്തിലെ മൂർഖൻ ഇനങ്ങളിലെ ഏറ്റവും വിഷവീര്യമുള്ള ഇനമായി കണക്കാക്കുന്നത് കാസ്പിയൻ കോബ്രയെ ആണ്.  ഇന്ത്യയിൽ ജമ്മു- കാശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യക്ക് പുറത്ത് ഇറാൻ വരെ പലയിടങ്ങളും ഇവയെ കണ്ടുവരുന്നു.

അഞ്ചടിവരെ നീളമുള്ള ഇവയുടെ ശരീരം  ഇരുണ്ട നിറത്തിൽ ഇളം മഞ്ഞ വരകളായും തവിട്ട് നിറങ്ങളിലുമെല്ലാം കാണാം . വീതി കുറഞ്ഞ ചെറിയ പത്തിയാണ് ഇവക്കുള്ളത്. നമ്മുടെ മൂർഖന്റെ പത്തിയുടെ അടിയിൽ കാണുന്നതുപോലുള്ള അടയാളം ഇവയുടെ പത്തിക്കടിയിൽ ഇല്ല. നാജ  ജനുസിലെ വിഷ വീര്യത്തിൽ രണ്ടാമനാണ് ഫിലിപ്പീൻ കോബ്ര Naja philippinensis .വിഷം ചീറ്റുന്ന സ്പിറ്റിംഗ് കോബ്ര ഗണത്തിലാണ് ഇവ വരുന്നത്. ഇവർ കൂടാതെ സമർകോബ്ര Naja samarensis, Black Forest Cobra (Naja melanoleuca), Indochinese spitting cobra (Naja siamensis),Chinese cobra (Naja atra) തുടങ്ങി ഉഗ്ര വിഷക്കാർ ധാരാളം കോബ്രകളുടെ കൂട്ടത്തിൽ ഉണ്ട്. 

 

 

placeholder
placeholder
placeholder
placeholder
placeholder