ഹിമാലയത്തിൽ നിന്ന്‌ ദേശാടകരായി ഒക്ടോബറിന്റെ പകുതി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ നമ്മുടെ നാട്ടിലെത്തുന്നവരാണ് നാകമോഹൻ ( Paradise flycatcher ). രാജ്യത്തിനകത്തെ ദേശാടനക്കാരാണ് ഇവർ. മഴക്കാലത്തിന്റെ അവസാനത്തോടെ തെക്കേയിന്ത്യയിൽ എത്തും. പിന്നെ ഏപ്രിൽ വരെ കാട്ടിലും നാട്ടിലുമായി നമുക്കിടയിൽ ഉണ്ടാവും. കണ്ടാൽ ആരും ഇഷ്ടപ്പെട്ടുപോകും. വെള്ള റിബൺ പാറി പറക്കുന്ന പോലെ തൊടികളിൽ കാണുന്ന ഇവരെ ഒരിക്കൽ കണ്ടവർ മറക്കാനിടയില്ല. സ്വർഗവാതിൽ പക്ഷി എന്നും പേരുണ്ട്. പാടുമെങ്കിലും അത്ര ഇമ്പം പോരാ.

To advertise here,

കറുത്തതലയും ബാക്കി ഭാഗങ്ങൾ വെളുത്ത നിറവുമുള്ളത് പൂവനാണ്. കറുത്ത തലയും കാവി കളർ പിൻഭാഗവും ചാരക്കളർ അടിഭാഗവുമാണ് പെൺപക്ഷിക്ക്. ഇരട്ടതലച്ചിയുടെ വലിപ്പമേയുള്ളു . എന്നാൽ പിടയുടെ നിറമുള്ള പൂവനുമുണ്ട്്.

ഇവന് നീണ്ടവാലും കാണും. അവരെ Paradise flycatcher rufous male എന്നാണ് പറയുക. ഏതു തരത്തിലുള്ള ആവാസ വ്യവസ്ഥയും ഇവർക്ക് ഇഷ്ടമാണ്. തുറന്ന കമ്പുകളിൽ ഇരിക്കുന്ന ഇവർ ഇരകളെ പിന്തുടർന്ന് പിടിക്കും.

ഇവരെ കാണാറുള്ള സ്ഥലത്ത് ചെറിയ അരുവിയൊ കുളമോ ഉണ്ടെങ്കിൽ അവിടെ ക്ഷമാപൂർവം കാത്തിരുന്നാൽ കാണാം.

ശബദമുണ്ടാക്കാതെ ഇരുന്നാൽ ഇവർ അവിടെ കുളിക്കാൻ വരും. ഉച്ചകഴിഞ്ഞുള്ള സമയമാണ് ഇത്തരം നിരീക്ഷണങ്ങൾക്ക് ഉത്തമം. ഇവരുടെയിടയിൽ പിടകളാണ് കൂടുതലായും കണ്ടിട്ടുള്ളത്. കുട്ടികഥകളെഴുതുന്നവരുടെ പ്രിയപ്പെട്ട പക്ഷികൂടിയാണിവർ.