കല്പറ്റ: വയനാടൻ മലനിരകളുടെ ഉയരങ്ങളിൽമാത്രം കേൾക്കുന്ന ഈ കിളിക്കൊഞ്ചൽ അതിജീവിക്കുമോ? ബാണാസുര ചിലപ്പൻ എന്ന അത്യപൂർവ പക്ഷിവർഗത്തെക്കുറിച്ചുള്ള സമഗ്രപഠനം മുന്നോട്ടുവെക്കുന്നത് ഒരേയൊരു ചോദ്യമാണ്. ലോകത്തിൽത്തന്നെ വയനാട്ടിലും വയനാടിനോട് ചേർന്നുകിടക്കുന്ന പശ്ചിമഘട്ട മലനിരകളിലെ ബാണാസുര മല, ബ്രഹ്മഗിരി മലകൾ, ക്യാമൽസ് ഹംപ് മലനിരകളിലും മാത്രമാണ് ഇവ കാണപ്പെടുന്നത്. അതും ഈ മലകളുടെ 1400 മീറ്ററിലധികം ഉയരമുള്ള ഭാഗങ്ങളിലെ പ്രത്യേക ഷോലവനങ്ങളായ ആകാശദ്വീപുകളാണ് ഈ കുഞ്ഞുകിളികളുടെ ആവാസ വ്യവസ്ഥ.
മൂന്നിടങ്ങളിലായി 60 ചതുരശ്ര കിലോമീറ്ററിൽ താഴെ മാത്രമുള്ള പ്രദേശത്തായി ഇവയുടെ സാന്നിധ്യം പരിമിതപ്പെട്ടുകഴിഞ്ഞുവെന്നാണ് ‘നേച്ചർ സയന്റിഫിക്’ റിപ്പോർട്ട്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നത്. ആകെ 1000-1500-ൽ താഴെ എണ്ണം കിളികൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നാണ് പഠനത്തിലുള്ളത്. കാലാവസ്ഥാ വ്യതിയാനവും കാട്ടുതീയും അടിക്കടിയുണ്ടായ ഉരുൾപൊട്ടലുകളും കാരണം വംശനാശഭീഷണിയിലാണ് ഈ അത്യപൂർവ പക്ഷിവർഗം.
2018-നും 2025-നും ഇടയിലായി ഇവയുടെ ആവാസവ്യവസ്ഥയുടെ ഭാഗമായ മലനിരകളിലുണ്ടായ കാട്ടുതീയിൽ 3020.4 ഹെക്ടർ വനം കത്തിനശിച്ചിരുന്നു. നിർദിഷ്ട തുരങ്കപാതയുടെ നിർമാണവും ഇവയുടെ അതിജീവനത്തിന് വെല്ലുവിളിയായേക്കാം എന്നും പഠനത്തിലുണ്ട്. ബ്രഹ്മഗിരി മലനിരകളിൽ ഇവയുടെ എണ്ണം ആശങ്കകരമാംവിധം കുറവാണെന്നും ഇവിടെ ഭാവിയിൽ ഇതിനൊരു പ്രാദേശിക വംശനാശം സംഭവിക്കാനിടയുണ്ടെന്നും ഗവേഷകരിൽ ഒരാളായ എൻ.എസ്. സുജിൻ പറഞ്ഞു. 20-ൽതാഴെ എണ്ണം മാത്രമേ ബ്രഹ്മഗിരി മലനിരകളിൽ അവശേഷിക്കുന്നുള്ളൂവെന്നാണ് ഗവേഷകരുടെ അനുമാനം.
സലിം അലി സെന്റർ ഫോർ ഓർനിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷൻ, എസ്.എം.എസ്. ഫൗണ്ടേഷൻ സെന്റർ ഫോർ ബയോഡൈവേഴ്സിറ്റി ആൻഡ് കൺസർവേഷൻ, അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൻവയൺമെന്റ് എന്നിവിടങ്ങളിലെ എൻ.എസ്. സുജിൻ, എൻ.ആർ. അനൂപ്, എസ്. ബാബു, ആർ. ജയപാൽ എന്നിവർ ചേർന്നാണ് പഠനം നടത്തിയിരിക്കുന്നത്.
ആകാശദ്വീപുകളും സംരക്ഷിക്കപ്പെടണം
പരസ്പരം വേർപ്പെട്ടുകിടക്കുന്ന മൂന്ന് മലകളിലെ ആകാശദ്വീപുകളാണ് ഇതിന്റെ ആവാസ വ്യവസ്ഥ എന്നതിനാൽ ഈ പക്ഷികൾക്കിടയിലുള്ള സ്വാഭാവിക ഇടപെടലും ജനിതക കൈമാറ്റവും പരിമിതപ്പെടുന്നൂവെന്ന് എൻ.എസ്. സുജിൻ പറയുന്നു. ചെങ്കുത്തായ മലഞ്ചെരിവുകളും സാന്ദ്രമായ ഇടതൂർന്ന കുറ്റിക്കാടുകളും പ്രതികൂല കാലാവസ്ഥയും കാരണം ബാണാസുര ചിലപ്പനെ സംബന്ധിച്ച ശാസ്ത്രീയപഠനങ്ങളും വെല്ലുവിളി നിറഞ്ഞതാണ്.
ഇവ കാണപ്പെടുന്ന ഷോല വനങ്ങളായ ആകാശദ്വീപുകളുടെ സംരക്ഷണവും പക്ഷികളുടെ അതിജീവനത്തിൽ വളരെ പ്രധാനമാണ്. പക്ഷികൾക്കൊപ്പം കബനി, ചാലിയാർ, കുറ്റ്യാടിപ്പുഴ, വളപട്ടണം പുഴ എന്നിവയുടെ പല കൈവഴികളും ഉദ്ഭവിക്കുന്നതും ഈ ഷോലവനങ്ങളിൽ നിന്നാണ്. ഈ പക്ഷിവർഗങ്ങളും ആകാശദ്വീപുകളും നശിച്ചാൽ കുടിവെള്ളക്ഷാമത്തിനുൾപ്പെടെ അതു ഇടയാക്കിയേക്കാം എന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.
Content Highlights: Only 1000-1500 Banasura Laughingthrush birds remain globally in Wayanad's high-altitude shola forests., Climate change, frequent wildfires, and landslides threaten their fragile sky island habitats., Fewer than 20 birds remain in the Brahmagiri hills, risking local extinction., Destruction of these habitats could also severely impact major river water sources in the region.
Published: 14 Oct 2026, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented