കാടറിഞ്ഞു പോവുക, കാടറിഞ്ഞു നീങ്ങുക എന്നുള്ളതാണ് പ്രധാനം

ആറു മണിക്കൂർ ഒറ്റക്കാലിൽനിന്ന് തപസ്സുചെയ്യുന്ന ജീവി ഏതെന്ന് ചോദിച്ചാൽ നമ്മളേതെങ്കിലും പക്ഷിയുടെ പേരാവും ഉത്തരമായി പറയുന്നത്. പക്ഷേ കാസർകോട് ജില്ലയിലെ കൊട്ടോടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളോടാണ് ഈ ചോദ്യമെങ്കിൽ അവർ തങ്ങളുടെ മലയാളം അധ്യാപകന്റെ പേരാണ് ഉത്തരം പറയുക. കെ.എം. സജീവ് എന്ന അവരുടെ പ്രിയപ്പെട്ട അധ്യാപകൻ ക്ലാസില്ലാത്ത സമയങ്ങളിൽ പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ചിത്രങ്ങളും വീഡിയോയും എടുക്കാൻ വേണ്ടി ദിവസങ്ങളും മണിക്കൂറുകളുമൊക്കെ കാട്ടിൽ ചെലവഴിക്കുന്ന കാര്യം ഈ കുട്ടികൾക്ക് അറിയാം,അതിലവർക്ക് വലിയ അഭിമാനവുമുണ്ട്. മാഷോട് ചോദിച്ചാലോ, കാട്ടിലെ ആ തപസ്സിന് പിന്നിൽ ചില സന്തോഷങ്ങളും ഒളിഞ്ഞിരിപ്പുണ്ടെന്ന് ബോധ്യമാവും.
'നാകമോഹൻ എന്നൊരു പക്ഷിയുണ്ട്. സ്വർഗവാതിൽ പക്ഷി എന്നും പറയും. അത് പാറക്കുളത്തിൽ വന്ന് കുളിച്ചു പോകുന്നത് വെറും ഇരുപത് മിനുട്ടിലാണ്. പക്ഷേ അതിനുവേണ്ടി മൂന്നും നാലും മണിക്കൂർ മുന്നേ നമ്മളാ പാറപ്പുറത്ത് പോയി കിടക്കേണ്ടി വരും. അതിന്റെ നീരാട്ടിന്റെ ഫോട്ടോ എടുക്കാൻ പറ്റുക എന്ന് പറഞ്ഞാൽ ബേർഡ് ഫോട്ടോഗ്രാഫറെ സംബന്ധിച്ച് സ്വർഗംകിട്ടുന്ന അനുഭവമാണ്...'ഈ ആനന്ദത്തിനുവേണ്ടി മനസ്സിൽ ആഗ്രഹിക്കുന്ന ചില വിഷ്വലുകൾക്കായി കാലവും സമയവും മറന്ന് കാത്തിരിക്കാൻ ഈ അധ്യാപകന് ഒട്ടും മടിയില്ല. കാരണം ജീവജാലങ്ങളുടെ ലോകത്തെ കാമറയിൽ പകർത്തുക എന്നതാണ് അദ്ദേഹത്തിന്റെ ജീവിതലക്ഷ്യംതന്നെ.
'ചില പക്ഷികളുടെ പടങ്ങളെടുക്കാനായി ആറുമണിക്കൂറൊക്കെ ഒറ്റക്കാലിൽ നിൽക്കേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും ക്യാമറയും മറ്റ് ഭാരിച്ച ഗാഡ്ജറ്റുകളുമൊക്കെ കൈയിലുണ്ടാവും. അതിന്റെ ഭാരമൊന്നും ഈ കാത്തിരിപ്പിനിടയിൽ നമ്മളെ അലട്ടില്ല. പക്ഷി മരക്കൊമ്പിൽ ഇരിക്കുന്ന പടമൊക്കെ ആർക്കും എടുക്കാനാവും. പക്ഷേ അത് പറക്കുന്നതും ഇര വിഴുങ്ങുന്നതുംപോലുള്ള അപൂർവ മുഹൂർത്തങ്ങൾ പകർത്തുമ്പോഴേ രസമുള്ളു. ഉദാഹരണത്തിന് കാട്ടുകോഴി. അതിന്റെ ഫോട്ടോ എടുക്കാൻ നല്ല അധ്വാനമുണ്ട്. കാട്ടുകോഴി എളുപ്പത്തിൽ ക്യാമറയിൽ പെടില്ല. ഇടനാടൻ ചെങ്കൽ പീഠഭൂമികളിലെല്ലാമാണ് ഇതിന്റെ കൂടുണ്ടാവുക. ശരീരത്തിൽ ചപ്പൊക്കെ(ഉണങ്ങിയ ഇല)ഇട്ട് മൂടി കുറേ സമയം അതിനായി കാത്തിരിക്കേണ്ടി വരും.' കാട്ടിനുള്ളിലും തണ്ണീർത്തടങ്ങളിലും ചതുപ്പുനിലങ്ങളിലുമൊക്കെയുള്ള ആ കാത്തിരിപ്പിന്റെ ഫലമാണ് സജീവ് എടുത്ത മനോഹരമായ ചിത്രങ്ങളൊക്കെ. ആ ശേഖരത്തിലുള്ളതെല്ലാം വ്യത്യസ്ത ചിത്രങ്ങളാവുന്നതും മാഷുടെ ക്ഷമയുടെയും അധ്വാനത്തിന്റെയും ഫലവുമാണ്. പക്ഷികൾ ഇരതേടുന്നതും പറക്കുന്നതും ഇണപക്ഷികളുമായുള്ള സ്നേഹപ്രകടനങ്ങളുമെല്ലാം ഫോട്ടോഗ്രാഫറുടെ ഭാഷയിൽ പറഞ്ഞാൽ 'ആക്ഷൻ ചിത്രങ്ങളാണ്'. ഇതിനായി കെ.എം. സജീവ് പക്ഷികളുടെ പിന്നാലെ കൂടിയിട്ട് പത്തുവർഷം പിന്നിടുന്നു. ഇതിനിടെ ഇന്ത്യയിലെ ഏതാണ്ട് എല്ലാ പക്ഷിവർഗങ്ങളും അദ്ദേഹത്തിന്റെ കാമറയിൽ മുഖം കാണിച്ചുകഴിഞ്ഞു.
പക്ഷിയോ മനുഷ്യനോ
പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ പിന്നാലെ കാമറയുമായി സഞ്ചരിക്കാൻ ഒരാളെ പ്രേരിപ്പിക്കുന്നതെന്താവും. മനുഷ്യരെ അപേക്ഷിച്ച് എന്ത് ഭംഗിയാവും അവർ ജീവിവർഗങ്ങളുടെ മേലിൽ തിരയുന്നത്.? അതിനുള്ള മാഷിന്റെ ഉത്തരമിതാ.
'മനുഷ്യൻ എന്നുള്ളത് വിശ്വസിക്കാൻ പറ്റാത്ത ഒരാളാണ.് പക്ഷേ പക്ഷിയെ നമുക്ക് വിശ്വസിക്കാം. കിളി മാത്രമല്ല മൃഗങ്ങളിലും ലാളിത്യമുണ്ട്, കൃത്യതയുണ്ട്്.മനുഷ്യനും കൃത്യതയുണ്ട് എന്ന് പറയും. പക്ഷേ ആ കൃത്യതയിൽ നമ്മൾ ഉണ്ടാക്കി വെച്ച കുറേ കൃത്രിമത്വങ്ങളുമുണ്ട്്. കാഴ്ചയിലും പക്ഷികൾക്കാണ് സൗന്ദര്യം.അതിന്റെ സൂക്ഷ്മമായ സൗന്ദര്യം കണ്ടുനിൽക്കുമ്പോൾ അത് മുഴുവൻ അതേപടി ക്യാമറയിൽ പതിയുന്നില്ലല്ലോ എന്നത് മാത്രമാണ് വിഷമം.'സജീവ് പറയുന്നു.
ഒരു ജീവിയുടെ ഫോട്ടോ പകർത്തുക മാത്രമല്ല മാഷിന്റെ ലക്ഷ്യവും. ഒരു പക്ഷിയുടെയോ മൃഗത്തിന്റെയോ ജീവിതം മുഴുവൻ അടയാളപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ കാമറ.പക്ഷികളുടെ ജീവിതചക്രത്തെ ഈ ഫ്രെയിമുകൾ പിന്തുടരുന്നു. 'ഒരു കിളി അതിന്റെ ജീവിതത്തെ അടയാളപ്പെടുത്തുന്നത് കണ്ടുപഠിക്കേണ്ടതുണ്ട്. അത്രയും സൂക്ഷ്മമായിട്ടാണത്. മുട്ടയിടുന്നത്, അടയിരിക്കുന്നത്, കുഞ്ഞുങ്ങളെ വിരിയിക്കുന്നത്, കുഞ്ഞുങ്ങൾ പുറത്തേക്ക് വരുന്നത്..ഇങ്ങനെ എല്ലാത്തിലും ഒരു സൂക്ഷ്മത കാണാം. അതുതന്നെയാണ് പക്ഷിജീവിതത്തിന്റെ സൗന്ദര്യവും.
ചിത്രങ്ങളിലെ ജീവിത മുഹൂർത്തങ്ങൾ
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ കമ്പം കയറിയാൽ പിന്നെ കാടും അവിടുത്തെ ജീവിതവുമെല്ലാം ഫോട്ടോഗ്രാഫറുടെ മനസ്സിൽ തെളിയും. അതിനനുസരിച്ചാവും അവരുടെ മുന്നോട്ടുള്ള യാത്രയും.ആ യാത്രയിൽ കണ്ടെത്താൻ പറ്റുന്നത്ര മുന്നോട്ട് സഞ്ചരിക്കുക. അതുതന്നെയാണ് സജീവ് മാഷിന്റെയും രീതി.
'ഏകദേശം മുന്നൂറോളം പക്ഷികളുടെ പടങ്ങളെടുത്തുകഴിഞ്ഞു. പക്ഷിയുടെ ജീവിതചക്രം മുഴുവൻ പിന്തുടർന്ന് രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. അപ്പോൾ അതേക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളുമുണ്ടാവണം. പക്ഷികളുടെ ഫീഡിങ്, കൂടുകെട്ടൽ, ഇരതേടൽ തുടങ്ങി എല്ലാം ഫോട്ടോഗ്രാഫർക്ക് പിന്തുടരേണ്ടതുണ്ട്. ചേരക്കോഴി എന്ന പക്ഷിയുണ്ട്. അത് കേരളത്തിൽനിന്ന് അന്യംനിന്നുപോയ ഒന്നാണ്. ഒരിക്കൽ അതിന്റെ ഫീഡിങ് എടുക്കാൻ പറ്റി. പക്ഷേ അതിനുവേണ്ടി രണ്ടുദിവസം നിൽക്കേണ്ടി വന്നു. എന്നാലും അതിനൊരു സന്തോഷമുണ്ട്. കാരണം ഈ പക്ഷിയുടെ ഫീഡിങ് അധികം ഫോട്ടോഗ്രാഫർമാർക്ക് കിട്ടിയിട്ടില്ല...'ഇത്തരം സന്തോഷങ്ങൾ തന്നെയാണ് ക്യാമറയുമായുള്ള ഈ അഭിനിവേശത്തിന് ലഭിക്കുന്ന മധുരമൂറുന്ന പ്രതിഫലവും.
'ചേരക്കോഴി അതിന്റെ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന രംഗമുണ്ട്. കുഞ്ഞിന്റെ തൊണ്ടയുടെ ഉള്ളിലേക്ക് ഈ പക്ഷി അതിന്റെ കഴുത്ത് അങ്ങനെതന്നെ കടത്തും. എന്നിട്ടാണ് ഭക്ഷണം നൽകുന്നത്. മാതൃസ്നേഹത്തിന്റെ കരുതൽ നമുക്ക് മുന്നിൽ കാണാം. ഇതിന്റെ ഇരതേടലും രസകരമാണ്. കൊക്കിന് ചുറ്റിലുമുള്ള മുള്ളുകൾ കൊണ്ടാണ് അത് മീൻപിടിക്കുന്നത്. ആ മുള്ളുകളാൽ മീനിനെ പിടിച്ച് നേരെ മുകളിലേക്ക് എറിയും. എന്നിട്ട് കൊക്കുകൾക്കിടയിലിട്ട് മീനിനെ പരുവപ്പെടുത്തിയ ശേഷമേ അത് വിഴുങ്ങു. കാണാൻ ഭംഗിയുള്ള പക്ഷികളാണിവ. പക്ഷേ അതിന്റെ ഭക്ഷണരീതിയെക്കുറിച്ചുള്ള അധികം ചിത്രങ്ങൾ പുറത്തുവന്നിട്ടില്ല. അതെടുക്കാനും എനിക്ക് പറ്റിയത് ഭാഗ്യമായി കരുതുന്നു...'സജീവ് മാഷ് പറയുന്നു. ഇതുപോലെ തുക്കണാംകുരുവി കൂട് വെക്കുന്നത് പകർത്താനും മലമുഴക്കി വേഴാമ്പലിന്റെ പറക്കൽ കാണാനുമൊക്കെ കേരളത്തിനകത്തും പുറത്തുമുള്ള ചതുപ്പുനിലങ്ങളിലൂടെ മാഷ് പക്ഷിയാത്ര തുടരുകയാണ്, ആവേശം ഒട്ടും ചോരാതെ.
ഫോട്ടോഗ്രാഫിയും പരിസ്ഥിതി സ്നേഹവും
മാഷിന്റെ വീട് കണ്ണവം വനത്തോട് ചേർന്നിട്ടാണ്.രാവിലെ കാടുകയറുന്നതും അതിനുള്ളിലെ ജീവിതം തേടുന്നതുമൊക്കെ ബാല്യത്തിലേ ഉള്ളിൽ പതിഞ്ഞ രീതിയുമാണ്. ഇത്തിരി മുതിർന്നപ്പോൾ മാഷ് പരിസ്ഥിതി പ്രവർത്തകർക്കൊപ്പം ചേർന്നു. അങ്ങനെ മാഷിന്റെ ക്യാമറയിൽ പരിസ്ഥിതി വാദവും പക്ഷിലോകവും ഉൾച്ചേർന്നു. അതേത്തുടർന്നുള്ള യാത്രകളിലാണ് വിവിധയിനം പക്ഷികൾ ക്യാമറയുടെ മുന്നിലെത്തിയത്.
എങ്കിലും കാടുതരുന്ന ചില വെല്ലുവിളികളുണ്ട്. അതൊരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ പഠിച്ചിരിക്കണം.'കാടറിഞ്ഞു പോവുക, കാടറിഞ്ഞു നീങ്ങുക എന്നുള്ളതാണ് പ്രധാനം.
വന്യജീവികളുടെ ആക്രമണം ഏതുനിമിഷവും ഉണ്ടാവാം. പ്രധാനമായും ശ്രദ്ധിക്കേണ്ടത് ആനയെയാണ്. അത് മുന്നിലെത്തുന്നത് നമ്മൾ അറിയുക പോലുമില്ല. പെട്ടെന്നാവും ആ വരവ്.
ഒരു ആന അതിന്റെ കുട്ടിയെയും തട്ടിത്തട്ടി വരുന്ന കാഴ്ച ഏതൊരു ഫോട്ടോഗ്രാഫർക്കും ഹരം തോന്നിക്കുന്നതാണ്. പക്ഷേ നമ്മുടെ കൈയിലെ ക്യാമറയും മറ്റുംകാണുമ്പോൾ ആനയ്ക്ക് അത് കുഞ്ഞിനുനേരെയുള്ള ആക്രമണമായി തോന്നാം.
അത്തരം സന്ദർഭങ്ങളിൽ ആന അപകടകാരിയാവാം. പിന്നെ ശരീരത്തിൽ സുഗന്ധലേപനങ്ങളൊന്നും പുരട്ടി കാട്ടിൽ പോവുകയേ അരുത്. ഇത്തരം മണങ്ങൾ ആനയ്ക്കൊക്കെ പെട്ടെന്ന് തിരിച്ചറിയാനാവും.
SAJEEV
പക്ഷികളുടെ ഭാഷ
വന്യജീവി ഫോട്ടോഗ്രാഫർമാർ അവരുടെ മോഡലിനെ തിരിച്ചറിയുന്നതിന് ചില കോഡുകളുണ്ട്. പക്ഷികളുടെ ഫോട്ടോ എടുക്കുന്നവരെ സംബന്ധിച്ച് അതിന്റെ നീക്കം പിടികിട്ടുന്നതും അത്തരം ലക്ഷണങ്ങളിൽക്കൂടെതന്നെ. 'പക്ഷികളുടെ കൂവൽ നോക്കിയാണ് അതിനെ തിരിച്ചറിയുന്നത്. കൂവൽ പലതരത്തിലുണ്ട്. ഒരു പക്ഷി വെറുതെ കൂവുന്നതും തീറ്റയ്ക്ക് വേണ്ടി കൂവുന്നതും ഇണയെ ആകർഷിക്കാൻ കൂവുന്നതുമൊക്കെ വ്യത്യസ്ത തരത്തിലാണ്. എട്ടുതരത്തിൽ വരെ ശബ്ദമുണ്ടാക്കുന്ന പക്ഷികളുണ്ട്. ആണിന്റെ കൂവലും പെണ്ണിന്റെ കൂവലും വ്യത്യസ്തമാണ്.
പക്ഷികൾ ഇണയെ ആകർഷിക്കാനുണ്ടാക്കുന്ന ശബ്ദമാണ് ഏറ്റവും മനോഹരം. ഇതൊക്കെ തിരിച്ചറിഞ്ഞ് വേണം അവയെ പിന്തുടരാൻ. അപ്പോഴേ മനോഹരമായ ചിത്രങ്ങൾ ലഭിക്കൂ... 'മാഷ് തന്റെ അനുഭവ പാഠങ്ങൾ വിശദമാക്കുന്നു.
പക്ഷികളുടെ ശബ്ദം പഠിക്കാനും മനസ്സിലാക്കാനുമൊക്കെ ഇന്ന് സാങ്കേതിക വിദ്യയുടെ സഹായം ലഭിക്കും. മെർലിൻബേർഡ് എന്ന പേരുള്ള ആപ്പിൽ മിക്കവാറും എല്ലാ പക്ഷികളുടെയും ശബ്ദം കേട്ട് പഠിക്കാനാവും.
പക്ഷേ ഈ പാഠങ്ങളെല്ലാം പഠിച്ചുചെന്നാലും ആശയക്കുഴപ്പം ജനിക്കുന്ന ചില മുഹൂർത്തങ്ങൾ ബേർഡ് ഫോട്ടോഗ്രാഫർമാർക്ക് ഉണ്ടാവാറുണ്ടെന്ന് സജീവ് മാഷ് പറയുന്നു.
'അതിലൊന്ന് മയിലിന്റെ മുന്നിലാണ്. അത് പീലി വിടർത്തുന്നത് ചിലപ്പോൾ കുറെ സമയം നീളും. ചിലപ്പോൾ പെട്ടെന്ന് തീരും. പീലിവിടർത്തി നിന്നാൽ മുന്നിൽനിന്ന് പടമെടുക്കുന്നതാണോ ഭംഗി,അതോ പിന്നിൽനിന്നുള്ള ചിത്രങ്ങൾക്കാണോ എന്നാലോചിച്ച് നമ്മൾ ധർമസങ്കടത്തിലാവും.
കാരണം രണ്ടിനും നല്ല ഭംഗിയാണ്. ചില പക്ഷികളുടെ പറക്കലിനാണ് സൗന്ദര്യം. ഉദാഹരണത്തിന് മഞ്ഞക്കിളി. അത് രണ്ടെണ്ണം വായുവിൽ ഒരുമിച്ച് പറക്കുന്നത് കണ്ടുനിന്നുപോവും, അപ്പോൾ കാമറ പുറത്തെടുക്കാൻതന്നെ മറന്നുപോവും. അത്രയ്ക്കും ഭംഗിയുള്ള കാഴ്ചയാണത്.'

Content Highlights: Teacher KM Sajeev has spent over a decade capturing around 300 bird species., Specializes in rare action moments like feeding, mating rituals, and flight patterns., Combines environmental passion with wildlife photography to document the complete life cycle of birds.
Published: 29 Sept 2026, 09:38 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented