തിരുവനന്തപുരം: അപൂർവ ദേശാടനപ്പക്ഷികളുടെ സാന്നിധ്യംകൊണ്ട് പക്ഷിനിരീക്ഷകരുടെ ശ്രദ്ധനേടുന്ന വെള്ളായണി പുഞ്ചക്കരിയിൽ അപൂർവയിനം പക്ഷിയായ ചെന്നീലിക്കാളിയെ (Daurian Starling) വീണ്ടും കണ്ടെത്തി. 2026 നവംബർ 22-ന് കണ്ണൻ സാവേരി പകർത്തിയ ചിത്രത്തിലൂടെയാണ് ഈ അപൂർവ പക്ഷിയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിക്കപ്പെട്ടത്.

To advertise here,

സ്റ്റാർലിങ് കുടുംബത്തിൽപ്പെട്ട ചെന്നീലിക്കാളിക്ക് ഏകദേശം മൈനയുടെ വലിപ്പമാണുള്ളത്. വടക്കുകിഴക്കൻ മംഗോളിയ, ട്രാൻസ്-ബൈക്കൽ മേഖല, ചൈനയിലെ അമൂർ താഴ്‌വര, ഉത്തര കൊറിയ എന്നിവിടങ്ങളിലാണ് ഈ പക്ഷി പ്രജനനം നടത്തുന്നത്. തെക്കൻ ചൈന, തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ, കംബോഡിയ, ലാവോസ്, വിയറ്റ്നാം, സുമാത്ര, ജാവ, മ്യാൻമർ എന്നിവയാണ് ഇവയുടെ പ്രധാന ശൈത്യകാല വാസസ്ഥലങ്ങൾ.

കേരളത്തിൽ അപൂർവമായി മാത്രം കാണപ്പെടുന്ന ഈ പക്ഷി വഴിതെറ്റിയെത്തുന്ന ദേശാടനപ്പക്ഷികളുടെ (Vagrant) വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. 2016-ൽ തിരുവനന്തപുരത്തെ വെള്ളായണി കായലിൽ ഇതിന്റെ സാന്നിധ്യം രേഖപ്പെടുത്തിയിരുന്നു.

പിന്നീട് തൃശൂർ കോൾനിലങ്ങളിലെ ഉപ്പുങ്ങലിലും ആലപ്പുഴയിലെ ചങ്ങരം പക്ഷിസങ്കേതത്തിലും പക്ഷിനിരീക്ഷകർ ചെന്നീലിക്കാളിയെ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേയറ്റത്തുള്ള കേരളത്തിൽ ഇത്രയും അപൂർവമായ ഒരു ദേശാടനപ്പക്ഷിയെ കണ്ടെത്താനായത് ഏറെ ശ്രദ്ധേയമാണ്.