
കാലാവസ്ഥാവ്യതിയാനവും ഇടതടവില്ലാത്ത മരംമുറിയും ഹിമാലയന്‍ പര്‍വതവനങ്ങളിലെ പക്ഷിവര്‍ഗങ്ങളെ ബാധിക്കുന്നതായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (IISC) ഗവേഷകര്‍ നടത്തിയ പഠനം കണ്ടെത്തുകയുണ്ടായി. പത്ത് വര്‍ഷം കൊണ്ട് സമാഹരിച്ച ഇബേര്‍ഡ് ഡാറ്റയാണ് പഠനത്തിനായി ഉപയോഗപ്പെടുത്തിയത്. ഹിമാലയത്തിലെ അടിക്കാടുകളിലെ പക്ഷി സമൂഹത്തിന്റെ ഘടനയില്‍ വന്ന മാറ്റത്തെക്കുറിച്ചും 'ഗ്ലോബൽ ഇക്കോളജി ആന്‍ഡ് കണ്‍സര്‍വേഷനില്‍' പ്രസിദ്ധീകരിച്ച (2023 November) പ്രസ്തുത പഠനം പറയുന്നുണ്ട്.1
ഹിമാലയത്തിലെ അടിക്കാടുകളിലെ 302 സ്പീഷിസ് പക്ഷികള്‍ക്കിടയിലെ 'എലിവേഷണല്‍ ഷിഫ്റ്റി'നെക്കുറിച്ചാണ് (പര്‍വതങ്ങളിലെ വ്യത്യസ്ത ഉയരങ്ങളിലേക്ക് പക്ഷികള്‍ ചേക്കേറുന്നത്) പഠനം വിശദമാക്കുന്നത്. താപനില പതിവിലും അധികം ഉയര്‍ന്നപ്പോള്‍ കിഴക്കന്‍ ഹിമാലയത്തിലെ ഒരു വിഭാഗം പക്ഷികള്‍ പര്‍വതങ്ങളുടെ കൂടുതല്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് ചേക്കേറുന്നതായി കണ്ടെത്തി. വലിപ്പമേറിയ പക്ഷികളാണ് ഇങ്ങനെ ഉയരങ്ങള്‍ തേടിപ്പോയത്. ഹിമാലയത്തിലെ ഉയരം കൂടിയ പര്‍വത മേഖലയിലെ മനുഷ്യരുടെ ഇടപെടലുകളില്ലാത്ത ആദിമവനങ്ങളില്‍ (primary forests) വലിപ്പമേറിയ പക്ഷികളുടെ അംഗസംഖ്യ വര്‍ദ്ധിക്കാന്‍ ഇത് വഴിവെച്ചു.

ഹിമാലയന്‍ കാടുകളിലെ ചൂട് കൂടാന്‍ ആഗോളതാപനമാണ് ഒരു കാരണം. മരങ്ങള്‍ കൂടുതലായി നശിപ്പിക്കപ്പെട്ടതും ഊഷ്മാവ് കൂടാന്‍ കാരണമായി. ചെറുപക്ഷികള്‍ക്ക് ചൂടിനെ സഹിക്കാനാവും. അവ മരങ്ങള്‍ നഷ്ടമായ വനങ്ങളില്‍ത്തന്നെ കോളനിയായി കഴിഞ്ഞു. ആദിമവനങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യമാണ് IISc പഠനം ഉയര്‍ത്തിക്കാട്ടുന്നത്. പക്ഷികളുടെ പറുദീസയായ അരുണാചല്‍ പ്രദേശിലെ ഈഗിള്‍നെസ്റ്റ് വൈല്‍ഡ്‌ലൈഫ് സാങ്ച്വറിയില്‍ നിന്നാണ് ഗവേഷകര്‍ വിവരശേഖരണം നടത്തിയത്. ജൈവവൈവിധ്യത്തിന്റെ കലവറയായ ഹിമാലയനിരകളിലെ ഈ പ്രദേശത്ത് 500-ലധികം പക്ഷി സ്പീഷിസുകളുണ്ട്.

പര്‍വതങ്ങളില്‍ 150-200 മീറ്റര്‍ ഉയരം തൊട്ട് 3,500 മീറ്റര്‍ ഉയരത്തിലൊക്കെ വരെ ഉഷ്ണമേഖലാ വനങ്ങള്‍ വളരുന്നു. ജൈവവൈവിധ്യത്തിന്റെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ കൂടിയാണ് ഈ വനങ്ങള്‍. ഉഷ്ണമേഖലാ വനങ്ങളിലെ ജീവജാലങ്ങള്‍ക്ക് ധാരാളം പ്രത്യേകതകളുണ്ട്. അവ അതാത് പ്രദേശങ്ങളില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. ഇക്കാരണത്താല്‍ ഉഷ്ണമേഖലാ വനങ്ങളിലെ ചെറിയൊരു ഇടം പോലും ജൈവവൈവിധ്യങ്ങളുടെ രത്‌നഖനികളാണെന്നുപറയാം. ഉഷ്ണമേഖലാപര്‍വതങ്ങളിലെ പക്ഷികള്‍ അന്തരീക്ഷ താപനിലയുമായി വളരെയധികം ബന്ധപ്പെട്ട് കഴിയുന്നവയാണ്. ഉയരുന്ന ആഗോള താപനിലയോട് അവ ഏറ്റവും വേഗം പ്രതികരിക്കുന്നു.
കൊടുങ്കാറ്റും പേമാരിയും കടല്‍ക്ഷോഭവും
മനുഷ്യര്‍ക്കൊപ്പം ഭൂമിയിലെ സര്‍വ ജന്തുജാലങ്ങളും കാലാവസ്ഥാ മാറ്റങ്ങളുടെ കാഠിന്യത്തെ അതിജീവിക്കാന്‍ പാടുപെടുകയാണ്. പെട്ടെന്നുണ്ടാകുന്ന മഞ്ഞുവീഴ്ചയേയും കഠിനമായ ശീതക്കാറ്റിനേയും പക്ഷികൾ എങ്ങനെയാവും അഭിമുഖീകരിക്കുന്നുണ്ടാവുക! ശക്തമായി കാറ്റടിക്കുമ്പോള്‍ പൊതുവെ അവ പറക്കാന്‍ ശ്രമിക്കില്ല. സാധാരണ അവ ഏതെങ്കിലും മരത്തിന്റെ മറവിലൊതുങ്ങും. അല്ലെങ്കില്‍ ഭൂമിക്കടുത്തേക്കെത്തും. ശക്തമായ കാറ്റില്‍ ഉടലിനെ ചൂഴുന്ന തൂവലുകള്‍ പൊങ്ങുന്നതിനാല്‍ ശരീരതാപനില കുറയുന്നു; തത്ഫലമായി ഊര്‍ജ്ജവും കുറയുന്നു.

വിവിധ പക്ഷിവര്‍ഗങ്ങള്‍ക്ക് കാറ്റിനെ നേരിടാന്‍ വ്യത്യസ്തമായ രക്ഷാമാര്‍ഗങ്ങളുണ്ട്. ചപ്പിലക്കിളി, മൈന, തേന്‍കിളി പോലുള്ള ചെറുപക്ഷികള്‍ മരങ്ങളുടെ ഉയരങ്ങളില്‍ നിന്നും താഴത്തെ ചില്ലകളിലേക്കെത്തും. കാലുകളിലെ വളഞ്ഞ നഖങ്ങള്‍ (ടാലണ്‍സ്) മരക്കമ്പുകളില്‍ ഇറുക്കിപ്പൂട്ടിയിരിക്കാന്‍ പക്ഷികളെ സഹായിക്കുന്നു. മാളങ്ങളില്‍ കൂടുവെയ്ക്കുന്ന മരംകൊത്തിയെപ്പോലുള്ളവ കാറ്റ് അടങ്ങും വരെ മരപ്പൊത്തുകളിലൊളിക്കും. ചെറുപക്ഷികള്‍ തിങ്ങിയ ഇലച്ചാര്‍ത്തുകളിലൊളിക്കും.
കടല്‍പ്പക്ഷികള്‍ കാറ്റിനെ കൈകാര്യം ചെയ്യുന്ന രീതികള്‍ വ്യത്യസ്തമാണ്. കാറ്റിന്റെ ഊറ്റം കൂടിയാല്‍ ആല്‍ബട്രോസിനെപ്പോലുള്ള ശാരീരികക്ഷമതയുള്ള പക്ഷികള്‍ ചിറകുകള്‍ ഇളക്കാതെ പരത്തിപ്പിടിച്ച് കാറ്റിലൊഴുകും. കാറ്റ് ദിവസങ്ങള്‍ നീണ്ടാല്‍ ശരീരഭാരം കൊണ്ട് കാറ്റിനെതിരേ ബാലന്‍സ് സൂക്ഷിച്ച് പറക്കും. ചിലപ്പോള്‍ ആല്‍ബട്രോസുകള്‍ കാറ്റിനേക്കാള്‍ വേഗത്തിലും പറക്കും. അറ്റ്‌ലാന്റിക്കില്‍ മണിക്കൂറില്‍ 68 കി.മി. വേഗത്തില്‍ വീശിയ കാറ്റിനെ മറികടന്ന്, മണിക്കൂറില്‍ 30 കി.മി-യുള്ള കാറ്റിന്റെ മധ്യത്തിലേക്ക് (eye of the storm) പറന്ന ഒരു മഞ്ഞമൂക്കന്‍ ആല്‍ബട്രോസിനെ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിട്ടുണ്ട്. '' വിന്‍ഡ്-അഡാപ്റ്റഡ് ആണ് ആല്‍ബട്രോസ്. അവ കൊടുങ്കാറ്റുകളിലും പറക്കുന്നു. കൊടുങ്കാറ്റിന്റെ വേഗത കൂടുതലുള്ള ദിശ ഒഴിവാക്കി, താരതമ്യേന വേഗം കുറഞ്ഞ മധ്യഭാഗത്തേക്ക് പറക്കും,'' മാക്‌സ് പ്‌ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ബിഹേവിയറിലെ ശാസ്ത്രജ്ഞ എല്‍ഹാം നൗറാനി പറയുന്നു.

പുണെയിലെ ബാരാമതിയില്‍ ഇക്കഴിഞ്ഞ മെയ് 23-ന് പെയ്ത പേമാരിയില്‍ ഒരു വന്മരം നിലംപൊത്തുകയും അതില്‍ കൂടുകെട്ടിയിരുന്ന 200-ലധികം പനന്തത്തകള്‍ വെള്ളക്കെട്ടില്‍ പതിക്കുകയും ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് അര്‍ദ്ധരാത്രി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ 150-ഓളം പക്ഷികളെ രക്ഷിക്കാനായി. 40-50 പക്ഷികള്‍ കൊല്ലപ്പെട്ടു. കാലാവസ്ഥാകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം മണിക്കൂറില്‍ 13.6 mm മഴയായിരുന്നു ബാരാമതിയില്‍ പെയ്തത്. അപ്രതീക്ഷിത മഴയില്‍ ഭക്ഷണമില്ലാതെ വന്നും വെള്ളപ്പൊക്കത്തില്‍ കൂടുകള്‍ തകര്‍ന്നുമാണ് പക്ഷികള്‍ക്ക് ജീവന്‍ നഷ്ടമാവുന്നത്. കൃത്യമായ സഞ്ചാരദിശകളിലൂടെ പോവുന്ന ദേശാടനപ്പക്ഷികളെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പേമാരിയും കടല്‍ക്ഷോഭങ്ങളും വിപരീതമായി ബാധിക്കുന്നു.
മഞ്ഞുകാറ്റടിക്കുന്ന പ്രദേശങ്ങളില്‍ കുറ്റിച്ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്ന് രക്ഷതേടുന്നതാണ് പക്ഷികളുടെ പതിവ്. തൂവലുകള്‍ ദേഹത്തോട് കൂട്ടിപ്പിടിച്ച് ഇളകാതെ. അന്തരീക്ഷം തീവ്രശൈത്യത്തിലേക്ക് കടന്നാല്‍ പൊത്തുകളിലോ മറ്റോ, ധാരാളം പക്ഷികള്‍ ഒരുമിച്ച് പരസ്പരം ഒട്ടിപ്പിടിച്ചിരുന്ന് അഭയം തേടുന്നതായി പക്ഷിനിരീക്ഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശൈത്യത്തില്‍ ഭക്ഷണദൗര്‍ല്ലഭ്യമാണ് പ്രധാന പ്രശ്‌നം. പ്രാണികളെ കിട്ടാനില്ലാതാവും. തടാകങ്ങള്‍ ഉറച്ചുപോയതിനാല്‍ കുടിവെള്ളവും കിട്ടാതാവും. വിത്തുതീറ്റക്കാരും മറ്റു പക്ഷികളെ വേട്ടയാടുന്ന വലിയ പക്ഷികളും ഇത്തരം സാഹചര്യങ്ങളില്‍ കുറച്ചുകൂടി അതിജീവനശക്തി കാണിക്കുന്നു.
Reference:
1. (Chanda R, Rai S, Tamang B, Munda B, Pradhan DK, Rai M, Biswakarma A, Srinivasan U, Bird communities in a selectively logged tropical montane forest are dominated by small, low-elevation species, Global Ecology and Conservation (2023)).
Content Highlights: himalayan birds are shifting their altitude due to climate change and logging
Published: 29 May 2024, 01:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented