ഫ്ളെമിംഗോയും ബാറ്ററി നിര്‍മ്മിക്കാൻ ഉപയോഗിക്കുന്ന ലിഥിയവും തമ്മിലെന്ത് ബന്ധം | NatureFuture


ശർമിള



Premium

ഫ്ലമിംഗോ | getty images

ലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മ്മിക്കാനുപയോഗിക്കുന്ന ലിഥിയവും ഫ്‌ളെമിംഗോ പക്ഷിയും തമ്മിലെന്ത് ബന്ധം...! ചിലി ആന്‍ഡസ് പര്‍വതത്തിലെ ലിഥിയം ഖനനത്തിന് ഫ്‌ളെമിംഗോ പക്ഷികളുടെ പ്രജനനത്തോത് കുറഞ്ഞതുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത് 'ജേണല്‍ പ്രൊസീഡിങ്ങ്‌സ് ഓഫ് ദി റോയല്‍ സൊസൈറ്റി ബി' യില്‍ പ്രസിദ്ധീകരിച്ച ഗവേഷണപഠനമാണ്. ഫ്‌ളെമിംഗോകളുടെ ആവാസകേന്ദ്രമായ ചിലിയന്‍ ആന്‍ഡസിലെ ഉപ്പുതടാകങ്ങളില്‍ ലിഥിയം ഖനനവും കാലാവസ്ഥാമാറ്റങ്ങളും സൃഷ്ടിച്ച പ്രത്യാഘാതങ്ങളെക്കുറിച്ചായിരുന്നു പ്രസ്തുത ഗവേഷണം. ചിലിയന്‍ ആന്‍ഡസില്‍ രണ്ട് സ്പീഷിസ് ഫ്‌ളെമിംഗോകളുടെ എണ്ണത്തില്‍, പതിനൊന്ന് വര്‍ഷത്തിനുള്ളില്‍ 10-12 ശതമാനം കുറവു വന്നതായി കണ്ടെത്തി. ചിലിയില്‍, ലിഥിയം ഖനനത്തിന്റെ പാരിസ്ഥിതികപ്രശ്‌നം നേരിട്ട തടാകങ്ങളില്‍ മാത്രം പ്രജനനം നടത്തിവന്ന ഫ്‌ളെമിംഗോകളായിരുന്നു ഇവ.

ചിലിയന്‍ ആന്‍ഡസില്‍ രണ്ട് സ്പീഷിസ് ഫ്ളെമിംഗോകളുടെ എണ്ണത്തില്‍, പതിനൊന്ന് വര്‍ഷത്തിനുള്ളില്‍ 10-12 ശതമാനം കുറവുവന്നതായി പഠനം കണ്ടെത്തി. ലിഥിയം ഖനനത്തിന്‍റെ പാരിസ്ഥിതികപ്രശ്നം നേരിട്ട തടാകങ്ങളില്‍ മാത്രം പ്രജനനം നടത്തിവന്ന ഫ്ളെമിംഗോകളായിരുന്നു ഇവ.

'' ലിഥിയം ഡിമാന്റ് അനുദിനം കൂടുകയാണ്. ലിഥിയം ഖനനം ജൈവവൈവിധ്യത്തെ അപകടകരമായി ബാധിക്കുന്നത് തിരിച്ചറിയേണ്ടതും അതിപ്രധാനമാണ്,'' -പ്രബന്ധത്തിന്റെ സഹ എഴുത്തുകാരിയും സൗത്ത് കരോലിന സര്‍വകലാശാലയിലെ പോപ്പുലേഷന്‍ ബയോളജിസ്റ്റുമായ നാഥന്‍ സെന്നര്‍ പറയുന്നു. കാലാവസ്ഥാമാറ്റം മൂലം ഉപ്പുതടാകങ്ങളിലെ ജലനിരപ്പ് കുറയുന്നതും ഫ്‌ളെമിംഗോകള്‍ക്ക് ഭീഷണിയാണ്. അവയുടെ ഭക്ഷണലഭ്യത കുറയുന്നു, അത് പ്രജനനത്തെയും ബാധിക്കുന്നു. ഖനനം കാരണം ജലനിരപ്പ് കുറഞ്ഞ അറ്റക്കാമ സോള്‍ട്ട് ഫ്‌ളാറ്റ്‌സിലും (3000 കിലോ മീറ്റർവിസ്തൃതിയുള്ള ചിലിയിലെ ഏറ്റവും വലിയ ഉപ്പുപാടം) ഫ്‌ളെമിംഗോകളുടെ പ്രജനനത്തോത് കുറഞ്ഞതായി കണ്ടു.

ബൊളീവിയയിലെ പൊട്ടോസി പ്രവിശ്യയിലെ യുയുനി ഉപ്പുപാടത്തിലാണ്
ലോകത്തിലെ ഏറ്റവും വലിയ ലിഥിയം ശേഖരമുള്ളത് | Photo: Getty images

ഫ്‌ളെമിംഗോകളെ ആശ്രയിച്ചുള്ള ഇക്കോടൂറിസം ചിലിയിലെ സാധാരണക്കാരുടെ ഉപജീവനമാര്‍ഗ്ഗമാണ്. ഫ്‌ളെമിംഗോകള്‍ക്ക് അതിജീവനപ്രശ്‌നം വന്നാല്‍ അതാദ്യം ബാധിക്കുകയും അവരെത്തന്നെ!

നിലവില്‍, മൊത്തം ലിഥിയം ഉത്പാദനത്തിന്‍റെ 29 ശതമാനമാണ് ചിലിയുടെ സംഭാവന. 2025- ആകുമ്പോഴേക്കും ലിഥിയം ഉത്പാദനം ഇരട്ടിയാക്കുകയാണ് ചിലിയുടെ ഭാവിപദ്ധതി.

ചിലിയിലെ പ്രശ്‌നം

പ്രകൃതി സംരക്ഷണവും വികസനപദ്ധതികളും പരസ്പരം കടകവിരുദ്ധമായി പോവുന്നതാണ് മറ്റെവിടുത്തേയും പോലെ ചിലിയുടേയും പ്രശ്‌നം. ബൊളീവിയ,അര്‍ജന്റീന, ചിലി എന്നീ മൂന്ന് രാജ്യങ്ങൾ ചേര്‍ന്ന 'ലിഥിയം ട്രയാംഗിള്‍' ലോകത്തില്‍ ഇന്നേവരെ കണ്ടെത്തിയതില്‍വെച്ച് ഏറ്റവും വലിയ ലിഥിയം നിക്ഷേപമേഖലയാണ്. (ആന്‍ഡിയന്‍, ജെയിംസ്, ചിലിയന്‍ എന്നീ മൂന്ന് വിഭാഗം ഫ്‌ളെമിംഗോകളുടെ ആവാസവ്യവസ്ഥ കൂടിയാണ് ഇവിടം.) നിലവില്‍, മൊത്തം ലിഥിയം ഉത്പാദനത്തിന്റെ 29 ശതമാനമാണ് ചിലിയുടെ സംഭാവന. 2025- ആകുമ്പോഴേക്കും ലിഥിയം ഉത്പാദനം ഇരട്ടിയാക്കുകയാണ് ചിലിയുടെ ഭാവിപദ്ധതി.

എസ് ആകൃതിയിലുള്ള കഴുത്തും പിങ്ക് നിറവുമാണ് ഇവയുടെ പ്രത്യേകത | Photo: Getty

ലിഥിയത്തിന് വേണ്ടി നെട്ടോട്ടം

2035-ല്‍ പെട്രോള്‍-ഡീസല്‍ വാഹനവില്‍പ്പന നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനമെടുത്തു കഴിഞ്ഞു. ഇനി ഇലക്ട്രിക് കാറുകളുടെ കാലം. ഇലക്ട്രിക് കാറുകളുടെ ഉയരുന്ന ആവശ്യത്തിനനുസരിച്ച് ലിഥിയം ഉത്പാദനത്തോതും കൂട്ടണം. ലോകരാജ്യങ്ങളെല്ലാം തിരക്കിട്ട് ലിഥിയം നിക്ഷേപം അന്വേഷിക്കുന്നു. ലാഭം മാത്രം ലക്ഷ്യം വെയ്ക്കുന്ന മൈനിങ്ങ് കമ്പനികളാവട്ടെ, എവിടെയൊക്കെ ലിഥിയം നിക്ഷേപം ഉണ്ടോ അതെല്ലാം ഖനനം ചെയ്യാനുള്ള നെട്ടോട്ടത്തിലും.

ഇന്നത്തെ സ്ഥിതിയില്‍ അര്‍ജന്റീന, ആസ്‌ത്രേലിയ, ചൈന, ചിലി എന്നീ രാജ്യങ്ങളാണ് പ്രമുഖ ലിഥിയം ഉത്പാദകര്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതുവരേയും ലിഥിയം ഖനനം തുടങ്ങിയിട്ടില്ല. ഫ്രാന്‍സിലെ ആദ്യ ഖനനം 2028-ല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് ഖനനക്കമ്പനി, ഇംമ്രൈസ്, അവരുടെ കളിമണ്‍ ഖനിയ്ക്കടിയില്‍ ലിഥിയം ധാതുനിക്ഷേപം കണ്ടെത്തിക്കഴിഞ്ഞു. ഏഴ് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കാനാവശ്യമായ മുപ്പത്തിനാലായിരം ടണ്‍ ലിഥിയം കുഴിച്ചെടുക്കാനാവുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. ഇതിന് സമാനമായൊരു ഖനനപദ്ധതി സെര്‍ബിയയില്‍ ജനങ്ങളുടെ എതിര്‍പ്പുമൂലം പരാജയപ്പെട്ടിരുന്നു. പൊതുജന സ്വീകാര്യത ഖനനവ്യവസായങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയായി തുടരുന്നു.

ഇന്ത്യയിലെ ലിഥിയം നിക്ഷേപം

ഇന്ത്യയില്‍ വന്‍തോതില്‍ ലിഥിയം ശേഖരം കണ്ടെത്തിയത് അടുത്തിടെയാണ്. ജമ്മു കശ്മീരിലെ റിയാസി ജില്ലയില്‍ 59 ലക്ഷം ടണ്‍ വരുന്ന ലിഥിയം നിക്ഷേപം കണ്ടെത്തിയതായാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അറിയിപ്പ്. കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യമിട്ടാണ് ലിഥിയം ഖനനമെങ്കിലും ഖനനത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കാണാതിരിക്കാനാവില്ലെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരുടേയും ശാസ്ത്രജ്ഞരുടേയും നിലപാട്. ജമ്മുവിനും കശ്മീരിനും ഇടയിലുള്ള ഹിമാലയന്‍ ഭൂവിഭാഗം പരിസ്ഥിതിലോലമാണ്. ഖനനം മൂലം ജൈവവൈവിധ്യ സന്തുലനം നഷ്ടമായേക്കാം. കശ്മീരില്‍നിന്നു 1044 കിലോ മീറ്റര്‍ അകലെയാണ് കഴിഞ്ഞ വര്‍ഷം ഭൂമി ഇടിഞ്ഞുതാണ ഗര്‍വാള്‍ ഹിമാലയത്തിലെ ജോഷിമഠ്. ശാസ്ത്രജ്ഞരുടെ നിരന്തരമായ മുന്നറിയിപ്പുകളുണ്ടായിട്ടും തുടര്‍ന്ന അശാസ്ത്രീയ വികസനപ്രവര്‍ത്തനങ്ങളാണ് ജോഷിമഠിനെ ദുരന്തഭൂമിയാക്കിയതെന്ന് നിരീക്ഷണമുണ്ട്.

ലോകത്തിന് ബാറ്ററിയുണ്ടാക്കാന്‍ എത്രം ജലം വേണം? ഒരു ടണ്‍ ലിഥിയം ഉത്പാദിപ്പിക്കാന്‍ ഏകദേശം 2.2 മില്യണ്‍ ലിറ്റര്‍ വെള്ളം വേണം. എല്ലാ തരം ഖനനങ്ങളും ജൈവവൈവിധ്യത്തില്‍ ആഘാതം സൃഷ്ടിക്കുന്നു. ജലമലിനീകരണം, ജലദൗര്‍ലഭ്യം, വായുമലിനീകരണം, ഭൂഗര്‍ഭജലത്തിന്റെ അളവ് കുറയ്ക്കല്‍ എന്നീ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുന്നു. ഖനന പ്രക്രിയയ്ക്ക് മുമ്പും പിമ്പും ജീവന്റെയും പരിസ്ഥിതിയുടെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ് പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനുള്ള മാര്‍ഗം. ഫലപ്രദമായ പാരിസ്ഥിതിക ആഘാത പഠനത്തിലൂടെ ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയും.'ഫ്രണ്ട്‌സ് ഓഫ് എര്‍ത്ത്' പഠനറിപ്പോര്‍ട്ട് പ്രകാരം ലിഥിയം ഖനനത്തിന് വേണ്ടിയുള്ള ജലമെടുപ്പ് പല സമൂഹങ്ങളിലും ജലദൗര്‍ലഭ്യം ഉണ്ടാക്കിയിട്ടുണ്ട്. ചിലിയിലെ ഗോത്രജീവിതശൈലിയേയും കൃഷിയേയും ആദിവാസികളുടെ ആവാസഭൂമികളേയും ലിത്തിയം ഖനനം വിനാശകരമായി ബാധിച്ചു.

ലിഥിയം ഖനനം ജലസ്രോതസ്സുകളിന്മേല്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ച് നടത്തിയ ആദ്യത്തെ വിശദ പഠനം 2022-ല്‍ ജേണല്‍ എര്‍ത്ത്‌സ് ഫ്യൂച്ചറില്‍ വന്നു. അലാസ്‌ക ആങ്കറേജ് സര്‍വകലാശാലയുമായി ചേര്‍ന്ന് മസാച്ചുസ്റ്റ് ആംഹസ്റ്റിലെ ഗവേഷകരാണ് ചിലിയിലെ ലിഥിയം സൈറ്റുകളെ അടിസ്ഥാനമാക്കി പഠിച്ചത്. പുതിയ പഠനം ഊന്നല്‍ നല്‍കിയത് രണ്ട് പ്രധാന കാര്യങ്ങളിലാണ്: ലിഥിയം കാണപ്പെട്ട ജലത്തിന്റെ കാലപ്പഴക്കവും ഉറവിടവും.ചിലിയില്‍ നടന്ന ഖനനത്തിന്റെ ആഘാതം താരതമ്യേന ചെറുതായിരുന്നു. ഖനനത്തിന്റെ ശുദ്ധജലഉപഭോഗം 10% മാത്രം. എന്നിട്ടും ഖനനത്തിനുപയോഗിക്കപ്പെട്ട മൊത്തം ജലം അതിന്റെ പുനരുത്പാദനത്തേക്കാള്‍( റീസപ്‌ളൈ) കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി.

കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്ന ഫ്ലമിംഗോ പക്ഷി | Photo: Getty

ബുള്‍ഡോസറും അരമണിക്കൂറും ഒരു കാട്ടുപൂവും

ലിഥിയം വേണോ വംശനാശം നേരിടുന്ന ഒരു സസ്യത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കണോ? പരിസ്ഥിതിപ്രാധാന്യമുള്ള രണ്ട് തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നിലാണ് അമേരിക്ക. യു.എസിലെ നവാദായിലെ ലിഥിയമുള്ള മണ്ണില്‍ മാത്രം അവശേഷിച്ചിരിക്കുന്ന ടിയംസ് ബക്‌വീറ്റ് എന്ന ഒരു കാട്ടുപൂവ് (എന്‍ഡെയിന്‍ജേഡ്) ആണ് പരിസ്ഥിതിപ്രവര്‍ത്തകരെ ആശങ്കാകുലരാക്കുന്നത്. യു.എസ്സില്‍ ലിഥിയം നിക്ഷേപം കണ്ടെത്തിയ ഏക സ്ഥലം ആണ് നവാദ. ഇവിടെ ലിഥിയം ഖനനം തുടങ്ങിയാല്‍ ആദ്യം ഇല്ലാതാവുക ഈ അപൂര്‍വസസ്യമായിരിക്കും. ഈ പരിസ്ഥിതി പ്രശ്‌നത്തെ പരിഹരിക്കാന്‍ അമേരിക്ക എന്ത് നിലപാടെടുക്കും!

ടിയംസ് ബക്‌വീറ്റ് | Photo: Patrick Donnelly / Center for Biological Diversity


'' ടിയംസ് ബക്‌വീറ്റ് ചെടിയെ ഭൂമുഖത്തുനിന്ന്‌ തുടച്ചുമാറ്റാന്‍ ഒരു ബുള്‍ഡോസറും അരമണിക്കൂറും ധാരാളം! വാസ്തവത്തില്‍ ലിഥിയത്തേക്കാള്‍ അപൂര്‍വമാണ് ഈ സസ്യം. കാരണം, ലോകത്തില്‍ ഈ സസ്യം ഇന്ന് ജീവിച്ചിരിക്കുന്നത് തെക്കുപടിഞ്ഞാറന്‍ നവാദായിലെ റിയോലൈറ്റ് റിഡ്ജിലെ വെറും പത്ത് ഏക്കറിലാണ്.'' അപൂര്‍വസസ്യത്തിന്റെ സംരക്ഷണത്തിന് വേണ്ടി വാദിക്കുകയാണ് സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റിയുടെ ഗ്രേറ്റ് ബേസിന്‍ ഡയറക്ടര്‍ പാട്രിക് ഡോണ്ണലി പറയുന്നു. പരിസ്ഥിതി സംബന്ധിച്ചുണ്ടായ സങ്കീര്‍ണ്ണമായൊരു അവസ്ഥയാണിതെന്ന് പാട്രിക് ഡോണ്ണലിയും സഹപ്രവര്‍ത്തകരും ആണയിടുന്നു. ''ഒരേസമയം വ്യത്യസ്തമായ രണ്ട് പരിസ്ഥിതിപ്രശ്‌നങ്ങളെയാണ് നേരിടേണ്ടിയിരിക്കുന്നത്. ഒരു വശത്ത് ആഗോളതാപനം. ജൈവലോകത്തിന്റെ വംശനാശമെന്ന ദുരന്തം മറുവശത്തും.''

Content Highlights: Climate change,lithium mining, flamingo birds life span, nature future,environment

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


ravisankar prasad and rahul gandhi

1 min

മറ്റുള്ളവരെ അധിക്ഷേപിക്കാൻ രാഹുലിന് പൂര്‍ണസ്വാതന്ത്ര്യം വേണമെന്നാണോ?; കോൺഗ്രസിനെ വിമർശിച്ച് ബിജെപി

Mar 23, 2023

Most Commented