ജയ്പുര്‍ (രാജസ്ഥാന്‍): ദേശാടനത്തിന്റെ ഭാഗമായി ഫ്‌ളമിംഗോകള്‍ കൂട്ടത്തോടെ രാജസ്ഥാനിലെ ഏറ്റവും വലിയ ഉപ്പുജല തടാകമായ സാംബര്‍ തടാകത്തില്‍. ശീതക്കാലത്ത് സാധാരണയായി ലക്ഷക്കണക്കിന് ഫ്‌ളിമംഗോകളാണ് ഇവിടെ എത്താറുള്ളത്. എന്നാല്‍, ഇത്തവണ വേനല്‍ക്കാലത്തും ഫ്‌ളിമംഗോകളെ കൂട്ടത്തോടെ സാംബര്‍ തടാകത്തില്‍ കാണാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

To advertise here,

ദേശാടനപ്പക്ഷികളുടെ, പ്രധാനമായും ഫ്‌ളമിംഗോകളുടെ ഇഷ്ടകേന്ദ്രമാണ് സാംബര്‍ തടാകം. ദേശാടനപാതയില്‍ വിശ്രമിക്കാനും മറ്റുമായി സാംബര്‍ തടാകമാണ് ഫ്‌ളമിംഗോകള്‍ തിരഞ്ഞെടുക്കുക. ലെസ്സര്‍ ഫ്‌ളിമംഗോ, ഗ്രേറ്റര്‍ ഫ്‌ളമിംഗോ എന്നീ ദേശാടനപ്പക്ഷികളെ കാണാന്‍ സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടേക്കുള്ളത്. 

റഷ്യ, മംഗോളിയ, സൈബീരിയ എന്നിവിടങ്ങളില്‍നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ഫ്‌ളമിംഗോകള്‍ സാംബര്‍ തടാകത്തിലേക്കെത്തുന്നത്. ഫ്‌ളിമംഗോകള്‍ക്ക് സാംബര്‍ തടാകം അനുകൂലമായ സാഹചര്യമൊരുക്കുന്നതിനൊപ്പം അവയ്ക്ക് ആവശ്യമായ ഭക്ഷണവും ഇവിടെനിന്ന് ലഭിക്കുന്നു. 

സാധാരണയിൽ കൂടുതലായി ഇത്തവണ ദേശാടനപ്പക്ഷികളെ സാംബര്‍ തടാകത്തില്‍ കണ്ടെത്തി. ഫ്‌ളമിംഗോകളായിരുന്നു ഇക്കൂട്ടത്തില്‍ പ്രധാനി. ദേശാടനപ്പക്ഷികള്‍ സ്വഭാവിക ആവാസവ്യവസ്ഥയാണ് സാംബര്‍ തടാകമൊരുക്കുന്നതെന്ന് പക്ഷിനിരീക്ഷകർ പറയുന്നു. 

ഫ്‌ളമിംഗോകളുടെ രണ്ട് സ്പീഷിസുകളെയും ഇവിടെ കാണാം. ഇതില്‍തന്നെ ഗ്രേറ്റര്‍ ഫ്‌ളമിംഗോകള്‍ക്ക് അഞ്ചടിവരെ നീളംവെക്കും. ലെസ്സര്‍ ഫ്‌ളമിംഗോകളുടെ ഏറിയ പങ്ക് ശരീരവും പിങ്ക് നിറത്തിലാണുള്ളതെങ്കില്‍ ഗ്രേറ്റര്‍ ഫ്‌ളമിംഗോകളുടേത് വെള്ള നിറത്തിലാണ്.

മാര്‍ച്ച് മാസത്തില്‍ ഫ്‌ളമിംഗോകളുടെ വലിയൊരു കൂട്ടം തമിഴ്‌നാട്ടിലെ തൂത്തുകുടിയിലുളള തീരപ്രദേശങ്ങളിലേക്ക് എത്തിയിരുന്നു. ഭക്ഷണം തേടിയും അനുകൂലമായ കാലാവസ്ഥ തേടിയുമാണ് ഫ്‌ളമിംഗോകള്‍ യാത്ര തിരിക്കുക. ചിലത് സീസണനുസരിച്ച് ദേശാടനം നടത്തുമ്പോള്‍ മറ്റ് ചിലത് പ്രാദേശിക കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് ദേശാടനം നടത്തുന്നു.