വേഴാമ്പൽ കൊക്ക് തലപ്പാവായി ഉപയോഗിക്കുന്നു അരുണാചൽ പ്രദേശിലെ ആദിവാസി വിഭാഗം.| By en:User:Doniv79 - http://en.wikipedia.org/wiki/File:Nishi_tribal_lightened.jpg, CC BY-SA 2.5, https://commons.wikimedia.org/w/index.php?curid=2581464
''എല്ലാ ജന്തുക്കളും പോയിമറയുകയാണെങ്കിൽ, ആത്മീയമായൊരു അപാരശൂന്യതയിൽപെട്ട് മനുഷ്യർ മരിക്കും. കാരണം, ജന്തുക്കൾക്ക് സംഭവിക്കുന്നതെല്ലാം മനുഷ്യർക്കും അനുഭവത്തിൽ വരും. എല്ലാം പരസ്പരബന്ധിതമാണ്. ഭൂമിക്ക് വരുന്നതെല്ലാം ഭൂമിപുത്രർക്കും വരും.''
- ഒരു അമേരിക്കൻ ഗോത്ര പഴമൊഴി
അരുണാചല്‍ പ്രദേശിന്റെ വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ കം വൈല്‍ഡ് ലൈഫ് വാര്‍ഡനായ നൈല്യാങ്ങ് ടാം ഇക്കഴിഞ്ഞ ഫെബ്രുവരി പത്തിന് ഒരു പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചു. അരുണാചല്‍ പ്രദേശിലെ രണ്ടാമത്തെ വലിയ ആദിവാസി വിഭാഗമായ ആതി ഗോത്രത്തിന്റ നായാട്ടുത്സവം 'ഉനിങ്ങ് ആരാന്‍' മാര്‍ച്ച് മാസത്തില്‍ ആഘോഷിക്കാന്‍ പോകുന്നു. ഈ സമയത്ത് ഉത്സവത്തിന്റെ ഭാഗമായ കാട്ടുജീവികളുടെ കൂട്ടവേട്ടയാടല്‍ തടയാന്‍ സിയാങ്ങ് ബെല്‍റ്റിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാരും മറ്റു വനം വകുപ്പ് ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്നായിരുന്നു അറിയിപ്പ്. അരുണാചല്‍ പ്രദേശ്, പ്രകൃതിസ്‌നേഹികളുടേയും പക്ഷിനിരീക്ഷകരുടേയും പ്രിയസങ്കേതം. ലോകത്തിന്റെ തന്നെ ജൈവവ്യവസ്ഥയുടെ ഒരു ഹോട്‌സ്‌പോട്ട്. ഇന്ന്, കാടിനോട് പൊരുത്തപ്പെട്ട് ജീവിച്ചുപോന്ന ആദിവാസികളുടെ ചില വിശ്വാസങ്ങള്‍ക്കും, പക്ഷി-മൃഗക്കടത്ത് വിപണിയുടെ ബിസിനസ് താല്‍പ്പര്യങ്ങള്‍ക്കും ജൈവവൈവിധ്യസംരക്ഷണത്തിനുള്ള കഠിനശ്രമങ്ങള്‍ക്കും ഇടയിലാണ് അരുണാചല്‍ പ്രദേശ്.
അരുണാചല്‍ പ്രദേശിന്റെ ഭൂമിയുടെ 80% വനമാണ്. ഭൂപ്രദേശമാണെങ്കില്‍ മറ്റെങ്ങും കാണാത്ത വിധം വൈവിധ്യമാര്‍ന്നത്. നിത്യഹരിതവനങ്ങള്‍, ഉയര്‍ന്ന മണ്‍തിട്ടകള്‍, ആഴം കുറഞ്ഞ നദീതാഴ്‌വാരങ്ങള്‍, എല്ലാറ്റിനുമുപരി ഹിമാലയ ശിഖരങ്ങളും! ജൈവവൈവിധ്യത്തിന്റെ ഈ അപൂര്‍വസങ്കേതത്തില്‍ നിറക്കൂട്ടുകളുമായി 500-ല്‍പ്പരം പക്ഷിവർഗങ്ങൾ. ആയിരക്കണക്കിന് വേറിട്ട സസ്യങ്ങള്‍. ബേഡ് ടൂറിസമാണ് അരുണാചല്‍ പ്രദേശിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ഹോംഡില്ലയിലെ ഈഗിള്‍നെസ്റ്റ് സാംക്ച്വറി, പാസിഘട്ടിലെ ഡായിങ്ങ് എറിങ്ങ് വൈല്‍ഡ്‌ലൈഫ് സാംങ്ച്വറി, നംദഫ നാഷണല്‍ പാര്‍ക്ക് എന്ന് തുടങ്ങി എട്ട് വന്യജീവി സങ്കേതങ്ങളും ഒരു ഓര്‍ക്കിഡ് സങ്കേതവും രണ്ട് നാഷണല്‍ പാര്‍ക്കുകളുമുണ്ട് അരുണാചലില്‍.
സംരക്ഷകരായി മാറിയ വേട്ടക്കാര്‍
അരുണാചല്‍ പ്രദേശിലെ ഗോത്രക്കാര്‍ അനുവര്‍ത്തിച്ചുപോന്ന അതിക്രൂരമായ നായാട്ടുത്സവത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഉത്സവത്തിന്റെ ഭാഗമായി കൊല ചെയ്യപ്പെട്ട പക്ഷികളേയും മൃഗങ്ങളേയും നിരയായി തൂക്കിയിട്ടത് കാണാം. മെരു, പറക്കും അണ്ണാന്‍, ഖലീജ് ഫെസന്റ്, റെഡ് ഫെസന്റ്, മാന്‍, കീരി... പലതും വംശനാശഭീഷണി നേരിടുന്നവ. അരുണാചല്‍ പ്രദേശിലെ വലിയ രണ്ടാമത്തെ ആദിവാസി വിഭാഗമാണ് ആതി ഗോത്രം. ആതി ഗോത്രക്കാരുടെ പ്രധാന ഉത്സവങ്ങളായ നവംബറിലെ ഡോറങ്ങ്, മാര്‍ച്ചിലെ ഉനൈങ്ങ് ആരാന്‍, ജനവരിയിലെ ഡിഷാങ്ങ് എന്നിവയും വിവാഹങ്ങളും നായാട്ടോടെയാണ് പണ്ടേ ആഘോഷിക്കുന്നത്. പണ്ട് മുളക്കെണി വെച്ചാണ് ജീവികളെ പിടിച്ചിരുന്നതെങ്കില്‍ പിന്നീട് എയര്‍ ഗണ്ണുകൊണ്ടായി ആതി ജനതയുടെ വേട്ട. എയര്‍ ഗണ്‍ കൊണ്ട് നിമിഷനേരത്തിനുള്ളില്‍ എത്രയോ ജീവികളെ പിടികൂടാം. വന്യജീവികളുടെ മാംസമാര്‍ക്കറ്റും ഒപ്പം വളര്‍ന്നു. ആദിവാസികളുടെ വേട്ടമിടുക്ക് ചൂഷണം ചെയ്യാന്‍ വന്യജീവി കടത്തുകാരുമെത്തി. വേട്ടയാടുന്നതിലുണ്ടായിരുന്ന വിശ്വാസപരമായ നിയന്ത്രണങ്ങളെ പണത്തിന് വേണ്ടി മറികടക്കാന്‍ ചില ഗോത്രക്കാരും തയ്യാറായി. അവര്‍ ഏത് നേരവും തോക്കുമേന്തി നടന്നു. കുട്ടികള്‍വരെ ചെറിയ പൈസയ്ക്ക് വേണ്ടി കണ്ട പക്ഷികളെയെല്ലാം വെടിവെച്ചിട്ടു. പക്ഷികളില്ലാതെ ഗ്രാമങ്ങള്‍ മൂകമായി.
ജീവജാലങ്ങളുടെ എണ്ണത്തില്‍ വന്ന വിനാശകരമായ കുറവാണ് അടുത്ത പടി സംഭവിച്ചത്. പല ജീവികളും തീര്‍ത്തും കുറ്റിയറ്റു! വിവിധ തരം 53 പക്ഷിവർഗങ്ങൾ വേട്ടക്കിരയാവുന്നതായി 2002-2005 കാലത്ത് പടിഞ്ഞാറന്‍ അരുണാചല്‍ പ്രദേശിലെ മൂന്ന് ആദിവാസി ഗോത്രങ്ങള്‍ക്കിടയില്‍ നടന്ന സര്‍വേയില്‍ വെളിപ്പെട്ടു. ജേണല്‍ ഓഫ് ട്രോപ്പിക്കല്‍ ഇക്കോളജിയില്‍ പ്രസിദ്ധീകരിച്ച പ്രസ്തുത പഠന റിപ്പോര്‍ട്ട് പ്രകാരം, വേട്ടയാടപ്പെടുന്ന അഞ്ച് സ്പീഷിസ് പക്ഷികള്‍ ഐ.യു.സി.എന്‍. റെഡ് ലിസ്റ്റിലെ 'എന്‍ഡേന്‍ജേര്‍ഡ്' പട്ടികയിലും അഞ്ച് സ്പീഷിസ് ' 'വള്‍നറബിള്‍' വിഭാഗത്തിലും ഒരു സ്പീഷിസ് ' 'ക്രിറ്റിക്കലി എന്‍ഡെയിഞ്ചേഡ്' വിഭാഗത്തിലും പെട്ടവയായിരുന്നു.
വനവും വനവിഭവങ്ങളും ആദിവാസികളുടെ അവകാശങ്ങളാണ്. കാടിനെ സ്വന്തം വീടായി കരുതുന്ന ആദിവാസികളെ കാട്ടില്‍നിന്ന് ഓടിക്കാതെ, അവരെ പുതിയ ജൈവബോധത്തിലേക്ക് കൂട്ടിച്ചേര്‍ത്ത്, കാടിന്റെ കാവലാളുകളാക്കി മാറ്റാനായിരുന്നു (Participatory conservation) അരുണാചല്‍ പ്രദേശിലെ പരിസ്ഥിതി പ്രവര്‍ത്തകരും ഗവേഷകരുടേയും ശ്രമം. ആതി ഗോത്രത്തലവന്മാരുടെ പരമ്പരാഗത കമ്മിറ്റിയായ 'ആതി ബാനെ കബാങ്ങ്' വേട്ടയ്‌ക്കെതിരെ സംസാരിച്ചു തുടങ്ങി. 2015 -ല്‍ ബോധവത്കരണത്തിന്റെ ഭാഗമായി ആതിഗോത്രത്തലവന്മാരെ അയൽസംസ്ഥാനമായ അസമിലെ കാസിരംഗ വൈല്‍ഡ് ലൈഫ് സാംക്ച്വറി സന്ദര്‍ശിക്കാന്‍ സംസ്ഥാന വനം വകുപ്പ് ക്ഷണിച്ചു. ഗോത്രത്തലവന്മാര്‍ പഴഞ്ചന്‍ ആചാരങ്ങളെ കൈവിടാന്‍ തീരുമാനിച്ചു. സ്വന്തം നാടിന്റെ ജൈവവൈവിധ്യം സൂക്ഷിക്കുമെന്ന് ദൃഢപ്രതിജ്ഞയെടുത്തു.

ചെയ്ത് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി | File Photo: PTI
വേഴാമ്പല്‍ക്കൂട് ദത്തെടുക്കാം
വേഴാമ്പലുള്ള കാട് എല്ലാ അര്‍ത്ഥത്തിലും സമ്പുഷ്ടമായ ഒരു കാടായിരിക്കും എന്ന് പറയാറുണ്ട്. പഴം ആഹരിച്ച് വിത്ത് കാട്ടിലുടനീളം വിതരണം ചെയ്യുന്നവരായതിനാല്‍ കാട്ടിലെ കൃഷിക്കാര്‍ എന്ന് വേഴാമ്പലിനെ വിളിക്കാറുണ്ട്. ഇന്ത്യയില്‍, വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടി(1972)ന്റെ കീഴില്‍ ഷെഡ്യൂള്‍ഡ് സ്പീഷിസായ വേഴാമ്പല്‍( അരുണാചല്‍ പ്രദേശിന്റെ സംസ്ഥാന പക്ഷിയും), 2018-ല്‍ ഐ.യു.സി.എന്‍. പ്രൊട്ടക്റ്റഡ് സ്പീഷീസ് ലിസ്റ്റില്‍ ' വള്‍നറബിള്‍' വിഭാഗത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടു. അരുണാചല്‍ പ്രദേശിലെ പ്രധാന ഗോത്രമായ നൈഷികളുടെ വേട്ടയാടലാണ് വേഴാമ്പലുകളെ വംശനാശസാധ്യതയിലെത്തിച്ചത്. നൈഷികളുടെ തലപ്പാവിലെ അലങ്കാരമായിരുന്നു വേഴാമ്പലുകളുടെ വലിയ മഞ്ഞകൊക്ക്. വേഴാമ്പലിന്റെ മാംസവും തൂവലുകളും അവര്‍ ഉപയോഗിച്ചുവന്നു.
വേഴാമ്പലുകളെ സ്ഥിരമായി വേട്ടയാടിയവരെ അവയുടെ സംരക്ഷകരായി മാറ്റുകയായിരുന്നു ഏതാനും പരിസ്ഥിതി പ്രവര്‍ത്തകര്‍. ഹോണ്‍ബില്‍ നെസ്റ്റ് അഡോപ്‌റ്റേഷന്‍ പ്രോഗ്രാം ( HNAP) 2011-ല്‍ പ്രവര്‍ത്തനമാരംഭിച്ചു. നൈഷി ഗോത്രത്തലവന്മാരുടെ സംഘടനയായ ഗോറ-ആബ്ബെ സൊസൈറ്റിയും അരുണാചല്‍ പ്രദേശ് വനം വകുപ്പും ഉള്‍പ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ' നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍' ആണ്. ഇക്കോളജിസ്റ്റ് അപരാജിത ദത്തയുടെ 1995-ല്‍ തുടങ്ങി, വര്‍ഷങ്ങള്‍ നീണ്ട വേഴാമ്പലുകളെക്കുറിച്ചുള്ള ഗവേഷണമായിരുന്നു ഫൗണ്ടേഷന്റെ അടിസ്ഥാനം.
വേഴാമ്പലുകളുടെ സംരക്ഷണം ഏറ്റെടുത്ത ഗോത്രക്കാര്‍ക്ക് നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ ഫണ്ടില്‍നിന്നു സ്ഥിരപ്രതിഫലം ലഭിച്ചു. 2020-ആയപ്പോഴേക്കും സംരക്ഷിക്കപ്പെട്ട 40 വേഴാമ്പല്‍ കൂടുകളില്‍നിന്നും 152 വേഴാമ്പല്‍ക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി! അരുണാചലിലെ വേഴാമ്പല്‍ക്കൂടുകളെ ആര്‍ക്കും ദത്തെടുക്കാം! മാസം ആറായിരം രൂപയാണ് അതിന് ചെലവഴിക്കേണ്ടത്. വര്‍ഷം രണ്ട് വിശദ റിപ്പോര്‍ട്ടുകള്‍, സംരക്ഷിക്കുന്ന വേഴാമ്പല്‍ കുടുംബത്തെക്കുറിച്ച്, അയച്ചുകിട്ടും. കൂടുകളുടെ സംരക്ഷണമേറ്റെടുത്ത ആദിവാസികള്‍ക്കുള്ള ശമ്പളം കണ്ടെത്താന്‍ നേച്ചര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ കണ്ടെത്തിയ വഴി കൂടിയായിരുന്നു ഈ ദത്തെടുക്കല്‍ പ്രൊജക്റ്റ്!

നൈഷിഗോത്രത്തിന് കാടുമായുള്ള ബന്ധം മനസ്സിലാക്കിയതും അവരുടെ തലപ്പാവിലെ അലങ്കാരമായ വേഴാമ്പല്‍ കൊക്കിന് ബദല്‍ കണ്ടെത്തിയതുമാണ് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. യഥാര്‍ത്ഥ വേഴാമ്പല്‍ കൊക്കിനേക്കാള്‍ ഈടുള്ള ഫൈബര്‍ ഗ്‌ളാസ് പക്ഷിക്കൊക്കാണ് ഡബ്‌ള്യു. ടി. ഐ. നിര്‍മ്മിച്ചത്. കൊക്കുകളുടെ നിര്‍മ്മാണം ഗോത്രക്കാരുടെ വരുമാനമാര്‍ഗ്ഗമായും മാറ്റി. അരുണാചല്‍ പ്രദേശിലെ പക്കെ ടൈഗര്‍ റിസര്‍വിലും അടുത്തുള്ള കാടുകളിലും ഇന്ന് നിറയെ വേഴാമ്പല്‍ കൂടുകള്‍ കാണാനാവും. രാത്രിസമയത്ത് നൂറോളം 'റീത്ഡ് ഹോണ്‍ബില്ലുകളെ' റിസര്‍വ് ഫോറസ്റ്റില്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. വേഴാമ്പല്‍ കൂടുകള്‍ കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും ധാരാളം സഞ്ചാരികളെത്തുന്നു. ഇക്കോ ടൂറിസത്തിലൂടെ ആദിവാസികള്‍ക്ക് വരുമാനവും ലഭിക്കുന്നു.
എയര്‍ഗണ്‍ സറണ്ടര്‍ അഭിയാന്‍
ആദിവാസികള്‍ക്കിടയിലെ വേട്ടയാടല്‍ തടയാന്‍ അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍ 2021-ല്‍ കൊണ്ടുവന്ന പദ്ധതിയാണ് 'എയര്‍ഗണ്‍ സറണ്ടര്‍ അഭിയാന്‍'. 2018-ലാണ് ആദ്യത്തെ 'തോക്ക് സമര്‍പ്പിക്കല്‍', 20 തോക്കുകള്‍, നടന്നത്. തുടര്‍ന്ന് സംസ്ഥാനത്തുടനീളം നൂറിനടുത്ത് തോക്കുകള്‍ സര്‍ക്കാരിന് കൈമാറപ്പെട്ടു. ഏതാനും ആഴ്ചകള്‍ക്കകം തന്നെ ഗ്രാമങ്ങളില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു. '' വീടിനടുത്തും കാട്ടിലും പക്ഷികള്‍ വന്നുതുടങ്ങി. മൈന, തത്ത, കുടില്‍, ബുള്‍ബുള്‍, കുരുവി, പ്രാവ്, പരുന്ത് തുടങ്ങിയവയെ കൂട്ടമായി കാണുന്നു. കാട്ടില്‍ പക്ഷികളുടെ പാട്ടും കേള്‍ക്കുന്നു.'' ഇതുവരെയായി 2400 തോക്കുകള്‍ സര്‍ക്കാരിലേക്ക് കിട്ടി.
വന്യജീവികളെ കൊല്ലുന്നതും പിടികൂടുന്നതും തടയാന്‍ പലതരം പിഴകള്‍ നടപ്പിലുണ്ട്. വേട്ടയാടലും സ്‌ഫോടനം നടത്തിയും വിഷം കലക്കിയുമുള്ള മീന്‍പിടുത്തവും 25,000 രൂപ ഈടാക്കാവുന്ന കുറ്റമാണ്. പിഴത്തുകകള്‍ ഗ്രാമവികസനത്തിന് ഉപയോഗിക്കുന്നു. ഗോത്രങ്ങളിലെ വിദ്യാസമ്പന്നരായ പുതുതലമുറ പരിസ്ഥിതിബോധം ഉള്‍ക്കൊള്ളുന്നവരാണ്. വേട്ടക്കാരെ പിടികൂടാനും ഉള്‍ക്കാടുകളില്‍ കാവലിന് പോവാനും അവര്‍ സ്വമേധയാ തയ്യാറാവുന്നു.
2002-2019 കാലയളവിനുള്ളില്‍ 1,110 സ്‌ക്വയര്‍ കിലോമീറ്റര്‍ കന്യാവനം അരുണാചല്‍ പ്രദേശിന് നഷ്ടപ്പെട്ടതായി ഗ്‌ളോബല്‍ ഫോറസ്റ്റ് വാച്ച് 2020 റിപ്പോര്‍ട്ട് പറയുന്നു. അനധികൃത മരംമുറി, ഗോത്രകലാപങ്ങള്‍, കൃഷിഭൂമിക്ക് വേണ്ടിയുള്ള കാട് തെളിക്കല്‍, സ്വാഭാവിക വനങ്ങളെ പ്‌ളാന്റേഷനുകളാക്കി മാറ്റല്‍ എന്നീ ഘടകങ്ങള്‍ വനനശീകരണത്തിന് വഴി തെളിച്ചു.
അരുണാചല്‍ പ്രദേശിലെ കാടുകളില്‍നിന്ന് ഇപ്പോഴും അപൂര്‍വ പക്ഷികള്‍ പക്ഷിനിരീക്ഷകര്‍ക്ക് മുന്നിലേക്ക് വെളിപ്പെടുന്നുണ്ട്. 2021-ല്‍, മുഗാഫി പീക്കില്‍ വെച്ച് കണ്ട "ഗ്രേ ബില്‍ഡ് റെന്‍ ബാബ്‌ളര്‍' എന്നൊരിനം പാട്ടുപക്ഷി. 2022-ല്‍ 'ത്രീ ബ്രാന്‍ഡഡ് റോസ് ഫിഞ്ച്' എന്നൊരിനം.
Content Highlights: Nature Future, Arunachalpradesh,wildlife conservation,anti poaching project,environment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..