'ദ ലിറ്റില്‍ മെര്‍മെയ്ഡ്' എന്ന ഡിസ്നി സിനിമയിലെ മത്സ്യകന്യക നീന്തിനീങ്ങുന്ന നീലജലാശയവും മനോഹരമായ ഗുഹാവഴികളും കണ്ട് അതുപോലിരിടം ഭൂമിയിലുണ്ടായിരുന്നെങ്കിലോ എന്ന് ആഗ്രഹിച്ച ചിലരെങ്കിലും ഉണ്ടാകും. ആ അനിമേഷന്‍ മൂവിയിലേതുപോലെ, ഒരുപക്ഷേ അതിലേറെ അഴകാര്‍ന്ന ഒരിടം ഭൂമിയിലുണ്ടെന്നുള്ളത് അതിശയിപ്പിക്കുന്ന സംഗതിയല്ലേ? കൃത്യമായ രൂപരേഖ അടിസ്ഥാനമാക്കി ആരോ നിര്‍മിച്ചെടുത്തപോലെയാണ് ചിലിയിലെ മാര്‍ബിള്‍ ഗുഹാസമുച്ചയം (Marble Caves, Chile). സൂര്യവെളിച്ചത്തില്‍ അതിമനോഹരമായി തിളങ്ങുന്ന നീലത്തടാകവും മാര്‍ബിള്‍ പാറ്റേണുകളുള്ള ഗുഹകളും ചിലിയിലെത്തുന്ന വിനോദസഞ്ചാരികളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ടതാണ്. മനോഹരമായ ചായക്കൂട്ടുകളാണ് മാര്‍ബിള്‍ ഗുഹാഭിത്തികള്‍ക്ക്. നീലയുടെ നിറപ്പകര്‍ച്ചകളും പച്ച, മഞ്ഞ, വെള്ള നിറങ്ങളും ഗുഹാസമുച്ചയത്തിന് അഴകേറ്റുന്നു. 

To advertise here,

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

ചിലിയിലെ അത്ഭുതം  

ചിലിയും അര്‍ജന്റീനയും അതിര്‍ത്തി പങ്കിടുന്ന പാറ്റഗോണിയ (Patagonia)യുടെ ഹൃദയഭാഗത്താണ് മാര്‍ബിള്‍ ഗുഹകള്‍ സ്ഥിതിചെയ്യുന്നത്. ജനറല്‍ കരേര തടാകത്തിലെ (Lake General Carrera) ഈ ഗുഹാസമുച്ചയത്തിന് ക്യാപ്പിലാസ് ഡി മാര്‍മോള്‍ (Cappilas de Marmol) എന്നാണ് ഔദ്യോഗികനാമം. ചിലിയിലും അര്‍ജന്റീനയിലുമായി വ്യാപിച്ചുകിടക്കുന്നതിനാല്‍ത്തന്നെ രണ്ട് ഭാഗങ്ങളിലും രണ്ട് പേരുകളില്‍ തടാകം അറിയപ്പെടുന്നു. അര്‍ജന്റീനിയന്‍ ഭാഗത്ത് ബ്യൂണസ് ഐറിസ് തടാകമെന്നാണ് (Lake Buenos Aires) ഈ ജലാശയത്തിന്റെ നാമം. ശുദ്ധജലത്തടാകമായതിനാല്‍ത്തന്നെ നല്ല തെളിഞ്ഞ വെള്ളമാണ് തടാകത്തിന്. ആകാശത്തിന്റെ നീലനിറത്തെ തടാകത്തിലെ ജലം നന്നായി പ്രതിഫലിപ്പിക്കുന്നു. അക്കാരണത്താല്‍ തടാകത്തിന് അഴകാര്‍ന്ന നീലനിറമാണുള്ളത്, ഇത് തടാകത്തേക്കാളേറെ ഒരു സമുദ്രത്തിന്റെ പ്രതീതിയാണ് പ്രദേശത്തുളവാക്കുന്നത്.

രൂപം കൊണ്ടത് 6000ലേറെ വര്‍ഷംകൊണ്ട്

ജലാശയത്തിലുണ്ടാകുന്ന വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും മൂലം ആയിരക്കണക്കിന് വർഷമെടുത്താണ് ഗുഹാസമുച്ചയം ഇന്നു കാണുന്ന നിലയിൽ രൂപപ്പെട്ടത്. അല്‍പം സാഹിത്യഭാഷ കലര്‍ത്തിയാല്‍ പ്രകൃതിതന്നെ കൊത്തിയെടുത്ത മാര്‍ബിള്‍ വിസ്മയം! ഏകദേശം ആറായിരം വര്‍ഷം കൊണ്ടാണ് ഈ പ്രകൃതിവിസ്മയമൊരുങ്ങിയതെന്ന് വിദഗ്ധര്‍ പറയുന്നു. ദശലക്ഷക്കണക്കിന് വർഷം കൊണ്ട് തടാകത്തിലെ ജലത്തിലുണ്ടായ കാൽസ്യം കാർബണേറ്റിൻ്റെ സമൃദ്ധമായ നിക്ഷേപമാണ് ഈ പ്രദേശത്തിൻ്റെ വ്യത്യസ്തമായ ഭൂപ്രകൃതിക്ക് കാരണം. ഏകദേശം 20 കോടി വർഷങ്ങൾക്ക് മുമ്പ്, ടെക്റ്റോണിക് പ്രവർത്തനങ്ങൾ മൂലം (ഭൂവൽക്കപാളികളുടെ ചലനമോ കൂട്ടിമുട്ടലോ കാരണം ഭൂകമ്പങ്ങൾ, അ​ഗ്നിപർവത സ്ഫോടനങ്ങൾ, പർവതരൂപീകരണങ്ങൾ എന്നിവ സംഭവിക്കുന്നത്) ജുറാസിക് കാലഘട്ടത്തിലാണ് ജനറൽ കരേര തടാകത്തിന് ചുറ്റുമുള്ള പ്രദേശം രൂപപ്പെട്ടത്. കാലക്രമേണ, ഹിമാനികൾ ഉരുകുന്നതും നദികളുടെ ഒഴുക്കും മലനിരകളുടെ മണ്ണൊലിപ്പിന് കാരണമായി, തടാകത്തിൽ കാൽസ്യം കാർബണേറ്റിൻ്റെ നിക്ഷേപം രൂപപ്പെടാനും തുടങ്ങി. കാൽസ്യം കാർബണേറ്റ് അടങ്ങിയ പരൽഘടനയുള്ള (recrystallized) ചുണ്ണാമ്പുകല്ലാണ് മാർബിൾ നിക്ഷേപങ്ങൾക്ക് പ്രധാനമായും കാരണമാകുന്നത്. ആഴം കുറഞ്ഞ കടലിൻ്റെ അടിത്തട്ടിലെ സമുദ്രജീവികളുടെ ഷെല്ലുകളുടെയും അസ്ഥികൂടങ്ങളുടെയും ശേഖരണത്തിൽ നിന്നാണ് ഇത്തരത്തിലുള്ള പാറ രൂപപ്പെടുന്നത്. കാലക്രമേണ, ഷെല്ലുകളിലെയും അസ്ഥികൂടങ്ങളിലെയും കാൽസ്യം കാർബണേറ്റ് സാന്ദ്രമാകുകയും പരൽരൂപത്തിലാകുകയും മാർബിൾ ഗുഹകളിൽ ഇന്ന് കാണുന്ന മാർബിൾ രൂപപ്പെടുകയും ചെയ്യുന്നു.

മാർബിൾ ഗുഹകളിലെ പാറകൾ രൂപപ്പെട്ടത് രൂപാന്തരീകരണ പ്രക്രിയയിലൂടെയാണ് (process of metamorphism), പ്രദേശത്ത് നിലവിലുണ്ടായിരുന്ന പാറകൾക്ക്  തീവ്രമായ ചൂടും സമ്മർദവും മൂലമുണ്ടായ പരിവർത്തനമാണ് ഇന്നത്തെ രൂപത്തിലുള്ള മാർബിൾ പാറകൾക്ക് കാരണമായത്.  ഏകദേശം 20-40 കോടി വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്തെ മൂടിയിരുന്നത്  ആഴം കുറഞ്ഞ കടലായിരുന്നു. ഈ കൽജലം നിക്ഷേപിച്ച ഒരു തരം ചുണ്ണാമ്പുകല്ലാണ് പിന്നീട് മാർബിൾ രൂപപ്പെടുത്തിയെടുത്തത്. കാലക്രമേണ, ടെക്റ്റോണിക് പ്രവർത്തനം മൂലം ഈ ചുണ്ണാമ്പുകല്ല് ഭൂമിയുടെ ഉപരിതലത്തിനടിയിൽ ആഴത്തിൽ മറവുചെയ്യപ്പെട്ടു. 400-500 ഡിഗ്രി സെൽഷ്യസ് വരെ താപനിലയ്ക്കും ഉയർന്ന മർദത്തിനും വിധേയമാക്കപ്പെട്ടതോടെ ചുണ്ണാമ്പുകല്ല് വീണ്ടും ക്രിസ്റ്റലുകളാവുകയും മാർബിളായി രൂപാന്തരപ്പെടുകയും ചെയ്തു.  പ്രാഥമികമായി കാൽസൈറ്റ് എന്ന ധാതുവിൽ നിന്നാണ് മാർബിൾ പാറകൾ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. 

ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉയർന്നു പൊങ്ങി

കാലങ്ങൾക്ക് ശേഷം ഭൗമാന്തർഭാ​ഗത്തിന്റെ ഉയർച്ചയും മണ്ണൊലിപ്പും മാർബിളായി മാറിയ ചുണ്ണാമ്പുപാറയെ ഉപരിതലത്തിലേക്കെത്തിച്ചു. ജനറല്‍ കരേര തടാകത്തിലെ വെള്ളത്തിലടങ്ങിയിരിക്കുന്ന കാല്‍സ്യം കാര്‍ബണേറ്റാണ് മാര്‍ബിളുകളെ അലിയിച്ച് വര്‍ണവിസ്മയമൊരുക്കുന്നത്. വെള്ളത്തിലെ കാൽസ്യം കാർബണേറ്റിൻ്റെ ഉയർന്ന സാന്ദ്രത അനവധി വർഷങ്ങളെടുത്ത് മാർബിളിനെ സാവധാനത്തിൽ അലിയിച്ചാണ് ഇന്ന് ഗുഹകളിൽ കാണുന്ന തനതായ രൂപങ്ങളും പാറ്റേണുകളും സൃഷ്ടിക്കപ്പെട്ടത്. ഹിമാനികള്‍ ഉരുകിയെത്തുന്നതോടെ തടാകത്തിലെ ജലനിരപ്പ് ഉയരുന്നത് പതിവാണ്. കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് ഗുഹകളുടെ നിറങ്ങളിലും വ്യത്യാസം കാണപ്പെടാറുണ്ട്. വ്യത്യസ്ത ഋതുക്കളില്‍ മാര്‍ബിളുകളില്‍ നിറവ്യത്യാസം കാണപ്പെടുന്നു. തടാകത്തിലെ ജലം പ്രതിഫലിപ്പിക്കുന്ന പ്രകാശരശ്മികള്‍ക്കനുസൃതമായാണ് ഈ നിറവ്യത്യാസമുണ്ടാകുന്നത്. തടാകത്തിൽ നിന്നുള്ള ജലത്തിൻ്റെ പ്രവർത്തനത്താൽ മാർബിൾ വീണ്ടും  രൂപപ്പെടുകയും മിനുക്കപ്പെടുകയും ചെയ്തു, അതിൻ്റെ ഫലമായി മാർബിൾ ഗുഹകളുടെ അതുല്യവും അതിശയകരവുമായ പാറ്റേണുകൾ സൃഷ്ടിക്കപ്പെട്ടുവെന്നാണ് വിദ​ഗ്ധരുടെ നി​ഗമനം.

ഗുഹാസമുച്ചയത്തിന്റെ പ്രത്യേകതകള്‍ 

വിവിധ വര്‍ണങ്ങളിലുള്ള ഗുഹാഭിത്തികള്‍ മാത്രമല്ല ഗുഹകള്‍ക്കുള്ളില്‍ നിരവധി തുരങ്കസമാനപാതകളും രൂപപ്പെട്ടിട്ടുണ്ട്. ചെറിയ ബോട്ടുകളില്‍ ഈ പാതകളിലൂടെ സഞ്ചാരികള്‍ക്ക് നീങ്ങാം. ഗുഹകള്‍ക്കുള്ളിലെ ജലയാത്ര അവിസ്മരണീയമായ അനുഭവമാണ്. ഗുഹകള്‍ കാണണമെങ്കിലും ബോട്ട് യാത്രയോ കയാക്കിങ്ങോ ആണ് ആശ്രയിക്കാവുന്നത്. കിഴക്കാംതൂക്കായ ഗുഹാഭിത്തികളില്‍ വ്യത്യസ്ത നിറങ്ങള്‍ കണ്‍മുന്നിലൂടെ നീങ്ങുന്നത് ഒരേസമയം അത്ഭുതവും ആനന്ദവും ഉളവാക്കും. തിരകള്‍ അലിയിച്ചൊരുക്കിയ വര്‍ണവൈവിധ്യമാര്‍ന്ന അനവധി സ്തൂപങ്ങള്‍ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന പാറക്കെട്ടുകള്‍ പോലെയാണ് ഈ വിചിത്രഗുഹകള്‍. ചിലി ചികോ (Chile Chico) എന്നാണ് ഗുഹാന്തര്‍തുരങ്കങ്ങള്‍ അറിയപ്പെടുന്നത്. 1895 ലാണ് ഈ ഗുഹകള്‍ കണ്ടെത്തിയത്. മാര്‍ബിള്‍ കപ്പേളകളെന്നും ( Marble Chapels) മാര്‍ബിള്‍ കത്തീഡ്രലെന്നും (Marble Cathedral) ഗുഹകള്‍ അറിയപ്പെടുന്നു. ഗുഹാന്തര്‍ഭാഗത്തെ മുകള്‍ത്തട്ടുകളിലെ രൂപവൈവിധ്യങ്ങള്‍ ആരാധനാലയങ്ങളെ ഓര്‍മിപ്പിക്കുന്ന വിധത്തിലായതിനാലാണത്. 

ഒരിക്കലെങ്കിലും മാര്‍ബിള്‍ ഗുഹകള്‍ സന്ദര്‍ശിക്കാം

സാധ്യമാകുമെങ്കില്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട ഇടമാണ് മാര്‍ബിള്‍ ഗുഹകള്‍. ബോട്ടുകളില്‍ സഞ്ചരിച്ച് ഗുഹാസമുച്ചയത്തിനരികിലേക്കെത്താം. നീലജലമുള്‍ക്കൊള്ളുന്ന ജനറല്‍ കരേര തടാകത്തിലൂടെ ഗുഹകള്‍ക്കരികിലെത്തുമ്പോഴേക്കും വിസ്മയഭരിതരായി സ്വയം മറന്ന് ചിലപ്പോള്‍ ആര്‍ത്തുവിളിക്കാനും സാധ്യതയുണ്ട്. ഗുഹകള്‍ക്കരികില്‍ നിന്ന് ചുറ്റുപാടും കണ്ണോടിച്ചാല്‍ അനുകൂലമായ ഋതുവാണെങ്കില്‍ അകലെയുള്ള പര്‍വതനിരകള്‍ പച്ചപ്പട്ടണിഞ്ഞ് നില്‍ക്കുന്നതായി അനുഭവപ്പെടും. സന്ദര്‍ശകര്‍ക്കായി അടുത്ത പട്ടണമായ പ്യൂര്‍ട്ടോ റിയോ ട്രാന്‍ക്വിലോയില്‍ ഹോട്ടലുകളും റെസ്്റ്ററന്റുകളുമുണ്ട്. ഗുഹാസന്ദര്‍ശനം തെളിഞ്ഞ കാലാവസ്ഥയില്‍ മാത്രമേ മിക്കവാറും അനുവദിക്കപ്പെടുകയുള്ളൂ. പ്രകൃതിയൊരുക്കിയ മാര്‍ബിള്‍ വിസ്മയം കാണാനുള്ള അവസരം ഒരിക്കലെങ്കിലും ഒഴിവാക്കാതിരിക്കാന്‍ സഞ്ചാരികള്‍ക്ക് ശ്രമിക്കാം, കാരണം ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തുന്ന ഒരു യാത്രയാകില്ല ഇതെന്ന് മാര്‍ബിള്‍ ഗുഹകള്‍ സന്ദര്‍ശിച്ചവരുടെ അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.